നഗരസഭാതല സ്കൂൾ പ്രവേശനോത്സവം ഇരിങ്ങാലക്കുട ഗവ. എൽ.പി. സ്കൂളിൽ നടത്തി

ഇരിങ്ങാലക്കുട : ഗവ. എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച നഗരസഭാതല സ്കൂൾ പ്രവേശനോത്സവവും ഇരിങ്ങാലക്കുട ഉപജില്ലാ പ്രവേശനോത്സവും നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി, വാർഡ് കൗൺസിലർ ഒ.എസ്. അവിനാഷ്, ഹയർ സെക്കൻഡറി പി.ടി.എ. പ്രസിഡന്റ് പി.കെ. അനിൽകുമാർ, ഗവ. എൽ.പി. സ്കൂൾ പി.ടി.എ. പ്രസിഡന്റ് അംഗന അർജുനൻ, എം.പി.ടി.എ. പ്രസിഡന്റ് വിൻസി ബെന്നി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിന്ദു പി. ജോൺ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ കെ.ആർ. ഹേന തുടങ്ങിയവർ ആശംസകൾ നേർന്നു.

ഗവ. എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് പി.ബി. അസീന സ്വാഗതവും ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് കെ.എസ്. സുഷ നന്ദിയും പറഞ്ഞു.

തുടർന്ന് ശുചിത്വ പ്രതിജ്ഞ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി.

ചടങ്ങിൽ പൊലീസ്, എക്സൈസ് വിഭാഗം ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.

യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : 30 വർഷത്തെ സേവനത്തിനു ശേഷം കോടതി ശിരസ്തദാർ പദവിയിൽ നിന്നും വിരമിച്ച സാഹിത്യകാരൻ ഇരിങ്ങാലക്കുട ബാബുരാജിന് ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിൽ യാത്രയയപ്പ് നൽകി.

തൃശ്ശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കുളവാഴകൾ, ഫൃൂച്ചർ പ്ലാൻ എന്നീ രണ്ട് കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിര്യാതയായി

സൈരന്ധ്രി

ഇരിങ്ങാലക്കുട : കരുവന്നൂർ എരണപ്പിള്ളി റോഡ് പുരയാറ്റുപറമ്പിൽ പരേതനായ ബാലകൃഷ്ണൻ ഭാര്യ സൈരന്ധ്രി (95) നിര്യാതയായി.

സംസ്കാരം തിങ്കളാഴ്ച (ജൂൺ 2) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : പുഷ്പകരൻ, സുധാകരൻ, നന്ദനൻ, ശ്രീനിവാസൻ, പരേതരായ മോഹനൻ, ഗോപി, ഷീജ

മരുമക്കൾ : സൗദാമിനി, ചന്ദ്രിക, പുഷ്പ, ദേവിക, അമ്പിളി, ബിന്ദു, ജയരാജൻ

ആഗോളതല മത്സരത്തിൽ രണ്ടാം സ്ഥാനം ഭാനുശ്രീ വാര്യർക്ക്

ഇരിങ്ങാലക്കുട : ചെന്നൈ ആസ്ഥാനമായി ആഗോള തലത്തിൽ സംഘടിപ്പിച്ച “ദി ഹിന്ദു മാർകഴി മ്യൂസിക് – 2025” മത്സരത്തിൽ 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഉപകരണ സംഗീതം “കൃതി” വിഭാഗത്തിൽ ഇരിങ്ങാലക്കുട ക്കാരിയായ ഭാനുശ്രീ വാര്യർ വയലിനിൽ രണ്ടാം സ്ഥാനം നേടി.

സുനിത ഹരിശങ്കറിന്റെ ശിഷ്യയായി രണ്ടര വർഷത്തോളമായി വയലിൻ പഠിക്കുകയാണ് ഭാനുശ്രീ വാര്യർ.

സംസ്കൃതം അദ്ധ്യാപകനും ചെണ്ട കലാകാരനുമായ ഡോ. മൂർക്കനാട് ദിനേശൻ വാരിയരുടേയും, ഡോ. നിത്യ കൃഷ്ണന്റേയും മകളായ ഭാനുശ്രീ വാര്യർ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാ ഭവൻ സ്കൂളിൽ അഞ്ചാം ക്ലാസ്സ് വിദ്യാർഥിനിയാണ്.

കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിലാണ് ഇവരുടെ വീട്.

മണപ്പുറം ഫൗണ്ടേഷന്റെ മുച്ചക്രവാഹന റാലിക്ക് മുകുന്ദപുരം സ്കൂളിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : മണപ്പുറം ഗ്രൂപ്പ് കമ്പനികളുടെ സാമൂഹിക പ്രതിബദ്ധനാ വിഭാഗമായ മണപ്പുറം ഫൗണ്ടേഷൻ കേരളത്തിലെ നിർദ്ധനരും നിരാശ്രയരുമായ 50 ഭിന്നശേഷിക്കാർക്ക്
മുച്ചക്ര സ്കൂട്ടറുകൾ “വിങ്സ് ഓൺ വീൽസ് 2025” എന്ന പദ്ധതിയിലൂടെ നൽകുന്നതിനായി ജൂൺ 2ന് കൊടുങ്ങല്ലൂരിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ ഫ്ലാഗ് ഓഫ് ചെയ്ത് വലപ്പാട് നിന്നും ആരംഭിച്ച മുച്ചക്രവാഹന റാലിക്ക് നടവരമ്പ് മുകുന്ദപുരം പബ്ലിക് സ്കൂളിൽ വൻ സ്വീകരണം നൽകി.

സി ഇ ഒ ജോർജ്ജ് ഡി ദാസ്, മണപ്പുറം ഗ്രൂപ്പ് ജനറൽ മാനേജർ ജോർജ്ജ് മൊറോലി, സി എഫ് ഒ ഫിദൽ രാജ്, വേളൂക്കര പഞ്ചായത്ത് വാർഡ് മെമ്പർ മാത്യു, മുകുന്ദപുരം പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ജിജി കൃഷ്ണ, അഡ്മിനിസ്ട്രേറ്റർ വി ലളിത എന്നിവർ പങ്കെടുത്തു.

28 വർഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം ഇരിങ്ങാലക്കുട എംപ്ലോയ്മെൻ്റ് ഓഫീസർ സീനത്ത് പടിയിറങ്ങി

ഇരിങ്ങാലക്കുട : 28 വർഷത്തെ സ്തുത്യർഹമായ ഔദ്യോഗിക സേവനത്തിന് ശേഷം ഇരിങ്ങാലക്കുട എംപ്ലോയ്മെന്റ് ഓഫീസർ സീനത്ത് സർവ്വീസിൽ നിന്നും വിരമിച്ചു.

എംപ്ലോയ്മെന്റ് ഓഫീസിൽ എത്തുന്ന തൊഴിൽ അന്വേഷകർക്കായി മാതൃകാപരമായ സേവനം കാഴ്ച്ച വച്ചിരുന്ന സീനത്ത് സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഏറെ പ്രിയങ്കരിയായിരുന്നു.

അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : നടവരമ്പ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി ടീച്ചർ കെമിസ്ട്രി (ജൂനിയർ), ഹിസ്റ്ററി (സീനിയർ) എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 5 വ്യാഴാഴ്ച 2 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

നിര്യാതനായി

രഘുനാഥൻ

ഇരിങ്ങാലക്കുട : പെരിഞ്ഞനം പരേതനായ പുത്തൻ മഠത്തിൽ കൃഷ്ണ‌ൻ എമ്പ്രാന്തിരി മകൻ രഘുനാഥൻ (73) നിര്യാതനായി.

സംസ്ക്കാരം നാളെ (വ്യാഴാഴ്ചച്ച) രാവിലെ 10 മണിക്ക് കൊറ്റംകുളം മുല്ലങ്ങത്ത് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം വീട്ടുവളപ്പിൽ.

ഭാര്യ : അംബിക

മക്കൾ : രാധിക, മുരളികൃഷ്ണ

മരുമക്കൾ : കൃഷ്ണകുമാർ,
അമൃത

അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : മാടായിക്കോണം പി.കെ. ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവ. യു.പി. സ്കൂളിൽ എൽ.പി. സ്കൂൾ അധ്യാപിക, ജൂനിയർ ഹിന്ദി, ജൂനിയർ സംസ്കൃതം എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവുണ്ട്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടത്തുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ്സ് അറിയിച്ചു.

യു.പി.എസ്.ടി. തസ്തികയിൽ താൽക്കാലിക ഒഴിവ്

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ യു.പി.എസ്.ടി. തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.

നിശ്ചിത യോഗ്യതയുള്ളവർ കൂടിക്കാഴ്ചയ്ക്കായി മെയ് 30 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ നേരിട്ട് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ്സ് അറിയിച്ചു.