ഇരിങ്ങാലക്കുട : എംപറർ ഇമ്മാനുവൽ ചർച്ച് ആഗോള ആസ്ഥാനമായ മുരിയാട് സിയോൺ കൂടാരത്തിരുനാൾ സമാപിച്ചു.
ആഘോഷത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി വിവിധ ഭാഷകൾ സംസാരിക്കുന്ന, വിവിധ സംസ്കാരങ്ങൾ ഉൾക്കൊള്ളുന്ന ആയിരങ്ങളാണ് കുടുംബസമേതം മുരിയാട് എത്തിയത്.
ചരിത്രത്തിൽ അവിഭക്ത ഇസ്രയേലിൽ ആചരിച്ചിരുന്ന കൂടാരത്തിരുനാൾ തനിമ ചോരാതെ ആഘോഷിക്കപ്പെടുന്ന ഏക സ്ഥലം സിയോൺ ആണ്. ദൈവവും ദൈവമക്കളും തമ്മിൽ സംഭവിക്കാനിരിക്കുന്ന പുനഃസംഗമത്തിന്റെ മുന്നോടിയായാണ് വിശ്വാസികൾ തിരുനാളിനെ കാണുന്നത്.
പെരുന്നാളിന്റെ ഭാഗമായി ബുധനാഴ്ച ബാൻഡ് മേളവും ബൈബിൾ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ 12 ടാബ്ലോകളും അണിനിരത്തി നടന്ന വർണ്ണാഭമായ ഘോഷയാത്രയിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
ദൈവജനം വാഗ്ദാന ദേശത്തേക്ക് നയിക്കപ്പെടുന്നതിനിടയിൽ മരുഭൂമിയിലെ കൂടാരങ്ങളിൽ വസിച്ചതിന്റെ അനുസ്മരണമായി ആചരിക്കണമെന്ന് ദൈവം കൽപ്പിച്ചതും ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ളതുമാണ് ഈ തിരുനാൾ ആഘോഷമെന്നാണ് സിയോൺ സമൂഹം വിശ്വസിക്കുന്നത്.