കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ്. പുരസ്കാരങ്ങൾ ഏറ്റുവാങ്ങി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങാലക്കുട : ക്രൈസ്സ് കോളെജ് എൻ.എസ്.എസ്. യൂണിറ്റുകൾ സാമൂഹ്യ സേവനത്തിന് ബെസ്റ്റ് എൻ.എസ്.എസ്. യൂണിറ്റ്, ബെസ്റ്റ് പ്രോഗ്രാം ഓഫീസർ, ബെസ്റ്റ് വൊളൻ്റിയർ എന്നീ പുരസ്കാരങ്ങൾ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഏറ്റുവാങ്ങി.

ബെസ്റ്റ് പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടത് ക്രൈസ്റ്റ് കോളെജ് ഹിസ്റ്ററി വിഭാഗം പ്രൊഫ. ജിൻസിയും ബെസ്റ്റ് വൊളൻ്റിയറായി തെരഞ്ഞെടുക്കപ്പെട്ടത് കൃഷ്ണാഞ്ജലിയുമാണ്.

“കഥകളതിസാഗരം” ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “കഥകളതിസാഗരം” ശിൽപ്പശാല സംഘടിപ്പിച്ചു.

കഥാകൃത്ത് കെ.എസ്. രതീഷ് ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

സെൽഫ് ഫിനാൻസിംഗ് ഡയറക്ടർ റവ. ഡോ. വിൽസൺ തറയിൽ, കോർഡിനേറ്റർ ഡോ. ടി. വിവേകാനന്ദൻ, മലയാള വിഭാഗം മേധാവി റവ. ഫാ. ടെജി കെ. തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

മലയാളം വിഭാഗം കോർഡിനേറ്റർ കെ.എസ്. സരിത സ്വാഗതവും അധ്യാപിക ഡോ. അഞ്ജുമോൾ ബാബു നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന സെക്ഷനിൽ “കഥയും ഞാനും” എന്ന വിഷയത്തിൽ കഥാകൃത്ത് കെ.എസ്. രതീഷ്, “കഥനം, ജീവിതം, ദർശനം” എന്ന വിഷയത്തിൽ നിശാഗന്ധി പബ്ലിക്കേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണനുണ്ണി ജോജി, “എഴുത്തിലെ പുതുവഴികൾ” എന്നാ വിഷയത്തിൽ കഥാകൃത്തും ഗവേഷകനുമായ ഡി.പി. അഭിജിത്ത് എന്നിവർ പ്രഭാഷണം നടത്തി.

മലയാള വിഭാഗം അധ്യാപിക വി.ആർ. രമ്യ നന്ദി പറഞ്ഞു.

ക്രൈസ്റ്റ് കോളെജിൽ ഓൾ ഇന്ത്യ ഇൻ്റർ കോളേജിയേറ്റ് കൊമേഴ്സ് ആൻഡ് ബിസിനസ് ക്വിസ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ രണ്ടാമത് ഓൾ ഇന്ത്യ ഇൻ്റർ കോളേജിയേറ്റ് കൊമേഴ്സ് ആൻഡ് ബിസിനസ്സ് ക്വിസ് സംഘടിപ്പിക്കും.

ഡോ. മേജർ ചന്ദ്രകാന്ത് നായർ ആണ് ക്വിസ് മാസ്റ്റർ.

പ്രാഥമിക റൗണ്ട് ഓൺലൈനായി ആഗസ്റ്റ് 22നും സെമിഫൈനലും ഗ്രാൻഡ് ഫിനാലെയും സെപ്റ്റംബർ 10ന് ക്രൈസ്റ്റ് കോളെജ് ഓഡിറ്റോറിയത്തിലും നടക്കും.

വിജയികൾക്ക് ഒന്നാം സമ്മാനമായി 60,000 രൂപയും രണ്ടാം സമ്മാനമായി 30,000 രൂപയും മൂന്നാം സമ്മാനമായി 15,000 രൂപയും ലഭിക്കും.

4, 5, 6 സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 10,000, 5000, 2500 എന്നിങ്ങനെയും 7-ാം സ്ഥാനം മുതൽ 12-ാം സ്ഥാനം വരെ ലഭിക്കുന്നവർക്ക് 1000 രൂപ വീതവും പ്രോത്സാഹന സമ്മാനമായി നൽകും.

ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ ക്യുആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കോമേഴ്‌സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി ലിപിൻരാജ് 

ഇരിങ്ങാലക്കുട : അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്‌സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി ക്രൈസ്റ്റ് കോളെജിലെ അസി. പ്രൊഫസർ കെ. ലിപിൻരാജ്.

പുന്നയൂർക്കുളം രാജന്റെയും സവിതമാണിയുടെയും മകനാണ് ലിപിൻ രാജ്. 

ഡോ. അഖിലയാണ് ഭാര്യ. മകൾ നിത്ര ലിപിൻ.

കേരളത്തിൽ നിന്ന്  9 ഇനം ഏകചാരി തേനീച്ചകളെ കണ്ടെത്തി 

‎ഇരിങ്ങാലക്കുട : കേരളത്തിൻ്റെ ജൈവവൈവിധ്യത്തിനു തെളിവായി 9 ഇനം ഏകചാരി തേനീച്ചകളെ കൂടി കണ്ടെത്തി ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകർ. 

ആദ്യമായാണ് ഇവയെ സംസ്ഥാനത്ത് ശാസ്ത്രീയമായി രേഖപ്പെടുത്തുന്നത്. 

‎പരിസ്ഥിതി സന്തുലനം  നിലനിർത്തുന്നതിലും  കാർഷികവിളകളുടെ ഉൽപാദനത്തിലും  നിർണ്ണായക പങ്കുവഹിക്കുന്ന തേനീച്ചകളിൽ ഒന്നിച്ച് കൂട്ടമായി  താമസിക്കുന്നവരും ഒറ്റയ്ക്ക് മണ്ണിൽ കൂടുണ്ടാക്കി ജീവിക്കുന്നവരും ഉണ്ട്. 

തനിയെ ജീവിക്കുന്ന തേനീച്ചകൾ  ‘ഏകചാരി തേനീച്ചകൾ’ എന്നാണ് പൊതുവിൽ അറിയപ്പെടുന്നത്.

‘ഹാലിക്റ്റിഡേ’ കുടുംബത്തിലെ ‘നോമിയിനേ’ ഉപകുടുംബത്തിൽപ്പെടുന്ന ഏകചാരി തേനീച്ചകളെ തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. 

ഓസ്‌ട്രോണമിയ ക്യാപ്പിറ്ററ്റ, ഓസ്‌ട്രോണമിയ ഗൊനിയോഗ്നാഥ, ഓസ്‌ട്രോണമിയ ഉസ്‌റ്റൂല, ഗ്നാതോനോമിയ അർജൻ്റിയോബാൾട്ടീറ്റ, ഹോപ്‌ളോനോമിയ ഇൻസെർട്ട, ലിപോട്രിച്ചസ് ടോറിഡ, ലിപോട്രിച്ചസ് എക്‌സാജൻസ്, ലിപോട്രിച്ചസ് മിനുറ്റുല, ലിപോട്രിച്ചസ് പൾക്രിവെൻട്രിസ് എന്നീ ഏകചാരി തേനീച്ചകളെയാണ് ഇപ്പോൾ കേരളത്തിൽനിന്ന് ആദ്യമായി കണ്ടെത്തി രേഖപ്പെടുത്തിയിരിക്കുന്നത്. 

എൻ്റോമോളജിക്കൽ സൊസൈറ്റി ഓഫ് ഇറാൻ്റെ സഹകരണത്തോടെ ടാർബിയറ്റ് മോദാരെസ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേണൽ ആയ ‘ജേണൽ ഓഫ് ഇൻസെക്റ്റ് ബയോഡൈവേഴ്സിറ്റി ആൻഡ് സിസ്റ്റമാറ്റിക്സ്’-ൻ്റെ ജൂലൈ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഈ ഗവേഷണഫലം പുറത്തുവന്നതോടുകൂടി ഇന്ത്യയിൽ നിന്നും രേഖപ്പെടുത്തിയിട്ടുള്ള  മൊത്തം നോമിയിനേ ഉപകുടുംബത്തിൽ ഉൾപ്പെടുന്ന തേനീച്ചകളുടെ 50.6 ശതമാനവും ദക്ഷിണേന്ത്യയിലെ 87.7 ശതമാനവും കേരളത്തിൽ കാണപ്പെടുന്നവയാണെന്ന്  മനസ്സിലാക്കാൻ സാധിച്ചു. 

‎മണ്ണിൽ ചെറിയ തുരങ്കങ്ങൾ പോലെ അതേസമയം  സങ്കീർണ്ണമായ ഘടനയോടുകൂടിയ കൂടുകൾ നിർമിക്കുന്നതിൽ വിദഗ്ധരാണ് ഇവ.  ഈ പ്രവൃത്തി മണ്ണിൻ്റെ ഘടനയെ  മെച്ചപ്പെടുത്തുന്നതിൽ വളരെയധികം പങ്കുവഹിക്കുന്നു. കട്ടിയുള്ള മണ്ണ് മൃദുവാക്കപ്പെടുകയും, മണ്ണിലെ വായുസഞ്ചാരം മെച്ചപ്പെടുകയും, വെള്ളം മണ്ണിൽ ഇറങ്ങി ജലാംശത്തിന്റെ അളവ്   വർദ്ധിക്കുകയും ചെയ്യുന്നു.  

കൂടാതെ ഇവയുടെ ലാർവകൾക്ക് ഭക്ഷിക്കാനായി കൂട്ടിൽ ശേഖരിക്കുന്ന പൂമ്പൊടിയും പൂന്തേനും മണ്ണിലെ കാർബൺ, നൈട്രജൻ തുടങ്ങിയ മൂലകങ്ങളുടെ അളവ് ഉയർത്തുകയും മണ്ണിൻ്റെ ഗുണസമ്പത്ത്  മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

‎ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകരായ സി. അതുൽ ശങ്കർ, എ.വി. വിഷ്ണു, അഞ്ജു സാറ പ്രകാശ്, ക്രൈസ്റ്റ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറും ലാബ് മേധാവിയുമായ ഡോ. സി. ബിജോയ്, പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളെജിലെ പ്രൊഫസറും സുവോളജി വിഭാഗം മേധാവിയുമായ ഡോ. ഇ.എം. ഷാജി എന്നിവരാണ് പ്രസ്തുത പഠനം നടത്തിയത്. 

കേരള സംസ്ഥാന ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി കൗൺസിൽ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ എന്നീ ഏജൻസികളുടെ സാമ്പത്തിക സഹായത്തോടെ നടത്തപ്പെട്ട ഈ  ഗവേഷണത്തിലെ കണ്ടെത്തലുകൾ കേരളത്തിലെ  ജൈവവൈവിധ്യ സംരക്ഷണത്തിനും പരിസ്ഥിതി പഠനത്തിനും സഹായകരമാകുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

ഇങ്ങനെയും ഒരു കോളെജ് മാഗസിൻ : മാഗസിൻ പുറത്തിറക്കിയത് പഠിച്ചിറങ്ങി 45 വർഷങ്ങൾക്ക് ശേഷം

ഇരിങ്ങാലക്കുട : കലാലയത്തിൽ നിന്നും പഠിച്ചിറങ്ങി ഏറെക്കാലത്തിനുശേഷം ഒരു മാഗസിൻ പ്രസിദ്ധീകരിക്കുക, അതും 45 വർഷങ്ങൾക്ക് ശേഷം.

ക്രൈസ്റ്റ് കോളേജ് 1977- 80 ബികോം ബാച്ചിലെ പൂർവ്വ വിദ്യാർഥികളാണ് അസാധാരണമായ ഈ സംരംഭം വിജയകരമായി പൂർത്തിയാക്കിയത്.

ബാച്ച് അംഗങ്ങളുടെ തന്നെ രചനകളാണ് 60 പേജ് വരുന്ന ഈ മാഗസിനിൻ്റെ ഉള്ളടക്കം.

നാലര പതിറ്റാണ്ടു മുൻപത്തെ കലാലയസ്മരണകളും സമകാലീന സംഭവവികാസങ്ങളുമുണ്ട് ഈ കൃതിയിൽ.

പിൽക്കാലത്ത് ഇഹലോക വാസം വെടിഞ്ഞ അധ്യാപകരെയും സഹപാഠികളെയും ഓർക്കുന്നതിനുപുറമേ ഒരു മെമ്പർ ഡയറക്ടറിയും ഈ മാഗസിനിൽ ചേത്തിരിക്കുന്നു.

കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് മാഗസിൻ പ്രകാശനം ചെയ്തു.

5 വർഷങ്ങൾക്ക് മുമ്പാണ് ഇവർ ഈ കൂട്ടായ്മ രൂപീകരിക്കുന്നത്. പിന്നീട് തുടർച്ചയായി സംഗമങ്ങളും നടത്തിവരുന്നുണ്ട്.

1977-80ലെ ബികോം ക്ലാസ്സ് ആയിരുന്നു ക്രൈസ്റ്റ് കോളെജിലെ ഏറ്റവും വലിയ കൊമേഴ്സ് ബിരുദപഠന ബാച്ച്. ഈ ബാച്ചിലെ 80 പേരിൽ ഇന്ന് ജീവിച്ചിരിക്കുന്ന 65 പേരും കൂട്ടായ്മയിൽ അംഗങ്ങളാണ്.

ക്രൈസ്റ്റ് കോളെജിൽ ഗസ്റ്റ് അധ്യാപക ഒഴിവുകൾ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ കെമിസ്ട്രി, മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കൂടിക്കാഴ്ചയ്ക്കായി ജൂലൈ 8ന് രാവിലെ 10 മണിക്ക് കോളെജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

63-ാമത് കണ്ടംകുളത്തി ഫുട്ബോൾ കിരീടം ക്രൈസ്റ്റ് കോളെജിന്

ഇരിങ്ങാലക്കുട : 63 വർഷത്തിൻ്റെ പാരമ്പര്യം പേറുന്ന കണ്ടംകുളത്തി ഫുട്ബോൾ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് സ്വന്തമാക്കി. ഫൈനലിൽ തൃശൂർ ശ്രീ കേരളവർമ്മ കോളെജിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളെജ് കണ്ടംകുളത്തി ട്രോഫിയിൽ മുത്തമിട്ടത്.

നിശ്ചിത സമയത്ത് ഗോൾരഹിത സമനില പാലിച്ച മത്സരത്തിൽ വിജയികളെ നിശ്ചയിച്ചത് പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ്. ഷൂട്ടൗട്ടിൽ 5 – 4 എന്ന സ്കോറിൽ ക്രൈസ്റ്റ് കോളെജ് വിജയികളായി.

നീണ്ട 15 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ക്രൈസ്റ്റിൻ്റെ മണ്ണിലേക്ക് കണ്ടംകുളത്തി കിരീടം തിരികെയെത്തുന്നത്. 2010ലാണ് ഇതിനു മുൻപ് ക്രൈസ്റ്റ് കോളെജ് കണ്ടംകുളത്തി ട്രോഫി സ്വന്തമാക്കിയത്.

വിജയികൾക്ക് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, പ്രിൻസിപ്പൽ ഫാ.ഡോ. ജോളി ആൻഡ്രൂസ്, ജോസ് ജോൺ കണ്ടംകുളത്തി എന്നിവർ ചേർന്ന് കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫി സമ്മാനിച്ചു.

ശ്രീ കേരളവർമ്മ കോളെജിന് തൊഴുത്തുംപറമ്പിൽ ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയ ടി.എൽ. തോമസ് തൊഴുത്തുംപറമ്പിൽ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിയും സമ്മാനിച്ചു.

ടൂർണമെൻ്റിലെ മികച്ച താരമായി ക്രൈസ്റ്റ് കോളെജിൻ്റെ എ.വി. അർജുൻ ദാസിനെ തിരഞ്ഞെടുത്തു.

മികച്ച ഗോൾ കീപ്പറായി ഫഹദ് (ക്രൈസ്റ്റ് കോളെജ്), മികച്ച മിഡ്ഫീൽഡറായി അബിൻ (ക്രൈസ്റ്റ് കോളെജ്), മികച്ച പ്രതിരോധത്തിന് സുജിത്ത് (കേരളവർമ്മ കോളെജ്), മികച്ച ഫോർവേർഡറായി മിതിൽ രാജ് (കേരളവർമ്മ കോളെജ്) എന്നിവരെയും തെരഞ്ഞെടുത്തു.

ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി പുരസ്കാരം ദേവമാതാ കോളെജിലെ റോസ്മെറിൻ ജോജോയ്ക്ക്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് മലയാള വിഭാഗം അധ്യക്ഷനായി 2020ല്‍ വിരമിച്ച ഡോ. സെബാസ്റ്റ്യന്‍ ജോസഫിന്‍റെ പേരിൽ ഏര്‍പ്പെടുത്തിയ സംസ്ഥാനതല ഡോ. സെബാസ്റ്റ്യന്‍ ജോസഫ് രചനാനൈപുണി പുരസ്കാരത്തിന് കുറവിലങ്ങാട് ദേവമാതാ കോളെജ് മലയാളവിഭാഗം വിദ്യാര്‍ഥിനി റോസ്മെറിൻ ജോജോ അര്‍ഹയായതായി പുരസ്കാര സമിതി ചെയർമാനും പ്രിൻസിപ്പലുമായ ഫാ. ഡോ. ജോളി ആൻഡ്രൂസ്, കൺവീനർ ഡോ. സി.വി. സുധീർ എന്നിവർ അറിയിച്ചു.

സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജുകളില്‍ മലയാളം ബി. എ. പഠനത്തിന്‍റെ ഭാഗമായി തയ്യാറാക്കുന്ന മികച്ച പ്രബന്ധത്തിന് നൽകുന്ന പുരസ്കാരം ഡോ. മിനി സെബാസ്റ്റ്യൻ്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ റോസ്മെറിൻ ജോജോ തയ്യാറാക്കിയ ”അടിയാള പ്രേതം : മിത്ത്, ചരിത്രം, ആഖ്യാനം” എന്ന പ്രബന്ധത്തിനാണ് ലഭിച്ചത്.

5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 20ന് ഉച്ചക്ക് 1 മണിക്ക് ക്രൈസ്റ്റ് കോളെജ് സെൻ്റ് ചാവറ സെമിനാര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററും മുതിർന്ന മാധ്യമ പ്രവർത്തകനുമായ എം.പി. സുരേന്ദ്രൻ സമ്മാനിക്കും.

ഡോ. അജു കെ. നാരായണന്‍ (സ്കൂള്‍ ഓഫ് ലെറ്റേഴ്സ്, കോട്ടയം) ഡോ. കെ. വി. ശശി (മലയാളം സര്‍വ്വകലാശാല), ഡോ. അനു പാപ്പച്ചന്‍ (വിമല കോളെജ്), ഡോ. സി .വി. സുധീർ (ക്രൈസ്റ്റ് കോളെജ്) എന്നിവര്‍ ഉൾപ്പെട്ട പുരസ്കാരനിര്‍ണ്ണയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ജില്ലാ ഹോക്കി ലീഗ് മത്സരങ്ങൾ ക്രൈസ്റ്റ് കോളെജിൽ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ നടക്കുന്ന തൃശൂർ ജില്ലാ ഹോക്കി ലീഗ് മത്സരങ്ങൾ പുരോഗമിക്കുന്നു.

മത്സരം തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ ആർ സാംബശിവൻ ഉദ്ഘാടനം ചെയ്തു.

കോളെജ് മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ മുഖ്യാതിഥിയായിരുന്നു.

കോളെജ് കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ, തൃശൂർ ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറി എബിനൈസർ ജോസ്, ട്രഷറർ അരുൺ എന്നിവർ പങ്കെടുത്തു.

സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

19 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.