മണ്ണാത്തിക്കുളം റോഡ് റെസിഡൻ്റ്സ് അസോസിയേഷൻ വാർഷികാഘോഷം

ഇരിങ്ങാലക്കുട : മണ്ണാത്തിക്കുളം റോഡ് റെസിഡൻ്റ്സ് അസോസിയേഷൻ വാർഷികാഘോഷം കഥകളി ആചാര്യൻ കലാനിലയം ഗോപി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ, സെക്രട്ടറി ദുർഗ്ഗ ശ്രീകുമാർ, എം. ശിവശങ്കര മേനോൻ, സുനിത പരമേശ്വരൻ, വി. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

അവിട്ടത്തൂർ തേമാലിത്തറ റോഡ്ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : രാജ്യസഭാംഗം പി ടി ഉഷയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച വേളൂക്കര അവിട്ടത്തൂർ തേമാലിത്തറ റോഡിന്റെ ഉദ്ഘാടനം പി ടി
ഉഷ എം പി നിർവ്വഹിച്ചു.

2024 – 25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി
10 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്. പ്രദേശവാസികളുടെ ദീർഘകാല സ്വപ്നമാണ് ഇതോടെ പൂവണിഞ്ഞത്.

ചടങ്ങിൽ നാട്ടിലെ കായിക പ്രതിഭകളെയും പരിശീലകരെയും ആദരിച്ചു.

അവിട്ടത്തൂർ തേമാലിത്തറ പരിസരത്തു നടന്ന പരിപാടിയിൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് ധനീഷ് അധ്യക്ഷത വഹിച്ചു.

വാർഡ്‌ മെമ്പർ ശ്യാംരാജ് തെക്കാട്ട് സ്വാഗതം പറഞ്ഞു.

ആർ എസ് എസ് സംസ്ഥാന പ്രാന്ത കാര്യവാഹ് പി എൻ ഈശ്വരൻ, തപസ്യ സംസ്ഥാന സെക്രട്ടറി സി സി സുരേഷ്, ക്രൈസ്റ്റ് കോളേജ് മാനേജർ ജോയ് പീനിക്കപ്പറമ്പിൽ, ബി ജെ പി സംസ്ഥാന സമിതി അംഗം സന്തോഷ്‌ ചെറാക്കുളം, ജില്ലാ സെക്രട്ടറി വിപിൻ പാറമേക്കാട്ടിൽ, പഞ്ചായത്ത് അംഗം അജിത ബിനോയ്‌ എന്നിവർ പങ്കെടുത്തു

കോടതി ഉത്തരവ് ലംഘിച്ച് വീട്ടിലേക്ക് അതിക്രമിച്ച് കയറിയ കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നിലനിൽക്കെ വെളയനാട് സ്വദേശിനിയുടെ വീടിന്റെ പിൻവശത്തേക്ക് അതിക്രമിച്ച് കയറി അടുക്കള ഭാഗത്തെ ഗ്രിൽ പൊളിച്ച് അകത്തേക്ക് കടക്കാൻ ശ്രമിച്ച് കോടതിയുടെ ഉത്തരവ് ലംഘിച്ച കൊറ്റനെല്ലൂർ കരുവാപ്പടി സ്വദേശി കനംകുടം വീട്ടിൽ ഗ്രീനിഷിനെ (28) ആളൂർ പൊലീസ് അറസ്റ്റ് ചെയ്തു.

വെളയനാട് സ്വദേശിനിയുടെ പരാതിയിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ ഗ്രീനീഷിനെ റിമാന്റ് ചെയ്തു.

ഗ്രീനീഷിനെതിരെ ആളൂർ പൊലീസ് സ്റ്റേഷനിൽ ഈ കേസിലെ പരാതിക്കാരിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിനുള്ള കേസും, പരാതിക്കാരിയുടെ വീടിന് മുന്നിൽ പോയി പടക്കം പൊട്ടിച്ച് അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനുള്ള കേസും, കോടതി ഉത്തരവ് ലംഘിച്ച് പരാതിക്കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ കേസുമുണ്ട്.

ആളൂർ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ എം. അഫ്സൽ, സാബു, സുമേഷ്, എ.എസ്.ഐ. രജീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ മന്നാസ്, ആകാശ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ചട്ടമ്പിസ്വാമി സമാധി ദിനാചരണം 29ന്

ഇരിങ്ങാലക്കുട : ആദ്ധ്യാത്മികാചാര്യൻ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ നൂറ്റൊന്നാമത് സമാധിദിനം ചൊവ്വാഴ്ച എൻ എസ് എസ് താലൂക്ക് യൂണിയൻ ആസ്ഥാനത്തും 145 കരയോഗങ്ങളിലും സമുചിതമായി ആചരിക്കും.

രാവിലെ 10 മണിക്ക് യൂണിയൻ ആസ്ഥാനത്ത് ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി നിലവിളക്ക് കൊളുത്തി ദിനാചരണത്തിന് തുടക്കം കുറിക്കും.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ അനുസ്മരണ പ്രഭാഷണം നടത്തും.

തുടർന്ന് വനിതാ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഗീതാർച്ചന അരങ്ങേറും.

താലൂക്ക് യൂണിയൻ ഭരണസമിതി അംഗങ്ങൾ, വനിതാ യൂണിയൻ ഭാരവാഹികൾ, പ്രതിനിധി സഭാംഗങ്ങൾ, യൂണിയൻ പ്രതിനിധികൾ, ഇലക്റ്ററൽ റോൾ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

ഇരിങ്ങാലക്കുട : കല്ലേറ്റുംകര കോസ്മോപൊളിറ്റൻ സോഷ്യൽ ആൻഡ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബ് സ്ഥാപകൻ കെ.പി. ജോസ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടി നടത്തിയ അഖില കേരള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു.

70+ ഓപ്പൺ വിഭാഗത്തിൽ വിനോദ് (മലപ്പുറം), റൗഷല്‍ (എറണാകുളം) സഖ്യം വിജയികളായി.
നാസർ അരുൺ (കോഴിക്കോട്) രണ്ടാം സമ്മാനം കരസ്ഥമാക്കി.

ബിഗിനർ വിഭാഗത്തിൽ അഷ്ടമിച്ചിറ ആശാ ക്ലബ്ബിലെ ജിൻസൺ മാസ്റ്റർ, വൈശാഖ് സഖ്യം വിജയികളായി. ചക്കരപ്പാടം ഗോൾഡൻ ഫെദർ ക്ലബ്ബിലെ നദീം, സേവിയർ സഖ്യം രണ്ടാം സമ്മാനം കരസ്ഥമാക്കി.

വിജയികൾക്ക് ക്ലബ്ബ് പ്രസിഡന്റ് വർഗീസ് തുളുവത്ത്, വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും ടൂർണ്ണമെന്റ് കമ്മിറ്റി രക്ഷാധികാരിയുമായ ഷാജു വാലപ്പൻ, സെക്രട്ടറി ബൈജു പഞ്ഞിക്കാരൻ, ട്രഷറർ ബിജു പനംകൂടൻ, ഷാജൻ കള്ളിവളപ്പിൽ, പോളി പീണിക്കപറമ്പിൽ, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ എന്നിവർ സമ്മാനദാനം നിർവഹിച്ചു.

”കായിക വിനോദത്തിലൂടെ ലഹരിക്കെതിരെ” എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച ടൂർണമെന്റിൽ 4 ദിവസങ്ങളിലായി അമ്പതോളം ടീമുകൾ പങ്കെടുത്തു.

പി.കെ. ചാത്തൻ മാസ്റ്റർ ജന്മശതാബ്ദി സംഗമവും പൊതുസമ്മേളനവും നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നടക്കുന്ന കേരള പുലയർ മഹാസഭയുടെ 54-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പി.കെ. ചാത്തൻ മാസ്റ്റർ ജന്മശതാബ്ദി സംഗമവും പൊതുസമ്മേളനവും നടത്തി.

കുട്ടംകുളം മൈതാനത്ത് നിന്ന് ആരംഭിച്ച പി.കെ. ചാത്തൻ മാസ്റ്റർ ജന്മശതാബ്ദി സംഗമ റാലി അയ്യങ്കാവ് മൈതാനിയിൽ സമാപിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനം ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കെപിഎംഎസ് പ്രസിഡന്റ് ഡോ. പി.പി. വാവ അധ്യക്ഷത വഹിച്ചു.

മുൻ കെപിസിസി ജനറൽ സെക്രട്ടറി എം.പി. ജാക്സൺ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, എസ്എൻഡിപി മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, പി.കെ. ചാത്തൻ മാസ്റ്ററുടെ മകൻ പി.സി. മോഹനൻ, കെപിഎംഎസ് ട്രഷറർ സി.എ. ശിവൻ എന്നിവർ ആശംസകൾ നേർന്നു.

കെപിഎംഎസ് ജനറൽ സെക്രട്ടറി കെ.എ. തങ്കപ്പൻ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ ലോജനൻ അമ്പാട്ട് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുടയിൽ “0480” എന്ന കലാസാംസ്കാരിക സംഘടനയ്ക്ക് തിരി തെളിഞ്ഞു

ഇരിങ്ങാലക്കുട : മുപ്പത്തിയൊന്ന് സാംസ്കാരിക പ്രതിഭകൾ തിരി തെളിയിച്ചു കൊണ്ട് ഇരിങ്ങാലക്കുടയിൽ “0480” എന്ന കലാസാംസ്കാരിക സംഘടനയ്ക്ക് തുടക്കമായി.

ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത കവിയും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി ഉൽഘാടനം നിർവ്വഹിച്ചു.

സൗഹൃദവും ഗുഹാതുര ബന്ധവും ഊട്ടിയുറപ്പിച്ച അക്കങ്ങളാണ് “0480”. എന്റെ പാഠ്യവിഷയം അക്കങ്ങളായതു കൊണ്ടു തന്നെ “0480” എന്ന സംഘടനയുമായുള്ള എന്റെ ബന്ധം വലുതായി കാണുന്നുവെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

വേദിയിൽ പ്രഥമ ശ്രീകുമാരൻ തമ്പി അവാർഡ് റഫീക്ക് അഹമ്മദിന് ശ്രീകുമാരൻ തമ്പി സമ്മാനിച്ചു.

25000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്.

ചടങ്ങിൽ യു. പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു.

പ്രതാപ് സിംഗ്, കലാഭവൻ നൗഷാദ്, വൈഗ കെ. സജീവ്, ഇ. ജയകൃഷ്ണൻ എന്നിവരെ ആദരിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, റഷീദ് കാറളം, റഫീക്ക് അഹമ്മദ്, ഇ. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ശ്രീകുമാരൻ തമ്പിയുടെയും റഫീക്ക് അഹമ്മദിന്റെയും ഗാനങ്ങൾ കോർത്തിണക്കി എടപ്പാൾ വിശ്വൻ നയിച്ച ഗാനമേള, മീനാക്ഷി മേനോന്റെ മോഹിനിയാട്ടം, ശരണ്യ സഹസ്ര ടീമിന്റെ കഥക്, ജെ.ഡി.എസ്. ഡാൻസ് അക്കാദമിയുടെ നൃത്തം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : സേവാഭാരതിയും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബും സംയുക്തമായി കൊച്ചി ഐ ഫൌണ്ടേഷൻ ആശുപത്രിയുമായി സഹകരിച്ച് നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി.

സേവാഭാരതി ഇരിങ്ങാലക്കുട പ്രസിഡന്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു.

ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സേവാഭാരതി രക്ഷാധികാരി പി.കെ. ഭാസ്കരൻ, ജോയിന്റ് സെക്രട്ടറി സതീഷ് പള്ളിച്ചാടത്ത്‌, പാലിയേറ്റീവ് കോർഡിനേറ്റർ ജഗദീഷ് പണിക്കവീട്ടിൽ, സംഗമേശ്വര വാനപ്രസ്ഥാശ്രമം സെക്രട്ടറി ഹരികുമാർ തളിയക്കാട്ടിൽ, മെഡിസെൽ കൺവീനർ രാജിലക്ഷ്മി, സെക്രട്ടറി സൗമ്യ സംഗീത്, മിനി സുരേഷ്, ഒ.എൻ. സുരേഷ്, മണികണ്ഠൻ ചൂണ്ടാണിയിൽ, ഉണ്ണി പേടിക്കാട്ടിൽ, ടിന്റു സുഭാഷ് എന്നിവർ നേതൃത്വം നൽകി.

മാണിക്യശ്രീ പുരസ്‌കാര ജേതാവിന് തട്ടകത്തിന്റെ ആദരം

ഇരിങ്ങാലക്കുട : ഈ വർഷത്തെ കൂടൽമാണിക്യം ക്ഷേത്രം “മാണിക്യശ്രീ” അവാർഡിനർഹനായ പ്രശസ്ത കഥകളി ആചാര്യൻ കലാനിലയം രാഘവനെ തെക്കേനട സൗഹൃദ കൂട്ടായ്മ ആദരിച്ചു.

തന്റെ സ്വന്തം തട്ടകത്തിൽ നിന്നും ലഭിച്ച മാണിക്യശ്രീ അവാർഡും ആദരവും ഏറ്റവും ശ്രേഷ്ഠമായ സമ്മാനമാണെന്ന് രാഘവനാശാൻ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ കെ. ഗോപിനാഥ്, കെ.ആർ. ഉണ്ണിച്ചെക്കൻ, എ. രാജശേഖരൻ, കെ.എം. ഷണ്മുഖൻ, കെ.ആർ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറി.

കൊടിയേറ്റം വികാരി ഫാ. സിന്റോ മാടവന നിര്‍വഹിച്ചു.

അമ്പു തിരുനാള്‍ ദിനമായ ശനിയാഴ്ചയിലെ തിരകർമ്മങ്ങൾക്ക് ഫാ. പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും.

രാത്രി 8.30ന് ഭവനങ്ങളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. 9.30ന് അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും.

തിരുനാള്‍ ദിനമായ 27ന് രാവിലെ 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ സന്ദേശം നല്‍കും.

വൈകീട്ട് 4.45ന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം രാത്രി ഏഴിന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് മികച്ച കലാകാരന്മാര്‍ അണിനിരക്കുന്ന ബാന്‍ഡ് വാദ്യം.

പരേതരുടെ അനുസ്മരണദിനമായ 28ന് രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയില്‍ ഒപ്പീസ്, രാത്രി 7ന് കൊല്ലം ആവിഷ്‌കാരയുടെ നാടകം ”സൈക്കിള്‍” എന്നിവ ഉണ്ടായിരിക്കും.

മെയ് 4ന് എട്ടാമിടദിനത്തില്‍ രാവിലെ 6.30ന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, പ്രദക്ഷിണം, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ഫാ. ലിജോ കോങ്കോത്ത് മുഖ്യകാര്‍മികത്വം വഹിക്കും.

തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സിന്റോ മാടവന, കൈക്കാരന്മാരായ ജോണ്‍ ജെറാള്‍ഡ് വി. പറമ്പി, പോള്‍ തേറുപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ജിജോയ് പി. ഫ്രാന്‍സിസ്, ജോയിന്റ് കണ്‍വീനര്‍ ആന്റോ കെ. ഡേവിസ്, സെക്രട്ടറി വില്‍സണ്‍ കൊറോത്തുപറമ്പില്‍, കണ്‍വീനര്‍മാരായ നെല്‍സണ്‍ പള്ളിപ്പുറം, ആന്റോ ചിറ്റിലപ്പിള്ളി, വിപിന്‍ വില്‍സണ്‍, പി.ഒ. റാഫി, എബിന്‍ ജോസഫ്, ആന്റണി പൂവത്തിങ്കല്‍, സിന്‍ജോ ജോര്‍ജ്, പവല്‍ ജോസ്, വിപിന്‍ ഡേവിസ്, ബെന്നി ചിറ്റിലപ്പിള്ളി, ജോര്‍ജ് കോലങ്കണ്ണി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.