മാർ ജെയിംസ് പഴയാറ്റിൽ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് : നാലാം ദിനത്തിൽ യൂണിവേഴ്സൽ ബിൽഡേഴ്സ് ഇടപ്പള്ളി ജേതാക്കൾ

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ നാലാം ദിനം ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ.ജോയ് പിണിക്ക പറമ്പിൽ ഉദ്ഘാടനം ചെയ്തു.

എ.കെ.സി.സി. വൈസ് പ്രസിഡന്റ് ഷാജു കണ്ടം കുളത്തി അധ്യക്ഷത വഹിച്ചു.

മുൻ മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു.

പ്രശസ്ത ഫുട്ബോളർ ഇരിങ്ങാലക്കുട സ്വദേശി എ.ടി. വർഗീസിനെ ചടങ്ങിൽ ആദരിച്ചു.

മുനിസിപ്പൽ പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാർ, എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ, ജനറൽ കൺവീനർ രഞ്ചി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, ജോയിന്റ് കൺവീനർമാരായ ഷാജു പാറേക്കാടൻ, അഡ്വ. ഹോബി ജോളി, വർഗീസ് ജോൺ എന്നിവർ പ്രസംഗിച്ചു.

നാലാം ദിന മൽസരത്തിൽ യൂണിവേഴ്സൽ ബിൽഡേഴ്സ് ഇടപ്പള്ളി സോക്കർ സെവൻസ് ആലുവയെ ഒന്നിനെ തിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി.

മുൻ പ്രസിഡന്റ് വിൻസൻ കോമ്പാറക്കാരൻ സ്വാഗതവും ടീം കോർഡിനേറ്റർ ജോസ് മാമ്പിള്ളി നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്കാണ് മൽസരങ്ങൾ നടക്കുന്നത്. 22 ന് ഞായാറാഴ്ച നടക്കുന്ന ഫൈനൽ മൽസരത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു സമ്മാനദാനം നിർവ്വഹിക്കും.

ഇന്ന് (വ്യാഴാഴ്ച) മുതൽ സെമി മൽസരങ്ങൾ ആരംഭിക്കും. ആദ്യ സെമി കാളിദാസ എഫ്. സി. തൃശൂരും ഓർബിറ്റ് പഞ്ചവടി ടീംസ് മലപ്പുറവും തമ്മിലായിരിക്കും.

ആറാട്ടുപുഴ ക്ഷേത്രത്തിൽ കളഭാഭിഷേകം 20ന് ; ഉദയാസ്തമന പൂജ 21ന്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ പൂരത്തിന് മുമ്പുള്ള കളഭാഭിഷേകം മാർച്ച് 20 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കും.

ചന്ദനം, ഗോരോചനം, കുങ്കുമപ്പൂവ്, പച്ചകർപ്പൂരം, പനിനീർ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന്  കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്.

സപരിവാര പൂജയായാണ് കളഭപൂജ നടത്തുന്നത്.

ഉരുളിയിൽ തയ്യാറാക്കിവച്ചിരിക്കുന്ന കളഭം ജലദ്രോണി പൂജക്കുശേഷം താളമേളങ്ങളുടെ അകമ്പടിയോടെ ശംഖിലെടുത്ത് കലശക്കുടത്തിൽ നിറയ്ക്കും.

പൂജാവിധികളാൽ ചൈതന്യപൂർണ്ണമാക്കിയ കളഭം രാവിലെ 9 മണിക്ക് പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നെള്ളിച്ച് ശാസ്താപ്രതിഷ്ഠയിൽ അഭിഷേകം ചെയ്യും. 
തുടർന്ന് ശാസ്താവിന്  കടുംമധുരപ്പായസം നിവേദിക്കും. ഈ സമയം ദർശനത്തിന് ശ്രേഷ്ഠമാണ്.

നമസ്കാരമണ്ഡപത്തിൽ വെച്ചാണ് പൂജകൾ നടത്തുക. ഇതോടനുബന്ധിച്ച് നവകം, പഞ്ചഗവ്യം എന്നീ അഭിഷേകങ്ങളും ശാസ്താവിന് നടത്തും.

തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.

ആറാട്ടുപുഴ പൂരത്തിൻ്റെ ഭാഗമായി ആറാട്ടുപുഴ ക്ഷേത്രത്തിൽ മാർച്ച് 21ന് ഉദയാസ്തമന പൂജ നടക്കും.

വെളുപ്പിന് 5ന് നിർമ്മാല്യദർശനം, അഭിഷേകം, മലർനിവേദ്യം, ഉഷപൂജ എന്നിവയ്ക്ക് ശേഷം ഉദയാസ്തമന പൂജയുടെ പതിനെട്ട് പൂജകൾ ആരംഭിക്കും. പതിനെട്ടാമത്തെ പൂജയാണ് ഉച്ചപൂജ. ഇതിന്റെ ഭാഗമായി നവകം, പഞ്ചഗവ്യം എന്നീ പൂജകളും അഭിഷേകങ്ങളും ഉണ്ടായിരിക്കും.

സോപാനസംഗീതത്തോടുകൂടിയാണ് ഉച്ചപൂജ. തുടർന്ന് ശ്രീഭൂതബലി.

കേരളത്തിനോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മ നയം : മന്ത്രി കെ. രാജൻ

ഇരിങ്ങാലക്കുട : കേരളത്തിനോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മ നയമാണെന്നും രാഷ്ട്രീയ പക പോക്കലാണ് വയനാട് ദുരന്തമുഖത്തും കേന്ദ്രം കാണിച്ചതെന്നും റവന്യൂ മന്ത്രി കെ. രാജൻ ആരോപിച്ചു.

സിപിഐ നേതാവും പടിയൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.സി. ബിജു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി അധ്യക്ഷത വഹിച്ചു.

സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി.

സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.കെ. വത്സരാജ്, മുതിർന്ന നേതാവ് കെ. ശ്രീകുമാർ, സംസ്ഥാന കൗൺസിൽ അംഗം ടി.കെ. സുധീഷ്, സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് ബിനോയ് ഷബീർ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, കെ.വി. രാമകൃഷ്ണൻ, കെ.പി. കണ്ണൻ, മുരളി മണക്കാട്ടുംപടി, വി.ആർ. രമേഷ്, ടി.വി. വിബിൻ എന്നിവർ പ്രസംഗിച്ചു.

രാവിലെ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിലും ലോക്കൽ കമ്മിറ്റി ഓഫീസിലും ബ്രാഞ്ച് കമ്മിറ്റികളിലും അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.

നിര്യാതനായി

വിശ്വംഭരൻ

ഇരിങ്ങാലക്കുട : തൊമ്മാന ചെങ്ങാറ്റുമുറി
രാമന്ത്ര വിശ്വംഭരൻ (88) നിര്യാതനായി.

സംസ്കാരം ഇന്ന് (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : ഹേമലത

മക്കൾ : ജിജി, ജിഷ, ജിമ്മി

മരുമക്കൾ : രാജൻ, ജയദാസ്, അഞ്ജു

വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ട കേസിൽ കോടതി ശിക്ഷിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : പടിയൂരിൽ വെച്ച് സൈക്കിൾ യാത്രക്കാരൻ വാഹനാപകടത്തിൽ മരിച്ച കേസിൽ കോടതി ശിക്ഷിച്ചിട്ടും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട വെസ്റ്റ് കോമ്പാറ സ്വദേശി പയ്യപ്പിള്ളി വീട്ടിൽ ശ്രീജിത്ത് (30) എന്നയാളെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

2014 മാർച്ച് 14ന് വൈകീട്ട് 6.30ഓടെ എടതിരിഞ്ഞി – പടിയൂർ റോഡിലായിരുന്നു അപകടം നടന്നത്. പടിയൂരിൽ വെച്ച് കോതകുളം സ്വദേശി സഞ്ചരിച്ചിരുന്ന സൈക്കിളിൽ ശ്രീജിത്ത് ഓടിച്ചിരുന്ന മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ പിന്നീട് മരണപ്പെട്ടു. ഈ കേസിൽ കോടതി പ്രതിയെ ശിക്ഷിച്ചെങ്കിലും ശിക്ഷാവിധി നടപ്പിലാക്കാൻ അനുവദിക്കാതെ ഇയാൾ ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി കോടതി ശിക്ഷാ വിധി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ പി.എം. ഷെമീർ, ജിഎസ്‌സിപിഒ ജി.എസ്. രഞ്ജിത്ത്, സിപിഒ കെ.വി. വിപിൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നേഴ്സ് തസ്തികയിൽ ഒഴിവ്

ഇരിങ്ങാലക്കുട : ആളൂർ പഞ്ചായത്ത് 2026- 27 വർഷത്തെ വാർഷിക പ്രോജക്ടിൽ ഉൾപ്പെടുത്തിയ ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 2026 ഏപ്രിൽ മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിൽ ജോലി ചെയ്യാൻ താല്പര്യമുള്ള നേഴ്സുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർത്ഥി സർക്കാർ അംഗീകൃത കോളെജുകളിൽ നിന്നും ജിഎൻഎം/ ബിഎസ്‌സി നേഴ്സ് പൂർത്തിയാക്കിയിട്ടുള്ളവരും കേരള നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം.

അപേക്ഷകർക്ക് 40 വയസ്സ് കവിയാൻ പാടില്ല.

താല്പര്യമുള്ളവർ മാർച്ച് 17ന് ഉച്ചയ്ക്ക് 1 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ ഫോട്ടോ കോപ്പിയും സഹിതം ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ എഫ്എച്ച്സി ആളൂർ ഓഫീസിൽ ബന്ധപ്പെടുക.

ഷോബി കെ പോൾ സി എൽ സി ദേശീയ വൈസ് പ്രസിഡൻ്റ്

ഇരിങ്ങാലക്കുട : സി.എൽ.സി.യുടെ ദേശീയ വൈസ് പ്രസിഡൻ്റായി ഇരിങ്ങാലക്കുട സ്വദേശിയായ ഷോബി കെ പോൾ തെരഞ്ഞെടുക്കപ്പെട്ടു.

നിലവിൽ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റാണ് ഷോബി കെ. പോള്‍.

വളർച്ചയുടെ വിജയവീഥിയിൽ പുതിയ നാഴികക്കല്ലുമായി ഐ സി എൽ ഫിൻകോർപ്പ് ; പാട്നയിൽ റീജിയണൽ ഓഫീസും ബ്രാഞ്ചുകളും പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : ഐസിഎൽ ഫിൻകോർപ്പ് ലിമിറ്റഡ് വളർച്ചയുടെ മറ്റൊരു സുപ്രധാന നേട്ടം കുറിച്ചു കൊണ്ട് ബീഹാറിലെ പാട്നയിൽ റീജിയണൽ ഓഫീസും മൂന്ന് പുതിയ ബ്രാഞ്ചുകളും പ്രവർത്തനം ആരംഭിച്ചു. 

പാട്നയിലെ ചിത്രഗുപ്ത നഗറിലെ കങ്കർബാഗിൽ രാജേന്ദ്ര നഗർ ടെർമിനലിന് എതിർവശം, ഓൾഡ് ബൈപാസ് റോഡിലാണ് റീജിയണൽ ഓഫീസ്. രാജേന്ദ്ര നഗർ, മെയിൻപുറ, ദാനാപൂർ എന്നിവിടങ്ങളിലാണ് പുതിയ ബ്രാഞ്ചുകൾ. 

ഇന്ത്യയിലുടനീളം സുതാര്യവും ഉപഭോക്തൃ കേന്ദ്രിതവുമായ ധനകാര്യ സേവനങ്ങളിലൂടെ സാമ്പത്തിക സൗകര്യങ്ങൾ ജനങ്ങളോട് അടുപ്പിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ വിപുലീകരണമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

പാട്നയിലെ ബുദ്ധ്മാർഗിലുള്ള താജ് സിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകത്വ വകുപ്പ് മന്ത്രി ജിതൻ റാം മാഞ്ചി റീജിയണൽ ഓഫീസിൻ്റെയും ബ്രാഞ്ചുകളുടെയും ഉദ്ഘാടനം നിർവഹിച്ചു. 

ഋതുരാജ് കുമാർ എംഎൽഎ ഗസ്റ്റ് ഓഫ് ഓണറായിരുന്നു. 

എൽ.എ.സി.ടി.സി.യുടെ ഗുഡ്‌വിൽ അംബാസഡറും ഐസിഎൽ ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. 

ഐസിഎൽ ഫിൻകോർപ്പ് ഹോൾടൈം ഡയറക്ടറും വൈസ് ചെയർമാനും സി.ഇ.ഒ.യുമായ ഉമ അനിൽകുമാർ ഭദ്രദീപം തെളിയിച്ചു. 

എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജശ്രീ അജിത് സ്വാഗതവും ഓപ്പറേഷൻസ് ആൻഡ് ഡെവലപ്മെന്റ് എജിഎം കെ.പി. സതീശൻ നന്ദിയും പറഞ്ഞു.

ബീഹാറിൽ ഐസിഎൽ ഫിൻകോർപ്പിന്റെ പ്രധാന പ്രവർത്തന കേന്ദ്രമായി മാറുന്ന പാട്നയിലെ പുതിയ റീജിയണൽ ഓഫീസ് നഗരത്തിന്റെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തും. ഒപ്പം, പുതിയ ബ്രാഞ്ചുകളിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും വ്യക്തിഗതമായും സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.

അഡ്വ. കെ.ജി. അനിൽകുമാറിന്റെയും ഉമ അനിൽകുമാറിന്റെയും നേതൃത്വത്തിൽ നടന്ന പാട്നയിലെ ഈ വിപുലീകരണം കൂടുതൽ പ്രദേശങ്ങളിലേക്ക് ധനകാര്യ സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള ഐസിഎൽ ഫിൻകോർപ്പിന്റെ പ്രതിബദ്ധത വ്യക്തമാക്കുകയാണ്. സാന്നിധ്യം രാജ്യവ്യാപകമാക്കുമ്പോഴും ഉപഭോക്തൃ സംതൃപ്തി, സത്യസന്ധമായ സേവനങ്ങൾ എന്നിവയോട് കമ്പനി എന്നും പ്രതിബദ്ധമാണെന്ന് അഡ്വ. കെ.ജി. അനിൽകുമാർ പറഞ്ഞു. 

കൂടുതൽ വിവരങ്ങൾക്ക്: അടുത്തുള്ള ഐസിഎൽ ഫിൻകോർപ്പ് ബ്രാഞ്ച് സന്ദർശിക്കുക. അല്ലെങ്കിൽ www.iclfincorp.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക. 

അന്വേഷണങ്ങൾക്കായുള്ള ടോൾ-ഫ്രീ നമ്പർ: 18003133353

നടനകൈരളിയിലെത്തി നവാസുദ്ദീൻ സിദ്ദിഖി

ഇരിങ്ങാലക്കുട : നടനകൈരളിയിൽ നടന്ന 131-ാമത് നവരസ സാധന ശില്പശാലയുടെ സമാപനത്തിൽ മുഖ്യാഥിതിയായി എത്തിയ വിഖ്യാത ഹിന്ദി ചലച്ചിത്ര താരം നവാസുദ്ദീൻ സിദ്ദിഖി രണ്ടുദിവസം ശില്പശാല നിരീക്ഷിച്ചു. 

പാശ്ചാത്യ അഭിനയ സങ്കേതങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ പാരമ്പര്യ സങ്കേതങ്ങളിലൂന്നിയുള്ള അഭിനയ പരിശീലനമാണ് നവരസ സാധനയിൽ കാണാൻ കഴിഞ്ഞതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ന്യൂഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പൂർവവിദ്യാർഥി കൂടിയായ നവാസുദ്ദീനെ ശില്പശാലയിലെ അഭിനയ ഗുരു വേണുജി നടനകൈരളി പ്രസിദ്ധീകരിച്ച ‘മുദ്ര’ എന്ന ബൃഹദ് ഗ്രന്ഥം നൽകി ആദരിച്ചു.

നിര്യാതനായി

പുഷ്പൻ

ഇരിങ്ങാലക്കുട : വെള്ളാനി
കുട്ടശ്ശാംവീട്ടിൽ പുഷ്പൻ (82) നിര്യാതനായി.

സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : സരസ്വതി

മക്കൾ : രാജേഷ്, ശാലിനി, സതീഷ്

മരുമക്കൾ : ജീന, അജയൻ, മൃദുല