സുവർണ്ണം അവിസ്മരണീയമാക്കി ഗുരുകുലത്തിലെ ആശാനും ശിഷ്യരും ചേർന്നൊരുക്കിയ സുഭദ്രാധനഞ്ജയം കൂടിയാട്ടം

ഇരിങ്ങാലക്കുട : ഗുരുകുലത്തിലെ പ്രധാന വേഷാദ്ധ്യാപകനായ സൂരജ് നമ്പ്യാർ വിദൂഷക കഥാപാത്രമായ കൗണ്ഡിന്യനായും, ശിഷ്യനായ ഗുരുകുലം തരുൺ അർജ്ജുനനായും, ശിഷ്യയും മരുമകളുമായ ഗുരുകുലം അതുല്യ സുഭദ്രയായും വേഷമിട്ട് സുഭദ്രാധനഞ്ജയം കൂടിയാട്ടം ഒന്നാം ദിവസം അരങ്ങത്തവരിച്ചപ്പോൾ ആസ്വാദകർക്കത് ഏറെ പുതുമയായി.

മാധവനാട്യഭൂമിയിൽ നടന്നുവരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായാണ് സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറിയത്.

ഇരിങ്ങാലക്കുട ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ ഗുരുകുലവുമായി സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘സുവർണ്ണം’ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരമ്പരയുടെ പന്ത്രണ്ടാം ദിനത്തിലാണ് ഈ അവതരണം.

നേരത്തെ കൂടിയാട്ട കലാകാരി സരിത കൃഷ്ണകുമാറിൻ്റെ ശിഷ്യയായ ഗുരുകുലം മിച്ചികോ ഓനോ ‘കംസജനനം’ നങ്ങ്യാർകൂത്തവതരിപ്പിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചു.

മിഴാവിൽ കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം അഭിഷേക്, ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ സരിത കൃഷ്ണകുമാർ, ഗുരുകുലം അതുല്യ, ഗുരുകുലം അക്ഷര, ഗുരുകുലം ഋതു, ഗുരുകുലം വിഷ്ണുപ്രിയ, എന്നിവർ ചേർന്ന് പശ്ചാത്തലമേളമൊരുക്കി. കലാനിലയം ഹരിദാസ് ചമയമൊരുക്കി.

”ദമയന്തിയുടെ പാത്രപരിചരണം നളോപാഖ്യാനത്തിലും, നളചരിതത്തിലും” എന്ന വിഷയത്തെ അധികരിച്ച് രാജവാസുദേവ് വർമ്മ പ്രഭാഷണം നടത്തി.

”സംഗമഗ്രാമത്തിൻ്റെ സാംസ്കാരിക ഭൂമിക – അക്ഷരശ്ലോകവും കാവ്യചിന്തകളും” എന്ന വിഷയത്തിൽ ഡോ വിനീത ജയകൃഷ്ണൻ പ്രബന്ധം അവതരിപ്പിച്ചു.

“ദേവീമഹാത്മ്യം” നങ്ങ്യാർക്കൂത്തായി അരങ്ങത്തവതരിപ്പിച്ച് കപില വേണു

ഇരിങ്ങാലക്കുട : പ്രസിദ്ധമായ ദേവീമഹാത്മ്യത്തിലെ മഹിഷാസുരൻ്റെ ജനന കഥാഭാഗം പകർന്നാടിയ പ്രശസ്ത കൂടിയാട്ട കലാകാരി കപില വേണുവിൻ്റെ പ്രകടനം അവിസ്മരണീയമായി.

മാധവനാട്യഭൂമിയിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായാണ് കപില വേണു ദേവീമഹാത്മ്യത്തിലെ മഹിഷാസുരൻ്റെ ജനന കഥാഭാഗം ആട്ടപ്രകാരമെഴുതി സംവിധാനം ചെയ്ത് ചിട്ടപ്പെടുത്തി നങ്ങ്യാർക്കൂത്ത് അവതരിപ്പിച്ചത്.

ഇരിങ്ങാലക്കുട ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ ഗുരുകുലവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘സുവർണ്ണം’ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരമ്പരയുടെ പതിനൊന്നാം ദിനത്തിലാണ് കപില വേണുവിൻ്റെ നങ്ങ്യാർക്കൂത്ത് അരങ്ങേറിയത്.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ എൻ ഹരിഹരൻ, ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ സരിത കൃഷ്ണകുമാർ, ഗുരുകുലം അതുല്യ എന്നിവർ പശ്ചാത്തല മേളമൊരുക്കി.

“നളകഥാഖ്യാനം യക്ഷഗാനത്തിൽ ” എന്ന വിഷയത്തെ അധികരിച്ച് ഡോ ബി പി അരവിന്ദ പ്രഭാഷണം നടത്തി.

”സംഗമഗ്രാമത്തിൻ്റെ സാംസ്കാരിക ഭൂമിക – സാഹിത്യം” എന്ന വിഷയത്തിൽ ഡോ എം വി അമ്പിളി പ്രബന്ധം അവതരിപ്പിച്ചു.

സുഭദ്രാധനഞ്ജയത്തിലെ ”ശിഖിനിശലഭം” ആകർഷകമാക്കി ‘സുവർണ്ണം’

ഇരിങ്ങാലക്കുട : സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ പ്രസിദ്ധമായ ”ശിഖിനിശലഭം” ഭാഗം പകർന്നാടി കൂടിയാട്ടരംഗത്തെ യുവകലാകാരൻ ഗുരുകുലം തരുൺ ഭാവിപ്രതീക്ഷകൾ നിലനിർത്തി.

മാധവനാട്യഭൂമിയിൽ നടന്നുവരുന്ന കൂടിയാട്ടമഹോത്സവത്തിൻ്റെ ഭാഗമായാണ് ഗുരുകുലം തരുൺ ആദ്യമായി “ശിഖിനിശലഭം” അരങ്ങത്തവതരിപ്പിച്ചത്.

ഇരിങ്ങാലക്കുട ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ ഗുരുകുലവുമായി സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘സുവർണ്ണം’ സമാപനത്തിനോടനുബന്ധിച്ച് നടക്കുന്ന ആഘോഷപരമ്പരയുടെ പത്താം ദിനത്തിലാണ് ഗുരുകുലം അവതരിപ്പിച്ച സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ ശിഖിനിശലഭം അരങ്ങേറിയത്.

മിഴാവിൽ കലാമണ്ഡലം എ എൻ ഹരിഹരൻ, നേപഥ്യ ജിനേഷ് പി ചാക്യാർ, ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ സരിത കൃഷ്ണകുമാർ, ഗുരുകുലം അക്ഷര എന്നിവർ പശ്ചാത്തലമേളമൊരുക്കി. കലാനിലയം ഹരിദാസ് ചുട്ടി കുത്തി.

നളൻ്റെ പ്രച്ഛന്നഹൃദയമായ “ബാഹുകഹൃദയം” എന്ന വിഷയത്തെ അധികരിച്ച് ടി വേണുഗോപാൽ പ്രഭാഷണം നടത്തി.

‘സംഗമഗ്രാമത്തിൻ്റെ സാംസ്കാരിക ഭൂമിക – ഗണിതം, ശാസ്ത്രം’ എന്ന വിഷയത്തിൽ ഡോ കെ എസ് സവിത പ്രബന്ധം അവതരിപ്പിച്ചു.

വൃന്ദാവന വർണ്ണന നങ്ങ്യാർകൂത്ത് : അരങ്ങിൽ നിറഞ്ഞാടി ആതിര ഹരിഹരൻ

ഇരിങ്ങാലക്കുട : “വൃന്ദാവന വർണ്ണന” നങ്ങ്യാർകൂത്തിൽ ഗോപന്മാർ രാമ-കൃഷ്ണന്മാരെ അണിയിച്ചൊരുക്കുന്ന ഭാഗം പകർന്നാടി അരങ്ങിൽ നിറഞ്ഞാടി ആതിര ഹരിഹരൻ.

മാധവനാട്യഭൂമിയിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായാണ് “വൃന്ദാവന വർണ്ണന” അവതരിപ്പിച്ചത്.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം രാഹുൽ, ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ ഉഷ നങ്ങ്യാർ, ഗുരുകുലം അക്ഷര, ഗുരുകുലം വിഷ്ണുപ്രിയ എന്നിവർ പശ്ചാത്തല മേളമൊരുക്കി.

ഇരിങ്ങാലക്കുട ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബും അമ്മന്നൂർ ഗുരുകുലവും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സുവർണ്ണം’ സമാപന പരമ്പരയുടെ ഏഴാം ദിനത്തിൽ രഘുവംശം, നളചരിതം എന്നീ കാവ്യങ്ങൾ വായിക്കുമ്പോൾ അനുവാചകനിൽ ഉണ്ടാകുന്ന വായനാനുഭവങ്ങളെ വ്യക്തമാക്കി ഡോ കെ വി ദിലീപ്കുമാർ പ്രഭാഷണം നടത്തി.

“സംഗമഗ്രാമത്തിൻ്റെ സാംസ്കാരിക ഭൂമിക – നാടകം” എന്ന വിഷയത്തിൽ കേരള സംഗീത നാടക അക്കാദമി ഭരണസമിതിയംഗം സജു ചന്ദ്രൻ പ്രബന്ധം അവതരിപ്പിച്ചു.

മാധവനാട്യഭൂമിയിൽ നളചരിത പ്രഭാഷണ പരമ്പരയും സുഭദ്രയുടെ നിർവ്വഹണവും

ഇരിങ്ങാലക്കുട : ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ ഗുരുകുലത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ”സുവർണ്ണം” സമാപന പരമ്പരയുടെ ആറാം ദിനത്തിൽ നളചരിത പ്രഭാഷണ പരമ്പര അരങ്ങേറി.

“നളചരിതത്തിൻ്റെ വ്യാഖ്യാനഭേദങ്ങൾ – പാഠം, അരങ്ങ്, കളരി, പ്രേക്ഷകർ” എന്ന വിഷയത്തിൽ ഡോ മഞ്ജുഷ വി പണിക്കരും “വ്യക്തഭാഷ്യവും ദമിതഭാഷ്യവും – നളചരിതത്തിൻ്റെ കളിയരങ്ങിൽ” എന്ന വിഷയത്തിൽ എം ജെ ശ്രീചിത്രനും, “നളചരിതം ആട്ടക്കഥയുടെ അരങ്ങിലെ അർത്ഥനിഷ്കർഷ” എന്ന വിഷയത്തിൽ പ്രശസ്ത കഥകളി കലാകാരൻ പീശപ്പിള്ളി രാജീവനും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഡോ ജയന്തി ദേവരാജ് “സംഗമഗ്രാമത്തിൻ്റെ സാംസ്കാരിക ഭൂമിക – കഥകളി” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.

വൈകീട്ട് “നളചരിതം രംഗാവതരണം – പുതിയ സമീപനങ്ങൾ, സാധ്യതകൾ” എന്ന വിഷയത്തെ അധികരിച്ച്
കോട്ടയ്ക്കൽ പ്രദീപ്, കലാമണ്ഡലം നീരജ്,
കലാമണ്ഡലം വൈശാഖ്, കലാമണ്ഡലം ആദിത്യൻ, കലാമണ്ഡലം വിശാഖ് എന്നിവർ പങ്കെടുത്ത ചർച്ച നടന്നു.

സന്ധ്യക്ക് മാധവനാട്യഭൂമിയിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി സരിത കൃഷ്ണകുമാർ സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ സുഭദ്രയുടെ നിർവഹണം അവതരിപ്പിച്ചു.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം വിനീഷ്, ഇടയ്ക്കയിൽ കലാനിലയം ഉണ്ണിക്കൃഷ്ണൻ, താളത്തിൽ ആതിര ഹരിഹരൻ, ഗുരുകുലം ഋതു എന്നിവർ പശ്ചാത്തല മേളമൊരുക്കി.