നിര്യാതനായി

ശങ്കരനാരായണൻ

ഇരിങ്ങാലക്കുട : ആധാരം എഴുത്ത് അസോസിയേഷന്‍ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് കൊല്ലാറ കൃഷ്ണന്‍ മകന്‍ ശങ്കരനാരായണന്‍ (75) നിര്യാതനായി.

പരിവര്‍ത്തന കുറീസ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ആണ്.

സംസ്‌കാരം ശനിയാഴ്ച (സെപ്തംബർ 27) രാവിലെ 11 മണിക്ക്
അരിപ്പാലത്തുള്ള വീട്ടുവളപ്പിൽ.

ഭാര്യ : രമ (കുനാക്കംപിള്ളി കുടുംബാംഗം)

മക്കള്‍ : സിജീഷ് (ആധാരം എഴുത്ത്), രശ്മി (ഗുജറാത്ത്), രാജേഷ് (ദുബായ്)

മരുമക്കള്‍ : രേഷ്മ (കാറളം എ.എല്‍.പി. സ്‌കൂള്‍ അധ്യാപിക), സജീഷ്‌കുമാര്‍ (ഗുജറാത്ത്), നിമ്മി

കൊടുങ്ങല്ലൂരിൽ അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് കുളത്തിൽ ചാടിയ ആഷിഖ് ആച്ചു പിടിയിൽ

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂരിൽ അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് കുളത്തിൽ ചാടിയ ആഷിഖ് ആച്ചു പൊലീസ് പിടിയിൽ.

2021ൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയുമായി സൗഹൃദത്തിലായി യുവതിയോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും ഈ തുക നൽകാത്തതിലുള്ള വൈരാഗ്യത്താൽ സൗഹൃദത്തിലായിരുന്ന സമയത്ത് യുവതി അറിയാതെ എടുത്തിരുന്ന ഫോട്ടോകളും വീഡിയോകളും അശ്ലീല സന്ദേശങ്ങളും യുവതിയുടെ അമ്മയുടെയും സഹോദരിയുടെയും സുഹൃത്തുക്കളുടെയും ഫോണിലേക്ക് അയച്ചുകൊടുത്ത് യുവതിക്ക് മാനഹാനി വരുത്തിയ ചെയ്ത കേസിലാണ് ഇരിങ്ങാലക്കുട സൈബർ പൊലീസ് ആച്ചു എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ എസ്.എൻ. പുരം സ്വദേശി വടക്കൻ വീട്ടിൽ ആഷിക്ക് (34) എന്നയാളെ അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഈ കേസിൽ അറസ്റ്റിലായി കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണക്കായി നിരന്തരം ഹാജരാകാതെ മുങ്ങി നടന്നിരുന്ന ആഷിക്കിനെ പിടികൂടുന്നതിനായി കോടതി ജാമ്യമില്ലാ വകുപ്പ് പ്രകാരം വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരം അന്വേഷണം നടത്തി വരവെ ആഷിക്ക് കൊടുങ്ങല്ലൂർ ഭാഗത്തുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി എത്തിയ അന്വേഷണ സംഘത്തെ കണ്ട് ആഷിക്ക് സമീപത്തുള്ള കുളത്തിലേക്ക് ചാടുകയായിരുന്നു.

തുടർന്ന് കൊടുങ്ങല്ലൂർ ഫയർഫോഴ്സും പൊലീസും ചേർന്ന് അനുനയിപ്പിച്ച് കരയ്ക്ക് കയറ്റിയാണ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്.

ആഷിക്ക് കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, നാല് മോഷണക്കേസുകളിലും, സ്ത്രീകളെ മാനഹാനി വരുത്തിയ കേസുകളിലും ഉൾപ്പെടെ പത്ത് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.

തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്. സുജിത്ത്, ജിഎസ്ഐ ടി.എൻ. അശോകൻ, സിപിഒ-മാരായ ഷിബു വാസു, അനീഷ് പവിത്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പൂജവയ്പ്പ് : സെപ്തംബർ 30ന് പൊതുഅവധി

ഇരിങ്ങാലക്കുട : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്) സംസ്ഥാനത്തെ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമി ദിവസമായ സെപ്തംബർ 30 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു.

പ്രസ്തുത ദിവസം നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ പ്രസ്തുത ചുമതല കൃത്യമായി നിർവ്വഹിക്കേണ്ടതും, ഇക്കാര്യം ഓഫീസ് മേധാവികൾ ഉറപ്പുവരുത്തേണ്ടതുമാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ അറിയിച്ചു.

ഗ്രാമിക മോഹൻ – സുബ്രഹ്മണ്യൻ നാടക പുരസ്കാരംജോബ് മഠത്തിലിന്

ഇരിങ്ങാലക്കുട : നാടക പ്രവർത്തകരായ മോഹൻ രാഘവൻ്റെയും കെ.കെ. സുബ്രഹ്മണ്യൻ്റെയും പേരിൽ കുഴിക്കാട്ടുശ്ശേരി ഗ്രാമിക കലാവേദി നൽകിവരുന്ന നാടക പുരസ്കാരം ഈ വർഷം പ്രമുഖ നാടക പ്രവർത്തകൻ ജോബ് മഠത്തിലിന് നൽകും. 15000 രൂപയും പ്രശസ്തിപത്രവും സ്മൃതിഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം.

പ്രമുഖ നാടക പ്രവർത്തകരായ സജിത മഠത്തിൽ, ശശിധരൻ നടുവിൽ, വി.ഡി. പ്രേംപ്രസാദ് എന്നിവരാണ് പുരസ്കാര നിർണ്ണയം നടത്തിയത്.

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി മലയാളനാടകവേദിയിൽ നടനായും സംവിധായകനായും നിറഞ്ഞ് പ്രവർത്തിക്കുന്ന നാടക പ്രതിഭയാണ് ജോബ്.

ഫ്രാൻസിസ് നെരോണയുടെ ‘കക്കുകളി’, കെ.ആർ. രമേഷിൻ്റെ ‘ഭക്തക്രിയ’, ജയമോഹൻ്റെ ‘മാടൻമോക്ഷം’ എന്നീ ശ്രദ്ധേയങ്ങളായ നാടകങ്ങൾ സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ചിട്ടുണ്ട്.

കേരള സംഗീതനാടക അക്കാദമിയുടെ ഇൻ്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവെൽ, അമച്ച്വർ നാടക മത്സരം എന്നിവയിൽ മികച്ച അംഗീകാരങ്ങൾ ലഭിച്ച നാടകങ്ങൾ ജോബ് അവതരിപ്പിച്ചിട്ടുണ്ട്.

അബുദാബി ശക്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന
ഭരത് മുരളി നാടകോത്സവത്തിലും ജോബ് സംവിധാനം നിർവഹിച്ച നാടകങ്ങൾ അരങ്ങേറിയിട്ടുണ്ട്.

നാം ജീവിക്കുന്ന ഇരുളടഞ്ഞ കാലത്തെ സത്യസന്ധമായി, സർഗ്ഗാത്മകമായി ആവിഷ്കരിക്കാനുള്ള അസാമാന്യമായ കഴിവിനുള്ള അംഗീകാരമായാണ് ഈ വർഷത്തെ മോഹൻ രാഘവൻ – സുബ്രഹ്മണ്യൻ സ്മാരക നാടക പുരസ്കാരം ജോബിന് നൽകാൻ ജൂറി ഏകകണ്ഠമായി തീരുമാനമെടുത്തത്.

ഒക്ടോബർ 20 ശനിയാഴ്ച 5 മണിക്ക് കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ നടക്കുന്ന സ്മൃതിസംഗമത്തിൽ വച്ച് പുരസ്കാരം സമർപ്പിക്കും. തുടർന്ന് നാടകാവതരണവും ഉണ്ടാകും.

ഗ്രാമിക ഫിലിം സൊസൈറ്റിയുടെ പ്രതിമാസ സിനിമാ പ്രദർശനം 27ന് പുനരാരംഭിക്കും

ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഫിലിം സൊസൈറ്റിയുടെ സിനിമാ പ്രദർശനങ്ങൾ പുനരാരംഭിക്കുന്നു.

കോവിഡ് മഹാമാരി കാലത്ത് നിർത്തി വെക്കേണ്ടിവന്ന വാരാന്ത്യ പ്രദർശനമാണ് പ്രതിമാസ പ്രദർശനമായി വീണ്ടും ആരംഭിക്കുന്നത്.

എല്ലാ മാസവും മൂന്നാം ശനിയാഴ്ചകളിൽ മലയാളത്തിലെയും മറ്റു ഭാഷകളിലെയും ക്ലാസ്സിക് സിനിമകളുടെ പ്രദർശനവും പ്രഭാഷണങ്ങളും നടക്കും.

പ്രതിമാസ ചലച്ചിത്ര പ്രദർശനങ്ങളുടെ ഉദ്ഘാടനം 27ന് വൈകീട്ട് 5 മണിക്ക് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരജേതാവായ
പ്രമുഖ ചലച്ചിത്ര നിരൂപകൻ
ഡോ. സി.എസ്. വെങ്കിടേശ്വരൻ നിർവഹിക്കും.

തുടർന്ന് അദ്ദേഹം “നവമലയാള സിനിമയുടെ ദിശാപരിണാമങ്ങൾ ” എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തും.

6.30ന് യുവ സംവിധായകൻ കൃഷാന്ത് സംവിധാനം ചെയ്ത, കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും മറ്റു അന്താരാഷ്ട മേളകളിലും ഏറെ
ശ്രദ്ധേയമായ ചലച്ചിത്രം
“സംഘർഷ ഘടന ” പ്രദർശിപ്പിക്കും.

പ്രദർശനത്തിനുശേഷം സിനിമയുടെ അണിയറ പ്രവർത്തകർ പ്രേക്ഷകരുമായി സംവദിക്കും.

പൂമംഗലത്തിന് സ്വപ്നസാക്ഷാത്കാരം ; പഞ്ചായത്ത് ആസ്ഥാനമന്ദിരം പൂർത്തിയാക്കിയത് ഒന്നരക്കോടി രൂപ ചെലവിൽ : മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട : പൂമംഗലം പഞ്ചായത്തിൻ്റെ സ്വപ്നസാക്ഷാത്കാരമാണ് 27ന് നാടിന് സമർപ്പിക്കുന്ന പുതിയ പഞ്ചായത്ത് ആസ്ഥാന മന്ദിരമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ആവശ്യമായ മുഴുവൻ തുകയും എംഎൽഎ എന്ന നിലയ്ക്കുള്ള ആസ്‌തി വികസന ഫണ്ടിൽ നിന്നും അനുവദിക്കാനായതാണ് കെട്ടിടം യാഥാർത്ഥ്യമാക്കിയതെന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

മൂന്നു ഘട്ടങ്ങളിലായി അനുവദിച്ച 1.49 കോടി രൂപ വിനിയോഗിച്ചാണ് പൂമംഗലം പഞ്ചായത്തിൻ്റെ പുതിയ ആസ്ഥാന മന്ദിരം പൂർത്തിയാക്കിയത്. തനതു വരുമാനം വളരെ കുറവായ പൂമംഗലം പഞ്ചായത്തിന് ആധുനിക ഓഫീസ് ആവശ്യമാണെന്ന് മനസ്സിലാക്കിയാണ് നിർമ്മാണപ്രവർത്തനത്തിന് ആവശ്യമായ മുഴുവൻ തുകയും അനുവദിച്ചത്.

2021-22 വർഷത്തെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ നിർമ്മാണ പ്രവൃത്തികൾക്കായി അനുവദിച്ചു. ഈ തുക കെട്ടിടത്തിൻ്റെ സ്ട്രക്ച്ചറൽ വർക്ക് പൂർത്തിയാക്കാൻ മാത്രമേ തികയൂവെന്ന് മനസ്സിലാക്കിയപ്പോൾ ഇലക്ട്രിഫിക്കേഷൻ, ജനലുകൾ, വാതിലുകൾ, ടൈൽ വർക്ക് എന്നിവയടക്കം ഫിനിഷിംങ് ജോലികൾക്കായി 2023-24 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 34 ലക്ഷം രൂപ കൂടി അനുവദിച്ചു. അതുപയോഗിച്ച് ഗ്രൗണ്ട് ഫ്ലോർ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി.

കെട്ടിടത്തിൽ കുടുബശ്രീ, തൊഴിലുറപ്പ് തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും അടിസ്ഥാനസൗകര്യം തികയില്ലെന്ന ഘട്ടത്തിൽ പഞ്ചായത്തിൻ്റെ പൂർണ്ണമായ ഓഫീസ് പ്രവർത്തനത്തിനായി 2024-25 വർഷത്തെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ കൂടി അനുവദിച്ചു. ഈ തുക വിനിയോഗിച്ച് ഒന്നാം നില സ്ട്രക്ച്ചറൽ വർക്ക്, വൈദ്യുതീകരണം, ജനലുകൾ, വാതിലുകൾ, കാബിൻ തിരിയ്ക്കൽ, ടൈൽ വർക്ക് എന്നിവയുൾപ്പെടെ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കി.

5605 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വിശാലമായ പാർക്കിംങ് സംവിധാനത്തോടു കൂടിയാണ് പൂമംഗലം പഞ്ചായത്ത് ഓഫീസ് ആസ്ഥാന മന്ദിരം നിർമ്മിച്ചിരിക്കുന്നതെന്നും മന്ത്രി ഡോ. ബിന്ദു കൂട്ടിച്ചേർത്തു.

നേത്ര തിമിര പരിശോധന ക്യാമ്പ് 28ന്

ഇരിങ്ങാലക്കുട : സേവാഭാരതി, കൊമ്പൊടിഞ്ഞാമക്കൽ ലയൺസ് ക്ലബ്ബ്, കൊച്ചിൻ ഐ ഫൗണ്ടേഷൻ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്ത സഹകരണത്തോടെ എല്ലാ മാസവും നടത്തിവരാറുള്ള നേത്ര തിമിര പരിശോധന ക്യാമ്പ് 28 (ശനിയാഴ്ച്ച) രാവിലെ 9 മുതൽ 1 മണി വരെ ഇരിങ്ങാലക്കുട സേവാഭാരതി ഓഫീസിൽ വച്ച് സംഘടിപ്പിക്കും.

വാർഡ് കൗൺസിലർ സരിത സുഭാഷ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും.

സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിക്കും.

സാമൂഹ്യപ്രവർത്തകനായ ജോൺസൺ കോലങ്കണ്ണി മുഖ്യാതിഥിയാകും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9496649657

ഇരിങ്ങാലക്കുട കെ എസ് ആർ ടി സി ഡെപ്പോയ്ക്ക് സംരക്ഷണ കവചം ഒരുക്കും : സംരക്ഷണ സമിതി

ഇരിങ്ങാലക്കുട : ജീവനക്കാരുടെ ലഭ്യതക്കുറവു ചൂണ്ടിക്കാട്ടി നിരവധി സർവ്വീസുകൾ നിർത്തലാക്കിയ ഇരിങ്ങാലക്കുട ഡെപ്പോ അടച്ചു പൂട്ടാതിരിക്കാൻ നാട്ടുകാർ സംരക്ഷണ കവചമൊരുക്കുമെന്ന് കെ എസ് ആർ ടി സി സംരക്ഷണ സമിതി സംഘടിപ്പിച്ച സംരക്ഷണ സദസ്സ് പ്രഖ്യാപിച്ചു.

താൻ ഗവ ചീഫ് വിപ്പ് ആയിരിക്കുമ്പോൾ 2016ൽ ഇരിങ്ങാലക്കുട ഓപ്പറേറ്റിങ് സെൻ്ററിനെ സബ് ഡെപ്പോ ആക്കി ഉയർത്തുകയും, പോൾ മെല്ലിറ്റ് എന്ന അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസറെ നിയമിക്കുകയും ചെയ്തെങ്കിലും തൻ്റെ പിൻഗാമികളായി എത്തിയ ജനപ്രതിനിധികളുടെ കെടുകാര്യസ്ഥത മൂലം ഇതിനെ വീണ്ടും ഓപ്പറേറ്റിങ് സെൻ്ററായി വ്യാഖ്യാനിക്കുകയുമാണ് ഉണ്ടായതെന്ന് സംരക്ഷണ സദസ്സ് ഉൽഘാടനം ചെയ്ത അഡ്വ തോമസ് ഉണ്ണിയാടൻ പറഞ്ഞു. തനിക്ക് മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞത് നാട്ടുകാരുടെ പിന്തുണ കൂടി ഉണ്ടായതു കൊണ്ടാണ്. താൻ എം എൽ എ ആയിരിക്കുമ്പോൾ ഇവിടെ നിന്ന് 28 സർവ്വീസുകൾ നടത്തിയിരുന്നതിൻ്റെ രേഖകൾ തൻ്റെ കൈവശമുണ്ട്. മറിച്ചുള്ള പ്രസ്താവനകൾ സത്യവിരുദ്ധമാണെന്നും ഉണ്ണിയാടൻ വ്യക്തമാക്കി.

ചടങ്ങിൽ സംരക്ഷണ സമിതി ചെയർമാൻ രാജീവ് മുല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.

സംരക്ഷണ സമിതി ജനറൽ കൺവീനർ സേതുമാധവൻ പറയംവളപ്പിൽ, നഗരസഭാ കൗൺസിലർമാരായ സന്തോഷ് ബോബൻ, കെ എം , സന്തോഷ്, അമ്പിളി ജയൻ, സ്മിത കൃഷ്ണകുമാർ, ഭാരതീയ വിദ്യാഭവൻ ചെയർമാൻ ടി അപ്പുക്കുട്ടൻ നായർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ ഐ നജാഹ്, റിട്ട തഹസിൽദാർ ശ്രീധരൻ മുതിരപ്പറമ്പിൽ, ഹരികുമാർ തളിയക്കാട്ടിൽ
എന്നിവർ പ്രസംഗിച്ചു.

“വോട്ട് ചോരി” ഒപ്പ് പ്രചാരണവുമായി ഇരിങ്ങാലക്കുട മണ്ഡലം കോൺഗ്രസ്

ഇരിങ്ങാലക്കുട : സമ്മതിദാന അവകാശം മോഷ്ടിക്കാതിരിക്കുക, ഇന്ത്യയിലെ പൗരന്മാരായ നമ്മൾ വോട്ടർ പട്ടികയിൽ നടക്കുന്ന കൃത്രിമത്വവും വോട്ട് അവകാശം നിഷേധിക്കുന്ന ഇടപെടലുകളും അവസാനിപ്പിക്കുക,
വോട്ട് ചെയ്യാൻ യോഗ്യരായ ഓരോ പൗരനും വോട്ടർ പട്ടികയിൽ സ്ഥാനം ഉണ്ടായിരിക്കണം എന്നീ ആവശ്യങ്ങൾ ഉയർത്തി കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ “വോട്ട് ചോരി” ഒപ്പ് പ്രചാരണം നടത്തി.

കെപിസിസി മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഒപ്പ് ശേഖരണത്തിന്റെ മണ്ഡലംതല ഉദ്ഘാടനം നിർവഹിച്ചു.

സി.എസ്. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത്, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, കൗൺസിലർമാർ, ബൂത്ത് പ്രസിഡന്റുമാർ, വാർഡ് പ്രസിഡന്റുമാർ എന്നിവർ നേതൃത്വം നൽകി.

ബോട്ടണിയിൽ ഡോക്ടറേറ്റ് നേടി ശ്രുതി

ഇരിങ്ങാലക്കുട : “വടക്കു പടിഞ്ഞാറൻ കേരള തീരപ്രദേശമായ തിക്കൊടിയിലെ കടൽ പായലുകളുടെ ഭൗതിക രാസജൈവ പ്രവർത്തന പഠനങ്ങൾ” എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി ശ്രുതി.

നാട്ടിക ശ്രീനാരായണ കോളെജിലെ ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രത്തിൽ നിന്നുമാണ് ഗവേഷണ ബിരുദം നേടിയത്.

റിട്ട. അസി. പ്രൊഫ. ജി. ചിത്രയാണ് ഗൈഡ്.

തളിക്കുളം എരണേഴത്ത് പടിഞ്ഞാറ്റയിൽ മനോഹരൻ – ഗീത ദമ്പതികളുടെ മകളും എടതിരിഞ്ഞി എച്ച്.ഡി.പി. ഹയർ സെക്കൻഡറി സ്കൂളിലെ നാച്വറൽ സയൻസ് അധ്യാപകനായ കെ.പി. ഹജീഷിന്റെ ഭാര്യയുമാണ്.

മകൻ : ആഗ്നേയ്