കവർച്ചാ കേസിലെ പ്രതിയായ മതിലകം സ്വദേശി അഷ്കറിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും, കവര്‍ച്ചാ കേസിലെ പ്രതിയുമായ മതിലകം പൊന്നാംപടി കോളനി സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ അലി അഷ്കറിനെ (26) കാപ്പ ചുമത്തി ജയിലിലടച്ചു.

ഹണി ട്രാപ്പില്‍ പെടുത്തി പൂങ്കുന്നം സ്വദേശിയെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച നടത്തിയ കേസിലെ പ്രധാന പ്രതിയാണ് അഷ്കർ.

ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങുവാന്‍ ഇരിക്കെയാണ് കാപ്പ ചുമത്തിയത്.

കവര്‍ച്ചാ കേസിലെ പ്രതികളായ കയ്പമംഗലം തിണ്ടിക്കല്‍ ഹസീബ്, മതിലകം സ്വദേശി ഊളക്കല്‍ സിദ്ദിക്ക് എന്നിവരെ മുന്‍ ദിവസങ്ങളില്‍ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു.

2022-ല്‍ വാടാനപ്പിളളിയിലെ അടയ്ക്കാ കടയില്‍ നിന്നും 115 കിലോ അടക്ക മോഷണം നടത്തിയ കേസിലും, 2022-ല്‍ ചാലക്കുടിയില്‍ ബൈക്ക് മോഷ്ടിച്ച കേസിലും, 2023-ല്‍ തൃശൂര്‍ ശക്തന്‍ നഗറില്‍ വെച്ച് മധ്യവയസ്ക്കനെ ആക്രമിച്ച് 2 പവന്റെ സ്വർണ്ണാഭരണം കവര്‍ച്ച ചെയ്ത കേസിലും, 2019, 2020, 2021 വര്‍ഷങ്ങളില്‍ മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതക ശ്രമം നടത്തിയ കേസിലും, 2021-ല്‍ വാടാനപ്പിളളി പൊലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന പോക്സോ കേസിലും ഇയാൾ പ്രതിയാണ്.

ഇയാളുടെ പേരില്‍ പതിനൊന്നോളം കേസുകളാണ് നിലവിലുള്ളത്.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ ശുപാര്‍ശയില്‍ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യനാണ് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

മതിലകം പൊലീസ് ഇന്‍സ്പെക്ടര്‍ എം കെ ഷാജി, സബ് ഇന്‍സ്പെക്ടര്‍ രമ്യ കാര്‍ത്തികേയന്‍, എ എസ് ഐ മാരായ വിന്‍സി, തോമസ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.