ഇരിങ്ങാലക്കുട : തേലപ്പിള്ളിയിൽ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ അഖില (31), ഭർത്താവ് ജീവൻ (31), അഖിലയുടെ സഹോദരൻ വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടിൽ അനൂപ് (38) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ജനുവരി 22നാണ് യുവാവ് ആത്മഹത്യ ചെയ്തത്. മരണപ്പെട്ട യുവാവിന്റെ ആത്മഹത്യാകുറിപ്പ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.
യുവാവ് മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ യുവാവിന്റെ മുൻ കാമുകിയായിരുന്ന ഒന്നാം പ്രതി അഖിലയും ഭർത്താവായ ജീവൻ, അഖിലയുടെ ചേട്ടനായ അനൂപ് എന്നിവരും ചേർന്ന് ജനുവരി 22ന് രാത്രി 8.45ഓടെ യുവാവിന്റെ തേലപ്പിള്ളിയിലുളള വീട്ടിൽ കയറി വന്ന് ബഹളം ഉണ്ടാക്കുകയും യുവാവിനെ ഉപദ്രവിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവാവിന്റെ ഫോൺ ബലമായി പിടിച്ച് വാങ്ങുകയും വിവാഹം മുടക്കുകയുമായിരുന്നു.
ഇതിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർമാരായ പി.ആർ. ദിനേശ് കുമാർ, സി.എം. ക്ലീറ്റസ്, സതീശൻ, എ.എസ്.ഐ. മെഹറുന്നീസ, സി.പി.ഒ.മാരായ അർജ്ജുൻ, തെസ്നി ജോസ്, വിനീത്, കിഷോർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.