കേരള നല്ല ജീവന പ്രസ്ഥാനത്തിൻ്റെ സൈക്കിൾ യാത്രയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം

ഇരിങ്ങാലക്കുട : കഴിഞ്ഞ 18 വർഷമായി നടത്തി വരുന്ന കേരള നല്ല ജീവന പ്രസ്ഥാനത്തിൻ്റെ സൈക്കിൾ യാത്രയ്ക്ക് ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുര നടയിൽ സ്വീകരണം നൽകി.

സൈക്കിൾ യാത്രയുടെ പ്രാധാന്യത്തെ മുൻനിർത്തി സൈക്ലിംഗിലൂടെ ആരോഗ്യ സംരക്ഷണം എന്ന സന്ദേശം ലക്ഷ്യമിട്ടാണ് സൈക്കിൾ യാത്ര നടത്തുന്നത്.

ഈ സൈക്കിൾ യാത്രയോടനുബന്ധിച്ചു ഇരിങ്ങാലക്കുടയിൽ കാലങ്ങളായി സൈക്കിൾ ഉപയോഗിച്ച് യാത്ര ചെയ്യുന്ന പ്രമുഖ നാടക നടൻ മണികണ്ഠനെ ആർ എസ് എസ് ഖണ്ട് സംഘചാലക്‌ പ്രതാപവർമ രാജയും, ഉണ്ണിയെ കെ എസ് നായർ കാക്കരയും അനിയനെ സേവാഭാരതി എക്സിക്യൂട്ടീവ് അംഗവും റിട്ട എഞ്ചിനീയറുമായ രാധാകൃഷ്ണനും പൊന്നാടയണിയിച്ച് ആദരിച്ചു.

സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു ആശംസകൾ നേർന്നു.

സേവാഭാരതി സെക്രട്ടറി സായി റാം സ്വാഗതവും
നല്ല ജീവന പ്രസ്ഥാനത്തിന്റെ വക്താവായ വത്സ രാജ് നന്ദിയും പറഞ്ഞു.

സേവാഭാരതി വൈസ് പ്രസിഡന്റ്‌ ഗോപിനാഥ് പീടികപറമ്പിൽ, ട്രഷറർ രവീന്ദ്രൻ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ ജഗദീഷ് പണിക്കവീട്ടിൽ, രാധാകൃഷ്ണൻ, പി എസ് ജയശങ്കർ, വാനപ്രസ്ഥാശ്രമം സെക്രട്ടറി ഹരികുമാർ തളിയക്കാട്ടിൽ, കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.

യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേർന്ന് അവർക്കു വേണ്ടുന്ന ഭക്ഷണവും നൽകിയാണ് സൈക്കിൾ യാത്രക്കാരെ ഇരിങ്ങാലക്കുടയിൽ നിന്ന് യാത്രയാക്കിയത്.

എടതിരിഞ്ഞി – കാട്ടൂർ റോഡിൽ ശനിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട : കാട്ടൂർ പഞ്ചായത്തിന് മുൻപിലുള്ള കൽവെർട്ടിൻ്റെ നിർമ്മാണം ശനിയാഴ്ച (11/01/2025) മുതൽ ആരംഭിക്കുന്നതിനാൽ നാളെ മുതൽ നിർമ്മാണം അവസാനിക്കുന്നതുവരെ ഇരിങ്ങാലക്കുടയിൽ നിന്ന് എടതിരിഞ്ഞി – കാട്ടൂർ റോഡിലൂടെയുള്ള വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

മലിനജലം പൊതു കാനയിലേക്ക് ഒഴുക്കി : ബസ് സ്റ്റാൻഡ് പരിസരത്തെ മോക്കേ കഫേ പാർലറിന് 25000 രൂപ പിഴ ഈടാക്കി ആരോഗ്യ വകുപ്പ്

ഇരിങ്ങാലക്കുട : പൊറത്തൂച്ചിറയിലേക്ക് മാലിന്യം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ആരോഗ്യ വിഭാഗം ദിവസങ്ങളായി നടത്തി വരുന്ന വ്യാപാര സ്ഥാപനങ്ങളുടെ മലിനജല സംസ്കരണ സംവിധാന പരിശോധനയിൽ, ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന “മോക്കേ കഫെ” എന്ന കഫേ പാർലറിൽ നിന്നും പൊതുകാനയിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായി കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപന ഉടമയായ മതിലകം പുഴങ്കര ഇല്ലത്ത് അബ്ദുൽ ജബ്ബാറിന് 25000 രൂപ പിഴ ചുമത്തി ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി.

ഇരിങ്ങാലക്കുട നഗരസഭ ക്ലീൻ സിറ്റി മാനേജർ എസ് ബേബിയുടെ നേതൃത്വത്തിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ടി അനൂപ് കുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എൻ എച്ച് നജ്മ എന്നിവർ അടങ്ങിയ സ്ക്വാഡ് ആണ് പരിശോധന നടത്തിയത്.

അരിപ്പാലം സേക്രട്ട് ഹാർട്ട് കോൺവെന്റിന്റെയും വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും സുവർണ്ണ ജൂബിലി ആഘോഷം

ഇരിങ്ങാലക്കുട : അരിപ്പാലം സേക്രട്ട് ഹാർട്ട് കോൺവെന്റിന്റെയും, വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും സുവർണ്ണ ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു.

സുവർണ്ണ ജൂബിലിയുടെ കൃതജ്ഞതാബലിക്ക് കോട്ടപ്പുറം രൂപത മെത്രാൻ റൈറ്റ് റവ ഡോ അംബ്രോസ് പുത്തൻവീട്ടിൽ നേതൃത്വം നൽകി.

രൂപതാ ചാൻസലർ ഷാബു കുന്നത്തൂർ, ഫ്രാൻസിസ് കൈതത്തറ, ബേസിൽ പാദുവ, ഡയസ് വലിയമരത്തിങ്കൽ, ബിജു സേവ്യർ, ജോൺസൺ മനാടൻ, ജോൺ തോട്ടപ്പിള്ളി, സെബി കാഞ്ഞിലശ്ശേരി, ടോണി ഫിലിപ്പ് പിൻഹീരോ, അജയ് കൈതത്തറ എന്നിവർ സഹകാർമ്മികരായി.

സുവർണ്ണം അവിസ്മരണീയമാക്കി ഗുരുകുലത്തിലെ ആശാനും ശിഷ്യരും ചേർന്നൊരുക്കിയ സുഭദ്രാധനഞ്ജയം കൂടിയാട്ടം

ഇരിങ്ങാലക്കുട : ഗുരുകുലത്തിലെ പ്രധാന വേഷാദ്ധ്യാപകനായ സൂരജ് നമ്പ്യാർ വിദൂഷക കഥാപാത്രമായ കൗണ്ഡിന്യനായും, ശിഷ്യനായ ഗുരുകുലം തരുൺ അർജ്ജുനനായും, ശിഷ്യയും മരുമകളുമായ ഗുരുകുലം അതുല്യ സുഭദ്രയായും വേഷമിട്ട് സുഭദ്രാധനഞ്ജയം കൂടിയാട്ടം ഒന്നാം ദിവസം അരങ്ങത്തവരിച്ചപ്പോൾ ആസ്വാദകർക്കത് ഏറെ പുതുമയായി.

മാധവനാട്യഭൂമിയിൽ നടന്നുവരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായാണ് സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറിയത്.

ഇരിങ്ങാലക്കുട ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ ഗുരുകുലവുമായി സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘സുവർണ്ണം’ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരമ്പരയുടെ പന്ത്രണ്ടാം ദിനത്തിലാണ് ഈ അവതരണം.

നേരത്തെ കൂടിയാട്ട കലാകാരി സരിത കൃഷ്ണകുമാറിൻ്റെ ശിഷ്യയായ ഗുരുകുലം മിച്ചികോ ഓനോ ‘കംസജനനം’ നങ്ങ്യാർകൂത്തവതരിപ്പിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചു.

മിഴാവിൽ കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം അഭിഷേക്, ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ സരിത കൃഷ്ണകുമാർ, ഗുരുകുലം അതുല്യ, ഗുരുകുലം അക്ഷര, ഗുരുകുലം ഋതു, ഗുരുകുലം വിഷ്ണുപ്രിയ, എന്നിവർ ചേർന്ന് പശ്ചാത്തലമേളമൊരുക്കി. കലാനിലയം ഹരിദാസ് ചമയമൊരുക്കി.

”ദമയന്തിയുടെ പാത്രപരിചരണം നളോപാഖ്യാനത്തിലും, നളചരിതത്തിലും” എന്ന വിഷയത്തെ അധികരിച്ച് രാജവാസുദേവ് വർമ്മ പ്രഭാഷണം നടത്തി.

”സംഗമഗ്രാമത്തിൻ്റെ സാംസ്കാരിക ഭൂമിക – അക്ഷരശ്ലോകവും കാവ്യചിന്തകളും” എന്ന വിഷയത്തിൽ ഡോ വിനീത ജയകൃഷ്ണൻ പ്രബന്ധം അവതരിപ്പിച്ചു.

കെ കെ ടി എം കോളെജിൽ ബിരുദദാന സമ്മേളനവുംകിര്‍ഫ് റാങ്ക് – വിജയാഘോഷവും

ഇരിങ്ങാലക്കുട : പുല്ലൂറ്റ് കെ കെ ടി എം ഗവ കോളെജിൻ്റെ ബിരുദദാന സമ്മേളനവും കിർഫ് റാങ്ക് നേട്ടത്തിൻ്റെ ആഘോഷവും മെറിറ്റ് ഡേയും മുസിരിസ് കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ചു.

കേരള കലാമണ്ഡലം മുൻ വൈസ് ചാൻസിലർ ഡോ ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു.

ബിരുദം നിങ്ങളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റണമെന്നും വിദ്യ കൊണ്ട് സ്വതന്ത്രരാവണമെന്നും മനുഷ്യത്വമുള്ള മനുഷ്യരായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അദ്ദേഹം ബിരുദം സമ്മാനിച്ചു.

കോളെജ് പ്രിൻസിപ്പൽ പ്രൊഫ ഡോ ടി കെ ബിന്ദു ശർമിള അധ്യക്ഷത വഹിച്ചു.

ബിരുദദാന സമ്മേളനത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ ഇ എസ് മാഗി ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വൈസ് പ്രിൻസിപ്പൽ ഡോ ജി ഉഷാകുമാരി, ഐ ക്യു എ സി മെമ്പർ ഡോ കൃഷ്ണകുമാർ, കോളെജ് ചെയർമാൻ എം സി ഋഷികേശ് ബാബു, പി ടി എ വൈസ് പ്രസിഡന്റ് എം ആർ സുനിൽ ദത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

പി ടി എ സെക്രട്ടറി ഡോ എസ് വിനയശ്രീ സ്വാഗതവും ആർ രാഗ നന്ദിയും പറഞ്ഞു.

ഏകദിന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും ജില്ലയിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും സംയുക്തമായി ന്യൂനപക്ഷ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെയും ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർഥികൾക്കായി ഏകദിന കരിയർ ഗൈഡൻസ് ക്യാമ്പ് (ട്യൂണിംഗ്) പാസ് വേഡ്‌ ബോയ്സ് സ്കൂളിൽ സംഘടിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

സി സി എം വൈ പ്രിൻസിപ്പൽ ഡോ കെ കെ സുലേഖ പദ്ധതി വിശദീകരിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ ജിഷ ജോബി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ തൃശ്ശൂർ കളക്ടറേറ്റ് സൂപ്രണ്ട് ജ്യോതിലക്ഷ്മി, പിടിഎ പ്രസിഡന്റ് വി ഭക്തവത്സലൻ, എസ് എം സി ചെയർമാൻ അഹമ്മദ് ഫസലുള്ള, ഗവ ഗേൾസ് സ്കൂൾ പ്രിൻസിപ്പൽ ബിന്ദു പി ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രിൻസിപ്പൽ എം കെ മുരളി സ്വാഗതവും സ്കൂൾ തല കോർഡിനേറ്റർ നിഷി ബഷീർ നന്ദിയും പറഞ്ഞു.

നയനയ്ക്ക് അടച്ചുറപ്പുള്ള വീട് ഒരുക്കും : സുരേഷ് ഗോപി

ഇരിങ്ങാലക്കുട : സംസ്ഥാന കലോത്സവത്തിൽ മിമിക്രിയിൽ ”എ” ഗ്രേഡ് നേടിയ മുരിയാട് തറയിലക്കാട് നയന മണികണ്ഠന് വീട് നിർമ്മിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി അറിയിച്ചു.

ടാർപോളിൻ മേഞ്ഞ് അപകടാവസ്ഥയിൽ നിൽക്കുന്ന വീട്ടിൽ നിന്ന് അടച്ചുറപ്പുള്ള വീടെന്ന നയനയുടെ സ്വപ്നം ഇതോടെ യാഥാർത്ഥ്യമാകും.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ കെ അനീഷ് കുമാർ നയനയുടെ വീട്ടിലെത്തി ഈ വിവരം നേരിൽ അറിയിക്കുകയും നയനയെ സുരേഷ്ഗോപി കൊടുത്തയച്ച ഷാൾ അണിയിച്ച് ആദരിക്കുകയും ചെയ്തു.

സുഖമില്ലാതിരിക്കുന്ന അദ്ദേഹം തത്സമയം വീഡിയോ കോളിൽ കുടുംബവുമായി സംസാരിച്ചു.

ജില്ലാ സെക്രട്ടറി എൻ ആർ റോഷൻ, ജില്ലാ വൈസ് പ്രസിഡന്റ് കവിത ബിജു, ഇരിങ്ങാലക്കുട- ആളൂർ പ്രസിഡൻ്റുമാരായ കൃപേഷ് ചെമ്മണ്ട, പി എസ് സുബീഷ്, ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, സെക്രട്ടറി കെ ആർ രഞ്ജിത്ത്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് അനീഷ്, മണ്ഡലം ഭാരവാഹികളായ രമേഷ് അയ്യർ, ആർച്ച അനീഷ്, ബിജെപി ജില്ലാ കമ്മറ്റിയംഗം അഖിലാഷ് വിശ്വനാഥൻ, യുവമോർച്ച ജില്ലാ സെക്രട്ടറി അജീഷ് പൈക്കാട്ട്, ബൂത്ത് പ്രസിഡന്റ് സന്തോഷ് തറയിക്കോട്, ഉണ്ണികൃഷ്ണൻ, സരീഷ് കാര്യങ്ങാട്ടിൽ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ക്യാമറയും വൈദ്യുതിക്കാലുകളും കാടുകയറി : റോഡരികില്‍ മാലിന്യം തള്ളുന്നത് വർധിച്ചതായി പരാതി

ഇരിങ്ങാലക്കുട : റോഡരികില്‍ മാലിന്യം തള്ളുന്നവരെ കുടുക്കാന്‍ വച്ച ക്യാമറയും വൈദ്യുതിക്കാലുകളും കാടുകയറിയതോടെ മാലിന്യം തള്ളുന്നത് വര്‍ധിച്ചതായി പ്രദേശവാസികള്‍.

എടതിരിഞ്ഞി ചെട്ടിയാല്‍ – കാട്ടൂര്‍ തേക്കുമൂല റോഡില്‍ കോതറ കെ എല്‍ ഡി സി കനാല്‍ പാലത്തിനു സമീപമാണ് റോഡിന്‍റെ വശങ്ങളിലും വൈദ്യുതിക്കാലിലും അവിടെയുള്ള ക്യാമറയിലുമെല്ലാം കാടുകയറിയിരിക്കുന്നത്.

ഈ പ്രദേശത്ത് റോഡിന്‍റെ പടിഞ്ഞാറുഭാഗത്ത് അനധികൃത പാര്‍ക്കിംഗ് വര്‍ധിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു.

ഈ ക്യാമറയുടെ സമീപത്താണ് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുകയും മാലിന്യങ്ങള്‍ കൊണ്ടിടുകയും ചെയ്യുന്നത്.

കക്കൂസ് മാലിന്യവും കോഴി അവശിഷ്ടങ്ങളും ആശുപത്രി മാലിന്യങ്ങളും തള്ളുന്നതു സംബന്ധിച്ച് പലതവണ പരാതി നല്‍കിയിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

വൈദ്യുതി തകരാര്‍ ഒഴിവാക്കുന്നതിനുള്ള മുന്നൊരുക്കമെന്ന നിലയില്‍ നടത്തുന്ന ലൈനിലെ ടച്ച് നീക്കല്‍ ജോലികള്‍ ലക്ഷ്യം കാണുന്നില്ലെന്നുള്ള പരാതിയും ഇതോടെ ശക്തമായി.

നിര്യാതനായി

പങ്കജാക്ഷൻ നായർ

ഇരിങ്ങാലക്കുട : മാള ഐരാണിക്കുളം തോട്ടോത്ത് പങ്കജാക്ഷൻ നായർ (77) നിര്യാതനായി.

സംസ്ക്കാരം ഡിസംബർ 9 (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് കൊരട്ടി ശ്മശാനത്തിൽ.

ഭാര്യ : പുതിയേടത്ത് വിജയകുമാരി

മക്കൾ : മനോജ്,  അശ്വതി

മരുമക്കൾ : ബാബു,  ഗ്രീഷ്മ