മാപ്രാണം ജംഗ്ഷൻ മുതൽ പുത്തൻതോട് വരെയുള്ള കെ എസ് ടി പി റോഡ് നിർമ്മാണം : ഗതാഗത നിയന്ത്രണം തിങ്കളാഴ്ച മുതൽ

ഇരിങ്ങാലക്കുട : ഷൊർണൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ കെ എസ് ടി പി യുടെ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾക്ക് തിങ്കളാഴ്ച തുടക്കമാകും.

മാപ്രാണം ജംഗ്ഷൻ മുതൽ പുത്തൻതോട് വരെയുള്ള റോഡിലാണ് രണ്ടാം ഘട്ടത്തിൽ നിർമ്മാണം നടക്കുക.

നിർമ്മാണത്തിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണവും തിങ്കളാഴ്ച ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

തൃശൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സുകൾ അടക്കമുള്ള വാഹനങ്ങൾ ബസ്സ് സ്റ്റാന്റിൽ നിന്നും എ കെ പി ജംഗ്ഷൻ വഴി സിവിൽസ്റ്റേഷന് മുൻപിലൂടെ പൊറത്തിശ്ശേരി, ചെമ്മണ്ട, മൂർക്കനാട് വഴി പുത്തൻതോട് ജംഗ്ഷനിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.

റോഡിന്റെ ഒരു വശത്തുമാത്രം നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ തൃശ്ശൂരിൽ നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല.

പൊതുജനങ്ങളും യാത്രക്കാരും വ്യാപാരികളും നിർമ്മാണത്തോട് സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

നിശ്ചയിച്ച സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

മന്ത്രിയുടെ അധ്യക്ഷതയിൽ ഇരിങ്ങാലക്കുട റെസ്റ്റ് ഹൗസിൽ ചേർന്ന ജനപ്രതിനിധികളുടെയും, കെ എസ് ടി പി ഉദ്യോഗസ്ഥരുടെയും, ബന്ധപ്പെട്ട മറ്റ് വിവിധ സർക്കാർ വകുപ്പ് തല ഉദ്യോഗസ്ഥരുടെയും, ബസ് ഉടമ സംഘടന പ്രതിനിധികളുടെയും യോഗത്തിലാണ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾക്ക് തീരുമാനമായത്.

എടതിരിഞ്ഞി – കാട്ടൂർ റോഡിൽ ശനിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട : കാട്ടൂർ പഞ്ചായത്തിന് മുൻപിലുള്ള കൽവെർട്ടിൻ്റെ നിർമ്മാണം ശനിയാഴ്ച (11/01/2025) മുതൽ ആരംഭിക്കുന്നതിനാൽ നാളെ മുതൽ നിർമ്മാണം അവസാനിക്കുന്നതുവരെ ഇരിങ്ങാലക്കുടയിൽ നിന്ന് എടതിരിഞ്ഞി – കാട്ടൂർ റോഡിലൂടെയുള്ള വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.