ഗർഭാശയഗള ക്യാൻസർ പരിശോധന ക്യാമ്പ്

ഇരിങ്ങാലക്കുട : ഐ എം എ വനിതാ വിഭാഗമായ വിംസ് ന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയിൽ ലയൺസ് ക്ലബ്ബ് മെമ്പർമാർക്കും പൊതു ജനങ്ങൾക്കുമായി ഗർഭശയഗള ക്യാൻസർ സ്‌ക്രീനിങ്ങും പാപ്സ്മിയർ പരിശോധനയും നടത്തി.

മെട്രോ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ എം ആർ രാജീവ്‌ ക്യാമ്പിന്റെ ഉൽഘാടനം നിർവഹിച്ചു.

ഡബ്ലു ഐ എം എ പ്രസിഡന്റ്‌ ഡോ മഞ്ജു, സെക്രട്ടറി ഡോ റീജ, ഡോ ഉഷാകുമാരി, ഡോ ഹരീന്ദ്രനാദ്, ആശുപത്രി മാനേജർ മുരളി ദത്തൻ എന്നിവർ പ്രസംഗിച്ചു.

അയ്യങ്കാവ് താലപ്പൊലി : സബ് കമ്മിറ്റി രൂപീകരണം 19ന്

ഇരിങ്ങാലക്കുട : മാർച്ച് 9 മുതൽ 15 വരെ നടത്തുന്ന കൂടൽമാണിക്യം ദേവസ്വം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി താലപ്പൊലി നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ സബ് കമ്മിറ്റികൾ രൂപീകരിക്കുന്നതിന് ജനുവരി 19 ഞായറാഴ്ച രാവിലെ 10.30ന് അയ്യങ്കാവ് ക്ഷേത്രം ഹാളിൽ വെച്ച് യോഗം ചേരും.

സംഘാടകസമിതി രൂപീകരണ യോഗത്തിൽ പങ്കെടുക്കുവാൻ സാധിക്കാത്തവർക്കും യോഗത്തിൽ പങ്കെടുക്കാവുന്നതാണെന്ന് താലപ്പൊലി ആഘോഷ കമ്മിറ്റിക്കു വേണ്ടി ജനറൽ കൺവീനർ അറിയിച്ചു.

ഇരിങ്ങാലക്കുടയിൽ മദ്യം കയറ്റിവന്ന ലോറിയിൽ നിന്ന് പുക ഉയർന്നു : ഒഴിവായത് വൻ ദുരന്തം

ഇരിങ്ങാലക്കുട : സിവിൽസ്റ്റേഷന് സമീപം മദ്യം കയറ്റി വന്ന ലോറിയിൽ നിന്ന് പുക ഉയർന്നു.

വെള്ളിയാഴ്ച രാവിലെയാണ് ചാലക്കുടിയിൽ നിന്ന് മദ്യം കയറ്റിവന്ന നാഷണൽ പെർമിറ്റ് ലോറിയിൽ നിന്നും പുക ഉയർന്നത്.

തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനത്തിന്റെ എൻജിന്റെ ഭാഗം തീ പിടിച്ചാണ് പുക ഉയർന്നത്.

ഉടൻ തന്നെ ഡ്രൈവർ വാഹനം നിർത്തി ബാറ്ററി, ഡീസൽ ടാങ്ക് എന്നിവയിൽ നിന്നുള്ള കണക്ഷൻ വിച്ഛേദിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.

ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ സി സജീവൻ്റെ നേതൃത്വത്തിൽ എസ്എഫ്ആർഒ
എസ് സജയൻ, എസ്എഫ്ആർഒ (എം) കെ എ ഷാജഹാൻ, എഫ്ആർഒ (ഡി) ആർ എസ് അജീഷ്, എഫ്ആർഒ കെ ആർ സുജിത്, റിനോ പോൾ, എ വി കൃഷ്ണരാജ്, കെ എ അക്ഷയ്, എച്ച്ജി എ ബി ജയൻ, കെ എ ലിസ്സൻ എന്നിവർ ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.

ഇതേ തുടർന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

മൂഴിക്കുളം രേഖകൾ പ്രകാശിപ്പിച്ചു

ഇരിങ്ങാലക്കുട : ഹോർത്തൂസ് മലബാറിക്കൂസിൻ്റെ വിവർത്തകനായ
ഡോ കെ എസ് മണിലാൽ അനുസ്മരണ സമ്മേളനത്തിൽ കർമ്മപരിപാടികളുടെ കൈപ്പുസ്തകം മൂഴിക്കുളം രേഖകൾ പ്രകാശനം ചെയ്തു.

സമ്മേളനത്തിൽ കെ എസ് മണിലാലിന്റെ സഹപ്രവർത്തകരായ ഡോ സി ആർ സുരേഷ്, ഡോ ടി സാബു, ഡോ ബി വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

കാവ് സംരക്ഷകനായ പി കെ രാമചന്ദ്രൻ 51 കേരളീയ വൃക്ഷങ്ങളെ പരിചയപ്പെടുത്തി.

വി കെ ശ്രീധരൻ ശാലയിലെ 36 മരങ്ങൾ സ്മൃതി മരങ്ങളായി പ്രഖ്യാപിച്ചു.

പടിപ്പുര കുലശേഖര കവാടമായി. പേരാൽ പത്മശ്രീ മൂഴിക്കുളം കൊച്ചുകുട്ടൻ ചാക്യാരുടെ സ്മൃതിമരമായി മാറി.

ചുമർപത്രങ്ങളായ ശ്രദ്ധ, റാന്തൽ എന്നിവയുടെ പ്രകാശനം ഡോ പി ജെ ചെറിയാൻ്റെ നേതൃത്വത്തിൽ നടന്നു.

ദണ്ഡി രജിസ്റ്റർ, ഉപ്പിൻ്റെ രാഷ്ട്രീയം എന്നീ ക്യാമ്പയിനുകൾ സംഘടിപ്പിച്ചു.

ധനു, മകര മാസങ്ങൾ, ശിശിര ഋതു, തിരുവാതിര, ഞാറ്റുവേല, ഉത്തരായന കാലം, 28 ഉച്ചാറൽ എന്നിവയെ ടി ആർ പ്രേംകുമാർ പരിചയപ്പെടുത്തി.

ഡോ കെ എസ് മണിലാലുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനവും നടന്നു.

സിനി ഡേവിസ് കാവുങ്ങല്‍ ഇരിങ്ങാലക്കുട രൂപത മാതൃവേദി പ്രസിഡന്റ് ; സെലിന്‍ ജെയ്‌സണ്‍ സെക്രട്ടറി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത മാതൃവേദി പ്രസിഡന്റായി സിനി ഡേവിസ് കാവുങ്ങലിനെയും സെക്രട്ടറിയായി സെലിന്‍ ജെയ്‌സണെയും തെരഞ്ഞടുത്തു.

മിനി ജോണ്‍സണ്‍ (വൈസ് പ്രസിഡന്റ്) താഴെക്കാട്, ആശ മരിയ ഷാജി (ജോയിന്റ് സെക്രട്ടറി) കാറളം, സിനി ജോബി (ട്രഷറര്‍) താഴൂര്‍ എന്നിവരാണ് മറ്റു ഭാരവാഹികൾ.

സെനറ്റ് അംഗങ്ങളായി ബേബി പൗലോസ് (മേലഡൂര്‍), ജെസി ജോസ് (മാള) എന്നിവരെയും ഫൊറോന പ്രസിഡന്റുമാരായി അമ്പഴക്കാട് ബിജി വിത്സന്‍ (കുഴൂര്‍), ചാലക്കുടി സ്മിത ബെന്നി (ആളൂര്‍), എടത്തിരുത്തി മേരി മത്തായി (കാട്ടൂര്‍), ഇരിങ്ങാലക്കുട ജയ ജോസഫ് (ഇരിങ്ങാലക്കുട), കല്‍പറമ്പ് ഷേര്‍ളി തോമസ് (അരിപ്പാലം), കൊടകര ലിസി ബാബു (മുരിക്കുങ്ങല്‍), കുറ്റിക്കാട് റോസി ജോസ് (കുറ്റിക്കാട്), മാള ഷീജ ആന്റു (മടത്തുംപടി), പറപ്പൂക്കര ജാന്‍സി ഡേവീസ് (നന്തിക്കര), പുത്തന്‍ചിറ ടിന്റു ഷാജു (കടുപ്പശേരി) എന്നിവരെയും തെരഞ്ഞെടുത്തു.

ഡയറക്ടര്‍ ഫാ ആന്റോ കരിപ്പായി നേതൃത്വം നല്‍കി.

നിര്യാതനായി

ആചാര്യ അരവിന്ദാക്ഷൻ

ഇരിങ്ങാലക്കുട : പുല്ലൂർ എടക്കാട് ശിവക്ഷേത്രത്തിന് സമീപം കാട്ടില പറമ്പിൽ ശങ്കരൻ മകൻ ആചാര്യ അരവിന്ദാക്ഷൻ (61) നിര്യാതനായി.

സംസ്കാരം ജനുവരി 17 (വെള്ളിയാഴ്ച) 1 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : ലീന

മക്കൾ : കൃഷ്ണപ്രസാദ്, അപർണ, അക്ഷയ്

മരുമകൾ : അക്ഷര

കവർച്ചാ കേസിലെ പ്രതിയായ മതിലകം സ്വദേശി അഷ്കറിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും, കവര്‍ച്ചാ കേസിലെ പ്രതിയുമായ മതിലകം പൊന്നാംപടി കോളനി സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ അലി അഷ്കറിനെ (26) കാപ്പ ചുമത്തി ജയിലിലടച്ചു.

ഹണി ട്രാപ്പില്‍ പെടുത്തി പൂങ്കുന്നം സ്വദേശിയെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച നടത്തിയ കേസിലെ പ്രധാന പ്രതിയാണ് അഷ്കർ.

ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങുവാന്‍ ഇരിക്കെയാണ് കാപ്പ ചുമത്തിയത്.

കവര്‍ച്ചാ കേസിലെ പ്രതികളായ കയ്പമംഗലം തിണ്ടിക്കല്‍ ഹസീബ്, മതിലകം സ്വദേശി ഊളക്കല്‍ സിദ്ദിക്ക് എന്നിവരെ മുന്‍ ദിവസങ്ങളില്‍ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു.

2022-ല്‍ വാടാനപ്പിളളിയിലെ അടയ്ക്കാ കടയില്‍ നിന്നും 115 കിലോ അടക്ക മോഷണം നടത്തിയ കേസിലും, 2022-ല്‍ ചാലക്കുടിയില്‍ ബൈക്ക് മോഷ്ടിച്ച കേസിലും, 2023-ല്‍ തൃശൂര്‍ ശക്തന്‍ നഗറില്‍ വെച്ച് മധ്യവയസ്ക്കനെ ആക്രമിച്ച് 2 പവന്റെ സ്വർണ്ണാഭരണം കവര്‍ച്ച ചെയ്ത കേസിലും, 2019, 2020, 2021 വര്‍ഷങ്ങളില്‍ മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതക ശ്രമം നടത്തിയ കേസിലും, 2021-ല്‍ വാടാനപ്പിളളി പൊലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന പോക്സോ കേസിലും ഇയാൾ പ്രതിയാണ്.

ഇയാളുടെ പേരില്‍ പതിനൊന്നോളം കേസുകളാണ് നിലവിലുള്ളത്.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ ശുപാര്‍ശയില്‍ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യനാണ് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

മതിലകം പൊലീസ് ഇന്‍സ്പെക്ടര്‍ എം കെ ഷാജി, സബ് ഇന്‍സ്പെക്ടര്‍ രമ്യ കാര്‍ത്തികേയന്‍, എ എസ് ഐ മാരായ വിന്‍സി, തോമസ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.

ശ്രീകൃഷ്ണ സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണ പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവത്ക്കരണ പദ്ധതിക്ക് തുടക്കമായി.

കുറ്റൂക്കാരൻ ഗ്രൂപ്പ്, എസ് സി എം എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന റോഡ് സുരക്ഷാ ബോധവൽക്കരണ പദ്ധതിയുടെ ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് അംഗം കെ വൃന്ദകുമാരി നിർവഹിച്ചു.

പിടിഎ പ്രസിഡന്റ് ടി എസ് മനോജ് കുമാർ അധ്യക്ഷത വഹിച്ചു.

എസ് സി എം എസ് ഓട്ടോമൊബൈൽ എൻജിനീയറിങ് വിഭാഗം അസി പ്രൊഫ പി വി അരവിന്ദ് പദ്ധതി വിശദീകരണം നടത്തി.

മാനേജ്മെന്റ് പ്രതിനിധി എ എൻ വാസുദേവൻ, സ്കൂൾ കോർഡിനേറ്റർ ബിന്ദു ജി കുട്ടി എന്നിവർ ആശംസകൾ നേർന്നു.

പ്രധാന അധ്യാപകൻ ടി അനിൽകുമാർ സ്വാഗതവും സ്റ്റാഫ് പ്രതിനിധി ബി ബിജു നന്ദിയും പറഞ്ഞു.

ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികാഘോഷവും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും രൂപത വികാരി ജനറലും എൽ എഫ് കോൺവെന്റ് ചാപ്ലിനുമായ ഫാ ജോളി വടക്കൻ ഉദ്ഘാടനം ചെയ്തു.

സിഎംസി ഉദയ പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ധന്യ അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, വാർഡ് കൗൺസിലർ അഡ്വ കെ ആർ വിജയ, ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ലിജോ വർഗീസ്, ഹൈസ്കൂൾ വിഭാഗം അധ്യാപിക സിസ്റ്റർ വിമൽ റോസ്, എൽ പി വിഭാഗം അധ്യാപിക മരിയ റോസ് ജോൺസൺ, ഹൈസ്കൂൾ വിഭാഗം സ്കൂൾ ലീഡർ ആയിഷ നവാർ എന്നിവർ ആശംസകൾ നേർന്നു.

ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് മദർ സുപ്പീരിയർ റവ സിസ്റ്റർ കരോളിൻ എൻഡോവ്മെൻ്റ് വിതരണവും ഹൈസ്കൂൾ വിഭാഗം പിടിഎ പ്രസിഡന്റ് സിവിൻ വർഗീസ്, എൽ പി വിഭാഗം പിടിഎ പ്രസിഡന്റ് തോംസൺ ചിരിയൻകണ്ടത്ത് എന്നിവർ മൊമെന്റോ വിതരണവും നടത്തി.

ഹൈസ്കൂൾ വിഭാഗം അധ്യാപിക കെ ജൂലി ജെയിംസ് നന്ദി പറഞ്ഞു.

ആർച്ച അനീഷ് ബി ജെ പി മണ്ഡലം പ്രസിഡൻ്റ്

ഇരിങ്ങാലക്കുട : ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റായി ആർച്ച അനീഷ് തെരഞ്ഞെടുക്കപ്പെട്ടു.

ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ
കൂടിയാണ് ആർച്ച അനീഷ്.