ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ സംഘടിപ്പിച്ച അഡ്വ. കെ.ആർ. തമ്പാൻ മെമ്മോറിയൽ ഇൻ്റർ കേരള ബാർ അസോസിയേഷൻ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് മാപ്രാണം കിക്ക്ഷാക്ക് സ്പോർട്സ് അരീനയിൽ സംഘടിപ്പിച്ചു.
ടൂർണമെന്റ് ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് & ജില്ലാ ജഡ്ജ് എൻ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
രണ്ട് ഗ്രൂപ്പുകളിലായി നാല് ടീമുകൾ വീതം കേരളത്തിലെ വിവിധ ബാർ അസോസിയേഷനുകളിൽ നിന്നായി 8 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ
12 ഗ്രൂപ്പ് മത്സരങ്ങളും സെമി ഫൈനൽ ലൂസേഴ്സ് ഫൈനൽ ഫൈനൽ അടക്കം ആകെ 16 മത്സരങ്ങൾക്കാണ് ഇരിങ്ങാലക്കുട സാക്ഷിയായത്.
കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഐസിഎൽ ഫിൻകോർപ്പ് സിഎംഡി അഡ്വ. കെ.ജി. അനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി.
ജുഡീഷ്യൽ ഓഫീസേഴ്സ്, അഭിഭാഷകർ, രാഷ്ട്രീയ പ്രമുഖർ, അഡ്വക്കേറ്റ് ക്ലർക്കുമാർ, പൊതുജനങ്ങൾ എന്നിവരുടെ മികച്ച പങ്കാളിത്തം കൊണ്ട് ടൂർണമെന്റ് ശ്രദ്ധേയമായി.
വാശിയേറിയ പോരാട്ടത്തിൽ തലശ്ശേരി ബാർ അസോസിയേഷൻ ടീം ഒന്നാം സമ്മാനമായ അഡ്വ. കെ.ആർ. തമ്പാൻ മെമ്മോറിയൽ ട്രോഫിയും 25000 രൂപയും കരസ്ഥമാക്കി.
രണ്ടാം സമ്മാനമായ അഡ്വ. ഇ.ബി. സുരേഷ്ബാബു മെമ്മോറിയൽ ട്രോഫിയും 20000 രൂപയും പെരിന്തൽമണ്ണ ബാർ അസോസിയേഷൻ ടീമും മൂന്നാം സമ്മാനമായ അഡ്വ. എം.സി. ചന്ദ്രഹാസൻ മെമ്മോറിയൽ ട്രോഫിയും 15,000 രൂപയും മൂവാറ്റുപുഴ ബാർ അസോസിയേഷൻ ടീമും കരസ്ഥമാക്കി.
ടൂർണമെന്റിലെ ഫെയർ പ്ലേ അവാർഡ് പെരിന്തൽമണ്ണ ബാർ അസോസിയേഷന് ലഭിച്ചു.













