കേരള ഗവണ്മെന്റിന്റെ വനമിത്ര പുരസ്‌കാരം ഷീബ രാധാകൃഷ്ണന്

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാരം ചേർപ്പ് – ഊരകം സ്വദേശിനി ഷീബ രാധാകൃഷ്ണന്.

ഊരകം മാവിൻചുവടിലെ വീടിനോട് ചേർന്നുള്ള 72 സെന്റ് ഭൂമിയിൽ വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളടക്കം 400 ഓളം ഔഷധസസ്യങ്ങൾ, ”വൃന്ദാവൻ ഔഷധോദ്യാനം” എന്ന പേരിൽ ഷീബ സംരക്ഷിച്ചു വരുന്നു.

ക്ഷേത്രങ്ങളിൽ കാവുകളും, വിദ്യാലയങ്ങളിൽ ഔഷധ ഉദ്യാനങ്ങളും ഒക്കെയായി പ്രകൃതിയെ ചേർത്ത് പിടിക്കുന്ന പ്രവർത്തനങ്ങൾ ഷീബയുടെ ജീവിതചര്യയുടെ ഭാഗമാണ്.

പുതുതലമുറയ്ക്ക് പ്രകൃതിയുടെയും, ഔഷധ സസ്യങ്ങളുടെയും പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷീബയുടെ പ്രവർത്തനങ്ങൾ.

കേരളത്തിൽ നിന്ന് മാത്രമല്ല ഇതര സംസ്ഥാനങ്ങളിൽ നിന്ന് പോലുമുള്ളവർ ഷീബയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ഊരകത്തുള്ള വൃന്ദാവൻ ഔഷധ ഉദ്യാനം സന്ദർശിക്കാൻ എത്തുന്നുണ്ട്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് പോലും ശേഖരിച്ച ഔഷധ സസ്യങ്ങൾ ഷീബയുടെ ഉദ്യാനത്തെ കൂടുതൽ മനോഹരമാക്കുന്നു.

വൃന്ദാവൻ ഔഷധോദ്യാനം എന്ന് പേരുള്ള യൂട്യൂബ് ചാനൽ വഴി ദിവസവും ഷീബ ഓരോ സസ്യത്തെയും പരിചയപ്പെടുത്തി അവയുടെ പ്രാധാന്യം വിവരിക്കുന്നുണ്ട്.

നല്ലൊരു നർത്തകി കൂടിയായ ഷീബ തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാല ജീവനക്കാരിയായിരുന്നു.

പൊതുപ്രവർത്തകനായ ഊരകം സ്വദേശി അയിച്ചിയിൽ രാധാകൃഷ്ണന്റെ സഹധർമ്മിണിയാണ് ഷീബ.