ചേലൂർ യൂത്തിന്റെ അങ്ങാടി അമ്പ്

ഇരിങ്ങാലക്കുട : ചേലൂർ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോൽഭവ മാതാവിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന്റെ ഭാഗമായി ഇടവക യുവജനങ്ങൾ അങ്ങാടി അമ്പ് നടത്തി.

രാവിലത്തെ കുർബാനയ്ക്കു ശേഷം അമ്പു വള എഴുന്നള്ളിപ്പ് പ്രദക്ഷിണത്തോടെ പള്ളിയിൽ നിന്നും ആരംഭിച്ച് എടതിരിഞ്ഞി ജംഗ്ഷനിൽ പ്രത്യേകം അലങ്കരിച്ച പന്തലിൽ പ്രതിഷ്ഠിച്ചു.

വൈകീട്ട് 6.30ന് പ്രൗഢഗംഭീരമായ വാദ്യ മേളങ്ങളോടും, കലാരൂപങ്ങളോടും കൂടെ എടതിരിഞ്ഞി ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രദക്ഷിണം രാത്രി 11 മണിക്ക് പള്ളിയിൽ സമാപിക്കും.

കാട്ടുങ്ങച്ചിറയിൽ ഇലക്ട്രിക് പോസ്റ്റിൽ കാറിടിച്ച് അമ്മക്കും മകനും പരിക്ക്

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറയിൽ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ കാറിടിച്ച് കാറിലുണ്ടായിരുന്ന അമ്മക്കും മകനും പരിക്കേറ്റു.

ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ കാട്ടുങ്ങച്ചിറ എസ് എന്‍ നഗറിനു സമീപമായിരുന്നു അപകടം.

അപകടത്തില്‍ പരിക്കേറ്റ ചേലൂര്‍ സ്വദേശികളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

മാപ്രാണം ഭാഗത്തുനിന്നും ഇരിങ്ങാലക്കുടയിലേക്ക് വരുന്ന വഴിക്കാണ് അപകടം സംഭവിച്ചത്.

റോഡു പണി നടക്കുന്നതിനാൽ ഇതുവഴി വണ്‍വേ സംവിധാനത്തിലാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്.

ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു. അപകടത്തിൽ കാറിന്റെ മുന്‍ഭാഗവും തകർന്നു.

ഈ റോഡില്‍ പലയിടത്തും ടാറിംഗ് ചെയ്തിരിക്കുന്നതിനോട് ചേര്‍ന്നാണ് ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ അവയിൽ തട്ടി അപകടമുണ്ടാകുന്നത് പതിവായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഒരു വീടിനുള്ളില്‍ തീപടര്‍ന്നു : എട്ട് വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തി നശിച്ചു

ഇരിങ്ങാലക്കുട : വൈദ്യുതി കമ്പി പൊട്ടി വീണ് അവിട്ടത്തൂര്‍ മാവിന്‍ ചുവടിനു സമീപമുള്ള ഒരു വീടിനുള്ളില്‍ തീ പടര്‍ന്നു, എട്ടു വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു.

ഈ പ്രദേശത്തെ ന്യൂട്രല്‍ ലൈന്‍ കമ്പി പൊട്ടിവീണതോടെ വീടുകളിലേക്കുള്ള കണക്ഷനില്‍ വൈദ്യുതി അമിതമായി പ്രവഹിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പുത്തന്‍പീടിക വീട്ടില്‍ സേവ്യറിന്റെ വീട്ടിലാണ് കൂടുതൽ നാശനഷ്ടങ്ങള്‍ സംഭവിച്ചത്.

എസി പൊട്ടിത്തെറിച്ചു. വീടിനുള്ളിലെ കമ്പ്യൂട്ടറും കട്ടിലും കാമറയും കത്തിനശിച്ച് വീടിനുള്ളില്‍ തീ പടര്‍ന്നു. ചുമരുകള്‍ക്ക് വിള്ളലും ഉണ്ടായിട്ടുണ്ട്. ജനാലചില്ലുകള്‍ ചിന്നിചിതറുകയും ഫാനുകള്‍ താഴെ വീഴുകയും ചെയ്തു.

ആദ്യം ബള്‍ബ് ഉരുകിവീഴുന്നത് കണ്ട് വീടിനുള്ളിലുണ്ടായിരുന്നവര്‍ പുറത്തേക്കിറങ്ങി നോക്കിയപ്പോഴാണ് വീടിനു മുകളില്‍ നിന്ന് പുക ഉയരുന്നതായി കണ്ടത്.

ഉടന്‍ തന്നെ ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തി തീയണക്കുകയായിരുന്നു. ഈ സമയം സേവ്യറിന്റെ ഭാര്യ ജ്യോതി, മക്കളായ വില്‍മ, റൈസ എന്നിവര്‍ വീട്ടിലുണ്ടായിരുന്നുവെങ്കിലും പുറത്തേക്കിറങ്ങി ഓടിയതിനാൽ ആര്‍ക്കും പരിക്കുകളില്ല. രണ്ടു ലക്ഷം രൂപയുടെ നഷ്ടമാണ് സേവ്യറിന് സംഭവിച്ചിട്ടുള്ളത്.

നങ്ങിണി ജോര്‍ജിന്റെ വീട്ടിലെ വാഷിംഗ് മെഷീന്‍, മോട്ടോര്‍ എന്നിവ കത്തി നശിച്ചു.

ജോസ് പെരേപ്പാടന്റെ വാഷിംഗ് മെഷീന്‍, വിന്‍സന്റ് കോനിക്കരയുടെ ടിവി, ഇഗ്‌നേഷ്യസ് പെരേപ്പാടന്റെ മോട്ടോര്‍, സജി പെരേപ്പാടന്റെ സ്പീക്കര്‍, രാജപ്പന്‍ തെക്കാനത്തിന്റെ മോട്ടോര്‍, നയന ഷിജുവിന്റെ മോട്ടോര്‍ എന്നിവയും കത്തിനശിച്ചിട്ടുണ്ട്.

വൈദ്യുതിയുടെ അമിത പ്രവാഹമാണ് തീപിടുത്തത്തിനും വീടുകളിലെ ഉപകരണങ്ങള്‍ കത്തിനശിക്കുന്നതിനും കാരണമെന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥർ അറിയിച്ചു.

ഇരിങ്ങാലക്കുട ഗാന്ധിഗ്രാം നമ്പര്‍ രണ്ടിലെ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

നടവരമ്പ് മോഡൽ സ്കൂൾ ശതാബ്ദി സമാപനവും പൂർവ്വ വിദ്യാർത്ഥി സംഗമവും ഏപ്രിൽ 5നും 6നും : സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും മഹാപൂർവ്വ വിദ്യാർത്ഥി സംഗമവും 2025 ഏപ്രിൽ 5, 6 എന്നീ തീയ്യതികളിൽ നടക്കും.

ഇതിനു വേണ്ടിയുള്ള സംഘാടക സമിതിയുടെ രൂപീകരണയോഗം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ ഉൽഘാടനം ചെയ്തു.

പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് യു പ്രദീപ് മേനോൻ അദ്ധ്യക്ഷത വഹിച്ചു.

ബാലകൃഷ്ണൻ അഞ്ചത്ത്, ബാലൻ അമ്പാടത്ത്, സോണിയ ഗിരി, മാത്യു പാറേക്കാടൻ, കെ എസ് ധനിഷ്, വിജയലക്ഷ്മി വിനയചന്ദ്രൻ, എം രാജേഷ് എന്നിവർ പ്രസംഗിച്ചു.

സി അനൂപ് സ്വാഗതവും, സി ബി ഷക്കീല ടീച്ചർ നന്ദിയും പറഞ്ഞു.

ഡോ ആർ ബിന്ദു (മുഖ്യ രക്ഷാധികാരി), സുരേഷ് ഗോപി എം പി, വി എസ് പ്രിൻസ്, ലത ചന്ദ്രൻ, സുധ ദിലീപ് (രക്ഷാധികാരികൾ), ടി കെ നാരായണൻ (ചെയർമാൻ), സി ബി ഷക്കീല ടീച്ചർ (ജനറൽ കൺവീനർ), എം രാജേഷ് (കോ-ഓർഡിനേറ്റർ), ടി എസ് സജീവൻ മാസ്റ്റർ (ഖജാൻജി) എന്നിവരാണ് സംഘാടക സമിതി ഭാരവാഹികൾ.

വിവിധ ആവശ്യങ്ങൾക്കായി 15 സബ് കമ്മിറ്റികളും രുപീകരിച്ചിട്ടുണ്ട്.

നേത്ര ചികിത്സ – തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പി എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലിനിക്കില്‍ നേത്ര പരിശോധന- തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.

ലയണ്‍സ് ക്ലബ്ബ് ഏരിയ ചെയര്‍പേഴ്സണ്‍ ഷീല ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്‍സൺ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു.

സോണ്‍ ചെയര്‍മാന്‍ അഡ്വ ജോണ്‍ നിധിന്‍ തോമസ്, ഡിസ്ട്രിക്ട് ചെയര്‍പേഴ്സണ്‍ ടിന്റോ ഇലഞ്ഞിക്കല്‍, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അശോകന്‍ മണപറമ്പില്‍, സെക്രട്ടറി അഡ്വ എം എസ് രാജേഷ്, പ്രദീപ്, ശിവന്‍ നെന്മാറ എന്നിവര്‍ പങ്കെടുത്തു.

താളമേളവിസ്മയം തീർത്ത് വർണ്ണക്കുട രണ്ടാം ദിവസം

ഇരിങ്ങാലക്കുട : നാട്ടുത്സവമായ വർണ്ണക്കുടയിൽ രണ്ടാം ദിനം ആയിരങ്ങൾക്ക് ആവേശമായി താളമേളവിസ്മയം തീർത്ത് ആൽമരം മ്യൂസിക് ബാൻഡും നല്ലമ്മ നാടൻപാട്ടുത്സവവും ക്ലാസിക്കൽ നൃത്തനൃത്യങ്ങളും അരങ്ങേറി.

പൊതുസമ്മേളനം മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.

മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കിയ സിജി പ്രദീപിനെയും സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനെയും ചടങ്ങിൽ ആദരിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് അധ്യക്ഷത വഹിച്ചു.

വേണുജി, സദനം കൃഷ്ണൻകുട്ടി, അമ്മന്നൂർ കുട്ടൻ ചാക്യാർ, നിർമ്മല പണിക്കർ, കലാനിലയം രാഘവൻ, മുരിയാട് മുരളീധരൻ എന്നിവർ വിശിഷ്ടാതിഥികളായി.

പ്രീതി നീരജ്, ജ്യോതി സുരേഷ്, ലിയാഷ യൂസഫ്, ശരണ്യ സഹസ്ര, യമുന രാധാകൃഷ്ണൻ, സുധി നൃത്തപ്രിയൻ, സൗമ്യ സതീഷ്, ഹൃദ്യ ഹരിദാസ്, വൈഗ കെ സജീവ്, ശോഭ എസ് നായർ, കലാമണ്ഡലം പ്രജീഷ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.

നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറക്കാടൻ സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി ആർ സ്റ്റാൻലി നന്ദിയും പറഞ്ഞു.

തുടർന്ന് നല്ലമ്മ നാടൻ പാട്ടുത്സവം, ഇരിങ്ങാലക്കുടയിലെ നൃത്തവിദ്യാലയങ്ങളിലെ വിദ്യാർഥിനികളുടെ നൃത്തനൃത്യങ്ങൾ, ആൽമരം മ്യൂസിക് ബാൻഡ് എന്നിവ അരങ്ങേറി.

തിങ്കളാഴ്ച്ച സമാപന ദിനത്തിൽ ഇരിങ്ങാലക്കുടയിലെ നൃത്ത വിദ്യാലയങ്ങളിലെ വിദ്യാർഥിനികളുടെ നൃത്തനൃത്യങ്ങൾ, ഗൗരി ലക്ഷ്മിയുടെ മ്യൂസിക് ബാൻഡ് എന്നിവ അരങ്ങേറും.

നിര്യാതയായി

ജയശ്രീ

ഇരിങ്ങാലക്കുട : എടതിരിഞ്ഞി പോത്താനി പരേതനായ വെളിയത്ത് പാറന്റെ മകളും കൊടകര പുലിപ്പാറക്കുന്ന് കോമ്പാൻ സജീവൻ്റെ ഭാര്യയുമായ ജയശ്രീ (52) നിര്യാതയായി.

സംസ്കാരം തിങ്കളാഴ്ച്ച (ഡിസംബർ 30) രാവിലെ
11 മണിക്ക് പുലിപ്പാറക്കുന്നിൽ.

അമ്മ : ജാനകി

മകൻ : വിഷ്ണു

സഹോദരങ്ങൾ : ശിവരാജൻ, രജനി

നിര്യാതയായി

സുഭദ്ര

ഇരിങ്ങാലക്കുട : കുളമൺ ഇല്ലത്ത് നാരായണൻ മൂസ്സത് ഭാര്യ സുഭദ്ര (82) നിര്യാതയായി.

സംസ്കാരം തിങ്കളാഴ്ച (30/12/2024) വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : കെ എൻ ഗിരീഷ് (മുൻ കൗൺസിലർ), മീര, രശ്മി

മരുമക്കൾ : രേണുക ഗിരീഷ്, ജയക്കുട്ടൻ കുമാരനല്ലൂർ, ഉണ്ണികൃഷ്ണൻ കാരിക്കമഠം

നിര്യാതനായി

മനോജ്

ഇരിങ്ങാലക്കുട : പുല്ലൂർ അമ്പലനട മാങ്കൂട്ടത്തിൽ പരേതനായ രാഘവൻ മകൻ മനോജ് (49) നിര്യാതനായി.

സംസ്കാരം ഡിസംബർ 29 (ഞായറാഴ്ച) വൈകിട്ട് നാലുമണിക്ക് മുക്തി സ്ഥാനിൽ.

അമ്മ : പരേതയായ വിലാസിനി

ഭാര്യ : സന്ധ്യ

മക്കൾ : തീർത്ഥ, കീർത്തന

നടവരമ്പ് സ്കൂൾ ശതാബ്ദി ആഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും ഏപ്രിൽ 5നും 6നും ; സംഘാടക സമിതി രൂപീകരണം ഞായറാഴ്ച്ച

ഇരിങ്ങാലക്കുട:
നടവരമ്പ് ഗവ മോഡൽ ഹയർ സെക്കന്ററി സ്കൂളിന്റ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും മഹാപൂർവ്വ വിദ്യാർത്ഥി സംഗമവും ഏപ്രിൽ 5, 6 തീയ്യതികളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിക്കും.

പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ഡിസംബർ 29 (ഞായറാഴ്ച്ച) രാവിലെ 10 മണിക്ക് സ്കൂൾ ജൂബിലി ഹാളിൽ ചേരും.

മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

പൗരപ്രമുഖർ, കലാ സാഹിത്യ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ, ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും.