ദീപാലങ്കാര പ്രഭയിൽ ഇരിങ്ങാലക്കുട : തിരുനാൾ ആഘോഷത്തിൽ മനം നിറഞ്ഞ് നഗരം

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലെ ദനഹതിരുനാളിന്റെ ആഘോഷാരവത്തിലാണ് ഇരിങ്ങാലക്കുട നഗരം.

ജാതിമതഭേദമന്യേ മനം നിറഞ്ഞ് ഇരിങ്ങാലക്കുടക്കാർ ആവേശത്തിമിർപ്പിൽ ആഘോഷാരവങ്ങളോടെ പെരുന്നാളിനെ ഇടനെഞ്ചിലേറ്റുന്ന ദിവസങ്ങൾ.

ദീപാലങ്കാര പ്രഭയിൽ നഗരവും സ്ഥാപനങ്ങളും വീടുകളും കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയിൽ മുഴുകിയിരിക്കുകയാണ്.

ക്രൈസ്തവ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ ഉയരത്തിലുള്ള പിണ്ടികൾ കുത്തി അലങ്കരിച്ചു കഴിഞ്ഞു.

നഗരത്തിന്റെ തെരുവ് വീഥികളെല്ലാം വർണ്ണങ്ങളും രുചികളും നിറച്ച് കുഞ്ഞുങ്ങൾ മുതൽ മുതിർന്നവരെ വരെ കൊതിപ്പിക്കുന്ന വസ്തുക്കളുമായി കച്ചവടക്കാരാൽ നിറഞ്ഞിരിക്കുന്നു.

ഒട്ടേറെ പുതുമകളോടെയാണ് കത്തീഡ്രലിലെ ഇത്തവണത്തെ ദീപാലങ്കാരം. കത്തീഡ്രലിലെ ദീപാലങ്കാരങ്ങളുടെയും പ്രവാസി കൂട്ടായ്മ ഒരുക്കിയ പ്രവാസി പന്തലിന്റെയും പള്ളിയുടെ തെക്കേ നടയിലും കിഴക്കേ നടയിലും ഒരുക്കിയിട്ടുള്ള ബഹുനില പന്തലുകളുടെയും സ്വിച്ച് ഓൺ കർമ്മം ഡിവൈഎസ്പി കെ ജി സുരേഷ് നിർവഹിച്ചു.

ശനിയാഴ്ച വൈകീട്ട് ദിവ്യബലിക്ക് ശേഷം പള്ളി ചുറ്റി പ്രദക്ഷിണവും രൂപം പന്തലിലേക്ക് എഴുന്നള്ളിച്ച് വയ്ക്കലും നേർച്ച വെഞ്ചരിപ്പും നടക്കും.

തുടർന്ന് രാത്രി 8 മണിക്ക് നടക്കുന്ന മതസൗഹാർദ്ദ സമ്മേളനത്തിൽ ബിഷപ്പ് മാർ കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും.

വലിയങ്ങാടി, കുരിശങ്ങാടി, കോമ്പാറ, കാട്ടുങ്ങച്ചിറ എന്നീ വിഭാഗങ്ങളുടെ അമ്പെഴുന്നള്ളിപ്പുകൾ രാത്രി 12 മണിയോടെ പള്ളിയിലെത്തും.

സെന്റ് തോമസ് കത്തീഡ്രൽ ദനഹതിരുനാൾ : പിണ്ടിയിൽ തിരിതെളിഞ്ഞു

ഇരിങ്ങാലക്കുട : പ്രകാശത്തിന്റെ തിരുനാളായ “രാക്കുളി തിരുനാൾ” അഥവാ “പിണ്ടിപ്പെരുന്നാൾ” എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയിലെ ദനഹതിരുനാളിൻ്റെ ഭാഗമായി കത്തീഡ്രൽ വികാരി ഫാ ഡോ പ്രൊഫ ലാസർ കുറ്റിക്കാടൻ പള്ളിയങ്കണത്തിൽ സ്ഥാപിച്ച പിണ്ടിയിൽ തിരി തെളിയിച്ചു.

അസിസ്റ്റന്റ് വികാരിമാരായ ഫാ ഹാലിറ്റ് തുലാപറമ്പൻ, ഫാ ഗ്ലിഡിൻ പഞ്ഞിക്കാരൻ, ഫാ ജോസഫ് പയ്യപ്പിള്ളി, ട്രസ്റ്റിമാരായ തിമോസ് പാറേക്കാടൻ, സി എം പോൾ ചാമപറമ്പിൽ, ബാബു ജോസ് പുത്തനങ്ങാടി, ജോമോൻ തട്ടിൽ മണ്ടി ഡേവി, തിരുനാൾ ജനറൽ കൺവീനർ സെബി അക്കരക്കാരൻ, ജോയിൻ്റ് കൺവീനർമാരായ പൗലോസ് താണിശ്ശേരിക്കാരൻ, സാബു കട്ടനൻ, മറ്റു തിരുനാൾ കമ്മിറ്റി കൺവീനർമാർ, കേന്ദ്രസമിതി പ്രസിഡൻ്റ് ജോമി ചേറ്റുപുഴക്കാരൻ, സോഷ്യൽ ആക്ഷൻ പ്രസിഡന്റ് ടോണി ചെറിയാടൻ എന്നിവരും ഇടവകാംഗങ്ങളും സന്നിഹിതരായിരുന്നു.