കൊടുങ്ങല്ലൂർ – തൃശൂർ സംസ്ഥാന പാത : കോടതി നിയോഗിച്ച കമ്മീഷണർ തെളിവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കെ എസ് ടി പി നടത്തുന്ന ജോലികൾ പൂർത്തിയാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ ടി സുബ്രഹ്മണ്യൻ, പി കെ ജസീൽ എന്നിവർ നൽകിയ പൊതുതാല്പര്യ ഹർജിയിൽ കോടതി നിയോഗിച്ച അഡ്വ കമ്മീഷണർ കെ വൃന്ദ റോഡ് സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.

തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ കോൺക്രീറ്റ് വർക്ക്‌ 2022ൽ പൂർത്തിയാക്കാൻ ആയിരുന്നു കെ എസ് ടി പിക്ക് കരാർ നൽകിയിരുന്നത്.

എന്നാൽ 35 കിലോമീറ്റർ നടത്തേണ്ട വർക്കിൽ 15 കിലോമീറ്റർ മാത്രമാണ് കെ എസ് ടി പി ഇതുവരെ പൂർത്തിയാക്കിയത്. മാത്രമല്ല റോഡിന് വീതി കൂട്ടുവാൻ സ്ഥലങ്ങൾ ഏറ്റടുക്കണമെന്നും ഓരോ വശങ്ങളും ടൈൽസ് വിരിക്കണമെന്നും കാനകൾ നിർമ്മിക്കണമെന്നും പ്രോജക്റ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ റോഡ് സൈഡിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിയും കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിച്ചും റോഡിനു വീതി കൂട്ടണമെന്നും വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിൽ പറയുന്നുണ്ട്.

എന്നാൽ ഈ കാര്യങ്ങളിലൊന്നും കാര്യമായ പുരോഗതിയുണ്ടായില്ല എന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് കൊടുങ്ങല്ലൂർ – തൃശൂർ പാസഞ്ചേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ മുൻസിഫ്‌ കോടതിയിൽ കേസ് ഫയൽ ചെയ്തത്.

ഇപ്പോൾ നടത്തി വരുന്ന ജോലിയോടനുബന്ധിച്ച് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല എന്നാണ് തെളിവെടുപ്പിൽ മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

തെളിവെടുപ്പ് സമയത്ത് ഫോറം ഭാരവാഹികളായ പി എ സീതിമാസ്റ്റർ, പാർത്ഥസാരഥി, രഞ്ജിത്ത്, അഡ്വ ഷാനവാസ് കാട്ടകത്ത്, പി കെ ജസീൽ, കെ ടി സുബ്രഹ്മണ്യൻ, പൊതുപ്രവർത്തകരായ മുസമ്മിൽ അറക്കപ്പറമ്പിൽ, എം എം നിസാർ, ജാസ്മിൻ ജോയി, ജോയ് കോലങ്കണ്ണി, വ്യാപാരി വ്യവസായി കൊടുങ്ങല്ലൂർ മണ്ഡലം ചെയർമാൻ കെ കെ നജാഹ്, അഡ്വ ദിവ്യ എന്നിവരും ഉണ്ടായിരുന്നു.

കമ്മീഷണർ റിപ്പോർട്ട് അടുത്ത ആഴ്ച്ച കോടതിയിൽ സമർപ്പിക്കും.

നിര്യാതനായി

രമേഷ് കുമാർ

ഇരിങ്ങാലക്കുട : വില്ലുമംഗലത്ത് വീട്ടിൽ ഭാസ്കരൻ മകൻ രമേഷ് കുമാർ (47) നിര്യാതനായി.

സംസ്കാരം ഡിസംബർ 27 (വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് വാതക ശ്മശാനത്തിൽ.

അമ്മ : രാധ

ഭാര്യ : സ്മിത

മകൾ : കൃഷ്ണേന്ദു

നിര്യാതയായി

ശാരദ

ഇരിങ്ങാലക്കുട : തേലപ്പിള്ളി മൂക്കാപ്പിള്ളി സുബ്രഹ്മണ്യൻ ഭാര്യ ശാരദ(79) നിര്യാതയായി.

സംസ്കാരം നടത്തി.

മക്കൾ : രമ, സുനന്ദ, രജനി പരേതയായ ഷീജ

മരുമക്കൾ : ഷാജി, ജോഷി, ജോജി.

ദില്ലിയിലെ റിപ്പബ്ലിക്ദിന പരേഡിൽ മാർച്ച് ചെയ്യാൻ സെൻ്റ് ജോസഫ്സ് കോളെജിലെ ആഗ്നസ് വിത്സനും

ഇരിങ്ങാലക്കുട : ജനുവരി 26ന് ദില്ലിയിൽ നടക്കുന്ന രാജ്യത്തിൻ്റെ 76-ാം റിപ്പബ്ലിക് ദിന പരേഡിൽ മാർച്ച് ചെയ്യാൻ സെൻ്റ് ജോസഫ്സ് കോളെജ് എൻ സി സി യൂണിറ്റിലെ അണ്ടർ ഓഫീസർ ആഗ്നസ് വിത്സനും ഉണ്ടായിരിക്കും.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും നൂറോളം കേഡറ്റുകളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ജനുവരി 26ന് ദില്ലിയിലെ കർത്തവ്യ പഥിൽ കേരള, ലക്ഷദ്വീപ് കണ്ടിൻജൻ്റിനു വേണ്ടി ആഗ്നസ് മാർച്ച് ചെയ്യും.

4 വർഷം മുമ്പ് അണ്ടർ ഓഫീസർ ഏയ്ഞ്ചൽ റീറ്റ, സർജൻ്റ് രമ്യ ദാസ് എന്നിവർ സെൻ്റ് ജോസഫ്സിൽ നിന്നും എൻ സി സിയുടെ കേരള ഘടകത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.

അതിനു ശേഷം ഇപ്പോഴാണ് ഒരു ആർ ഡി കേഡറ്റ് ഇവിടെ നിന്നും ഉണ്ടാവുന്നത്.

മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനിയായ ആഗ്നസ് ഒരു ധീര ജവാൻ്റെ മകൾ കൂടിയാണ്.

ഈ നേട്ടത്തിനു വേണ്ടിയുള്ള എല്ലാ പരിശീലനങ്ങളും ആഗ്നസിനു ലഭ്യമാക്കിയത്
ഏഴാം കേരള ബറ്റാലിയൻ എൻ സി സി കമാൻ്റിംഗ് ഓഫീസർ കേണൽ രജീന്ദർ സിംഗ് സിദ്ദു, മുൻ കമാൻ്റിംഗ് ഓഫീസർ ലഫ്റ്റനൻ്റ് കേണൽ ബി ബിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള എൻ സി സി ടീം ആണെന്ന് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസി, എൻ സി സി ഓഫീസർ ക്യാപ്റ്റൻ ലിറ്റി ചാക്കോ എന്നിവർ അറിയിച്ചു.

നിര്യാതയായി

മോളി

ഇരിങ്ങാലക്കുട : മാമ്പിള്ളി ജോസ് ഭാര്യ മോളി (85) നിര്യാതയായി.

സംസ്കാരം നടത്തി.

മക്കൾ : ഷാം ജോസ്, ഷാജ് ജോസ്, ഷോബി ജോസ്, ഷിബു ജോസ്, ഷൈൻ ജോസ്

മരുമക്കൾ : ജാക്ക്ലിൻ ഷാം, ജയ്മോള്‍ ഷാജ്, അനീത ഷോബി, ലിൻ്റ ഷിബു, ജോൺ മഞ്ഞളി

സെന്റ് മേരീസ് സ്കൂൾ എൻ എസ് എസ് ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിന്റെ എൻ എസ് എസ് സപ്തദിന ക്യാമ്പ് സമാപിച്ചു.

സമാപന സമ്മേളനം മുരിയാട് പഞ്ചായത്ത്‌ മെമ്പർ റോസ്മി ജയേഷ് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ പി ആൻസൺ ഡൊമിനിക് അധ്യക്ഷത വഹിച്ചു.

ഫസ്റ്റ് അസിസ്റ്റന്റ് സി ഡി ഷീജ, പി ടി എ വൈസ് പ്രസിഡന്റ് സി എ ഷാജു, തുറവൻകാട് എൽ പി സ്കൂൾ പി ടി എ വൈസ് പ്രസിഡന്റ് ലിജോ മൂഞ്ഞേലി, പ്രോഗ്രാം കോഡിനേറ്റർ ബീന ചെറിയാൻ, തുറവൻകാട് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് റവ സി ജെർമിൻ എന്നിവർ ആശംസകൾ നേർന്നു.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജുബി കെ ജോയ് സ്വാഗതവും എം എൻ നിഹാൽ റോഷൻ നന്ദിയും പറഞ്ഞു.

നാഷണൽ സ്കൂൾ എൻ എസ് എസ് ക്യാമ്പ് : റോഡ് സുരക്ഷയെ കുറിച്ച് ക്ലാസ് നൽകി

ഇരിങ്ങാലക്കുട : വടക്കുംകര ഗവ യു പി സ്കൂളിൽ നടക്കുന്ന നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ യുവ സപ്തദിന സഹവാസ ക്യാമ്പിൽ വൊളൻ്റിയർമാർക്ക് ”സുരക്ഷിത മാർഗ്” പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി റോഡ് നിയമങ്ങളെക്കുറിച്ചും റോഡ് സുരക്ഷയെക്കുറിച്ചും എ എം വി സന്തോഷ് കുമാർ ക്ലാസ്സെടുത്തു.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി ടി ഷേൽ, അധ്യാപകരായ പോൾ ദീപ, ഷിജി പൗലോസ് എന്നിവർ പങ്കെടുത്തു.

എം ടി യുടെ വിയോഗം : വർണ്ണക്കുടയുടെ സ്റ്റേജ് ഷോകൾ മാറ്റിവെച്ചു

ഇരിങ്ങാലക്കുട : മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തെ തുടർന്ന് ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവമായ വർണ്ണക്കുടയുടെ സ്റ്റേജ് ഷോകൾ മാറ്റിവെച്ചതായി മന്ത്രി ഡോ ആർ ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു.

മാറ്റി വെച്ച സ്റ്റേജ് പരിപാടികൾ 28, 29, 30 തിയ്യതികളിലായാണ് പുന:ക്രമീകരിച്ചിരിക്കുന്നത്.

നേരത്തെ നിശ്ചയിച്ച പ്രകാരം 28ന് സിത്താര കൃഷ്ണകുമാറിന്റെ സംഘം അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ് അരങ്ങേറും. തുടർന്ന് 29ന് ആൽമരം മ്യൂസിക് ബാൻഡിന്റെ അവതരണവും 30ന് ഗൗരിലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് മ്യൂസിക് ബാൻഡും അരങ്ങേറും.

മെഗാ ഇവന്റുകളോടൊപ്പം ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രതിഭകളുടെ അവതരണങ്ങളും ഈ മൂന്ന് ദിവസങ്ങളിലായാണ് അരങ്ങേറുക.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, ജോസ് ജെ ചിറ്റിലപ്പിള്ളി, കെ എസ് തമ്പി, ലത ചന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മാഞ്ഞു മലയാളത്തിൻ്റെ സുകൃതം ;എം ടി വിട പറഞ്ഞു

കോഴിക്കോട് : മലയാളത്തിന്റെ സ്വന്തം എം ടി വിട പറഞ്ഞു.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം ടി വാസുദേവന്‍ നായരുടെ (91) അന്ത്യം ബുധനാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു.

സാഹിത്യവും സിനിമയും പത്രപ്രവര്‍ത്തനവും അടക്കം തൊട്ടതെല്ലാം പൊന്നാക്കിയ സര്‍ഗ്ഗ പ്രതിഭയായിരുന്നു എം ടി.

പ്രശസ്ത നൃത്ത അധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ.

യു എസില്‍ ബിസിനസ്സ് എക്സിക്യുട്ടീവായ സിത്താര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്.

മരുമക്കള്‍ : സഞ്ജയ് ഗിര്‍മേ, ശ്രീകാന്ത് നടരാജന്‍

സംസ്‌കാരം വ്യാഴാഴ്ച്ച കോഴിക്കോട് മാവൂര്‍
റോഡ് ശ്മശാനത്തില്‍ നടക്കും.

1933 ജൂലായ് 15ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം ടി യുടെ ജനനം. പുന്നയൂര്‍ക്കുളം ടി നാരായണന്‍ നായരും അമ്മാളു അമ്മയുമാണ് മാതാപിതാക്കള്‍.

നാല് ആണ്‍മക്കളില്‍ ഇളയ മകന്‍. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. കുറച്ചുകാലം അധ്യാപകന്‍. തുടര്‍ന്ന് 1956ല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായി ഔദ്യോഗിക സേവനത്തിനു തുടക്കം.

സ്‌കൂള്‍ കാലംമുതല്‍ എഴുത്തില്‍ തല്പരനായിരുന്നു എം ടി. ആദ്യകഥ വിക്ടോറിയ കോളേജിലെ പഠനകാലത്ത് പ്രസിദ്ധീകരിച്ച “രക്തം പുരണ്ട മണ്‍തരികള്‍” ആണ്.

1953ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ “വളര്‍ത്തു മൃഗങ്ങള്‍” എന്ന കഥ ഒന്നാം സ്ഥാനം നേടിയതോടെയാണ് എഴുത്തുകാരന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

ഇക്കാലത്ത് “പാതിരാവും പകല്‍വെളിച്ചവും” എന്ന ആദ്യനോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡഃശയായി പ്രസിദ്ധീകരിച്ചു.

1958ല്‍ പ്രസിദ്ധീകരിച്ച “നാലുകെട്ട്” ആണ് ആദ്യം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. തകരുന്ന നായര്‍ തറവാടുകളെയും അതിലെ മനുഷ്യരുടെ അന്തഃക്ഷോഭങ്ങളെയും ആവിഷ്‌കരിച്ച ഈ കൃതി 1959ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. അറുപതുകളോടെ എം ടി മലയാള സാഹിത്യത്തിലെ മുടിചൂടാമന്നനായി അംഗീകരിക്കപ്പെട്ടു.

1968ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981ല്‍ ആ സ്ഥാനം രാജിവെച്ചു. 1989ല്‍ പീരിയോഡിക്കല്‍സ് എഡിറ്റര്‍ എന്ന പദവിയില്‍ തിരികെ മാതൃഭൂമിയിലെത്തി. 1999-ല്‍ മാതൃഭൂമിയില്‍ നിന്ന് വിരമിച്ചശേഷം കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. നിലവില്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷനാണ്.

“കാലം”, “അസുരവിത്ത്”, “വിലാപയാത്ര”, ‘”മഞ്ഞ്”, എന്‍ പി മുഹമ്മദുമായി ചേര്‍ന്നെഴുതിയ “അറബിപ്പൊന്ന്”, “രണ്ടാമൂഴം”, “വാരാണസി” തുടങ്ങിയ നോവലുകള്‍ കൂടാതെ ഒട്ടനവധി ചെറുകഥകളും നോവലെറ്റുകളും മലയാളികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി.

1984ലാണ് “രണ്ടാമൂഴം” പുറത്തു വരുന്നത്. ഭീമനെ കേന്ദ്രകഥാപാത്രമാക്കി, മഹാഭാരതത്തെ ഭീമന്റെ വീക്ഷണത്തില്‍ കാണുന്ന “രണ്ടാമൂഴം” എം ടിയുടെ മാസ്റ്റര്‍ പീസായി വിലയിരുത്തപ്പെടുന്നു.

സ്വന്തം കൃതിയായ “മുറപ്പെണ്ണി”ന് തിരക്കഥ എഴുതിയാണ് എം ടി ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ അന്‍പതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയില്‍ അദ്ദേഹമുണ്ടായിരുന്നു. നിര്‍മ്മാല്യം (1973), ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.

2005 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി എം ടി യെ ആദരിച്ചു.സാഹിത്യരംഗത്ത് ഭാരതത്തില്‍ നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995 ല്‍ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചു. മലയാള സാഹിത്യത്തിന് നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് കോഴിക്കോട് സര്‍വ്വകലാശാലയും മഹാത്മാഗാന്ധി സര്‍വ്വകലാശാലയും എം ടി യെ ഡി ലിറ്റ് നല്‍കി ആദരിച്ചു.

എം ടി ആദ്യമായി സംവിധാനം ചെയ്ത “നിര്‍മ്മാല്യം” എന്ന ചിത്രം 1973 ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഇതിനു പുറമേ മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

മലയാളത്തിൻ്റെ സുകൃതം എം ടി യ്ക്കു വിട…🙏🙏

നിര്യാതനായി

വിജയരാജൻ മാസ്റ്റർ

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി തൈവളപ്പിൽ വിജയരാജൻ മാസ്റ്റർ(84)നിര്യാതനായി.

പൊറത്തിശ്ശേരി എം യു പി സ്കൂൾ റിട്ടയേർഡ് അധ്യാപകനാണ്.

സംസ്കാരം നടത്തി.