സെൻ്റ് ജോസഫ്സ് കോളെജിൽ മെഗാ തൊഴിൽ മേള “പ്രയുക്തി” സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്‌സ് കോളെജ്,
തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ തൊഴിൽമേള “പ്രയുക്തി” മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്
അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ ഫെനി എബി വെള്ളാനിക്കാരൻ, കോളെജ് വൈസ് പ്രിൻസിപ്പൽ
സി. ഡോ. എം.ഒ. വിജി, എംപ്ലോയ്മെൻ്റ് ഓഫീസർമാരായ ടി.ജി. ബിജു, കെ.എസ്. സനോജ് എന്നിവർ ആശംസകൾ നേർന്നു.

ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ ആർ. അശോകൻ സ്വാഗതവും വെക്കേഷണൽ ഗൈഡൻസ് എംപ്ലോയ്മെൻ്റ് ഓഫീസർ എം. ഷാജു ലോനപ്പൻ നന്ദിയും പറഞ്ഞു.

ഫൈനാൻസിങ്ങ് , ഓട്ടോമൊബൈൽ, ഹെൽത്ത്, വിദ്യാഭ്യാസം, ഇൻഷുറൻസ്, മാർക്കറ്റിംഗ് എന്നീ മേഖലകളിലാണ് ഒഴിവുകൾ രേഖപ്പെടുത്തിയിരുന്നത്.

40ൽ അധികം കമ്പനികളും 605 ഉദ്യോഗാർത്ഥികളും തൊഴിൽമേളയിൽ പങ്കെടുത്തു.

211പേർ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുകയും 72 പേർ ജോലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

കൂൺഗ്രാമം പദ്ധതി : അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : നിയോജകമണ്ഡലം പരിധിയിൽ വരുന്ന ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി, മുരിയാട്, കാട്ടൂർ, കാറളം, വേളൂക്കര, പൂമംഗലം, പടിയൂർ, ആളൂർ കൃഷിഭവനുകളിൽ കൂൺഗ്രാമം പദ്ധതി പ്രകാരം കൂൺകൃഷി അനുബന്ധ പ്രവർത്തനങ്ങൾ നടത്താൻ താല്പര്യമുള്ള കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ചെറുകിട കൂൺ കൃഷി യൂണിറ്റ് 80 മുതൽ 100 ബെഡുകൾ ചെയ്യുന്നവർക്ക് ചിലവായ ആകെ തുകയുടെ 40 ശതമാനം പരമാവധി സബ്സിഡി 11,250 രൂപയാണ്.
വൻകിട കൂൺ കൃഷി ആകെ ചിലവായ തുകയുടെ 40 ശതമാനം പരമാവധി സബ്സിഡി രണ്ട് ലക്ഷം രൂപയും; 300 ബെഡുകൾ ചെയ്യണം.

ചെറുകിട കൂൺ വിത്ത് ഉല്പാദന നിർമ്മാണ യൂണിറ്റിന് ചിലവായ ആകെ തുകയുടെ 40 ശതമാനം പരമാവധി സബ്സിഡി ആണ് രണ്ട് ലക്ഷം.

മണ്ണിര കമ്പോസ്റ്റ് യൂണിറ്റ്, പാക്ക് ഹൗസ് നിർമ്മാണം,
കൂൺ പ്രിസർവേഷൻ യൂണിറ്റ് നിർമ്മാണം എന്നീ പദ്ധതികളും നിലവിലുണ്ട്. കൂൺ കൃഷി ചെയ്യുവാൻ ആഗ്രഹിക്കുന്ന
കർഷകർക്ക് കൂൺകൃഷിയിൽ സൗജന്യ പരിശീലനം പദ്ധതിയുടെ ഭാഗമായി നൽകുന്നതാണ് എന്നും ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർമാർ അറിയിച്ചു.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 4.

വിശദ വിവരങ്ങൾക്ക് മേൽ പറഞ്ഞ കൃഷിഭവനുകളുമായി ബന്ധപ്പെടുക.

സൗജന്യ നേത്ര – തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്ര – തിമിര പരിശോധനാ ക്യാമ്പ് വാർഡ് കൗൺസിലർ സരിത സുഭാഷ് ഉദ്ഘാടനം ചെയ്തു.

സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് കോർഡിനേറ്ററും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ജോൺസൻ കോലങ്കണ്ണി, ഐ ഫൗണ്ടേഷൻ വക്താവ് ശിവൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

സേവാഭാരതി ആരോഗ്യ വിഭാഗം മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ രാജിലക്ഷ്മി സുരേഷ് ബാബു സ്വാഗതവും കോർഡിനേറ്റർ ജഗദീഷ് പണിക്കവീട്ടിൽ നന്ദിയും പറഞ്ഞു.

വാനപ്രസ്ഥാശ്രമം സെക്രട്ടറി ഹരികുമാർ തളിയക്കാട്ടിൽ, സേവാഭാരതി ട്രഷറർ രവീന്ദ്രൻ, മിനി സുരേഷ്, മെഡിസെൽ പ്രസിഡന്റ്‌ ജ്യോതി ഹരീന്ദ്രനാഥ്, സംഗീത ബാബുരാജ് തുടങ്ങിയവർ നേതൃത്വം നൽകി.

കോന്തിപുലം തടയണയ്ക്ക്12.06 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചതായി മന്ത്രി ബിന്ദു

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ പ്രധാന നെല്ലറയായ മുരിയാട് കോൾ മേഖലയിലെ കോന്തിപുലം ചിറയിൽ തടയണ നിർമ്മിക്കാൻ 12,06,18,000 രൂപയുടെ സാങ്കേതിക അനുമതി ലഭ്യമായതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

സിവിൽ, മെക്കാനിക്കൽ പ്രവൃത്തികൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. 2023- 24 വർഷത്തെ സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി തുക നീക്കി വച്ചിരുന്നു.

ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും ഇതിനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി കഴിഞ്ഞതായും മന്ത്രി ബിന്ദു പറഞ്ഞു.

കോന്തിപുലം പാടത്ത് സ്ഥിരം തടയണയെന്ന കർഷകരുടെ ദീർഘകാല ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നത്.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മുരിയാട് കായലിലെ ജലത്തിന്റെ ഒഴുക്ക് കൃഷിക്ക് അനുയോജ്യമായ രീതിയിൽ ക്രമപ്പെടുത്താനാകും. ഇത് മുരിയാട്, ആനന്ദപുരം, മാപ്രണം, ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി, പറപ്പൂക്കര മേഖലകളിലെ കർഷകർക്ക് ഉപകാരപ്രദമാകും.

പദ്ധതിയുടെ ഭാഗമായ സിവിൽ വർക്കുകൾക്കായി 9,15,18,000 രൂപയും, മെക്കാനിക്കൽ വർക്കുകൾക്കായി 2,91,00,000 രൂപയും അനുവദിച്ചാണ് സാങ്കേതിക അനുമതി ലഭ്യമായിരിക്കുന്നതെന്നും മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

ചേലൂക്കാവ് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

ഇരിങ്ങാലക്കുട : ചേലൂക്കാവ് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ സംഘടിപ്പിക്കും.

ദുർഗ്ഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30ന് വൈകീട്ട് 6.30ന് എടക്കുളം എൻ.എസ്.എസ്. കരയോഗം ഭജനസംഘം അവതരിപ്പിക്കുന്ന ഭജന, മഹാനവമി ദിനത്തിൽ വൈകീട്ട് 6.30ന് തിരുവാതിരക്കളി, തുടർന്ന് നൃത്തനൃത്യങ്ങൾ തുടങ്ങിയവ അരങ്ങേറും.

മുടിക്കുന്നൂർ ശ്രീലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

ഇരിങ്ങാലക്കുട : മുടിക്കുന്നൂർ ശ്രീലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ സംഘടിപ്പിക്കും.

കേരളത്തിൽ നിന്നും രണ്ടു പുതിയ കുഴിയാന വലച്ചിറകന്മാരെ കണ്ടെത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ ഗവേഷക സംഘം നടത്തിയ പഠനത്തിൽ കേരളത്തിലെ പശ്ചിമഘട്ടത്തിലെ വനപ്രദേശങ്ങളിൽ നിന്നും രണ്ട് പുതിയ കുഴിയാന വലച്ചിറകന്മാരെ കണ്ടെത്തി.

മിർമെലിയോണ്ടിഡേ കുടുംബത്തിൽപ്പെടുന്ന ഇവ ന്യൂറോപ്ടെറ ഓർഡറിലാണ് ഉൾപ്പെടുന്നത്.

പാലക്കാട് ജില്ലയിലെ സൈരന്ധ്രി, ശിരുവാണി വനപ്രദേശങ്ങളും ഇടുക്കിയിലെ പാമ്പാടുംചോല ദേശീയോദ്യാന പ്രദേശങ്ങളിൽ നിന്നുമാണ് ഇൻഡോഫാനസ് കേരളെൻസിസ് എന്ന കുഴിയാന വലച്ചിറകനെ കണ്ടെത്തിയത്‌. കേരളത്തിന്റെ പേരിലാണ് ജീവജാതിക്ക് പേര് നൽകിയത്.

ശിരുവാണി (പാലക്കാട്), പക്ഷിപാതളം, തിരുനെല്ലി (വയനാട്), റാണിപുരം (കാസർഗോഡ്) എന്നീ വനപ്രദേശങ്ങളിൽ നിന്നാണ് മറ്റൊരു ജീവജാതിയെ, ഇൻഡോഫാനസ് സാഹ്യാദ്രിയെൻസിസ് കണ്ടെത്തിയത്. ‘സാഹ്യാദ്രി’ എന്നറിയപ്പെടുന്ന പശ്ചിമഘട്ടത്തിനാണ് ഈ പേരിൽ ആദരം അർപ്പിച്ചിരിക്കുന്നത്.

ഇൻഡോഫാനസ് ജനുസ്സ് ചൈന, ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ലോകമെമ്പാടും മുമ്പ് ഒമ്പത് ജീവജാതികളാണ് ഉണ്ടായിരുന്നത്; ഈ കണ്ടെത്തലോടെ അത് പതിനൊന്നായി ഉയർന്നിരിക്കുന്നു.

ഇന്ത്യയിൽ ഇപ്പോൾ ഇൻഡോഫാനസ് ജീവജാതികളുടെ എണ്ണം അഞ്ചായി, അതിൽ മൂന്ന് ജീവജാതികൾ കേരളത്തിൽ നിന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ കണ്ടെത്തലുകൾ അന്താരാഷ്ട്ര ശാസ്ത്രീയ ജേർണലായ “സൂടാക്‌സ”യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്രൈസ്റ്റ് കോളെജിലെ ഷഡ്പദ എന്റമോളജി റിസർച്ച് ലാബിലെ ഗവേഷകനും എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ. ടി.ബി. സൂര്യനാരായണൻ, ക്രൈസ്റ്റ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറും എസ്.ഇ.ആർ.എൽ. മേധാവിയുമായ ഡോ. സി. ബിജോയ്, ഹംഗേറിയൻ ശാസ്ത്രജ്ഞൻ ഡോ. ലെവിൻഡി എബ്രഹാം എന്നിവരാണ് ഈ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്.

“അക്കാദമിക് സ്ഥാപനങ്ങളും പ്രാദേശിക ജൈവ വൈവിധ്യ സർവേകളും, ഇന്ത്യയിലെ ജീവജാല പട്ടികയിലെ വിടവുകൾ നിറയ്ക്കുന്നതിൽ നിർണായകമാണ്. പ്രത്യേകിച്ച് വളരെ കുറച്ച് പഠിക്കപ്പെട്ട പ്രാണി വിഭാഗങ്ങൾക്ക്” – എന്നാണ് ഈ കണ്ടെത്തലിനെ പറ്റി ടി.ബി. സൂര്യനാരായണൻ സൂചിപ്പിച്ചത്.

പലപ്പോഴും കുഴിയാന വലച്ചിറകന്മാരെ സാധാരണക്കാർ തുമ്പികളുമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ നീളം കൂടിയ, മുന്നോട്ടു നീണ്ടു നിൽക്കുന്ന സ്‌പർശനികളാണ് ഇവ സാധാരണ കാണപ്പെടുന്ന തുമ്പികളിൽ നിന്നും വ്യത്യസ്തപ്പെടാൻ ഉള്ള പ്രധാന കാരണം. ഇവ ന്യൂറോപ്ടെറ ഓർഡറിലാണ് ഉൾപ്പെടുന്നത്. ഇവ പൂർണ്ണരൂപാന്തരത്തിലൂടെയാണു വളരുന്നത്. അതേസമയം, ഇവയുമായി സാധാരണ തെറ്റിദ്ധരിക്കപ്പെടുന്ന തുമ്പികൾ ഒഡോനാറ്റ ഓർഡറിലാണ് ഉൾപ്പെടുന്നത്. തുമ്പികൾ അപൂർണ്ണ രൂപാന്തരത്തിലൂടെയാണ് വളരുന്നത്.” പല കുഴിയാന ലാർവകളും മണലിൽ കുഴികൾ ഉണ്ടാക്കി ഇര പിടിക്കുന്നതായി അറിയപ്പെടുന്നു. പക്ഷേ ഇൻഡോഫാനസ് ജനുസ്സിലെ ലാർവകൾ കുഴി നിർമിക്കാറില്ല. പകരം, മൃദുവായ മണ്ണിനടിയിൽ സൂര്യപ്രകാശം, കാറ്റ്, മഴ എന്നിവയിൽ നിന്ന് സംരക്ഷിതമായി ജീവിക്കുന്നു. മണ്ണിൻ്റെ പ്രതലത്തിലാണ് ഇവയുടെ ലാർവ കാണപ്പെടുന്നത്.

ഇതോടെ കേരളത്തിലെ കുഴിയാന വലച്ചിറകന്മാരുടെ ജീവജാതികളുടെ എണ്ണം 12 ആയും, ഇന്ത്യയിലെ മൊത്തം എണ്ണം 110 ആയും ഉയർന്നു.

കൗൺസിൽ ഫോർ സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഗവേഷണ ഗ്രാന്റ് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി ഗവേഷണ കേന്ദ്രത്തിൽ (എസ്.ഇ.ആർ.എൽ.) ഇത്തരം ജീവികളുടെ ഗവേഷണത്തിന് പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.

ഗവ. ഗേൾസ് സ്കൂളിൽ എൻ.എസ്.എസ്. ദ്വിദിന ക്യാമ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട: ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീം ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ്
‘അമ്നയ’ ആരംഭിച്ചു.

ക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് എ.വി. ഷൈൻ അധ്യക്ഷത വഹിച്ചു.

മിനി സണ്ണി ആശംസകൾ നേർന്നു. കെ.പി. ശ്രീരേഖ പ്രൊജക്ട് അവതരണം നടത്തി.

പ്രിൻസിപ്പൽ കെ.ആർ. ഹേന സ്വാഗതവും വൊളൻ്റിയർ സെക്രട്ടറി ജ്യോതിക ഗോപിനാഥൻ നന്ദിയും പറഞ്ഞു.

ബോധാനന്ദ സ്വാമി സമാധി ദിനാചരണം

ഇരിങ്ങാലക്കുട : ശ്രീനാരായണ ധർമ്മ പരിപാലനയോഗം മുകുന്ദപുരം യൂണിയൻ, കാറളം മേഖല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബോധാനന്ദ സ്വാമി സമാധി ദിനാചരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും താണിശ്ശേരി മേപ്പിൾ ഹാളില്‍ നടന്നു.

മേഖല ചെയർമാൻ സൈലസ് കുമാർ അധ്യക്ഷത വഹിച്ചു.

യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം യോഗം ഉദ്ഘാടനം ചെയ്തു.

ബോധാനന്ദ സ്വാമിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി സജീഷ് കോട്ടയം മുഖ്യപ്രഭാഷണം നടത്തി.

കാറളം മേഖലയിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അജിത്ത് ബാബു മേനാത്ത് മൊമെന്റോ നൽകി അനുമോദിച്ചു.

യോഗം കൗൺസിലർമാരായ പി.കെ. പ്രസന്നൻ, ഡയറക്ടർ ബോര്‍ഡ് മെമ്പർ കെ.കെ. ബിനു, വൈദികസംഘം കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് ശിവദാസ് ശാന്തി, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡൻ്റ് ജിനേഷ് ചന്ദ്രൻ എന്നിവര്‍ പ്രസംഗിച്ചു.

കാറളം മേഖല കൺവീനർ ബിജോയ് നെല്ലിപ്പറമ്പിൽ സ്വാഗതവും, വൈസ് ചെയർമാൻ അനിൽ മംഗലത്ത് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ടൗൺ ബാങ്ക് വാർഷിക പ്രാതിനിധ്യ പൊതുയോഗം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന്റെ 107-ാമത് വാർഷിക പ്രാതിനിധ്യ പൊതുയോഗം ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു.

ബാങ്ക് ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.

ബാങ്ക് മാനേജിങ് ഡയറക്ടർ എ.എൽ. ജോൺ പ്രവർത്തന റിപ്പോർട്ടും അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള ആക്ഷൻ പ്ലാനുകളും സമർപ്പിച്ചു.

ബാങ്ക് വൈസ് ചെയർമാൻ പ്രൊഫ. ഇ.ജെ. വിൻസെന്റ് സ്വാഗതവും, ബാങ്ക് ഡയറക്ടർ കെ.കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു.