ഉമ്മൻചാണ്ടി അനുസ്മരണം നടത്തിമുരിയാട് മണ്ഡലം കോൺഗ്രസ്

ഇരിങ്ങാലക്കുട : മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഡിസിസി സെക്രട്ടറി സോണിയ ഗിരി ഉദ്‌ഘാടനം ചെയ്തു.

പ്രസിഡന്റ് സാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, വൈസ് പ്രസിഡന്റുമാരായ തോമസ് തത്തംപിള്ളി, ഗംഗാദേവി സുനിൽ, ശ്രീജിത്ത് പട്ടത്ത്, വിബിൻ വെള്ളയത്ത്, സെക്രട്ടറി ജോമി ജോൺ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി എബിൻ ജോൺ, മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ജോർജ്ജ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുഷം സൈമൺ, പഞ്ചായത്ത് അംഗങ്ങളായ സേവ്യർ ആളൂക്കാരൻ, നിത അർജുനൻ, മണ്ഡലം വൈസ് പ്രസിഡന്റ് ബൈജു മൂക്കുളം, വാർഡ് പ്രസിഡന്റ് റോയ് മാത്യു എന്നിവർ പ്രസംഗിച്ചു.

ഒരു ലൈറ്റ് പോലുമില്ലാതെ ഇരുട്ടിൽ തപ്പി മിനി സിവിൽ സ്റ്റേഷനിലെ ടോയ്ലറ്റ് സംവിധാനം

ഇരിങ്ങാലക്കുട : ദിനംപ്രതി നിരവധിയാളുകൾ കയറിയിറങ്ങുന്ന ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷനിലെ റൂറൽ ജില്ലാ ട്രഷറി, മുകുന്ദപുരം സബ് ട്രഷറി എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ടോയ്ലറ്റ് സംവിധാനം ഇരുട്ടിൽ തപ്പിയാണ് നിലനിൽക്കുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

വിശ്വസിച്ചേ പറ്റൂ, അതാണ് വാസ്തവം. നിലവിലുള്ള ട്യൂബ് ലൈറ്റുകൾ കത്തുന്നില്ല, ബൾബ് ഇടാനുള്ള ഹോൾഡർ ശൂന്യവുമാണ്.

ഇരുട്ടിൽ തപ്പി വേണം ഇവിടെയെത്തുന്ന സാധാരണക്കാർ ഈ ടോയ്‌ലറ്റ് സംവിധാനം ഉപയോഗിക്കാൻ.

പരാതി നൽകാനും പരാതി പരിഹരിക്കാനും അധികാരമുള്ള അധികൃതരുടെ മൂക്കിൻ തുമ്പിലാണ് ഈ അശ്രദ്ധ എന്ന് പറയാതെ വയ്യ.

നൂറിലധികം ആളുകൾ ദിവസവും വരുന്ന ട്രഷറികൾക്ക് സമീപമുള്ള ഇരുട്ടു മുറിയിലെ ടോയ്ലറ്റ് സംവിധാനം ഉപയോഗിക്കേണ്ടിവരുന്ന സാധാരണക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി വിഷയത്തിൽ എത്രയും വേഗം പരിഹാരം കണ്ടെത്തണം എന്നാണ് ഇവിടെ എത്തുന്നവരുടെ ആവശ്യം.

“ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പിന് സെന്റ് ജോസഫ്സ് കോളെജിൽ തുടക്കമായി

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളെജിൽ 18, 19 ദിവസങ്ങളിലായി നടക്കുന്ന “ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പ് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.

പ്രകൃതിയെ അനുനിമിഷം ചൂഷണം ചെയ്ത് ജീവിക്കുന്ന സമൂഹമായി മനുഷ്യർ മാറിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹ്യ പരിഷ്കരണത്തിനുള്ള ഉപാധിയായി മാറുമ്പോഴാണ് കല എന്ന നിലയ്ക്കുള്ള ദൗത്യം സിനിമ പൂർത്തിയാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെന്റ് ജോസഫ്സ് കോളെജിന്റെ പ്രിൻസിപ്പലും ഫിലിം ഫെസ്റ്റിന്റെ ചെയർമാനുമായ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ചു.

തൃശൂർ ചലച്ചിത്ര കേന്ദ്ര ചെയർമാൻ ചെറിയാൻ ജോസഫ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതൻ, ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ ക്യാപ്റ്റൻ ലിറ്റി ചാക്കോ, ഋതു കോർ കമ്മിറ്റി മെമ്പർ എം.എം. നയ്ന, വിദ്യാർഥി പ്രതിനിധി ഗൗരി നന്ദകുമാർ എന്നിവർ പ്രസംഗിച്ചു. 

തുടർന്ന് ചെന്നൈ സ്വദേശിയായ അരവിന്ദ് മോഹൻരാജ് സംവിധാനം ചെയ്ത കാടും അതിരപ്പിള്ളിയിലെ കാടർ വിഭാഗവും മലമുഴക്കി വേഴാമ്പലുകളും തമ്മിലുള്ള ബന്ധം ആവിഷ്ക്കരിക്കുന്ന “കാട്, കാടർ, ഒങ്കൽ” എന്ന ചിത്രം ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. 

രണ്ട് ദിവസങ്ങളിലായി വിവിധ ഭാഷകളിൽ നിന്നുള്ള 13 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. 

തൃശ്ശൂർ ചലച്ചിത്ര കേന്ദ്രം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി, ഇന്ദുചൂഡൻ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

നിര്യാതയായി

കോമള

ഇരിങ്ങാലക്കുട : താണിശ്ശേരി കണ്ണൂക്കാട്ടിൽ വിജയൻ ഭാര്യ കോമള (72) നിര്യാതയായി.

സംസ്കാരം നടത്തി.

മക്കൾ : ജീജ, ജിഷ, ജിനി

മരുമക്കൾ : സാജൻ, ബാബു, സുരേഷ്

നാലമ്പല ദർശനം : കൂടൽമാണിക്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ സേവാഭാരതിയുടെ അന്നദാനം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ എത്തിച്ചേരുന്ന നാലമ്പല തീർത്ഥാടകർക്കായി ശനി, ഞായർ ദിവസങ്ങളിൽ അന്നദാനം നടത്തുമെന്ന് ഇരിങ്ങാലക്കുട സേവാഭാരതി അറിയിച്ചു.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന അന്നദാനം വൈകീട്ട് 3 മണി വരെ തുടരും. ഇപ്രാവശ്യം അന്നദാനത്തിനു വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് സേവാഭാരതി ഒരുക്കിയിട്ടുള്ളത്.

ഒരേ സമയം അഞ്ഞൂറോളം പേർക്ക് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് സജ്ജീകരിക്കുന്നത്. ഓരോ ദിവസവും ഏകദേശം 5000ൽ പരം ഭക്തരെയാണ് സേവാഭാരതിയുടെ അന്നദാന മഹായജ്ഞത്തിലേക്ക് പ്രതീക്ഷിക്കുന്നത്.

അന്നദാനത്തിൻ്റെ ഉദ്ഘാടനം കൂടൽമാണിക്യം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വല്ലഭൻ നമ്പൂതിരിപ്പാട് ജൂലൈ 19 ശനിയാഴ്ച രാവിലെ 10 മണിക്ക് നിർവ്വഹിക്കും.

സേവാഭാരതിയുടെ മാതൃസമിതിയും അന്നദാന സമിതിയും അന്നദാനത്തിന് നേതൃത്വം നൽകും.

വിദ്യാർഥികളുടെ പഞ്ചായത്ത് കാലാവസ്ഥാ പാർലമെൻ്റ് നടത്തി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ സംഘടിപ്പിച്ച വിദ്യാർഥികളുടെ പഞ്ചായത്ത് കാലാവസ്ഥാ പാർലമെൻ്റ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

സിദ്ധാന്തങ്ങൾ പ്രായോഗിക തലത്തിലേക്ക് എത്തിക്കാനുള്ള ലക്ഷ്യമാണ് പഞ്ചായത്ത് കാലാവസ്ഥാ പാർലമെൻ്റ് സംഘടിപ്പിക്കുക വഴി വിദ്യാർഥി സമൂഹത്തിന് കൈവന്നിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.

കിലയുടെയും ബ്രിംഗ് ബാക്ക് ഗ്രീൻ ഫൗണ്ടേഷൻ്റേയും മേൽനോട്ടത്തിൽ സംഘടിപ്പിച്ച പാലമെൻ്റിൽ ക്രൈസ്റ്റ് കോളെജ്, സെൻ്റ് ജോസഫസ് കോളെജ്, ഇ.കെ.എൻ. സെൻ്റർ എന്നിവർ പങ്കാളികളായി.

ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി, മുരിയാട്, പടിയൂർ, പൂമംഗലം പഞ്ചായത്തുകളിലെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ റിപ്പോർട്ടുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ ഏറ്റുവാങ്ങി.

തുടർന്ന് വിദ്യാർഥികൾ നടത്തിയ മോക്ക് പാർലമെൻ്റിൽ ഈ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ബില്ലുകൾ ചർച്ച ചെയ്ത് പാസ്സാക്കി.

ക്രൈസ്റ്റ് കോളെജ് മാനേജർ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ് സ്വാഗതം പറഞ്ഞു.

കില പ്രൊഫ. ഡോ. മോനിഷ്, ബ്രിംഗ് ബാക്ക് ഗ്രീൻ ഡയറക്ടർ അഖിലേഷ് അനിൽകുമാർ ഡോ. മാത്യു പോൾ ഊക്കൻ, ഡോ. എസ്. ശ്രീകുമാർ, നിധിൻ, തവനിഷ് കോർഡിനേറ്റർ മുവിഷ് മുരളി, ഡോ. ജോസ് കുര്യക്കോസ് എന്നിവർ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളെജിലെ സംഘടനകളായ തവനിഷ്, എൻ.എസ്.എസ്., സി.എസ്.എ., റീഡേഴ്‌സ് ക്ലബ്‌, വോയ്സ്‌ ക്ലബ്‌ എന്നിവരും പങ്കാളികളായി.

സമൂഹത്തെ ധാർമ്മികമായി നിലനിർത്തുന്നതിന് രാമായണം പോലുള്ള ഇതിഹാസങ്ങൾ വലിയ പങ്ക് വഹിക്കുന്നു : സ്വാമി നന്ദാത്മജ

കൊടുങ്ങല്ലൂർ : സമൂഹശരീരത്തെ ധാർമ്മികമായി നിലനിർത്തുന്നതിലും കുടുംബ ബന്ധങ്ങളെ മൂല്യച്യുതിയിൽ നിന്നു സംരക്ഷിക്കുന്നതിലും രാമായണം പോലുള്ള ഇതിഹാസങ്ങൾ വളരെ വലിയ പങ്കാണ് വഹിച്ചു കൊണ്ടിരിക്കുന്നതെന്ന് സ്വാമി നന്ദാത്മജ അഭിപ്രായപ്പെട്ടു.

മാർഗ്ഗദർശക മണ്ഡലത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ മാസത്തിൽ നടക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ പ്രചാരണാർത്ഥം കൊടുങ്ങല്ലൂർ തിരുവള്ളൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന രാമായണ വിചാരണ സത്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമിജി.

തുളസീദാസ രാമായണമായ രാമചരിതമാനസാണ് മഹാത്മജിയുടെ ധാർമ്മിക ജീവിതം ചിട്ടപ്പെടുത്തിയത്.
സ്വാമി വിവേകാനന്ദൻ പറഞ്ഞതു പോലെ അനാവശ്യ ചിന്തകൾ അകറ്റി നിർത്തിയാൽ ഏതൊരുവനും ജീവിത വിജയം കൈവരിക്കാമെന്നും, ഇത് രാമനാമജപത്തിലൂടെ സാധ്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

തിരുവള്ളൂർ മഹാദേവ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയഭാനു അധ്യക്ഷത വഹിച്ചു.

ധർമ്മ സന്ദേശ യാത്ര സംയോജകൻ ഹരിദാസ് സ്വാഗതവും, തിരുവള്ളൂർ മഹാദേവ ക്ഷേത്ര മാതൃസമിതി സെക്രട്ടറി ധന്യ സെൽവകുമാർ നന്ദിയും പറഞ്ഞു.

ഏകദേശം ഇരുന്നൂറോളം പേർ പങ്കെടുത്ത യോഗത്തിൽ ഗ്രാമ ഗ്രാമാന്തരങ്ങളിൽ രാമായണ സന്ദേശം എത്തിക്കാൻ തീരുമാനം എടുത്തു.

ഇരിങ്ങാലക്കുടയിൽ സംയോജിത കൃഷിയുമായി സിപിഎം

ഇരിങ്ങാലക്കുട : സി പി എം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സംയോജിത കൃഷിയുടെ തൈ നടീൽ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.

മഠത്തിക്കരയിൽ ഒന്നര ഏക്കർ സ്ഥലത്താണ് ഓണത്തിന് സുരക്ഷിത ഭക്ഷണം ഒരുക്കുന്നതിനു വേണ്ടി പാർട്ടി പച്ചക്കറി കൃഷി ചെയ്യുന്നത്.

ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ വി.എ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു.

ഡോ. കെ.പി. ജോർജ്ജ്, കെ.എ. ഗോപി, ജയൻ അരിമ്പ്ര, ജോസ് ചിറ്റിലപ്പിള്ളി, കെ.ജി. മോഹനർ, ടി.ഡി. ജോൺസൺ, വി.കെ. ഭാസി, ഡോ. അജിത് കുമാർ, മീനാക്ഷി ജോഷി, സംഘാടക സമിതി കൺവീനർ ടി.ജി. ശങ്കരനാരായണൻ, സംഘാടക സമിതി ജോയിന്റ് കൺവീനർ എം.വി. വിൽസൺ എന്നിവർ പങ്കെടുത്തു.

ആയുഷ് കായകൽപ്പ പുരസ്കാരം : ജില്ലയിൽ മൂന്നാം സ്ഥാനം വെള്ളാങ്ങല്ലൂർ ഗവ. ആയുർവേദ ഡിസ്പെൻസറിക്ക്

ഇരിങ്ങാലക്കുട : സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിൽ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയിലെ മികവിന് നൽകുന്ന ആയുഷ് കായകൽപ്പ പുരസ്കാരത്തിൽ 93.75% സ്കോറോടെ ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം വെള്ളാങ്ങല്ലൂർ ആയുർവേദ ഗവ. ഡിസ്പെൻസറി കരസ്ഥമാക്കി.

ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പിക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് 9.65 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വെള്ളാങ്ങല്ലൂർ സ്വദേശി “എണ്ണ ദിനേശൻ” പിടിയിൽ

ഇരിങ്ങാലക്കുട : 4 കോടി രൂപ ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 9,65,000 രൂപ തട്ടിയെടുത്ത കേസിൽ “എണ്ണ ദിനേശൻ” എന്നറിയപ്പെടുന്ന വെള്ളാങ്ങല്ലൂർ സ്വദേശി മൂത്തേരി വീട്ടിൽ ദിനേശനെ (54) ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.

കാരുമാത്ര നെടുങ്ങാണം സ്വദേശി വൈപ്പിൻ പാടത്ത് ഷഹാനയ്ക്കും ബന്ധുക്കൾക്കും 4 കോടി രൂപ ലോൺ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഷഹാനയുടെയും ഭർത്താവിൻ്റെയും കയ്യിൽ നിന്നും പല തവണകളായി 9,65,000 രൂപ കൈപ്പറ്റിയ ശേഷം ലോൺ ശരിയാക്കി കൊടുക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയതിനാണ് ദിനേശനെ അറസ്റ്റ് ചെയ്തത്.

പരാതിക്കാരിക്കും കുടുംബത്തിനും കടബാധ്യത വന്നപ്പോൾ പരാതിക്കാരിയുടെ അനുജത്തിയുടെ ഉടമസ്ഥതയിലുള്ള വസ്തു പണയപ്പെടുത്തി ലോൺ എടുക്കുന്നതിന് പരാതിക്കാരി പലരേയും സമീപിച്ചു കൊണ്ടിരുന്ന സമയത്ത് പരാതിക്കാരിയുടെ ഭർത്താവിന്റെ ഫോണിലേക്ക് വിളിച്ച ദിനേശൻ പാർട്ട്ണർഷിപ്പിൽ എം.ബി.ഡി. ഫിനാൻസ് ഗ്രൂപ്പ് എന്ന പേരിലുള്ള ഫൈനാൻസ് സ്ഥാപനം നടത്തി വരികയാണെന്നും വസ്തു പണയപ്പെടുത്തി ലോൺ നൽകാമെന്ന് ഫോണിലൂടെയും നേരിട്ടും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

ദിനേശൻ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ച കേസിലും, അഞ്ച് തട്ടിപ്പു കേസിലും, ഒരു അടിപിടിക്കേസിലും, കൊടുങ്ങല്ലൂർ സ്റ്റേഷനിൽ ഒരു കവർച്ച കേസിലും, വെള്ളിക്കുളങ്ങര സ്റ്റേഷനിൽ ഒരു തട്ടിപ്പു കേസിലും അടക്കം ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി. വൈ. എസ്. പി. കെ.ജി. സുരേഷ്, ഇരിങ്ങാലക്കുട സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർ പി.ആർ. ദിനേശ് കുമാർ, ജൂനിയർ എസ്.ഐ. സഹദ്, എ.എസ്.ഐ. അൻവറുദ്ദീൻ, എസ്.സി.പി.ഒ.മാരായ ഇ.എസ്. ജീവൻ, കെ.എസ്. ഉമേഷ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.