ഇരിങ്ങാലക്കുട ടൗൺ ബാങ്കിന് ആറു മാസത്തെ നിയന്ത്രണം ഏർപ്പെടുത്തി റിസർവ് ബാങ്ക്

ഇരിങ്ങാലക്കുട : ടൗൺ കോ – ഓപ്പറേറ്റീവ് ബാങ്കിന് ആറു മാസത്തെ കർശന നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

നിയന്ത്രണങ്ങൾ സംബന്ധിച്ച നോട്ടീസ് ബാങ്കിൻ്റെ എല്ലാ ശാഖകളിലും പതിച്ചു കഴിഞ്ഞു.

ഈ ഉത്തരവ് പ്രകാരം അടുത്ത ആറു മാസക്കാലത്തേക്ക് ഇടപാടുകാർക്ക് അവരുടെ അക്കൗണ്ടുകളിൽ നിന്ന് പിൻവലിക്കാവുന്ന തുക 10,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

ഓണക്കാലം അടുത്തിരിക്കുന്നതിനാൽ ഈ ഉത്തരവ് ജനങ്ങളിൽ ഏറെ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

എന്നാൽ ബാങ്കിൻ്റെ ഇടപാടുകാരാരും ആശങ്കപ്പെടേണ്ടതില്ലെന്നും, റിസർവ് ബാങ്കിൻ്റെ ഉത്തരവ് ആറുമാസ കാലത്തേക്ക് മാത്രമാണെന്നും, ബാങ്കിൻ്റെ സ്ഥിതി മെച്ചപ്പെടുന്ന നിലയ്ക്ക് ഈ ഉത്തരവ് പിൻവലിക്കുമെന്നും ഉത്തരവിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്ന് ബാങ്ക് ചെയർമാൻ എം.പി. ജാക്സൺ വ്യക്തമാക്കി.

റിസർവ് ബാങ്ക് മാനദണ്ഡ പ്രകാരം 1000 കോടിയിൽ കൂടുതൽ നിക്ഷേപമുള്ള ബാങ്കുകൾക്ക് നൽകുന്ന കർശന നിയന്ത്രണങ്ങൾക്ക് ടൗൺ കോ – ഓപ്പറേറ്റീവ് ബാങ്ക് വിധേയമാണ്. ഇതിൽ നിന്നും പുറത്തു കടക്കുവാനായി ബാങ്ക് കുറച്ചുകാലമായി നിക്ഷേപം കുറച്ചു വരികയാണ്. 1280 കോടി ആയിരുന്ന നിക്ഷേപം 900 കോടി രൂപയായി കുറച്ചെങ്കിലും ക്ലാസിഫിക്കേഷൻ ഇതുവരെയും വ്യത്യാസപ്പെട്ടിട്ടില്ലെന്നും ജാക്സൺ ചൂണ്ടിക്കാട്ടി.

ഇതിനിടയിൽ രാജ്യത്തെ മോശപ്പെട്ട സാമ്പത്തിക വ്യവസ്ഥയെ തുടർന്ന് വായ്പ തിരിച്ചടവ് മോശമാവുകയും, അതുവഴി റിസർവ് ബാങ്കിൻ്റെ സാമ്പത്തിക സൂചകങ്ങൾ പൂർണമായും പാലിക്കുവാൻ കഴിയാതെ വരികയും ചെയ്തു. ഇത് താൽക്കാലിക പ്രതിഭാസമാണെന്നും, ഇത് മറികടക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ബാങ്കെന്നും, എത്രയും വേഗം റിസർവ് ബാങ്കിൻ്റെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു തന്നെ ഈ താൽക്കാലിക നിയന്ത്രണങ്ങൾ നീക്കാൻ കഴിയുമെന്നാണ് പ്രത്യാശിക്കുന്നതെന്നും ചെയർമാൻ അറിയിച്ചു.

സെൻ്റ് മേരീസിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ രജത ജൂബിലിയോടനുബന്ധിച്ച് നാഷണൽ സർവീസ് സ്കീമിന്റെയും ആര്യ ഐ കെയർ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി.

സ്കൂൾ മാനേജർ റവ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് സി.ജെ. ഷാജു ആശംസകൾ നേർന്നു.

ഫസ്റ്റ് അസിസ്റ്റൻ്റ് സി.ജെ. ഷീജ സ്വാഗതവും പ്രോഗ്രാം കൺവീനർ ടെൽസൺ കൊട്ടോളി നന്ദിയും പറഞ്ഞു.

മാലിന്യത്തിൽ നിന്ന് വിസ്മയത്തിലേക്ക് ;ക്രൈസ്റ്റ് കോളെജിൽ ‘റിജുവനേറ്റ് 2025’

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് 20 & 49, ജൂലൈ 29നും 30നും റിജുവനേറ്റ്, ‘വെയ്സ്റ്റ് ടു ആർട്ട്‌ ’എന്ന ആശയത്തോടെ രണ്ടുദിവസത്തെ കരകൗശല പ്രദർശനം സംഘടിപ്പിച്ചു.

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്റ്റേറ്റ് എൻ.എസ്.എസ് സെൽ മുന്നോട്ട് വെച്ച ‘സഫലം 2025’ എന്ന പദ്ധതിയുടെ ഭാഗമായ ‘റിജുവനേറ്റ്’ ക്രാഫ്റ്റ് എക്സിബിഷനിൽ
മാലിന്യവസ്തുക്കളിൽ നിന്ന് നിർമ്മിച്ച കരകൗശലവസ്തുക്കളാണ് പ്രദർശിപ്പിച്ചിരുന്നത്.

പുനരുപയോഗത്തിന്റെ പ്രാധാന്യവും പരിസ്ഥിതി ബോധവത്കരണവും മുൻനിർത്തി സംഘടിപ്പിച്ച പ്രദർശനത്തിൽ,പ്ലാസ്റ്റിക് ബോട്ടിലുകൾ, പഴയ ന്യൂസ്‌പ്പേപ്പറുകൾ, പഴയ തുണികൾ, കാർഡ്ബോർഡ്, സിഡികൾ തുടങ്ങിയവ പുനരുപയോഗിച്ച് എൻ.എസ്.എസ് വളണ്ടിയേഴ്സ് നിർമ്മിച്ച വസ്തുക്കൾ കാഴ്ചക്കാരിൽ കൗതുകം നിറച്ചു.

കേരള കലാമണ്ഡലം മുൻ വൈസ് ചാൻസിലർ ഡോ. ടി. കെ. നാരായണൻ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

സ്റ്റേറ്റ് എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ.ആർ.എൻ അൻസർ, തൃശൂർ ജില്ല എൻ. എസ്. എസ് കോർഡിനേറ്റർ രഞ്ജിത്ത്, ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്, മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, പ്രോഗ്രാം ഓഫീസർ ഡോ. അനുഷ മാത്യു, അസി. പ്രൊഫ. വി.പി ഷിന്റോ എന്നിവരുടെ സാന്നിധ്യത്തിൽ പ്രദർശനം ആരംഭിച്ചു.

രണ്ട് ദിവസം നീണ്ടുനിന്ന പ്രദർശനത്തിലൂടെ വളണ്ടിയേഴ്സ്, പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക കൂടിയാണ് ചെയ്തത്.

ഇരിങ്ങാലക്കുടയിൽ മാർച്ചും ധർണ്ണയും നടത്തി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ – തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പോരാടുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, എല്ലാ ജീവനക്കാർക്കും നിർവചിക്കപ്പെട്ട പെൻഷൻ പുന:സ്ഥാപിക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദലിന്റെ അനിവാര്യമായ തുടർച്ച ഉറപ്പാക്കുക, വർഗീയതയെയും ഭീകരവാദത്തിനെയും യുദ്ധഭീകരതയെയും ചെറുക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല നഗരത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം ഡോ. നിഷ എം. ദാസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് രഹന പി. ആനന്ദ് അധ്യക്ഷത വഹിച്ചു.

എഫ്.എസ്.ഇ.ടി.ഒ. ഇരിങ്ങാലക്കുട താലൂക്ക് കമ്മിറ്റി പ്രസിഡൻ്റ് ദീപ ആൻ്റണി, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ താലൂക്ക് കമ്മിറ്റി സെക്രട്ടറി പി.എ. സ്മിജിത്ത് എന്നിവർ ആശംസകൾ നേർന്നു.

കെ.ജി.ഒ.എ. ജില്ലാ ജോയിൻ്റ് സെക്രട്ടറി ഡോ. ടി.വി. സതീശൻ സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.വി. റജീഷ് നന്ദിയും പറഞ്ഞു.

ഛത്തീസ്ഗഢിൽ ഭരണകൂട ഭീകരതയ്ക്ക് ഇരകളായ കന്യസ്ത്രീകളെ വിട്ടയക്കണം : പ്രതിഷേധ ജ്വാലയുമായി പുല്ലൂർ ഇടവക

ഇരിങ്ങാലക്കുട : ഛത്തീസ്ഗഢിൽ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് കൽത്തുറങ്കിൽ അടച്ച് ഭരണകൂട ഭീകരതയ്ക്ക് ഇരകളായ രണ്ട് മലയാളി കന്യാസ്ത്രീകളെ വിട്ടയച്ച് ഇന്ത്യൻ ഭരണഘടനയോട് നിതീ പുലർത്തണമെന്ന് ആവശ്യപ്പെട്ട് പുല്ലൂർ ഇടവക സമൂഹം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

പുല്ലൂർ സെൻ്റ് സേവിയേഴ്‌സ് ഇടവക സമൂഹം ഒറ്റക്കെട്ടായി ഒരേ മനസ്സോടെ നീതിക്ക് വേണ്ടിയുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

സെന്റ് സേവിയേഴ്സ് ഇടവക വികാരി റവ. ഫാ. ഡോ. ജോയ് വട്ടോലി ഉദ്ഘാടനം ചെയ്തു.

അസി. വികാരി ഫാ. ആൽവിൻ അറക്കൽ, കൈക്കാരന്മാരായ ജോൺസൺ ചെതലൻ, ജോസ് സെബാസ്റ്റ്യൻ, ഡേവിഡ് ചിറമൽ, കേന്ദ്രസമിതി പ്രസിഡൻ്റ് ജിക്സൺ നാട്ടേക്കാടൻ എന്നിവർ പ്രസംഗിച്ചു.

ഠാണാ – ചന്തക്കുന്ന് വികസനം അട്ടിമറിക്കുന്ന യുഡിഎഫ് നിലപാടിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി സിപിഎം

ഇരിങ്ങാലക്കുട : നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിയുന്ന ഠാണാ-ചന്തക്കുന്ന് വികസന പദ്ധതി അട്ടിമറിക്കുന്ന യുഡിഎഫ് നിലപാടിനെതിരെയും, പത്രസമ്മേളനം നടത്തി പച്ചക്കള്ളം പറഞ്ഞ നഗരസഭ ചെയർപേഴ്സൺ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടും സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നടത്തി.

ധർണ്ണ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റും നഗരസഭ പ്രതിപക്ഷ നേതാവുമായ അഡ്വ. കെ.ആർ. വിജയ അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട്, ഇരിങ്ങാലക്കുട മുൻ എം.എൽ.എ. പ്രൊഫ. കെ.യു. അരുണൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി എന്നിവർ പ്രസംഗിച്ചു.

ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാർ സ്വാഗതവും ഡോ. കെ.പി. ജോർജ്ജ് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജോസ് ചിറ്റിലപ്പിള്ളി, കെ.എസ്. സനീഷ്, കെ.എസ്. തമ്പി, ടി.വി. ലത, ലിജി രതീഷ്, നഗരസഭ കൗൺസിലർമാരായ സി.സി. ഷിബിൻ, അംബിക പള്ളിപ്പുറത്ത്, എം.എസ്. സഞ്ജയ്, സതി സുബ്രഹ്മണ്യൻ, ലേഖ ഷാജൻ, സി.എം. സാനി
എ.എസ്. ലിജി, ടി.കെ. ജയാനന്ദൻ, നസ്സീമ കുഞ്ഞുമോൻ, കെ. പ്രവീൺ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.സി. പ്രേമരാജൻ, കെ.എ. ഗോപി, ടി.ജി. ശങ്കരനാരായണൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ തുടങ്ങിയവർ നേതൃത്വം നൽകി

നിര്യാതയായി

ശാന്ത

ഇരിങ്ങാലക്കുട : പുല്ലൂർ ചേർപ്പ്ക്കുന്ന് നാറാട്ടിൽ പരേതനായ കുമാരൻ ഭാര്യ ശാന്ത (73) നിര്യാതനായി.

സംസ്കാരം വ്യാഴാഴ്ച (ജൂലൈ 31) ഉച്ചതിരിഞ്ഞ് 2 മണിക്ക് മുക്തിസ്ഥാനിൽ.

മക്കൾ : ജയ (അക്കൗണ്ടന്റ് ഓഫീസർ, ബി.എസ്.എൻ.എൽ., തൃശൂർ), ഭാസി, ലവൻ

മരുമക്കൾ : രാജി, പരേതനായ ഉണ്ണിച്ചെക്കൻ

ഓൾ ഇന്ത്യ ക്ലാസിക്കൽ ഡാൻസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കാർത്തിക അനിൽ

ഇരിങ്ങാലക്കുട : ഓൾ ഇന്ത്യ ഡാൻസേഴ്സ് അസോസിയേഷൻ, ഓം സ്കൂൾ ഓഫ് ഡാൻസുമായി ചേർന്ന് സംഘടിപ്പിച്ച ഓൾ ഇന്ത്യ ക്ലാസിക്കൽ ഡാൻസ് മത്സരത്തിൽ ഭരതനാട്യം ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഔട്ട്സ്റ്റാൻഡിങ് ഗ്രേഡും നേടി കാർത്തിക അനിൽ.

കാർത്തിക അനിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്ക് നേരേയുണ്ടായ അതിക്രമം : പ്രതിഷേധവുമായി കത്തോലിക്ക കോൺഗ്രസ് റാലി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്ക് നേരേയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് റാലിയും പൊതുസമ്മേളനവും നടത്തി.

കിഴക്കേ പള്ളിയിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി കത്തിഡ്രൽ പള്ളിയിൽ സമാപിച്ചു.

തുടർന്നു നടന്ന പ്രതിഷേധ സമ്മേളനം കത്തീഡ്രൽ വികാരി റവ. ഡോ.ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.

അസി. വികാരി ഫാ. ഓസ്റ്റിൻ പാറക്കൽ, മദർ സിസ്റ്റർ റോസിലി,ട്രസ്റ്റി തോമസ് തൊകലത്ത്, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, വൈസ് പ്രസിഡന്റ് ഷാജു കണ്ടംകുളത്തി, രൂപത കൗൺസിലർ ടെൽസൺ കോട്ടോളി, ജോ.സെക്രട്ടറി വർഗ്ഗീസ് ജോൺ എന്നിവർ പ്രസംഗിച്ചു.

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മത സ്വാതന്ത്യത്തിന് നേരേയുളള അതിക്രമമാണ് സിസ്റ്റർമാരെ ജയിലിൽ അടച്ചതിലൂടെ വെളിവാക്കിയതെന്ന് ഫാ ലാസർ കുറ്റിക്കാടൻ വ്യക്തമാക്കി. ക്രൈസ്ത മിഷിനറിമാർ മനോരോഗികളേയും കുഷ്ഠരോഗികളേയും തെരുവിൽ അലയുന്നവരേയും ആരോരുമില്ലാത്തവരേയും പരിപാലിക്കുന്ന അതിവിശിഷ്ടമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. അവരെ ഭീഷണിപ്പെടുത്തി മത സ്വാതന്ത്യം ഇല്ലാതാക്കാനുള്ള വർഗ്ഗീയ സംഘടനകളുടെ ഏതൊരു പ്രവർത്തിയേയും ചെറുത്തു തോൽപ്പിക്കുമെന്നും ഫാ. ലാസർ കുറ്റിക്കാടൻ മുന്നറിയിപ്പു നൽകി.

കലാനിലയം ഗോപിനാഥൻ്റെ സ്മരണയിൽ വിതുമ്പി മന്ത്രി ബിന്ദു

ഇരിങ്ങാലക്കുട : വിട പറഞ്ഞ കഥകളിനടനും ഉണ്ണായിവാരിയർ സ്‌മാരക കലാനിലയത്തിലെ മുഖ്യ വേഷാധ്യാപകനുമായിരുന്ന കലാനിലയം ഗോപിനാഥന്‍റെ സ്മരണയിൽ വാക്കുകളിടറി മന്ത്രി ആർ ബിന്ദു.

ഗോപിനാഥന്‍റെ ശിഷ്യർ ചേർന്ന് സംഘടിപ്പിച്ച “ഗോപിനാഥം” പരിപാടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുന്നതിനിടയിലാണ് മന്ത്രി ഗദ്ഗദകണ്ഠയായത്.

ഗോപിനാഥൻ കലാനിലയത്തിൽ പഠിക്കുന്ന കാലം മുതലുള്ള അനുഭവം മന്ത്രി പങ്കുവച്ചു.

ചടങ്ങിൽ ഉണ്ണായിവാര്യർ സ്മ‌ാരക കലാനിലയം സെക്രട്ടറി സതീഷ് വിമലൻ അധ്യക്ഷത വഹിച്ചു.

കലാനിലയം രാജീവ് വരച്ച ഛായാചിത്രം മന്ത്രി അനാച്ഛാദനംചെയ്തു.

പ്രഥമ “ഗോപിനാഥം” പുരസ്കാരം കലാമണ്ഡലം ശിബി ചക്രവർത്തിക്ക് കഥകളി ആചാര്യൻ ഡോ സദനം കൃഷ്‌ണൻകുട്ടി സമ്മാനിച്ചു.

10,001 രൂപയും, പ്രശസ്തിപത്രവും, ഫലകവും, അംഗവസ്ത്രവും അടങ്ങുന്ന പുരസ്കാരം സ്പോൺസർ ചെയ്തതും മന്ത്രി ബിന്ദുവാണ്.

‌പ്രൊഫ സാവിത്രി ലക്ഷ്മണൻ മുഖ്യാതിഥിയായി.

കഥകളി നിരൂപകൻ എം. മുരളിധരൻ അനുസ്‌മരണ ഭാഷണം നടത്തി.

നഗരസഭ കൗൺസ‌ിലർ ടി വി ചാർളി, കഥകളി ക്ലബ് പ്രസിഡന്‍റ് രമേശൻ നമ്പീശൻ, കേരള സംഗീതനാടക അക്കാദമി ഭരണസമിതി അംഗം അപ്പുക്കുട്ടൻ സ്വരലയം, കഥകളി സംഘാടകൻ അനിയൻ മംഗലശ്ശേരി, ആട്ടക്കഥാകൃത്ത് ടി. വേണുഗോപാൽ, കഥകളി ആർട്ടിസ്റ്റ് അസോസിയേഷൻ സെക്രട്ടറി കലാമണ്ഡലം മനേഷ് എം. പണിക്കർ, കലാമണ്ഡലം പ്രഷീജ ഗോപിനാഥൻ എന്നിവർ സംസാരിച്ചു.

ക്ഷമ രാജയുടെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ സി.വിനോദ് കൃഷ്‌ണൻ സ്വാഗതവും, കലാനിലയം മനോജ് നന്ദിയും പറഞ്ഞു.

തുടർന്ന് കുചേലവൃത്തം കഥകളി അരങ്ങേറി.