ലേബർ കോഡുകൾ നടപ്പിലാക്കിയതിൽ ഇരിങ്ങാലക്കുടയിൽ പ്രതിഷേധം

ഇരിങ്ങാലക്കുട : നവംബർ 21 മുതൽ കേന്ദ്ര സർക്കാർ ലേബർ കോഡുകൾ നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ ലേബർ കോഡിന്റെ വിജ്ഞാപനം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.

പ്രകടനത്തിനുശേഷം ചേർന്ന യോഗം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി.ബി. ഹരിലാൽ ഉദ്ഘാടനം ചെയ്തു.

കെ.എസ്.ടി.എ. ഉപജില്ല സെക്രട്ടറി കെ.ആർ. സത്യപാലൻ അധ്യക്ഷത വഹിച്ചു.

യോഗത്തിന് എൻ.ജി.ഒ. യൂണിയൻ ഏരിയ സെക്രട്ടറി സഖാവ് എം.എസ്. ചിക്കു സ്വാഗതവും കെ.ജി.ഒ.എ. ഏരിയ വൈസ് പ്രസിഡൻ്റ് പ്രസന്നകുമാർ നന്ദിയും പറഞ്ഞു.

പ്രമേഹനിര്‍ണയവും നേത്ര പരിശോധന ക്യാമ്പും 30ന്

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പി.എല്‍ തോമന്‍ മെമ്മോറിയല്‍ ക്ലിനിക്കില്‍ പ്രമേഹ നിര്‍ണയവും നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പും 30ന് സംഘടിപ്പിക്കും.

ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

അഡ്വ.എം.എസ്. രാജേഷ് അധ്യക്ഷത വഹിക്കും. സെക്രട്ടറി എം.എസ് പ്രദീപ്, ട്രഷറര്‍ ജെയ്സന്‍ മുഞ്ഞേലി, ശിവന്‍ നെന്മാറ എന്നിവര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9446540890,9539343242 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

വോട്ടർ പട്ടികയ്ക്കായുള്ള വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും വിദ്യാർഥികളെ നിയോഗിക്കുമ്പോൾ പഠനത്തെ ബാധിക്കരുത് : മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : വോട്ടർ പട്ടികയ്ക്കായുള്ള വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും വിദ്യാർഥികളെ നിയോഗിക്കുന്നത് പഠന പ്രവർത്തനങ്ങളെ ബാധിക്കുന്ന വിധത്തിൽ ആവരുതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

പാഠ്യേതര പ്രവർത്തനങ്ങൾക്കും സാമൂഹ്യസേവനങ്ങൾക്കും വിദ്യാർഥികളെ നിലവിൽ രംഗത്തിറക്കുന്നത് പാഠ്യപ്രവർത്തനങ്ങൾക്ക് തടസ്സം വരാത്ത വിധത്തിൽ സമയക്രമം നിശ്ചയിച്ചാണ്. വോട്ടർ പട്ടിക പുതുക്കൽ പോലെ ഗൗരവമായ പ്രവൃത്തികളിൽ പഠനസമയം മാറ്റി വച്ച് വിദ്യാർഥികളെ വിനിയോഗിക്കുന്നതിൽ അധ്യാപക സമൂഹത്തിന് ആശങ്കകളുണ്ട്. പ്രവൃത്തിയുടെ ഗൗരവം വിദ്യാർഥികളിൽ സമ്മർദ്ദം ജനിപ്പിച്ച് അവരുടെ പഠനത്തെ ബാധിക്കുമെന്ന ഉത്കണ്ഠ രക്ഷാകർതൃ സമൂഹത്തിനുമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇവ രണ്ടും കണക്കിലെടുക്കാതെ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സമ്മർദ്ദത്തിലാക്കരുതെന്ന് മന്ത്രി ഡോ. ബിന്ദു പ്രസ്താവനയിൽ പറഞ്ഞു.

ആളൂരിൽ യു.ഡി.എഫിന്റെ ഐക്യത്തിനും വിജയത്തിനും വേണ്ടി പരമാവധി വിട്ടുവീഴ്ച ചെയ്തു : കേരള കോൺഗ്രസ്സ്

ഇരിങ്ങാലക്കുട : ആളൂർ പഞ്ചായത്തിൽ യു.ഡി.എഫിന്റെ ഐക്യത്തിനും വിജയത്തിനും വേണ്ടി പരമാവധി വിട്ടുവീഴ്ച ചെയ്തുവെന്ന് കേരള കോൺഗ്രസ്സ് ആളൂർ മണ്ഡലം കമ്മിറ്റി.

ആസന്നമായിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആളൂർ പഞ്ചായത്തിലെ ആകെയുള്ള 24 വാർഡുകളിൽ 5 വാർഡുകൾ കേരള കോൺഗ്രസ്‌ പാർട്ടി മത്സരിക്കുവാൻ ആദ്യം ആവശ്യപ്പെട്ടെങ്കിലും പിന്നീട് 5, 7 എന്നീ 2 വാർഡുകൾ മാത്രം തന്നാൽ മതിയെന്നു സമ്മതിച്ചിരുന്നു. ഒടുവിൽ ഇവയിൽ ഏഴാം വാർഡെങ്കിലും (ഉറുമ്പുകുന്ന്) തരാൻ ആവശ്യപ്പെട്ടെന്നും, എന്നിട്ടും അനുകൂലമായ തീരുമാനം ഉണ്ടായില്ലെന്നും കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുവാൻ പാർട്ടി മണ്ഡലം കമ്മിറ്റി തീരുമാനിച്ചുവെങ്കിലും കോൺഗ്രസ്സ് നേതൃത്വത്തിന്റെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ചും കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടന്റെ നിർദ്ദേശ പ്രകാരവും യു.ഡി.എഫിന്റെ ഐക്യത്തിനും കെട്ടുറപ്പിനും വിജയത്തിനും വേണ്ടി കേരള കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ 5, 7 എന്നീ വാർഡുകളിൽ നൽകിയിരുന്ന നാമനിർദ്ദേശ പത്രികകൾ പിൻവലിച്ച് യു.ഡി.എഫിനെ പിന്തുണക്കുവാൻ തീരുമാനിച്ചതായി മണ്ഡലം പ്രസിഡന്റ് നൈജു ജോസഫ് ഊക്കൻ അറിയിച്ചു.

യോഗത്തിൽ മണ്ഡലം പ്രസിഡന്റ് നൈജു ജോസഫ് ഊക്കൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ഭാരവാഹികളായ ജോബി മംഗലൻ, ജോജോ മാടവന, ജോർജ്ജ് കുറ്റിക്കാടൻ, തോമസ് ടി.എ. തോട്ട്യാൻ, ബാബു വർഗ്ഗീസ് വടക്കേപീടിക, ജോർജ്ജ് മംഗലൻ, റാൻസി സണ്ണി മാവേലി, പിയൂസ് കുറ്റിക്കാടൻ, ജോബി കുറ്റിക്കാടൻ, ജോഷി മാടവന, ജോൺസൻ മാടവന, ജോയ് ചുങ്കൻ, ജോഷി തോമസ്, ജോസ്റ്റിൻ പെരേപ്പാടൻ, മേരീസ് നൈജു, ലില്ലി ബാബു എന്നിവർ പ്രസംഗിച്ചു.

‘വീട്ടിലെ ലൈബ്രറി ‘ടി.വി.കൊച്ചുബാവ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : കാറളത്തെ ‘വീട്ടിലെ ലൈബ്രറിയി’ൽ മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരനായിരുന്ന ടി.വി. കൊച്ചുബാവയുടെ 26-ാമത് സ്മരണ വാർഷികദിനം ആചരിച്ചു.

ജീവിച്ചിരുന്നെങ്കിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെയും തകഴിയുടെയും തലത്തിൽ എത്തിപ്പെടാൻ കഴിവുള്ള ദീർഘവീക്ഷണ ലിഖിത സഞ്ചാരിയായിരുന്നു ടി.വി. കൊച്ചുബാവ എന്ന എഴുത്തുകാരനെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത പത്രപ്രവർത്തകനായ സി.കെ. ഹസ്സൻകോയ പറഞ്ഞു.

രാധാകൃഷ്ണൻ വെട്ടത്ത്, ജോസ് മഞ്ഞില, വിജയൻ ചിറ്റേക്കാട്ടിൽ, പുഷ്പ്പൻ ആശാരിക്കുന്ന്, ടി.എസ്.സജീവ്, എം.എൻ. നീതു ലക്ഷി, റഷീദ് കാറളം എന്നിവർ സംസാരിച്ചു.

2026 -ൽ വീട്ടിലെ ലൈബ്രറി ടി.വി. കൊച്ചുബാവ സാഹിത്യ പുരസ്കാരം ഏർപ്പെടുത്താനുള്ള കമ്മിറ്റി രൂപീകരിച്ചു.
കേരളത്തിൽ അറിയപ്പെടുന്ന വലിയ പുരസ്ക്കാരമായി ഇത് മാറുമെന്നും സംഘാടക രൂപീകരണത്തിൽ വിശദീകരിച്ചു.

അശോകൻ ചരുവിൽ രക്ഷാധികാരിയായും
സി.കെ. ഹസ്സൻകോയ ചെയർമാനായും രാധാകൃഷ്ണൻ വെട്ടത്ത് കൺവീനറായും
റഷീദ് കാറളം കോർഡിനേറ്ററായും അമ്പത്തൊന്നംഗ കമ്മിറ്റി രൂപീകരിച്ചു.

2026 നവംബറിലാണ് സാഹിത്യ പുരസ്കാരം നൽകുക.

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പ് : റൂറൽ ജില്ലയിലെ 32 കേസുകൾ തുടരന്വേഷണങ്ങൾക്കായി ക്രൈം ബ്രാഞ്ചിന് കൈമാറി

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ രജിസ്റ്റർ ചെയ്ത 32 തട്ടിപ്പ് കേസുകൾ സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. ഈ കേസുകൾ ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് റീ- രജിസ്റ്റർ ചെയ്തു.

ഇരിങ്ങാലക്കുട, ആളൂർ, കൊടകര, മാള, വരന്തരപ്പിള്ളി എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്.

ഈ 32 കേസുകളിലുമായി ആറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമികമായി കണക്കാക്കുന്നത്.

ഇരിങ്ങാലക്കുട ചന്തക്കുന്നിൽ പ്രവർത്തിച്ചിരുന്ന വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാഞ്ചാണ് തട്ടിപ്പിന് പിന്നിൽ. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും കോടിക്കണക്കിന് രൂപ ഫിക്സഡ് ഡെപ്പോസിറ്റായി ഇവർ സ്വീകരിച്ചു. എന്നാൽ, നിക്ഷേപകർക്ക് നാളിതുവരെ പലിശ നൽകാതിരിക്കുകയും നിക്ഷേപിച്ച പണം തിരികെ നൽകാതെ വഞ്ചിക്കുകയും ചെയ്തതിനെ തുടർന്നുള്ള പരാതികളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ജില്ലയുടെ പല ഭാഗങ്ങളിലും ഫാമുകൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് ലാഭമുണ്ടാക്കി നിക്ഷേപകർക്ക് ലാഭവിഹിതം നൽകുമെന്നായിരുന്നു കമ്പനിയുടെ പ്രധാന വാഗ്ദാനം. കൂടാതെ വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി എന്ന പേരിൽ കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് തങ്ങളെന്ന് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.

ഇത്തരത്തിൽ വ്യാജ വാഗ്ദാനങ്ങൾ നൽകി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ സ്ഥാപനത്തിനെതിരെയുള്ള തുടരന്വേഷണമാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.

കരിങ്കൽ ക്വാറിയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 88 ലക്ഷം രൂപയോളം തട്ടിയ ആളൂർ സ്വദേശി പിടിയിൽ

ഇരിങ്ങാലക്കുട : ബാഗ്ലൂരിൽ ക്രഷർ ബിസിനസ്സ് നടത്തുന്ന ആളൂർ സ്വദേശിനിയിൽ നിന്നും ഇവരുടെ മകളിൽ നിന്നുമായി ബാഗ്ലൂരുള്ള കരിങ്കൽ ക്വാറിയിൽ പങ്കാളിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2023 ഏപ്രിൽ 10 മുതൽ 2023 നവംബർ 1 വരെയുള്ള കാലയളവിൽ 88,20,000 രൂപ തട്ടിയ കേസിലെ പ്രതി ആളൂർ വെള്ളാഞ്ചിറ സ്വദേശി അരിക്കാടൻ വീട്ടിൽ വാട്ട്സണെ (42) തൃശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പരാതിക്കാരിയും മക്കളും ബാഗ്ലൂരിൽ ക്രഷർ ബിസിനസ് നടത്തി വരുന്ന സമയത്ത് പ്രതിയായ വാട്സൺ ഇവരെ ബിസിനസ്സ് കാര്യങ്ങളിൽ സഹായിക്കാനായി ഇവരുടെ കൂടെയുണ്ടായിരുന്ന വ്യക്തിയാണ്.

ഇവർ നടത്തിയിരുന്ന ക്രഷറിലേക്ക് കരിങ്കല്ല് ലഭിക്കണമെങ്കിൽ കരിങ്കല്ല് വാങ്ങുന്ന ക്വാറിയുടെ ഉടമയായ ബാംഗ്ലൂർ സ്വദേശിയായ ഗജേന്ദ്രബാബു (43) എന്നയാളുടെ ക്വാറിയിൽ ഷെയർ എടുക്കണമെന്ന് പ്രതികൾ പറഞ്ഞ് വിശ്വസിപ്പിച്ചത് പ്രകാരമാണ് പരാതിക്കാരിയും മകളും ചേർന്ന് 57,50,000 രൂപ ഗജേന്ദ്ര ബാബുവിന്റെ ബാങ്ക് അക്കൗണ്ടിലേക്കും, ഗജേന്ദ്ര ബാബുവിന് നൽകുന്നതിനായി വാട്ട്സൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് 30,70,000 രൂപയും അയച്ചു കൊടുത്തത്.

തുടർന്ന് പാർട്ണർമാരുമായുള്ള തർക്കത്തെ തുടർന്ന് ഗജേന്ദ്ര ബാബുവിന്റെ ക്വാറി അടച്ച് പൂട്ടി. പരാതിക്കാരിയെയും മകളെയും പാർട്ണർ ആക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ ചതിക്കുകയും ചെയ്തു.

പരാതിക്കാരിക്ക് ഗജേന്ദ്ര ബാബു നൽകാനുള്ള 88,20,000 രൂപയിൽ നിന്ന് 37,00,000 രൂപ ഗജേന്ദ്ര ബാബുവുമായി ഗൂഡാലോചന നടത്തിയ വാട്ട്സൺ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു വാങ്ങുകയും, ഈ വിവരം പരാതിക്കാരിയിൽ നിന്ന് മറച്ചു വെച്ച് ബാംഗ്ലൂർ ചിക്കബെല്ലാപൂർ എന്ന സ്ഥലത്തുള്ള ജനപ്രിയ സ്റ്റോൺ ക്രഷർ എന്ന സ്ഥാപനത്തിൽ ഷെയർ വാങ്ങുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വാട്ട്സൺ ബഹ്റൈനിൽ ഷേക്ക് ഹമദ് എന്നാളുടെ സ്ഥാപനങ്ങളുടെ ജനറൽ മാനേജർ ആയി ജോലി ചെയ്ത് വരവെ സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി നടത്തിയതിന് സ്ഥാപന ഉടമയുടെ പരാതി പ്രകാരം ശിക്ഷിക്കപ്പെട്ട് ബഹ്റൈനിൽ 4 മാസം ജയിലിൽ കിടന്നിട്ടുള്ളതും, ജയലിൽ കിടക്കവെ 4 മാസത്തിന് ശേഷം പണം തിരികെ അടച്ച് ജയിൽ മോചിതനായിട്ടുള്ളയാളുമാണ്. കൂടാതെ പരാതിക്കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിലും ഇയാൾ പ്രതിയാണ്.

ഗ്രേഡ് എസ്.ഐ.മാരായ ബെനഡിക്ട്, രാജേഷ്, ശിവൻ, ഗ്രേഡ് എ.എസ്.ഐ. റാഫി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ബാർ ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡി അരുൺ വർഗ്ഗീസ് പിടിയിൽ

ഇരിങ്ങാലക്കുട : താഴേക്കാടുള്ള ബാറിലെ ജീവനക്കാരനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയായ പ്രതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണിക്കര സ്വദേശി തോട്ടത്തിൽ വീട്ടിൽ അരുൺ വർഗ്ഗീസ് (31) ആണ് അറസ്റ്റിലായത്.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഞായറാഴ്ച രാത്രി 8.30ഓടെയാണ് സംഭവം നടന്നത്.

താഴേക്കാടുള്ള ബാറിൽ മദ്യപിച്ച ശേഷം, ബിൽ അടയ്ക്കാതെ വീണ്ടും മദ്യം ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. ജീവനക്കാരൻ മദ്യം നിഷേധിച്ചതിനെ തുടർന്ന് പ്രകോപിതനായ പ്രതി ബാറിൽ മദ്യപിക്കാനെത്തിയവരെ തടഞ്ഞു നിർത്തുകയും കൈയിലിരുന്ന ഗ്ലാസെടുത്ത് ഗ്രാനൈറ്റ് കൗണ്ടറിൽ ഇടിച്ചു തകർക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ ഇരിങ്ങാലക്കുട സ്വദേശി കൂനൻ വീട്ടിൽ വർഗ്ഗീസ് (56) എന്ന ബാർ ജീവനക്കാരനെയാണ് പ്രതി ആക്രമിച്ചത്.

അരുൺ വർഗ്ഗീസ് സ്റ്റേഷൻ റൗഡിയാണ്. ഇയാൾക്കെതിരെ മാരക രാസലഹരിയായ എംഡിഎംഎ വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി കൈവശം വെച്ച കേസുകൾ, കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട കേസ്, മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവർത്തി ചെയ്ത കേസ് എന്നിവ ഉൾപ്പെടെ 7 ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

ആളൂർ സ്റ്റേഷൻ എസ്.എച്ച്.ഒ. ഷാജിമോൻ, എസ്.ഐ. ബെന്നി, ജി.എസ്.സി.പി.ഒ.മാരായ സുനന്ദ്, സമീഷ്, സി.പി.ഒ. ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് അച്ചീവർ ആയി എസ്റ്റൽ മേരി എബിൻ

ഇരിങ്ങാലക്കുട : ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് അച്ചീവർ ആയി എസ്റ്റൽ മേരി എബിൻ.

റോമൻ കത്തോലിക്കാ ബൈബിളിലെ 73 പുസ്തകങ്ങളുടെ പേരുകൾ (പഴയ നിയമത്തിൽ നിന്ന് 46ഉം പുതിയ നിയമത്തിൽ നിന്ന് 27ഉം) മലയാളത്തിൽ 47.21 സെക്കന്റിനുള്ളിൽ വ്യക്തതയോടെയും കൃത്യതയോടെയും പറഞ്ഞതിനാണ് ‘ഐബിആർ അച്ചീവർ’ എന്ന പദവി ലഭിച്ചത്.

പാറേക്കാട്ടുകര സെന്റ് മേരീസ്‌ ഇടവക ചോനേടൻ എബിൻ – എൽസ ദമ്പതികളുടെ മകളും ചേലൂർ സെന്റ് മേരീസ്‌ ഇടവകയിൽ ഉൾപ്പെടുന്ന എടതിരിഞ്ഞി സെന്റ് മേരീസ്‌ എൽ.പി. സ്കൂളിലെ യു.കെ.ജി. വിദ്യാർഥിനിയുമാണ് എസ്റ്റൽ മേരി എബിൻ.

ജൂനിയർ ബാഡ്മിന്റൺ ടൂർണമെൻ്റ് 29 നും 30 നും ക്രൈസ്റ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയും എ.ജെ.കെ.ബി.എ.യും സംയുക്തമായി ആൾ കേരള ജൂനിയർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

നവംബർ 29, 30 (ശനി, ഞായർ) തീയതികളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

കേരള ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ അംഗീകാരത്തോടെ നടക്കുന്ന ഈ ടൂർണമെന്റിൽ അണ്ടർ 11, അണ്ടർ 13, അണ്ടർ 15 വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.

സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ഫെതർ ഷട്ടിൽ ഉപയോഗിച്ചായിരിക്കും മത്സരങ്ങൾ.

പ്രായപരിധി :

  • അണ്ടർ 11: 01/01/2014 നോ അതിനു ശേഷമോ ജനിച്ചവർ.
  • അണ്ടർ 13: 01/01/2012 നോ അതിനു ശേഷമോ ജനിച്ചവർ.
  • അണ്ടർ 15: 01/01/2010 നോ അതിനു ശേഷമോ ജനിച്ചവർ.

ഒരു കളിക്കാരന് പരമാവധി മൂന്ന് ഇവന്റുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിജയികൾക്ക് ക്യാഷ് പ്രൈസുകളും ട്രോഫികളും നൽകും.

സിംഗിൾസ് വിജയികൾക്ക് 1500 രൂപയും (രണ്ടാം സ്ഥാനം 1000 രൂപ), ഡബിൾസ് വിജയികൾക്ക് 2000 രൂപയും (രണ്ടാം സ്ഥാനം 1500 രൂപ) സമ്മാനമായി ലഭിക്കും.

രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി : നവംബർ 26.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പർ : 9387726873

വെബ്സൈറ്റ്: www.KBSA.co.in