ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സംസ്ഥാന കലോത്സവ വിജയികൾക്ക് സ്വീകരണം നൽകും : മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയകിരീടം ചൂടി സ്വർണക്കപ്പ് തൃശ്ശൂരിലേക്ക് എത്തിച്ചതിൽ ഇരിങ്ങാലക്കുടയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളുടെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി ഡോ ആർ ബിന്ദു അഭിപ്രായപ്പെട്ടു.

കലാ കേരളത്തിന്റെ സ്വർണ്ണകിരീടം ചൂടിയ ഇരിങ്ങാലക്കുടയിലെ കൗമാര പ്രതിഭകളെ ജനാവലിയുടെ സാന്നിധ്യത്തിൽ ആദരിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന സ്കൂൾ കലാമേളയിൽ വിജയികളായ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്കൂളുകളിലെ വിദ്യാർഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും മറ്റു വിദ്യാലയങ്ങളിൽ നിന്നും കലാമത്സരങ്ങളിൽ പങ്കെടുത്ത് സംസ്ഥാന കലോത്സവത്തിൽ വിജയികളായ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ സ്ഥിരതാമസക്കാരായവരെയുമാണ് ആദരിക്കുക.

ഇരിങ്ങാലക്കുട പൗരാവലിക്ക് വേണ്ടി മന്ത്രിയുടെ നിയോജക മണ്ഡലം തല പുരസ്കാരം കലാപ്രതിഭകൾക്ക് സമ്മാനിക്കും.

ജനുവരി 24ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ കലാസാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരിക്കും ആദരസമ്മേളനം നടക്കുക.

തുടർന്ന് സമ്മാനാർഹമായ കലാസൃഷ്ടികളുടെ അവതരണവും അരങ്ങേറും.

അർഹരായവർ പാസ്പോർട്ട് സൈസ് ഫോട്ടോ, മുഴുവൻ പേര്, സ്കൂളിന്റെ പേര്, സമ്മാനം ലഭിച്ച മത്സര ഇനം എന്നിവ ijkministeroffice@gmail.com എന്ന ഇ- മെയിൽ വിലാസത്തിലേക്ക് ജനുവരി 15ന് മുൻപായി അയക്കേണ്ടതാണ്.

നയനയ്ക്ക് അടച്ചുറപ്പുള്ള വീട് ഒരുക്കും : സുരേഷ് ഗോപി

ഇരിങ്ങാലക്കുട : സംസ്ഥാന കലോത്സവത്തിൽ മിമിക്രിയിൽ ”എ” ഗ്രേഡ് നേടിയ മുരിയാട് തറയിലക്കാട് നയന മണികണ്ഠന് വീട് നിർമ്മിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി അറിയിച്ചു.

ടാർപോളിൻ മേഞ്ഞ് അപകടാവസ്ഥയിൽ നിൽക്കുന്ന വീട്ടിൽ നിന്ന് അടച്ചുറപ്പുള്ള വീടെന്ന നയനയുടെ സ്വപ്നം ഇതോടെ യാഥാർത്ഥ്യമാകും.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ കെ അനീഷ് കുമാർ നയനയുടെ വീട്ടിലെത്തി ഈ വിവരം നേരിൽ അറിയിക്കുകയും നയനയെ സുരേഷ്ഗോപി കൊടുത്തയച്ച ഷാൾ അണിയിച്ച് ആദരിക്കുകയും ചെയ്തു.

സുഖമില്ലാതിരിക്കുന്ന അദ്ദേഹം തത്സമയം വീഡിയോ കോളിൽ കുടുംബവുമായി സംസാരിച്ചു.

ജില്ലാ സെക്രട്ടറി എൻ ആർ റോഷൻ, ജില്ലാ വൈസ് പ്രസിഡന്റ് കവിത ബിജു, ഇരിങ്ങാലക്കുട- ആളൂർ പ്രസിഡൻ്റുമാരായ കൃപേഷ് ചെമ്മണ്ട, പി എസ് സുബീഷ്, ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, സെക്രട്ടറി കെ ആർ രഞ്ജിത്ത്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് അനീഷ്, മണ്ഡലം ഭാരവാഹികളായ രമേഷ് അയ്യർ, ആർച്ച അനീഷ്, ബിജെപി ജില്ലാ കമ്മറ്റിയംഗം അഖിലാഷ് വിശ്വനാഥൻ, യുവമോർച്ച ജില്ലാ സെക്രട്ടറി അജീഷ് പൈക്കാട്ട്, ബൂത്ത് പ്രസിഡന്റ് സന്തോഷ് തറയിക്കോട്, ഉണ്ണികൃഷ്ണൻ, സരീഷ് കാര്യങ്ങാട്ടിൽ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

സംസ്ഥാന സ്കൂൾ കലോത്സവം : ചെണ്ടമേളത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തിൽ ”എ” ഗ്രേഡ് നേടി നാഷണൽ സ്കൂൾ

ഇരിങ്ങാലക്കുട : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ട മേളത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻ്ററി വിഭാഗത്തിലും ”എ” ഗ്രേഡ് നേടി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർഥികൾ.

ഹയർ സെക്കൻ്ററി വിഭാഗത്തിൽ പി ആർ ശ്രീകർ, ഋഷി സുരേഷ്, എം ബി അശ്വിൻ, ഇ യു വിഗ്നേഷ്, പി എസ് ഭരത് കൃഷ്ണ, വരുൺ സുധീർദാസ്, കെ ബി കൃഷ്ണ എന്നിവരും
ഹൈസ്കൂൾ വിഭാഗത്തിൽ സി എസ് യുദുകൃഷ്ണ,
അനീഷ് മേനോൻ, കെ എസ് അമിത്കൃഷ്ണ, കെ യു ശ്രീപാർവ്വതി, കെ ബി ആദിത്യൻ, അനസ് കണ്ണൻ, അശ്വിൻ സന്തോഷ് എന്നിവരുമാണ് ചെണ്ടമേളത്തിൽ പങ്കെടുത്തത്.

സംസ്ഥാന സ്കൂൾ കലോത്സവം : പഞ്ചവാദ്യത്തിൽ എ ഗ്രേഡ് നേടി ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ

ഇരിങ്ങാലക്കുട : തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പഞ്ചവാദ്യത്തിൽ എ ഗ്രേഡ് നേടി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ.

നാഷണൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് പഞ്ചവാദ്യം മത്സരത്തിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നത്.

വരുൺ സുധീർദാസ്, കെ ബി കൃഷ്ണ, പി എസ് ഭരത് കൃഷ്ണ, പി എ ഇന്ദ്രതേജസ്, എം പി ശ്രീശങ്കർ, അദ്വൈത് എന്നിവരാണ് നാഷണൽ സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത മേള പ്രതിഭകൾ.