കാറളത്ത് കറവ പശുക്കൾക്ക് കാലിത്തീറ്റ സബ്സിഡിയുമായി പഞ്ചായത്ത്

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ ”കറവ പശുക്കൾക്ക് കാലിത്തീറ്റ സബ്‌സിഡി” പദ്ധതി താണിശ്ശേരി ക്ഷീരസംഘത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര അധ്യക്ഷത വഹിച്ചു.

മെമ്പർമാരായ രജനി നന്ദകുമാർ, സീമ കെ നായർ എന്നിവർ ആശംസകൾ നേർന്നു.

ക്ഷീര വികസന വകുപ്പ് ഗുണനിയന്ത്രണ ഓഫീസർ പി എം രാധിക പാൽ ഗുണമേന്മയെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ഡയറി ഫാം ഇൻസ്‌ട്രക്ടർ പദ്ധതി വിശദീകരികരിക്കുകയും ചെയ്തു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യു വി അമ്പിളി സ്വാഗതവും താണിശ്ശേരി ക്ഷീരസംഘം പ്രസിഡന്റ് എൻ എൽ വർഗീസ് നന്ദിയും പറഞ്ഞു.

താണിശ്ശേരി, പുല്ലത്തറ, കാറളം ക്ഷീരസംഘം പ്രതിനിധികളും ക്ഷീര കർഷകരും ചടങ്ങിൽ പങ്കെടുത്തു.

നിര്യാതയായി

സ്മിത

ഇരിങ്ങാലക്കുട : കോലോത്തുംപടി പി ആർ മൂല പാറക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ ഭാര്യ സ്മിത (45) നിര്യാതയായി.

സംസ്കാരം ജനുവരി 24 (വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് വാതക ശ്മശാനത്തിൽ.

മക്കൾ : ദേവിക, ദേവാത്മിക

പശ്ചാത്തല മേഖലക്ക് ഊന്നൽ നൽകി മുരിയാട് പഞ്ചായത്തിൻ്റെ വികസന സെമിനാർ

ഇരിങ്ങാലക്കുട : അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വികസന പ്രക്രിയ രൂപപ്പെടുത്തുന്നതിനായി മുരിയാട് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു.

പശ്ചാത്തല മേഖലയ്ക്കും കുടിവെള്ള മേഖലയ്ക്കും വിദ്യാഭ്യാസ കാർഷിക മേഖലയ്ക്കും മുൻഗണന കൊടുത്തു കൊണ്ടുള്ള വികസന രേഖയാണ് അവതരിപ്പിക്കപ്പെട്ടത്.

വികസന സെമിനാറിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

വികസന കാര്യസമിതി ചെയർമാൻ കെ പി പ്രശാന്ത് വികസന രേഖ അവതരിപ്പിച്ചു.

ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, എ എസ് സുനിൽ കുമാർ, നിജി വത്സൻ, കെ വൃന്ദകുമാരി, ജിനി സതീശൻ, നിഖിത അനൂപ്, സേവ്യർ ആളൂക്കാരൻ, റോസ്മി ജയേഷ്, മണി സജയൻ, നിത അർജ്ജുനൻ, കുടുംബശ്രീ ചെയർപേഴ്സൺ സുനിത രവി തുടങ്ങിയവർ പ്രസംഗിച്ചു.

ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ സരിത സുരേഷ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ പി ജസീന്ത നന്ദിയും പറഞ്ഞു.

കരൂപ്പടന്ന – വെള്ളൂർ റോഡിന്റെ ശോചനീയാവസ്ഥ : പ്രതിഷേധ സമരവുമായി യൂത്ത് കോൺഗ്രസ്

ഇരിങ്ങാലക്കുട : കരൂപ്പടന്ന – വെള്ളൂർ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് വെള്ളാങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തി.

10 വർഷം മുമ്പ് യുഡിഎഫ് ഭരിക്കുന്ന കാലഘട്ടത്തിൽ നല്ല ഭംഗിയിൽ ടാർ വർക്ക് ചെയ്ത് നവീകരിച്ച കരൂപ്പടന്ന വെള്ളൂർ റോഡ് ഇപ്പോൾ തകർന്ന അവസ്ഥയിലാണ്.

പ്രദേശവാസികൾ ഗതാഗത ദുരിതത്തിൽ ആകുമ്പോഴും മെയിൻ്റനൻസിന് തയ്യാറാകാതെ വെള്ളാങ്ങല്ലൂർ പഞ്ചായത്തും ജില്ലാ പഞ്ചായത്തും നോക്കുകുത്തിയായി നിന്നുകൊണ്ട് ജനങ്ങളെ പറ്റിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പരിപാടിയുമായി 50 ലക്ഷം രൂപ റോഡിന് പാസായി എന്ന് പറഞ്ഞ് ഫ്ലക്സ് വെക്കുകയും പാസാക്കിയ ഉത്തരവിനെ കുറിച്ച് ചോദ്യം വന്നപ്പോൾ ഫ്ലക്സ് എടുത്തു മാറ്റുകയും പിന്നീടും 10 ലക്ഷം രൂപ പാസാക്കി എന്ന് പറഞ്ഞ് ഫ്ലക്സ് വച്ചെങ്കിലും പിന്നീട് അതും എടുത്തു മാറ്റി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

റോഡ് പഞ്ചാരയോഗ്യമാകും വരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാനാണ് വെള്ളാങ്ങല്ലൂർ മണ്ഡലം യൂത്ത് കോൺഗ്രസിൻ്റെ തീരുമാനം.

യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ മഹേഷ്‌ ആലിങ്ങൽ അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ്‌ ഹക്കീം ഇക്കുബാൽ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ മുസമ്മിൽ, ഇ വി സജീവ്, എം എച്ച് ബഷീർ, ധർമജൻ വില്ലേടത്ത്, ജോബി, റിയാസ് വെളുത്തേരി, അബ്ദുൽ അസീസ്, അനസ്, അൻസിൽ, സുഹൈൽ എന്നിവർ പ്രസംഗിച്ചു.

കിണറ്റിൽ വീണ പശുക്കുട്ടിയെ അഗ്നിശമനസേന രക്ഷിച്ചു

ഇരിങ്ങാലക്കുട : ഊരകത്ത് വീട്ടുപറമ്പിലെ കിണറ്റിൽ വീണ പശുക്കുട്ടിയെ അഗ്നിശമന സേനയെത്തി രക്ഷിച്ചു.

പൊഴോലിപറമ്പിൽ ലിബിൻ ജോസിന്റെ വെച്ചൂർ ഇനത്തിൽപെട്ട ഒരു മാസം പ്രായമുള്ള പശുക്കിടാവാണ്‌ കിണറ്റിൽ വീണത്.

ഇരിങ്ങാലക്കുടയിൽ നിന്നെത്തിയ അഗ്നിശമന സേന കിണറ്റിലിറങ്ങി പശുക്കിടാവിനെ പുറത്തേക്കെടുക്കുകയായിരുന്നു.

സീനിയർ ഫയർ ഓഫീസർ എം എസ് നിഷാദ്, ഓഫീസർമാരായ മഹേഷ്, എം എച്ച് അനീഷ്, ശ്രീജിത്ത്, ദിലീപ്, ജയ്‌ജോ, ലൈജു എന്നിവർ സംഘത്തിലുണ്ടായിരുന്നു.

നിര്യാതയായി

ബേബി

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി മഞ്ഞളി മാന്ത്ര ജോസഫ് ഭാര്യ ബേബി (78) നിര്യാതയായി.

സംസ്കാരകർമ്മം ജനുവരി 23 (വ്യാഴാഴ്ച) വൈകിട്ട് 4 മണിക്ക് ഇരിങ്ങാലക്കുട വെസ്റ്റ് ഔർ ലേഡി ഓഫ് ഡോളേർസ് ദേവാലയ സെമിത്തേരിയിൽ.

മക്കൾ : ഷാജി, ജോജി

മരുമക്കൾ : ഐറിൻ, ബിൻസി

ഹജ്ജ് യാത്ര നിരക്ക്ഏകീകരിക്കണം : എം ഇ എസ്

ഇരിങ്ങാലക്കുട : കരിപ്പൂർ എയർപോർട്ടിൽ നിന്നുള്ള ഹാജിമാരുടെ യാത്രാ നിരക്ക്, കൊച്ചി, കണ്ണൂർ എയർപോർട്ടിൽ നിന്നുള്ള നിരക്ക് പോലെ ആക്കണമെന്ന് എം ഇ എസ് മുകുന്ദപുരം താലൂക്ക് പൊതുയോഗം ആവശ്യപ്പെട്ടു.

കരിപ്പൂർ ഹജ്ജ്
എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള അമിതമായ വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിൽ എയർ ഇന്ത്യ ഉടൻ തീരുമാനം എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന സമിതി അംഗം സലിം അറക്കൽ യോഗം ഉദ്ഘാടനം ചെയ്തു.

ജില്ല എക്സിക്യൂട്ടീവ് മെമ്പർ അയൂബ് കരൂപ്പടന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

താലൂക്ക് പ്രസിഡന്റ്‌ ബഷീർ തോപ്പിൽ അധ്യക്ഷത വഹിച്ചു.

മുഹമ്മദ്‌ അലി മാതിരപ്പള്ളി, ഹുസൈൻ ഹാജി, മജീദ് ഇടപ്പുള്ളി, അബ്ദുൾ ഹാജി, അൽ അറഫ അബൂബക്കർ, സി കെ ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

താലൂക്ക് കമ്മിറ്റി പുതിയ ഭാരവാഹികളായി
ബഷീർ തോപ്പിൽ (പ്രസിഡന്റ്‌), എ ബി സിയാവുദ്ദീൻ (വൈസ് പ്രസിഡന്റ്‌), എം എം അബ്ദുൾ നിസാർ (സെക്രട്ടറി), ബാബു സുരാജ് (ജോയിന്റ് സെക്രട്ടറി), സി കെ അബ്ദുൾ സലാം (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

അബ്ദുൾ നിസാർ സ്വാഗതവും, സി കെ അബ്ദുൾ സലാം നന്ദിയും പറഞ്ഞു.

നിര്യാതയായി

റോസ

ഇരിങ്ങാലക്കുട : പയ്യപ്പിള്ളി തൊടുപറമ്പിൽ പരേതനായ കൊച്ചപ്പൻ ഭാര്യ റോസ (94) നിര്യാതയായി.

സംസ്കാരം വ്യാഴാഴ്ച (ജനുവരി 23) ഉച്ചതിരിഞ്ഞ് 4 മണിക്ക് വല്ലക്കുന്ന് സെന്റ് അൽഫോൻസ ദൈവാലയത്തിലെ ശുശ്രൂഷകൾക്കു ശേഷം കല്ലേറ്റുംകര ഉണ്ണിമിശിഹാ ദൈവാലയ സെമിത്തേരിയിൽ.

മക്കൾ : മേരി, ആനി, സിസിലി, വർഗീസ്, ജോണി, ഡേവീസ്, അല്ലി, ഷീല, പോളി

മരുമക്കൾ : ദേവസ്സി, പരേതനായ തോമസ്, പരേതനായ ജോസ്, ഷീല, ലാലി, ജിജി, ജോസ്, ജോസ്, സീമ

അവധികാല ഉല്ലാസ യാത്രകളുമായി ഇരിങ്ങാലക്കുട കെ എസ് ആര്‍ ടി സി

ഇരിങ്ങാലക്കുട : ബസ്സുകളുടേയും ജീവനക്കാരുടെയും കുറവു മൂലം നിര്‍ത്തി വെച്ചിരുന്ന അവധിക്കാല ഉല്ലാസയാത്രകള്‍ വീണ്ടും ആരംഭിക്കാൻ ഇരിങ്ങാലക്കുട കെ എസ് ആർ ടി സി.

രണ്ടു ദിവസത്തെ വയനാട് യാത്രയടക്കം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നിരവധി യാത്രകളാണ് നിശ്ചയിച്ചിരിക്കുന്നത്.

പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പൊതു അവധി ദിവസങ്ങളിലാണ് ഉല്ലാസയാത്രകള്‍.

തിരുവൈരാണിക്കുളം ഒരാള്‍ക്ക് 350 രൂപയും നെല്ലിയാമ്പതിക്ക് 660 രൂപ, സൈന്റ് വാലിയിലേക്ക് 1720 രൂപ, ഗവിയിലേക്ക് 2350 രൂപ, മാമലക്കണ്ടം, മൂന്നാര്‍ ജംഗിള്‍ സഫാരിക്ക് 1020 രൂപ, മലക്കപ്പാറയിലേക്ക് 570 രൂപ,മാംഗോ മെഡോസിലേക്ക് 1610 രൂപ, മറയൂര്‍, കാന്തല്ലൂര്‍ എന്നിവിടങ്ങളിലേക്ക് 1410 രൂപ, വയനാട് 2 ദിവസത്തെ യാത്രയ്ക്ക് 3340 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

വയനാട് പാക്കേജില്‍ രാത്രിയില്‍ സ്റ്റേ സൗകര്യം, ഭക്ഷണം എന്നിവയടക്കമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡോര്‍മെട്രി സംവിധാനം അല്ലെങ്കില്‍ ബസ്സിലുള്ള സ്‌റ്റേ എന്നിവയാണ് നല്‍കുന്നത്.

ഹോട്ടല്‍ വേണ്ടവര്‍ സ്വന്തം ചെലവില്‍ റൂമെടുക്കേണ്ടി വരും.

ഫെബ്രുവരി 5ന് മാംഗോമെഡോസിലേക്കും, 23ന് പുലര്‍ച്ചെ 3.30ന് സൈലന്റ്‌വാലി, 25 പുലര്‍ച്ചെ 2ന് ഗവി, ഫെബ്രുവരി 1, 8, 15, 28 തിയ്യതികളില്‍ രാവിലെ 5.30ന് മാമലക്കണ്ടം, മൂന്നാര്‍ ജംഗിള്‍ സഫാരി, 9നും 23നും രാവിലെ 6.30ന് മലക്കപ്പാറ, 2നും 16നും രാവിലെ 6.30ന് നെല്ലിയാമ്പതി, 16ന് രാവിലെ 5 മണിക്ക് മാംഗോമെഡോസ്, 26ന് രാവിലെ 5 മണിക്ക് മറയൂര്‍ കാന്തല്ലൂര്‍, 22ന് പുലര്‍ച്ചെ 2 മണിക്ക് ഗവി എന്നിങ്ങനെയാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. 5 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഫുള്‍ ടിക്കറ്റ് വേണം.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 0480 2823990, 9633979681 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കി

ഇരിങ്ങാലക്കുട : അദ്ധ്യാപക സർവ്വീസ് സംഘടന സമര സമിതിയുടെ നേതൃത്വത്തിൽ മേഖലയിലെ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കി.

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,
ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ്‌ പണിമുടക്ക് നടത്തിയത്.

പണിമുടക്കിയ ജീവനക്കാർ ഇരിങ്ങാലക്കുട സിവിൽസ്റ്റേഷന് മുന്നിൽ പ്രകടനവും പൊതുയോഗവും നടത്തി.

കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ താലൂക്ക് സെക്രട്ടറി ഡോ എം ജി സജേഷ് അധ്യക്ഷത വഹിച്ചു.

ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എ എം നൗഷാദ്
ഉദ്ഘാടനം ചെയ്തു.

എ കെ എസ് ടി യു ജില്ലാ സെക്രട്ടറി സി വി സ്വപ്ന,
ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം ജി പ്രസീത, എസ് ഭാനുശാലിനി, പി കെ ഉണ്ണികൃഷ്ണൻ, പി ബി മനോജ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

പ്രകടനത്തിന് ജി കണ്ണൻ, സി വി സവിത, ഇ എ ആശ, എം ആർ രാജിമോൾ, ഡോ കിരൺമേനോൻ എന്നിവർ നേതൃത്വം നൽകി.

എം കെ ഉണ്ണി സ്വാഗതവും ഇ ജി റാണി നന്ദിയും പറഞ്ഞു.