മാർപാപ്പക്ക് പ്രണാമം അർപ്പിച്ച് കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട : ഫ്രാൻസിസ് പാപ്പക്ക് കേരള കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി പ്രണാമം അർപ്പിച്ചു.

ചടങ്ങ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം ഭാരവാഹികളായ സേതുമാധവൻ, പി.ടി. ജോർജ്, മാഗി വിൻസെന്റ്, അഡ്വ.ഷൈനി ജോജോ,കെ.സതീഷ്, അജിത സദാനന്ദൻ, ഫിലിപ്പ് ഓളാട്ടുപുറം, ലാസർ കോച്ചേരി, ലിംസി ഡാർവിൻ, ലില്ലി തോമസ്, ശങ്കർ പഴയാറ്റിൽ, ബാബു ചേലേക്കാട്ടുപറമ്പിൽ,ജോസ് തട്ടിൽ, ഷക്കീർ മങ്കാട്ടിൽ, ആന്റോ ഐനിക്കൽ എന്നിവർ പ്രസംഗിച്ചു.

ഡിജിറ്റൽ സർവ്വേ : നെല്ലായി, പറപ്പൂക്കര വില്ലേജ് നിവാസികൾ ക്യാമ്പ് ഓഫീസിൽ എത്തി ഭൂരേഖകൾ ഒത്തു നോക്കണം

ഇരിങ്ങാലക്കുട : സംസ്ഥാന വ്യാപകമായുള്ള ഡിജിറ്റൽ സർവ്വേ പ്രവർത്തനങ്ങളുടെ ഭാഗമായി മുകുന്ദപുരം താലൂക്കിലെ നെല്ലായി വില്ലേജിൻ്റെ റെക്കോർഡുകളുടെ 9(2) പ്രദർശനം നെല്ലായി വില്ലേജ് ഡിജിറ്റൽ സർവ്വേ ക്യാമ്പ് ഓഫീസിൽ (കൗസ്തുഭം കോംപ്ലക്സ്, NHന് സമീപം, നെല്ലായി) വെച്ച് നടത്തും.

പറപ്പൂക്കര വില്ലേജിന്റെ റെക്കോർഡുകളുടെ 9(2) പ്രദർശനം പറപ്പൂക്കര വില്ലേജ് ഡിജിറ്റൽ സർവ്വേ ക്യാമ്പ് ഓഫീസിൽ (വില്ലേജ് ഓഫീസിന് സമീപമുള്ള കാട്ടൂക്കാരൻ കോംപ്ലക്സിന്റെ ഫസ്റ്റ് ഫ്ലോർ, മുത്രത്തിക്കര) വെച്ച് നടത്തും.

എല്ലാ ഭൂവുടമകളും തങ്ങളുടെ ഭൂമി സംബന്ധമായ അസ്സൽ രേഖകളുമായി എത്തി പ്രദർശന ഹാളിലെ റെക്കോർഡുകളുമായി ഒത്തു നോക്കേണ്ടതാണ്.

അപാകതകൾ സംബന്ധിച്ച് ക്യാമ്പിൽ തന്നെ പരാതി നൽകാം.

വില്ലേജിൽ ഇനിയും ഭൂവിവരങ്ങൾ പരിശോധിക്കാത്തവരും, ഭൂരേഖകൾ ഹാജരാക്കാത്തവരുമായ നെല്ലായി വില്ലേജ് നിവാസികൾ ഏപ്രിൽ 26-ാം തിയ്യതിക്കകവും പറപ്പൂക്കര വില്ലേജ് നിവാസികൾ മെയ് 2-ാം തിയ്യതിക്കകവും രേഖകൾ സഹിതം ക്യാമ്പ് ഓഫീസിൽ നേരിട്ടെത്തി ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് തഹസിൽദാർ അറിയിച്ചു.

ആധുനിക ജനാധിപത്യ സമൂഹത്തിനായി പ്രവര്‍ത്തിക്കണം : പുന്നല ശ്രീകുമാർ

ഇരിങ്ങാലക്കുട : ആധുനിക ജനാധിപത്യ സമൂഹം കെട്ടിപ്പെടുക്കുവാന്‍ നമുക്ക് കഴിയണമെന്ന് കെ പി എം എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു.

കെപിഎംഎസ് സ്ഥാപക നേതാവ് പി.കെ. ചാത്തന്‍ മാസ്റ്ററുടെ 37-ാം അനുസ്മരണ ദിനാചാരണം മാപ്രാണത്തെ സ്മൃതി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിഷ്‌കൃത സമൂഹത്തിനു യോജിക്കാന്‍ കഴിയാത്ത പ്രതിലോമകരമായ പല പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ നടക്കുകയാണ്. നവോത്ഥാന പാരമ്പര്യമുള്ള നാട് കാത്തു സൂക്ഷിക്കുന്ന മാനവിക മൂല്യങ്ങളെ സംരക്ഷിക്കാനും ജീര്‍ണ്ണതകളെ പ്രതിരോധിക്കാനും സമൂഹം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് അധ്യക്ഷത വഹിച്ചു.

സംഘടനാ സെക്രട്ടറി പി.വി. ബാബു, വൈസ് പ്രസിഡന്റുമാരായ പി.എന്‍. സുരന്‍, രമ പ്രതാപന്‍, സെക്രട്ടറിയേറ്റ് അംഗം ടി.എ. വേണു, പി.സി. രഘു തുടങ്ങിയവർ പ്രസംഗിച്ചു.

മുകുന്ദപുരം പബ്ലിക് സ്കൂളിൽ വിദ്യാധരൻ മാസ്റ്ററുടെ സംഗീത ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ സമ്മർ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത ശിൽപ്പശാല പ്രശസ്ത ഗായകനും സംഗീത സംവിധായകനും മുകുന്ദപുരം പബ്ലിക് സ്കൂൾ അഡ്വൈസറി കമ്മിറ്റി അംഗവുമായ വിദ്യാധരൻ മാസ്റ്റർ നയിച്ചു.

പ്രിൻസിപ്പൽ ജിജി കൃഷ്ണ അധ്യക്ഷത വഹിച്ചു.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലളിത ആശംസകൾ അർപ്പിച്ചു.

ക്യാമ്പിലെ കുരുന്ന് പ്രതിഭയായ അർജുൻ ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമാ ഗാനം ആലപിച്ചു.

കൂടാതെ കുട്ടികളുടെ മനോഹരമായ മലയാളത്തനിമയുള്ള സംഘഗാനവും അരങ്ങേറി.

ശില്പശാലയുടെ ഭാഗമായി വിദ്യാധരൻ മാസ്റ്റർ കുട്ടികളെ സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിച്ചു.

ടി.എസ്. ശ്രീദേവി സ്വാഗതവും ക്യാമ്പ് കോർഡിനേറ്റർ എക്സ്. ഷീബ നന്ദിയും പറഞ്ഞു.

കെ.ജി. കോർഡിനേറ്റർ ആർ. രശ്മി സന്നിഹിതയായിരുന്നു.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് എൻ. എസ്. എസ്.

ഇരിങ്ങാലക്കുട : ലോകത്തെ നടുക്കിയ ജമ്മു കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മുകുന്ദപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ അനുശോചന യോഗം ചേർന്നു.

ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു.

ജീവൻ നഷ്ടപ്പെട്ട 26 പേരുടെയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും യോഗം അഭിപ്രായപ്പെട്ടു.

ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ. രാമചന്ദ്രന്റെ ശവസംസ്കാര ചടങ്ങുകളിൽ യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ യൂണിയനെ പ്രതിനിധീകരിച്ച് നാളെ എറണാകുളം ഇടപ്പള്ളിയിൽ നടക്കുന്ന ചടങ്ങുകളിൽ സംബന്ധിക്കും.

കമ്മറ്റി അംഗങ്ങളായ രവീന്ദ്രൻ കണ്ണൂർ, വിജയൻ ചിറ്റേത്ത്, സുനിൽ കെ. മേനോൻ, എൻ. ഗോവിന്ദൻകുട്ടി, ആർ. ബാലകൃഷ്ണൻ, പി.ആർ. അജിത്കുമാർ, ബിന്ദു ജി. മേനോൻ, എ.ജി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതവും, എൻ എസ് എസ് ഇൻസ്പെക്ടർ ബി. രതീഷ് നന്ദിയും പറഞ്ഞു.

മാർപാപ്പക്ക് പ്രണാമം അർപ്പിച്ച് കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട : ഫ്രാൻസിസ് പാപ്പക്ക് കേരള കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി പ്രണാമം അർപ്പിച്ചു.

ചടങ്ങ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം ഭാരവാഹികളായ സേതുമാധവൻ, പി.ടി. ജോർജ്, മാഗി വിൻസെന്റ്, അഡ്വ.ഷൈനി ജോജോ,കെ.സതീഷ്, അജിത സദാനന്ദൻ, ഫിലിപ്പ് ഓളാട്ടുപുറം, ലാസർ കോച്ചേരി, ലിംസി ഡാർവിൻ, ലില്ലി തോമസ്, ശങ്കർ പഴയാറ്റിൽ, ബാബു ചേലേക്കാട്ടുപറമ്പിൽ,ജോസ് തട്ടിൽ, ഷക്കീർ മങ്കാട്ടിൽ, ആന്റോ ഐനിക്കൽ എന്നിവർ പ്രസംഗിച്ചു.

പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് മുരിയാട് മണ്ഡലം കോൺഗ്രസ്

ഇരിങ്ങാലക്കുട : ജമ്മുകാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു.

ദീപം തെളിയിച്ച് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജിത്ത് പട്ടത്ത്, സെക്രട്ടറിമാരായ വിബിൻ വെള്ളയത്ത്, ജോമി ജോൺ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുഷം സൈമൺ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ജോർജ്ജ്, പഞ്ചായത്തംഗം നിത അർജുനൻ, മുരളി മഠത്തിൽ, സദാനന്ദൻ കൊളത്താപ്പിള്ളി, ജിന്റോ ഇല്ലിക്കൽ, പ്രേമൻ കൂട്ടാല, ഗോപിനാഥ് കളത്തിങ്കൽ, മുരളി തറയിൽ, ഫിജില്‍ ജോൺ, സി.എസ്. അജീഷ്, യമുന ഷിജു, അഞ്ജു സുധീർ, വിലാസൻ തുമ്പരത്തി, ബാലചന്ദ്രൻ വടക്കൂട്ട് എന്നിവർ നേതൃത്വം നൽകി.

കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും പാസ്പോർട്ട് തിരികെ നൽകാതെ ഭീഷണിപ്പെടുത്തി : കൊടുങ്ങല്ലൂർ സ്വദേശിയായ ‘മാടത്ത ഷാനു’ പിടിയിൽ

ഇരിങ്ങാലക്കുട : കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും പാസ്പോർട്ട് തിരികെ നൽകാതെ ഭീഷണിപ്പെടുത്തിയ കേസിൽ കൊടുങ്ങല്ലൂർ ശൃംഗപുരം സ്വദേശിയായ പണിക്കശ്ശേരി വീട്ടിൽ ഷാനു, മാടത്ത ഷാനു എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്ന ഷനിലി(46)നെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.

കരൂപ്പടന്ന പള്ളിനട സ്വദേശിയായ സൈനബ തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സൈനബയുടെ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ ഇവരുടെ ഭർത്താവിന്റെ നിർദേശപ്രകാരം 2 ലക്ഷം രൂപ ഷനിലിനോട് കടമായി ആവശ്യപ്പെട്ടിരുന്നു. ഇതിൽ 16000 രൂപ മുൻകൂറായി പലിശ കുറച്ചതിന് ശേഷം സൈനബയുടെയും മകളുടെയും പാസ്പോർട്ടുകളും ഇവരുടെ രണ്ട് പേരുടെയും 4 ചെക്ക് ലീഫുകളും ഈടായി കൈപ്പറ്റിയതിന് ശേഷമാണ് ഷനിൽ 2024 സെപ്റ്റംബർ 9, 10 എന്നീ തിയ്യതികളിലായി 1,84,000 രൂപ നൽകിയത്.

തുടർന്ന് കടമായി വാങ്ങിയ പണത്തിൽ 2024 ഒക്ടോബർ 10 മുതൽ 2025 ഫെബ്രുവരി 18 വരെയുള്ള കാലയളവിൽ 1,64,000 ഷനിലിന് തിരികെ കൊടുത്ത ശേഷം സൈനബ വിദേശത്തേക്ക് ജോലിക്ക് പോകുന്നതിനായി പാസ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ നൽകാതിരിക്കുകയും ഒരു ലക്ഷം രൂപ കൂടി നൽകിയില്ലെങ്കിൽ സൈനബയുടെയും മകളുടെയും പാസ്പോർട്ട് തിരികെ നൽകില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

കേസിന്റെ അന്വേഷണം നടത്തി വരവെ ഷനിൽ ഒളിവിൽ പോയി. ഇതിനെതുടർന്ന് നേടിയ കോടതി ഉത്തരവ് പ്രകാരം ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ ഹാജരായ ഷനിലിനെ സബ് ഇൻസ്പെക്ടർ സി.എം. ക്ലീറ്റസ് അറസ്റ്റ് ചെയ്തു.

ഷനിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, കവർച്ച, അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങി 34 ക്രമിനൽ കേസുകളിലെ പ്രതിയും, കൂടാതെ 2007ൽ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ളയാളുമാണ്.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർമാരായ സി.എം. ക്ലീറ്റസ്, കെ.എ. സേവ്യർ, പ്രസന്നകുമാർ, അസി. ഇൻസ്പെക്ടർ കെ.വി. ഉമേഷ് എന്നിരാണ് അന്വേഷണ സംഘത്തിലുള്ളത്.

സ്വദേശി മിഷൻ കേന്ദ്ര കാര്യാലയം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : നാടിൻ്റെ പാരമ്പര്യങ്ങളേയും പൈതൃകങ്ങളേയും, വിസ്മൃതിയിലായ മഹദ് വ്യക്തികളെയും ചരിത്രങ്ങളെയും ലോകസമക്ഷം പുനരവതരിപ്പിക്കാനും വേണ്ടി കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിക്കുന്ന സ്വദേശി മിഷന്റെ കേന്ദ്രകാര്യാലയം വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് കല്ലേറ്റുംകരയിൽ ഉദ്ഘാടനം ചെയ്തു.

സ്വാശ്രയഭാരത സങ്കൽപം ഗ്രാമങ്ങളിൽ നിന്നാണ് ആരംഭിക്കേണ്ടതെന്ന് മഹാരാജ് സൂചിപ്പിച്ചു. അതിനു വേണ്ടി ജാതി മത രാഷ്ട്രീയ വർണ്ണ വർഗ്ഗ ഭേദങ്ങളില്ലാതെ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഭാരതം ലോകത്തിന് സമ്മാനിച്ച വിശ്വപ്രസിദ്ധ ഗണിത ജ്യോതിശാസ്ത്ര പ്രതിഭയായ സംഗമഗ്രാമ മാധവ ആചാര്യരെ കുറിച്ചുള്ള പഠന പ്രചരണങ്ങൾക്ക് കാര്യാലയത്തിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സ്വദേശി ജഗരണ മഞ്ച് സംസ്ഥാന സംയോജക് വർഗ്ഗീസ് തൊടുപറമ്പിൽ പറഞ്ഞു.

സ്വാമി രാമപ്രസദാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി.

വർഗ്ഗീസ് പന്തല്ലൂക്കാരൻ, ആചാര്യ വിനയകൃഷ്ണ, കെ.എ. ഫിറോസ് ഖാൻ, മാർട്ടിൻ പി. പോൾ, കെ.എഫ്. ജോസ്, സോമൻ ശാരദാലയം, ആന്റോ പുന്നേലിപറമ്പിൽ, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, ശശി ശാരദാലയം, പി.എൽ. ജോസ്, കുമാരൻ കൊട്ടാരത്തിൽ, ജോസ് കുഴിവേലി, കെ.വി. സുരേഷ് കൈതയിൽ, പോൾ കോട്ടപ്പടിക്കാരൻ, വിശ്വബ്രാഹ്മണ ആചാര്യ സമിതി അധ്യക്ഷൻ രാജേഷ് ആചാര്യ, ഹിമദാസ്, ജോസ് എന്നിവർ പ്രസംഗിച്ചു.

സ്വദേശി ജഗരണ മഞ്ച് തൃശൂർ ജില്ല സംയോജക് ഡോ. സണ്ണി ഫിലിപ്പ് സ്വാഗതവും, രേഖ വരമുദ്ര നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട – വെള്ളാങ്ങല്ലൂർ ബ്ലോക്ക് ക്ലസ്റ്റർതല “അരങ്ങ്” ഏപ്രിൽ 30നും മെയ് 2നും : സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : ഏപ്രിൽ 30, മെയ് 2 എന്നീ തിയ്യതികളിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിലും ചാത്തൻ മാസ്റ്റർ ഹാളിലുമായി നടത്തുന്ന ഇരിങ്ങാലക്കുട – വെള്ളാങ്ങല്ലൂർ ബ്ലോക്ക് ക്ലസ്റ്റർതല ”അരങ്ങ്” പരിപാടിയുടെ സംഘാടക സമിതി യോഗം അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഗജി കായംപുറത്ത്, ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന അരങ്ങിൽ 33 ഓൺസ്റ്റേജ് ഐറ്റങ്ങളിലും 11 ഓഫ് സ്റ്റേജ് ഐറ്റങ്ങളിലുമായി സിഡിഎസ് മത്സരാർത്ഥികൾ മാറ്റുരയ്ക്കും.

ചടങ്ങിൽ ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂർ ബ്ലോക്കുകളിലെ സിഡിഎസ് ചെയർപേഴ്സൺമാർ, സെക്രട്ടറിമാർ, അക്കൗണ്ടന്റുമാർ, കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥ പ്രതിനിധികൾ, കുടുംബശ്രീ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.