പുത്തൻചിറ പാലത്തിന് സമീപത്തു നിന്നും സ്കൂട്ടർ മോഷ്ടിച്ച രണ്ട് പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട : പുത്തൻചിറ പള്ളിക്ക് സമീപമുള്ള പാലത്തിന് സമീപത്തു നിന്നും പുത്തൻചിറ പറയത്ത് ദേശത്ത് അഞ്ചേരി വീട്ടിൽ ജോണി (67) എന്നയാളുടെ 55,000 രൂപ വില വരുന്ന സ്കൂട്ടർ മോഷ്ടിച്ച രണ്ട് പ്രതികളെ മാള പൊലീസ് അറസ്റ്റ് ചെയ്തു.

വടമ കുന്നത്തുകാട് ദേശത്ത് അഴീക്കോട്ടുകാരൻ വീട്ടിൽ രാഹുൽ (22), പുത്തൻചിറ കോവിലത്ത്കുന്ന് ദേശത്ത് അടയാനിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫസൽ (18) എന്നിവരെയാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ പ്രതികളിൽ നിന്നും മോഷ്ടിച്ച സ്കൂട്ടർ കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കും.

രാഹുൽ മാള, കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധികളിലായി രണ്ട് പോക്സോ കേസുകളിൽ ഉൾപ്പെടെ ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

തേക്കിൻകാട് മൈതാനിയിൽ പൊതുയോഗങ്ങൾക്ക് അനുമതി നിഷേധിക്കുന്നത് ജനാധിപത്യധ്വംസനം : കെ.പി. രാജേന്ദ്രൻ

തൃശൂർ : എണ്ണിയാലൊടുങ്ങാത്ത തൊഴിലാളി സമരങ്ങളും രാഷ്ട്രീയ പ്രക്ഷോഭങ്ങളും നടന്ന തൃശൂർ തേക്കിൻകാട് മൈതാനിയിൽ രാഷ്ട്രീയ പാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും പൊതുയോഗങ്ങൾക്ക് അനുമതി നിഷേധിക്കുന്ന നടപടി ജനാധിപത്യത്തിന് തീരാകളങ്കമാണ് എന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു.

എഐടിയുസി തൃശൂർ ജില്ലാ ഏകദിന സംഘടനാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ആദ്യത്തെ മെയ്ദിന റാലി നടന്നത് തൃശൂർ പട്ടണത്തിലാണ്. കെ.കെ. വാര്യർ, എം.എ. കാക്കു തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ ഏഴു തൊഴിലാളികൾ ചെങ്കൊടിയേന്തി തേക്കിൻകാടിന് ചുറ്റുമുള്ള സ്വരാജ് റൗണ്ടിൽ പ്രകടനം നടത്തിയത് 1935ലാണ്. മഹാത്മാഗാന്ധിയുടെ പ്രസിദ്ധമായ മണികണ്ഠനാൽ പ്രസംഗവും പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻ്റെ വിദ്യാർത്ഥി കോർണറിലെ പ്രസംഗവുമെല്ലാം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൻ്റെ ഭാഗമാണ്. അതിനെയെല്ലാം വിസ്മരിക്കാനും ചരിത്രനിരാസം നടത്താനും ആരെങ്കിലും ശ്രമിച്ചാൽ അത് വിലപ്പോവുകയില്ല. തൊഴിലാളികൾക്ക് അവകാശപ്പെട്ട തേക്കിൻകാട് മൈതാനത്തെ വീണ്ടെടുക്കാൻ ട്രേഡ് യൂണിയനുകൾ പ്രക്ഷോഭരംഗത്തിറങ്ങേണ്ട സമയമാണിത്. കോർപ്പറേറ്റ് ശക്തികൾക്കുവേണ്ടി തയ്യാറാക്കിയ കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ- കർഷകവിരുദ്ധ നയങ്ങൾക്കെതിരെ ദേശവ്യാപകമായി തൊഴിലാളി യൂണിയനുകളും കർഷക സംഘടനകളും നടത്തുന്ന പ്രക്ഷോഭങ്ങളെ പൊളിക്കാൻ തന്ത്രങ്ങൾ മെനയുകയാണ് നരേന്ദ്രമോദിയും സംഘവും. ഈ നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാനുള്ള കഴിവും ശേഷിയും ഉള്ള ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന തൊഴിലാളി – കർഷക കൂട്ടായ്മയുടെ സമരച്ചൂടിൽ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ഫാസിസ്റ്റ് സർക്കാർ വെന്തുരുകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐടിയുസി ജില്ലാ പ്രസിഡൻ്റ് ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

എഐടിയുസി സംസ്ഥാന പ്രസിഡൻ്റ് ടി.ജെ. ആഞ്ചലോസ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ. വത്സരാജ്, എം. രാധാകൃഷ്ണൻ, ഐ. സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

പി.പി. ഷൈലേഷ് രക്തസാക്ഷി പ്രമേയവും അഡ്വ. പി.കെ. ജോൺ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

മുതിർന്ന നേതാവ് പി.കെ. കൃഷ്ണൻ പതാക ഉയർത്തി.

ഓൺലൈൻ രംഗത്തെ തൊഴിലാളികൾക്ക് മാന്യമായ വേതനവും തൊഴിൽ സുരക്ഷയും ഉറപ്പാക്കണം, പിരിച്ചുവിട്ട സി-ഡിറ്റ് തൊഴിലാളികളെ സർവ്വീസിൽ തിരിച്ചെടുക്കണം, അങ്കണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉറപ്പാക്കണം, തോട്ടം തൊഴിലാളികളുടെ വേതനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണം, ലോട്ടറിയുടെ ജി.എസ്.ടി. വർദ്ധന പിൻവലിക്കണം, ചേറ്റുവ ഹാർബറിലെ ജൂനിയർ തൊഴിലാളികളെ സ്ഥിരപ്പെടുത്തണം എന്നീ പ്രമേയങ്ങൾ ക്യാമ്പിൽ അവതരിപ്പിച്ച് പാസാക്കി.

എഐടിയുസി തൃശൂർ ജില്ലാ പ്രസിഡൻ്റായി വി.എസ്. പ്രിൻസ്, ജില്ലാ സെക്രട്ടറിയായി ടി.കെ. സുധീഷ് എന്നിവരെയും ജില്ലാ വൈസ് പ്രസിഡൻ്റുമാരിൽ ഒരാളായി രാഗേഷ് കണിയാംപറമ്പിലിനെയും തെരഞ്ഞെടുത്തു.

ഡോ. ബി.ആർ. അംബേദ്ക്കർ സ്‌മാരകഹാൾ മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 90 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഡോ. ബി.ആർ. അംബേദ്ക്കർ സ്‌മാരകഹാൾ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

വേളൂക്കര പഞ്ചായത്ത് പറക്കാട്ടുക്കുന്ന് എസ്.സി. നഗറിലാണ് ഡോ. ബി.ആർ. അംബേദ്ക്കർ സ്‌മാരകഹാൾ ഒന്നാം ഘട്ട നിർമ്മാണം പൂർത്തീകരിച്ച് മന്ത്രി നാടിന് സമർപ്പിച്ചത്.

ജനങ്ങൾക്ക് ഒത്തുചേർന്നിരിക്കാൻ കൂടുതൽ ഇടങ്ങൾ സൃഷ്ടിക്കേണ്ട കാലഘട്ടത്തിൽ സ്നേഹത്തോടെ സാഹോദര്യത്തോടെ സമഭാവനയോടെ ഒത്തുചേരാനുള്ള ഒരു ഇടമായി ഹാൾ മാറട്ടെ എന്ന് മന്ത്രി പറഞ്ഞു.

വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം പി.കെ. ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൻസി ബിജു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂസഫ് കൊടകരപറമ്പിൽ, ക്ഷേമകാര്യ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ഉണ്ണികൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ പി.ജെ. സതീഷ്, ബിബിൻ തുടിയത്ത്, സി.ആർ. ശ്യാംരാജ്, ഷീബ നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.

വേളൂക്കര പഞ്ചായത്തംഗവും സംഘാടക സമിതി ചെയർപേഴ്സണുമായ രഞ്ജിത ഉണ്ണികൃഷ്‌ണൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പി.ബി. പുഷ്‌പലത നന്ദിയും പറഞ്ഞു.

16 വയസുള്ള കുട്ടിയെ തടങ്കലിൽ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത 16 വയസ്സുള്ള കുട്ടിയെ തടങ്കലിൽ വെച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒരു പ്രതിയായ മാള പുത്തൻച്ചിറ കണ്ണിക്കുളങ്ങര സ്വദേശി കോഴിക്കാട്ടിൽ വീട്ടിൽ അദിനാൻ (19) എന്നയാളെ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

സെപ്തംബർ 15ന് പുലർച്ചെ 2:15നാണ് സംഭവം.

മാള പൊലീസ് സ്റ്റേഷൻ റൗഡിയായ പുത്തൻച്ചിറ പുളിയിലക്കുന്ന് സ്വദേശി നെടുംപുരയ്ക്കൽ വീട്ടിൽ മുഹമ്മദ് ഷാഫി (19) വാടകക്ക് താമസിക്കുന്ന കോണത്തുകുന്ന് ജനതാ കോർണറിലെ വാടക വീട്ടിലേക്കാണ് പരാതിക്കാരനായ കുട്ടിയെ വിളിച്ചുവരുത്തിത്.

വീടിന്റെ കിടപ്പുമുറിയിൽ വെച്ച് മുഹമ്മദ് ഷാഫിയും ഇയാളുടെ ഭാര്യയായ യുവതിയും, മാള പുത്തൻച്ചിറ കണ്ണിക്കുളങ്ങര സ്വദേശി കോഴിക്കാട്ടിൽ വീട്ടിൽ അദിനാൻ (19), പഴുവിൽ ചിറക്കൽ സ്വദേശി പരേക്കാട്ടിൽ വീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു പ്രസാദ് (23), നിയമവുമായി പൊരുത്തപ്പെടാത്ത ഒരു കുട്ടി എന്നിവർ ചേർന്നാണ് കുട്ടിയെ മർദ്ദിച്ചത്.

കുട്ടിയെ ഉപദ്രവിക്കുന്നത് മൊബൈൽ ഫോണിൽ വീഡിയോ എടുക്കുകയും കുട്ടിയുടെ 38,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ നിലത്തടിച്ച് നശിപ്പിക്കുകയും ചെയ്തു.

നേരം വെളുക്കുന്നത് വരെ കുട്ടിയെ പ്രതികളും പ്രതികളുടെ കൂട്ടത്തിലുള്ള പ്രായപൂർത്തിയാകാത്ത കുട്ടിയും ചേർന്ന് ഉപദ്രവിച്ചു.

തുടർന്ന് സംഭവം പുറത്ത് പറഞ്ഞാൽ വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കുട്ടിയെ വീട്ടിലേക്ക് അയച്ച് കുട്ടിയുടെ പാസ്‌പോർട്ട് വാങ്ങി വെയ്ക്കുകയും ചെയ്തതിന് ശേഷമാണ് കുട്ടിയെ മോചിപ്പിച്ചത്.

ഈ സംഭവത്തെക്കുറിച്ച് കുട്ടി ഇരിങ്ങാലക്കുട സ്റ്റേഷനിലെ ചൈൽഡ് ഫ്രണ്ട്ലി റൂമിൽ വെച്ച് അസ്സിസ്റ്റന്റ് ചൈൽഡ് വെൽഫെയർ ഓഫീസറോട് പറഞ്ഞ പരാതി പ്രകാരമാണ് കേസെടുത്തത്.

ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ സെപ്തംബർ 15ന് മറ്റൊരു വധശ്രമക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് മുഹമ്മദ് ഷാഫിയും, കേസിലെ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവർ കാക്കനാട് ബോസ്റ്റൽ സ്കൂളിലും, വിഷ്ണു ഇരിങ്ങാലക്കുട സബ് ജയിലിലും റിമാന്റിൽ കഴിഞ്ഞ് വരികയാണ്.

മാള സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള മുഹമ്മദ് ഷാഫി ഇരിങ്ങാലക്കുട, മാള, കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും മൂന്ന് അടിപിടിക്കേസുകളിലും പ്രതിയാണ്.

വിഷ്ണു പ്രസാദ് പുതുക്കാട്, തൃശൂർ ഈസ്റ്റ്, തൃശൂർ വെസ്റ്റ്, തൃശൂർ മെഡിക്കൽ കോളെജ്, പാലക്കാട് കോങ്ങാട്, ഇടുക്കി നെടുംങ്കണ്ടം സ്റ്റേഷൻ പരിധികളിലായി പത്ത് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

ഇരിങ്ങാലക്കുട സ്റ്റേഷൻ എസ്എച്ച്ഒ കെ.ജെ. ജിനേഷ്, എസ്ഐ എ.കെ. സോജൻ, ജിഎസ്ഐ എം.എ. മുഹമ്മദ് റാഷി, എഎസ്ഐ പി.ജി. ഗോപകുമാർ, എ.എൻ. ദേവേഷ്, ജോവിൻ ജോയ്, സിപിഒ-മാരായ ഇ.ജി. ജിജിൽ കുമാർ, കെ. ജിതേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വോട്ടു ചോരി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വോട്ട് അട്ടിമറിക്കെതിരായി രാഹുൽഗാന്ധി നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വോട്ടു ചോരി സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി.

രാവിലെ 9.30 മുതൽ വൈകീട്ട് 6 മണി വരെ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ക്യാമ്പയിൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് സാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് ഭാരവാഹികളായ എം.എൻ. രമേഷ്, തോമസ് തത്തംപിള്ളി, ശ്രീജിത്ത് പട്ടത്ത്, ഗംഗാദേവി സുനിൽ, വിബിൻ വെള്ളയത്ത്, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മോളി ജേക്കബ്ബ്, മണ്ഡലം പ്രസിഡൻ്റ് തുഷം സൈമൺ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എബിൻ ജോൺ, മണ്ഡലം പ്രസിഡൻ്റ് ജസ്റ്റിൻ ജോർജ്ജ്, പഞ്ചായത്ത് അംഗങ്ങളായ സേവ്യർ ആളൂക്കാരൻ, നിത അർജുനൻ, ജിനി സതീശൻ, മണ്ഡലം ഭാരവാഹികളായ വി.കെ. മണി, ഭരതൻ മുല്ലയ്ക്കൽ, മുരളി തറയിൽ, കെ.കെ. വിശ്വനാഥൻ, ഫിജിൽ ജോൺ, ജിൻ്റോ പോൾ, വിൻസെൻ്റ് ചിറ്റിലപ്പിള്ളി, അനീഷ് കൊളത്താപ്പിള്ളി, ട്രിലീവർ കോക്കാട്ട്, റോയ് മാത്യു, സി.എസ്. അജീഷ്, ലോറൻസ് കൂള, പി.വി. പ്രതീഷ്, കെ. ഗോപിനാഥ്, ശാലിനി ഉണ്ണികൃഷ്ണൻ, യമുനദേവി ഷിജു, അഞ്ജു സുധീർ, ജിനിത പ്രശാന്ത്, അശ്വതി സുബിൻ, രമ്യ ശ്രീധരൻ, ഗ്രേസി പോൾ, വിലാസൻ തുമ്പരത്തി, ബാലചന്ദ്രൻ വടക്കൂട്ട് എന്നിവർ നേതൃത്വം നൽകി.

ഗ്രാമിക ഫിലിം സൊസൈറ്റിയുടെ പ്രതിമാസ ചലച്ചിത്ര പ്രദർശനത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : ടെലിവിഷൻ്റെയും ഡിജിറ്റൽ സിനിമകളുടെയും കാലത്ത് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനുണ്ടായ സ്തംഭനാവസ്ഥയെ മറികടക്കാൻ ബോധപൂർവ്വമായ ശ്രമമുണ്ടാകേണ്ടതുണ്ടെന്ന് പ്രമുഖ ചലച്ചിത്ര നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ അഭിപ്രായപ്പെട്ടു.

ഗ്രാമിക ഫിലിം സൊസൈറ്റിയുടെ പ്രതിമാസ സിനിമ പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട്
‘നവ മലയാള സിനിമയുടെ ദിശാ പരിണാമങ്ങൾ ‘ വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാം ജീവിക്കുന്ന അവസ്ഥയേയും ചരിത്രത്തേയും പുനഃപരിശോധിക്കാനും പുതിയ വെളിച്ചത്തിൽ കാണാനുമുള്ള വേദിയായി ഫിലിം സൊസൈറ്റികൾ മാറേണ്ടതുണ്ട്. സെല്ലുലോയ്ഡ് സിനിമാ സങ്കല്പത്തിൽനിന്ന് ഡിജിറ്റൽ സിനിമാ സങ്കല്പത്തിലേക്കുള്ള മാറ്റം താരാധിപത്യം പോലുള്ള എല്ലാ ആലഭാരങ്ങളെയും ഉപേക്ഷിക്കാൻ ചലച്ചിത്ര മേഖലയെ പ്രാപ്തമാക്കി എന്നും വെങ്കിടേശൻ പറഞ്ഞു.

പ്രസിഡൻ്റ് യു.എസ്. അജയകുമാർ അധ്യക്ഷനായി.

സെക്രട്ടറി വി.പി. ഗൗതം,
ജോയിൻ്റ് സെക്രട്ടറി വിത്സൻ ആൻ്റണി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് കൃഷാന്ത് സംവിധാനം ചെയ്ത സിനിമ ‘സംഘർഷ ഘടന’ പ്രദർശിപ്പിച്ചു.

സിനിമയുടെ സൗണ്ട് ഡിസൈനർ പ്രശാന്ത് പി. മേനോനും മറ്റ് അണിയറ പ്രവർത്തകരുമായുള്ള സംവാദത്തിൽ കെ.എസ്. റാഫി, കരീം കെ. പുറം, ഡോ. വി.പി. ജിഷ്ണു, സുബാമണി എന്നിവർ പങ്കെടുത്തു.

എല്ലാ മാസവും മൂന്നാം ശനിയാഴ്ചകളിൽ മലയാളത്തിലെയും വിവിധ ഇന്ത്യൻ ഭാഷകളിലെയും ലോക ഭാഷകളിലെയും ക്ലാസ്സിക് സിനിമകൾ പ്രദർശിപ്പിക്കും.

പ്രദർശനത്തെ തുടർന്ന് സംവിധായകരും ചലച്ചിത്ര രംഗത്തെ മറ്റു പ്രമുഖരും പങ്കെടുക്കുന്ന സംവാദങ്ങളും പ്രഭാഷണങ്ങളും നടത്തും.

സംഘടന ശാക്തീകരണ ക്യാമ്പയിനുമായി യൂത്ത് കോൺഗ്രസ്

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ മണ്ഡലത്തിലെ വാർഡുകളിൽ നടപ്പിലാക്കുന്ന സംഘടന ശാക്തീകരണ ക്യാമ്പയിൻ “റിസർജെൻസി”ൻ്റെ മണ്ഡലംതല ഉദ്ഘാടനം ഇരിങ്ങാലക്കുട ടൗൺ മണ്ഡലം പരിധിയിലെ കണ്‌ഠേശ്വരത്ത് (25-ാം വാർഡ്) നടന്നു.

ക്യാമ്പയിൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ ഉദ്ഘാടനം ചെയ്തു.

ടൗൺ മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത് അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡന്റ് അസറുദ്ദീൻ കളക്കാട്ട് മുഖ്യാതിഥിയായി.

നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വിനു ആന്റണി ആശംസകൾ അർപ്പിച്ചു.

തുടർന്ന് 25-ാം വാർഡിൽ പുതിയ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി രൂപീകരിച്ചു.

മണ്ഡലം വൈസ് പ്രസിഡന്റ് അഷ്കർ സുലൈമാൻ സ്വാഗതവും, യൂത്ത് കോൺഗ്രസ് 25-ാംവാർഡ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട എബി ദേവസ്സി നന്ദിയും പറഞ്ഞു.

46 ക്രിമിനൽക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഹരീഷും കൂട്ടാളിയും പിടിയിൽ

ഇരിങ്ങാലക്കുട : വാടാനപ്പള്ളി സ്റ്റേഷൻ പരിധിയിലെ ചിലങ്ക ജംഗ്ഷനിൽ വെള്ള ടാക്സി കാറിൽ വന്നിറങ്ങിയ ഒരാൾ റോഡ് ക്രോസ് ചെയ്യുന്ന സമയം എതിരെ വന്ന വാടാനപ്പള്ളി സ്വദേശിയുടെ കാറിന് മുന്നിലേക്ക് ചാടിയതിനെ തുടർന്ന് കാർ ഡ്രൈവർ നോക്കി കടക്കാൻ പറഞ്ഞതിലുള്ള വൈരാഗ്യത്തിൽ ഡ്രൈവറുടെ മുഖത്തടിക്കുകയും വടിവാൾ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട 46 ക്രിമിനൽക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഹരീഷും കൂട്ടാളിയും പിടിയിൽ.

കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ മതിലകം സ്റ്റേഷൻ പരിധിയിലെ മതിൽമൂലയിൽ വെച്ച് കാർ കാണപ്പെടുകയും തുടർന്ന് പിൻതുടർന്ന് വാഹനം തടഞ്ഞ് നിർത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.

കാട്ടൂർ സ്റ്റേഷൻ പരിധിയിലെ ഗുണ്ടയായ കാട്ടൂർ കാട്ടൂക്കടവ് സ്വദേശി നന്ദനത്ത് പറമ്പിൽ വീട്ടിൽ ഹരീഷ് (50), എറണാംകുളം മുളംതുരുത്തി സ്വദേശി എളിയാട്ടിൽ വീട്ടിൽ ജിത്തു (29) എന്നിവരെയാണ് കാറിൽ നിന്നും പിടികൂടിയത്.

ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. പൊലീസ് തുടർനടപടികൾ സ്വീകരിച്ച് വരുന്നു.

ഹരീഷ് കാട്ടൂർ, വലപ്പാട്, ചേർപ്പ്, വാടാനപ്പിള്ളി, മതിലകം, അന്തിക്കാട്, ഒല്ലൂർ, പാലാരിവട്ടം, ചേരാനെല്ലൂർ എന്നീ സ്റ്റേഷൻ പരിധികളിലായി 46 ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

ജിത്തു എറണാകുളം സെൻട്രൽ, തൃക്കാക്കര, ആലുവ, ചോറ്റാനിക്കര, വയനാട് വൈത്തിരി, മീനങ്ങാടി സ്റ്റേഷൻ പരിധികളിലായി ഏഴ് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ മതിലകം സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജു, സനീഷ്, ഷനിൽ, ഷിജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

പൂമംഗലം പഞ്ചായത്ത് ആസ്ഥാന മന്ദിരം മന്ത്രി ബിന്ദു നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : എംഎൽഎ-യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 1.49 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച
പൂമംഗലം പഞ്ചായത്തിൻ്റെ പുതിയ ഓഫീസ് കെട്ടിടം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ദൂരക്കാഴ്ചയോടു കൂടിയ വികസന പ്രവർത്തനങ്ങളാണ് പൂമംഗലം പഞ്ചായത്തിൽ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സാധാരണക്കാരായ ജനങ്ങൾക്ക് അവരുടെ ദൈനംദിന ആവശ്യങ്ങൾക്ക് ആശ്രയിക്കേണ്ടിവരുന്ന കേന്ദ്രമാണ് പഞ്ചായത്ത് ഓഫീസുകൾ.

ആധുനിക സൗകര്യങ്ങളോടുകൂടി പുതിയ പഞ്ചായത്ത് കെട്ടിടം ഒരുക്കുമ്പോൾ ഭരണസമിതിയുടെ കാര്യക്ഷമത കൂടിയാണ് വർദ്ധിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മികച്ച പഞ്ചായത്തിന് ലഭിച്ച അവാർഡുകളുടെ തുക ഉപയോഗപ്പെടുത്തി സ്ഥലം വാങ്ങുകയും മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3 ഘട്ടങ്ങളിലായി അനുവദിച്ച 1.49 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്.

പാർക്കിംഗ് സൗകര്യത്തോടുകൂടി ആധുനിക സംവിധാനങ്ങളും ഉൾപ്പെടുത്തി 5605 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് പൂർത്തീകരിച്ചത്.

2021-22 വർഷത്തെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ നിർമ്മാണ പ്രവൃത്തികൾക്കായി അനുവദിച്ചു. ഈ തുക കെട്ടിടത്തിൻ്റെ സ്ട്രക്ച്ചറൽ വർക്ക് പൂർത്തിയാക്കാൻ മാത്രമേ തികയൂവെന്ന് മനസ്സിലാക്കിയപ്പോൾ ഇലക്ട്രിഫിക്കേഷൻ, ജനലുകൾ, വാതിലുകൾ, ടൈൽ വർക്ക് എന്നിവയടക്കം ഫിനിഷിംങ് ജോലികൾക്കായി 2023- 24 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 34 ലക്ഷം രൂപ കൂടി അനുവദിച്ചു.

അതുപയോഗിച്ച് ഗ്രൗണ്ട് ഫ്ലോർ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി.

കെട്ടിടത്തിൽ കുടുബശ്രീ, തൊഴിലുറപ്പ് തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും അടിസ്ഥാന സൗകര്യം തികയില്ലെന്ന ഘട്ടത്തിൽ പഞ്ചായത്തിൻ്റെ പൂർണ്ണമായ ഓഫീസ് പ്രവർത്തനത്തിനായി 2024-25 വർഷത്തെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ കൂടി അനുവദിച്ചു.

ഈ തുക വിനിയോഗിച്ച് ഒന്നാം നില സ്ട്രക്ച്ചറൽ വർക്ക്, വൈദ്യുതീകരണം, ജനലുകൾ, വാതിലുകൾ, കാബിൻ തിരിക്കൽ, ടൈൽ വർക്ക് എന്നിവയുൾപ്പെടെ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കി.

നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ആവശ്യമായ മുഴുവൻ തുകയും എംഎൽഎ എന്ന നിലയ്ക്കുള്ള ആസ്‌തി വികസന ഫണ്ടിൽ നിന്നും അനുവദിക്കാനായതാണ് കെട്ടിടം യാഥാർത്ഥ്യമാക്കിയതെന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു.

എക്സിക്യൂട്ടീവ് എൻജിനീയർ പി.ജെ. സ്മിത റിപ്പോർട്ട് അവതരിപ്പിച്ചു.

ഉദ്ഘാടനത്തിനോടനുബന്ധിച്ച് അരിപ്പാലം സെന്ററിൽ നിന്ന് താളമേളാഘോഷങ്ങളോടു കൂടി ഘോഷയാത്രയും ഉദ്ഘാടനത്തിനുശേഷം വിവിധ കലാപരിപാടികളും അരങ്ങേറി.

ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് അമ്മനത്ത്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.എ. സന്തോഷ്, ഹൃദ്യ അജീഷ്, കത്രീന ജോർജ്ജ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് മെമ്പർ രഞ്ജിനി ശ്രീകുമാർ, സിനിമ – നാടൻ പാട്ട് കലാകാരൻ രാജേഷ് തംബുരു, ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 5 ഫസ്റ്റ് റണ്ണർ അപ്പ് സെബ മൂൺ, പൂമംഗലം പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡോ. മാത്യു പോൾ ഊക്കൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ അഞ്ജു രാജേഷ്, പഞ്ചായത്ത് സെക്രട്ടറി പി. ജയ, പഞ്ചായത്ത് അംഗങ്ങൾ, സഹകരണ ബാങ്ക് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മാർ ജെയിംസ് പഴയാറ്റിൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ മുനിസിപ്പൽ മൈതാനിയിൽ വെച്ച് മാർച്ച് 15 മുതൽ 22 വരെ നടത്തപ്പെടുന്ന മൂന്നാമത് മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം കത്തീഡ്രൽ വികാരി റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ നിർവഹിച്ചു.

കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, ടൂർണമെന്റ് കമ്മറ്റി ജനറൽ കൺവീനർ രഞ്ജി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, ജോയിൻ്റ് കൺവീനർമാരായ ഷാജു പാറേക്കാടൻ, വർഗീസ് ജോൺ തെക്കിനിയത്ത്, അഡ്വ. ഹോബി ജോളി, കത്തോലിക്ക കോൺഗ്രസ് വൈസ് പ്രസിഡന്റ് ബിന രാജേഷ്, കത്തീഡ്രൽ ട്രസ്റ്റിമാരായ പി.ടി. ജോർജ്ജ്, തോമസ് തൊകലത്ത്, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ എന്നിവർ പ്രസംഗിച്ചു.