ഉത്സവച്ചന്ത ആരംഭിച്ചു

ഇരിങ്ങാലക്കുട : കാറളം കുമരഞ്ചിറ ഭരണിയോടനുബന്ധിച്ച് കാറളം സിഡിഎസിന്റെ ഉത്സവച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

സിഡിഎസ് ചെയർപേഴ്സൺ ജിജി ഗോപി അധ്യക്ഷത വഹിച്ചു.

വൈസ് ചെയർപേഴ്സൺ ഷൈജ ദീലിപ് സ്വാഗതം പറഞ്ഞു.

അഗ്രി സി.ആർ.പി. ചിന്ത സുഭാഷും സിഡിഎസ് മെമ്പർമാരും പങ്കെടുത്തു.

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ വെള്ളാങ്ങല്ലൂർ ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ വെള്ളാങ്ങല്ലൂർ ഏരിയ കൺവെൻഷൻ വേളൂക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു.

ഏരിയ പ്രസിഡന്റ് നീതു രതീഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.എ. ജോയി ഉദ്ഘാടനം നിർവഹിച്ചു.

ഏരിയ സെക്രട്ടറി മിനി പ്രസന്നൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.എൻ. പങ്കജാക്ഷൻ വരവു ചെലവ് കണക്കും അവതരിപ്പിച്ചു.

പ്രസവാനുകൂല്യ ധനസഹായം 15000 രൂപ ഒറ്റത്തവണയായി നൽകണമെന്നും വർഷത്തിൽ ഒന്നിലധികം ആനുകൂല്യം അനുവദിക്കണമെന്നും പ്രമേയത്തിലൂടെ സർക്കാരിനോട് അവശ്യപ്പെട്ടു.

തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ എ.കെ.ടി.എ. അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.

മേരി ജോണി, സിജി അജയൻ, സി.സി. ശാന്ത എന്നിവർ പ്രസംഗിച്ചു.

മുരിയാട് പഞ്ചായത്തിലെ ആനുരുളി – ചേർപ്പുംകുന്ന് റോഡ് നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തും മുരിയാട് പഞ്ചായത്തും സംയുക്തമായി 2025- 2026 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച മുരിയാട് പഞ്ചായത്തിലെ ആനുരുളി – ചേര്‍പ്പുംകുന്ന് റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ജി. ശങ്കരനാരായണന്‍ നാടിന് സമർപ്പിച്ചു.

മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.യു. വിജയന്‍, മണി സജയന്‍, ബിന്ദു വര്‍ക്കി, പഞ്ചായത്തംഗങ്ങളായ കെ.കെ. സുരേഷ് ബാബു, ടി.കെ. ശശി, തോമസ് തൊകലത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ബിന്ദു സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ നിഖിത അനൂപ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്‍റെ 25,90,000 രൂപയും മുരിയാട് പഞ്ചായത്തിന്‍റെ 12,02000 രൂപയും ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

കളഞ്ഞു കിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകി മാതൃകയായി

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ ഏഴാം വാർഡിലെ താമസക്കാരനായ വാളിപറമ്പിൽ ശശി വളനങ്ങാടി സെന്ററിൽ നിന്ന് കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകി മാതൃകയായി.

പേഴ്സ് കിട്ടിയ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചതിനെ തുടർന്നാണ് ഉടമസ്ഥയായ കലവറ പറമ്പിൽ ലാലി ടീച്ചർക്ക് പേഴ്സ് തിരിച്ചു ലഭിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ, വാർഡ് മെമ്പർ ഈശ്വരി ജയൻ, പാർത്ഥൻ പുതുക്കാട്ടിൽ, സുരേഷ് കൊച്ചത്ത്, സലീഷ്, പി.എസ്. കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.

തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ നിൽപ്പ് സമരം

ഇരിങ്ങാലക്കുട : സാമൂഹ്യ സുരക്ഷാ പെൻഷൻ നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ നിന്നും പിന്തിരിയുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കാർഷിക മേഖലയെ തകർക്കുന്ന ഇന്ത്യൻ യുഎസ് കരാർ റദ്ദാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് എഐടിയുസി സംസ്ഥാന കൗൺസിൽ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ നിൽപ്പ് സമരം നടത്തി.

സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസ്സി സമരം ഉദ്ഘാടനം ചെയ്തു.

എഐടിയുസി ജില്ലാ സെക്രട്ടറി ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി കെ.കെ. ശിവൻ, ജില്ലാ കമ്മിറ്റി അംഗം വർദ്ധനൻ പുളിക്കൽ, ജിഷ ബാബു, റസിൽ, കെ.എസ്. പ്രസാദ്, കെ.സി. മോഹൻലാൽ, ഭാസി, കൃഷ്ണകുമാർ, കെ.വി. രാമകൃഷ്ണൻ, ടി.പി. ബാബു എന്നിവർ പ്രസംഗിച്ചു.

“വാഗ്മിത” മൂന്നാംദിനം സുഭദ്രാർജ്ജുന സംവാദം കൊണ്ട് ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : വാഗ്മിതയുടെ മൂന്നാം ദിനം സുഭദ്രാർജ്ജുന സംവാദം കൊണ്ട് ശ്രദ്ധേയമായി.

മേൽപ്പത്തൂരിൻ്റെ പ്രസിദ്ധമായ സുഭദ്രാഹരണം ചമ്പുവിൽ സന്യാസവേഷം ധരിച്ച അർജ്ജുനൻ സുഭദ്രയിങ്കൽ അനുരാഗ വിവശനായിരിക്കെ, തോഴിമാരുമായി ഉദ്യാനത്തിലെ ക്രീഡയ്ക്കിടയിൽ സുഭ്രദയ്ക്ക് തന്നോട് പ്രണയമുണ്ടെന്ന് സഖിമാരുമായുള്ള സംഭാഷണത്തിലൂടെ തിരിച്ചറിഞ്ഞ് സ്വയം സമാശ്വാസിതനാകുന്നു. തുടർന്ന് സുഭദ്ര തൻ്റെ സംശയത്തെ ദൂരികരിക്കാനായി സന്യാസി വേഷധാരിയോട് ഇന്ദ്രപ്രസ്ഥ വാർത്തകളെയും അർജ്ജുനനെയും കുറിച്ച് ചോദിക്കുന്നു. മറുപടിയായി കുന്തിയെയും ധർമ്മപുത്രാദികളെയും പറ്റി പറയുകയും, തുടർന്ന് അർജ്ജുനൻ കപട സന്യാസവേഷധാരിയായി സുഭദ്രയെ കാംക്ഷിച്ചുകൊണ്ട് ദ്വാരകയിൽ ഇതാ മുന്നിൽതന്നെ ഇരിക്കുന്നതായി ലജ്ജയോടെ പറഞ്ഞ് പരസ്പരം സന്തോഷവാന്മാരാകുന്ന ഭാഗമായിരുന്നു “വാഗ്മിത”യുടെ മൂന്നാം ദിവസത്തെ മുഖ്യാകർഷണം.

കൂടിയാട്ടാചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ അവതരിപ്പിക്കുന്ന “സുഭദ്രാഹരണം” ചാക്യാർകൂത്തിൽ മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാർ, താളത്തിൽ സരിത കൃഷ്ണകുമാർ എന്നിവർ അകമ്പടിയേകി.

നിര്യാതനായി

മണി

ഇരിങ്ങാലക്കുട : സിപിഎം കണ്ടാരംതറ മുൻ ബ്രാഞ്ച് സെക്രട്ടറിയും കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ പൊറത്തിശ്ശേരി പഞ്ചായത്ത് കമ്മിറ്റി അംഗവും യൂണിയൻ സ്ഥാപക കാല പ്രവർത്തകനുമായിരുന്ന കൂത്തുപാലക്കൽ വീട്ടിൽ വി.എം. മണി (74) നിര്യാതനായി.

സംസ്കാരം ഞായറാഴ്ച (ഫെബ്രുവരി 22) രാവിലെ 9.30ന് മുക്തിസ്ഥാനിൽ.

ഭാര്യ : വിജയ

മക്കൾ : സിന്തിൽ, ലത, സിന്ധു

മരുമക്കൾ : വിനീത, ഉദയൻ, സന്ദീപ്

ഫ്യൂഷൻ ഓഫ് അടയ്ക്കാപന്തൽ ലൈബ്രറിയുടെ ഉദ്ഘാടനം 22ന്

ഇരിങ്ങാലക്കുട : ഫ്യൂഷൻ ഓഫ് അടയ്ക്കാപന്തൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അവാർഡ് ജേതാക്കളെ ആദരിക്കലും ഫെബ്രുവരി 22ന് വൈകീട്ട് 4 മണിക്ക് നോർത്ത് കിഴുത്താണി ജംഗ്ഷൻ ക്ലബ്ബ് ഓഫീസിൽ നടക്കും.

സംസ്ഥാന ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മുഖ്യമന്ത്രിയിൽ നിന്നും അവാർഡ് ലഭിച്ച ക്ലബ്‌ മെമ്പർ സുരേഷ്, കേരളോത്സവം ജില്ലാതല മൃദംഗ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ രാഹുൽ എന്നിവരെ ചടങ്ങിൽ ആദരിക്കും.

ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ് ലഭിച്ച കെ.ആർ. കൊച്ചു നാരായണനെ ആദരിച്ചു

ഇരിങ്ങാലക്കുട : കേരള ഫോക്‌ലോർ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ച കളമെഴുത്തു കലാകാരൻ കെ.ആർ. കൊച്ചു നാരായണനെ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി സംഘടപ്പിച്ച ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു ഉപഹാരം നൽകി ആദരിച്ചു.

ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വത്സല ബാബു, വേളൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ഗ്രീഷ്മ സലീഷ്, പഞ്ചായത്തംഗം പ്രേമ നൈഷാദ്, ഡോ. കെ. രാജേന്ദ്രൻ, ഉദിമാനം അയ്യപ്പക്കുട്ടി, പി.എൻ. ലക്ഷ്മണൻ തുടങ്ങിയവർ പ്രസംഗിച്ചു.

കഴിഞ്ഞ മുപ്പതിൽപ്പരം വർഷങ്ങളായി കളമെഴുത്തു കലയിലും കളമെഴുത്ത് പാട്ടിലും നിലയുറപ്പിച്ചിട്ടുള്ള കൊച്ചുനാരായണൻ കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് ക്ഷേത്രാങ്കണങ്ങളിൽ തൻ്റെ കലാമികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

ഈ അനുഷ്ഠാന കല അന്യം നിന്നു പോകാതിരിക്കാൻ പുതുതലമുറയെ അഭ്യസിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധനാണ് കൊച്ചു നാരായണൻ. നിലവിൽ മുപ്പതോളം ശിഷ്യന്മാർ കൊച്ചു നാരായണനിൽ നിന്നും കളമെഴുത്തു കല പരിശീലിക്കുന്നുണ്ട്.