എം ഇ എസ് മുകുന്ദപുരം താലൂക്ക് വാർഷിക പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട : എം ഇ എസ് മുകുന്ദപുരം താലൂക്ക് വാർഷിക പൊതുയോഗം നടത്തി.

താലൂക്ക് പ്രസിഡന്റ്‌ ബഷീർ തോപ്പിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സമിതി അംഗം സലിം അറക്കൽ പൊതുയോഗം ഉദ്ഘാടനം ചെയ്തു.

പി എസ് സി വഴിയുള്ള നിയമനങ്ങൾ വേഗത്തിലാക്കണമെന്നും യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.

സെക്രട്ടറി അബ്ദുൽ നിസാർ റിപ്പോർട്ടും, വരവ് – ചെലവ് കണക്കുകളും അവതരിപ്പിച്ചു.

ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ ഷൈൻ മുഖ്യപ്രഭാഷണം നടത്തി.

ജില്ല സെക്രട്ടറി മുഹമ്മദ്‌ ഷമീർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

അയൂബ് കരൂപ്പടന്ന ആമുഖ പ്രസംഗം നടത്തി.

കെ എം അബ്ദുൽ ജമാൽ, സി കെ അബ്ദുൽ സലാം, എം എസ് മുഹമ്മദ്‌ അലി, സി കെ ഷംസുദീൻ, ഹുസൈൻ ഹാജി, നസീമ നാസർ, മജീദ് ഇടപ്പുള്ളി, ഷമീം ശാഹുൽ, എ എ അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

സിയാവുദ്ദീൻ സ്വാഗതവും അബ്ദുൽ ഹാജി നന്ദിയും പറഞ്ഞു.

കാറളം സൗത്ത് ബണ്ട് റോഡ് പൂർണമായും റീ ടാർ ചെയ്യണം : സി പി ഐ

ഇരിങ്ങാലക്കുട : വർഷങ്ങളായി തകർന്നു കിടക്കുന്ന കാറളം സൗത്ത് ബണ്ട് റോഡ് പൂർണമായും റീ ടാർ ചെയ്യണമെന്ന് സിപിഐ കാറളം കിഴക്കുമുറി ബ്രാഞ്ച് യോഗം അധികാരികളോട് ആവശ്യപ്പെട്ടു.

വലിയ പാലം മുതൽ കാറളം ആലുംപറമ്പ് വരെ 4 കിലോമീറ്റർ റോഡ് റീ ടാർ ചെയ്യാൻ ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റ് എടുത്തത് 3 കിലോമീറ്റർ മാത്രമാണ്.

വാട്ടർ അതോറിറ്റി പൈപ്പിടാൻ കുഴിച്ച റോഡ് വർഷങ്ങളായി സഞ്ചാരയോഗ്യവുമല്ല.

ആലുക്കകടവ് മുതൽ ആലുംപറമ്പ് വരെ ഒരു കിലോമീറ്റർ റോഡിനെ അവഗണിച്ച ഇറിഗേഷൻ വകുപ്പ് അധികാരികളുടെ ധിക്കാരം അവസാനിപ്പിക്കണമെന്നും ഇരിങ്ങാലക്കുട എംഎൽഎ വിഷയത്തിൽ ഇടപ്പെട്ട് പരിഹാരം കണ്ടെത്തണമെന്നും ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു.

ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു.

മോഹനൻ വലിയാട്ടിൽ, ടി എ ദിവാകരൻ, റോയ് ജേർജ് എന്നിവർ പ്രസംഗിച്ചു.

സമസ്ത കേരള വാര്യർ സമാജം ജില്ലാ കലോത്സവം ജനുവരി 5ന്

ഇരിങ്ങാലക്കുട : സമസ്ത കേരള വാര്യർ സമാജം ജില്ല കലോത്സവം ജനുവരി 5ന് ഞായറാഴ്ച രാവിലെ 9 മണിക്ക് തൃശൂർ പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

മേള കലാരത്നം ചൊവ്വല്ലൂർ മോഹന വാര്യർ ഉദ്ഘാടനം ചെയ്യും.

ജില്ല പ്രസിഡന്റ് കെ ഉണ്ണികൃഷ്ണ വാര്യർ അധ്യക്ഷത വഹിക്കും.

ജില്ലയിലെ ഒമ്പത് യൂണിറ്റുകളിൽ നിന്നായി 135 പേർ വിവിധ കലാപരിപാടികളിൽ പങ്കെടുക്കുമെന്ന് ജില്ല സെക്രട്ടറി വി വി സതീശനും പ്രോഗ്രാം കൺവീനർ ലക്ഷ്മി ഇടക്കുന്നിയും അറിയിച്ചു.

മാധവനാട്യഭൂമിയിൽ നളചരിത പ്രഭാഷണ പരമ്പരയും സുഭദ്രയുടെ നിർവ്വഹണവും

ഇരിങ്ങാലക്കുട : ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ ഗുരുകുലത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ”സുവർണ്ണം” സമാപന പരമ്പരയുടെ ആറാം ദിനത്തിൽ നളചരിത പ്രഭാഷണ പരമ്പര അരങ്ങേറി.

“നളചരിതത്തിൻ്റെ വ്യാഖ്യാനഭേദങ്ങൾ – പാഠം, അരങ്ങ്, കളരി, പ്രേക്ഷകർ” എന്ന വിഷയത്തിൽ ഡോ മഞ്ജുഷ വി പണിക്കരും “വ്യക്തഭാഷ്യവും ദമിതഭാഷ്യവും – നളചരിതത്തിൻ്റെ കളിയരങ്ങിൽ” എന്ന വിഷയത്തിൽ എം ജെ ശ്രീചിത്രനും, “നളചരിതം ആട്ടക്കഥയുടെ അരങ്ങിലെ അർത്ഥനിഷ്കർഷ” എന്ന വിഷയത്തിൽ പ്രശസ്ത കഥകളി കലാകാരൻ പീശപ്പിള്ളി രാജീവനും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഡോ ജയന്തി ദേവരാജ് “സംഗമഗ്രാമത്തിൻ്റെ സാംസ്കാരിക ഭൂമിക – കഥകളി” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.

വൈകീട്ട് “നളചരിതം രംഗാവതരണം – പുതിയ സമീപനങ്ങൾ, സാധ്യതകൾ” എന്ന വിഷയത്തെ അധികരിച്ച്
കോട്ടയ്ക്കൽ പ്രദീപ്, കലാമണ്ഡലം നീരജ്,
കലാമണ്ഡലം വൈശാഖ്, കലാമണ്ഡലം ആദിത്യൻ, കലാമണ്ഡലം വിശാഖ് എന്നിവർ പങ്കെടുത്ത ചർച്ച നടന്നു.

സന്ധ്യക്ക് മാധവനാട്യഭൂമിയിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി സരിത കൃഷ്ണകുമാർ സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ സുഭദ്രയുടെ നിർവഹണം അവതരിപ്പിച്ചു.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം വിനീഷ്, ഇടയ്ക്കയിൽ കലാനിലയം ഉണ്ണിക്കൃഷ്ണൻ, താളത്തിൽ ആതിര ഹരിഹരൻ, ഗുരുകുലം ഋതു എന്നിവർ പശ്ചാത്തല മേളമൊരുക്കി.

സൗജന്യ കുടിവെള്ളം : ബിപിഎൽ ഉപഭോക്താക്കൾക്ക് 31 വരെ അപേക്ഷ നൽകാം

ഇരിങ്ങാലക്കുട : ബി പി എൽ ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളത്തിനായി കേരള വാട്ടർ അതോറിറ്റിയിൽ ജനുവരി 31 നുള്ളിൽ അപേക്ഷിക്കാവുന്നതാണ്.

പ്രതിമാസം 15000 ലിറ്റർ ഉപഭോഗം ഉള്ള ബിപിഎൽ കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക.

നിലവിലെ ബിപിഎൽ ഉപഭോക്താക്കളും, പുതുതായി ബി പി എൽ ആനുകൂല്യം വേണ്ടവരും അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ഉപഭോക്താക്കൾക്ക് മൊബൈൽ ഫോണിലൂടെയോ, അക്ഷയ/ ജനസേവന കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

നിലവിൽ വാട്ടർ ചാർജ് കുടിശ്ശിക ഇല്ലാത്തവർക്ക് മാത്രമേ ബി പി എൽ ആനുകൂല്യത്തിന് അർഹത ഉണ്ടാവുകയുള്ളൂ. കൂടാതെ മീറ്റർ പ്രവർത്തനക്ഷമവും ആയിരിക്കണം. വസ്തു കൈമാറ്റം ചെയ്തത് മൂലമോ, കുടുംബാംഗങ്ങൾ മരണപ്പെട്ടത് നിമിത്തമോ ഉടമസ്ഥാവകാശം മാറിയിട്ടുണ്ടെങ്കിൽ റേഷൻ കാർഡിൽ പേര് ചേർത്തിട്ടുള്ള വ്യക്തിയുടെ പേരിലേക്ക് വാട്ടർ കണക്ഷൻ മാറ്റേണ്ടതാണ്.

ഇരിങ്ങാലക്കുട സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന ഉപഭോക്താക്കൾക്ക് അപേക്ഷ സമർപ്പിക്കുന്നതിന് ഇരിങ്ങാലക്കുട വാട്ടർ അതോറിറ്റി ഓഫീസിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ടതിന്റെ വെബ്സൈറ്റ് ചുവടെ ചേർക്കുന്നു.

https://bplapp.kwa.kerala.gov.in
മാപ്രാണം ഹോളിക്രോസ് ഹയർ സെക്കൻഡറി വിദ്യാലയത്തിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് ഹയർ സെക്കൻഡറി വിദ്യാലയത്തിന്റെ 11-ാമത് വാർഷികം പുതുവത്സര ദിനത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

2007ലെ നാഷണൽ ഗെയിംസിൽ 2 ഗോൾഡ് മെഡലുകൾ നേടി ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ ടെന്നിസ് അത്‌ലറ്റ് പരുൾ ഗോസ്വാമി, വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ റവ ഫാ ജോണി മേനാച്ചേരി അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ പി എ ബാബു സ്വാഗതം പറഞ്ഞു.

ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ റവ ഫാ ജോളി വടക്കൻ അനുഗ്രഹ പ്രഭാഷണം നടത്തി.

രൂപത കോർപ്പറേറ്റ് മാനേജർ റവ ഫാ സിജോ ഇരിമ്പൻ അധ്യാപകർക്കുള്ള സ്നേഹോപഹാരം സമർപ്പിച്ചു.

വിദ്യാർഥികൾക്കുള്ള വിവിധ എൻഡോവ്മെന്റുകൾ നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടനും ക്യാഷ് അവാർഡുകൾ പിടിഎ പ്രസിഡന്റ് അഡ്വ സിജു പാറേക്കാടനും വിതരണം ചെയ്തു.

സംരംഭകത്വ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനായി ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ മിനി ടൗൺഹാളിൽ സംരംഭകത്വ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി സി ഷിബിൻ, ഫെനി എബിൻ വെള്ളാനിക്കാരൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, അഡ്വ ജിഷ ജോബി, കൗൺസിലർമാരായ സോണിയ ഗിരി, സന്തോഷ് ബോബൻ, അൽഫോൺസ തോമസ്, പി ടി ജോർജ്, നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക്ക് എന്നിവർ ആശംസകൾ അർപ്പിച്ചു.

ശില്പശാലയിൽ “ജി എസ് ടി യും അനുബന്ധ വിഷയങ്ങളും” എന്ന വിഷയത്തിൽ ജി എസ് ടി റിട്ട ഡെപ്യൂട്ടി കമ്മീഷണർ പി എം എ കരീം, “വ്യവസായ വകുപ്പ് പദ്ധതികളും സേവനങ്ങളും” എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട നഗരസഭ വ്യവസായ വികസന ഓഫീസർ ഇ കെ സതീഷ് എന്നിവർ ക്ലാസുകൾ നയിച്ചു.

മുകുന്ദപുരം താലൂക്ക് ഉപജില്ല വ്യവസായ വികസന ഓഫീസർ പി വി സുനിത സ്വാഗതവും നഗരസഭ വ്യവസായ വികസന ഓഫീസർ ഇ കെ സതീഷ് നന്ദിയും പറഞ്ഞു.

കൂടൽമാണിക്യത്തിൽ മരാമത്ത് പണികൾ : ദർശനസമയം ക്രമീകരിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ 2025 ജനുവരി 6, 7, 8 തിയ്യതികളിൽ മരാമത്ത് പണികൾ നടക്കുന്നതിനാൽ 6 മണിക്ക് എതൃത്ത് പൂജയും 7.30ന് ഉച്ചപൂജയും കഴിച്ച് 9 മണിയോടു കൂടി ക്ഷേത്ര നട അടക്കുന്നതാണെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

വൈകീട്ട് ക്ഷേത്ര നട പുണ്യാഹത്തിന് ശേഷമായിരിക്കും തുറക്കുന്നത്.

ടി ദിവസം അന്നദാനം രാവിലെ 10 മണിക്ക് ആരംഭിക്കുന്നതായിരിക്കും.

അന്നേ ദിവസങ്ങളിൽ വഴിപാട് നടത്താനുള്ളവർ തലേ ദിവസം ബുക്ക് ചെയ്യേണ്ടതാണ്.

കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി

ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ ആറാട്ടുപുഴ പല്ലിശ്ശേരി സ്വദേശി അമ്പാടത്ത് വീട്ടില്‍ രജീഷ് (42), പൊറത്തിശ്ശേരി പുത്തന്‍തോട് സ്വദേശി കുന്നമ്പത്ത് വീട്ടില്‍ അനൂപ് (28), പുല്ലൂര്‍ സ്വദേശി കൊടിവളപ്പില്‍ വീട്ടില്‍ ഡാനിയല്‍ (26) എന്നിവരെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തി.

രജീഷ് 3 വധശ്രമക്കേസ്സുകള്‍ ഉള്‍പ്പടെ 5ഓളം കേസ്സുകളിലും, അനൂപ് വധശ്രമം, കഞ്ചാവ് വില്‍പ്പന, കവര്‍ച്ച തുടങ്ങി 7 ഓളം കേസ്സുകളിലും, ഡാനിയല്‍ 4 വധശ്രമക്കേസ്സുകള്‍ ഉള്‍പ്പടെ ആറോളം കേസ്സുകളിലും പ്രതിയാണ്.

തൃശ്ശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി നവനീത് ശർമ്മ ഐ പി എസ് നൽകിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശൂർ റേഞ്ച് ഡി ഐ ജി ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ അനീഷ് കരീം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിജയകുമാര്‍, ചേര്‍പ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ പ്രദീപ്, എ എസ് ഐ ജ്യോതിഷ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.

സി പി ഐ പാർട്ടി കോൺഗ്രസ്സ് : ആളൂരിൽ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : സി പി ഐ 25-ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് സി പി ഐ ആളൂർ ലോക്കൽ കമ്മിറ്റിയിലെ താഴെക്കാട് ബ്രാഞ്ച് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി പി ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ സെക്രട്ടറിയുമായ വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു.

മുതിർന്ന നേതാവ് എടത്താട്ടിൽ മാധവൻ മാസ്റ്റർ പതാക ഉയർത്തി.

ലോക്കൽ കമ്മിറ്റി അംഗം പി കെ സദാനന്ദൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശ്, ജില്ലാ കൗൺസിൽ അംഗം ബിനോയ് ഷബീർ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം ബി ലത്തീഫ്, ലോക്കൽ സെക്രട്ടറി ടി സി അർജുനൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഡിപിൻ പാപ്പച്ചൻ, കെ സി സജയൻ എന്നിവർ പ്രസംഗിച്ചു.

ടി ഡി ഷാജി രക്തസാക്ഷി പ്രമേയവും സി എസ് സിറാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ബ്രാഞ്ച് സെക്രട്ടറിയായി ടി ഡി ഷാജിയെയും അസിസ്റ്റന്റ് സെക്രട്ടറിയായി സി എസ് സിറാജിനെയും സമ്മേളനം തെരഞ്ഞെടുത്തു.

എം പി ഷാജി സ്വാഗതവും ടി ഡി ഷാജി നന്ദിയും പറഞ്ഞു.