നിര്യാതയായി

സൗഭാഗ്യം

ഇരിങ്ങാലക്കുട : പടിയൂർ കൊടംകുളം തകരംകുന്നത്ത് പരേതനായ വാസുവിന്റെ ഭാര്യ സൗഭാഗ്യം (74) നിര്യാതയായി.

സംസ്കാരം നടത്തി.

മക്കൾ: വാസന്തി സജി, സുഭാഷ് വാസു

മരുമക്കൾ: സജി, ചൈത്ര

അന്തർദേശീയ സംഗീത മത്സരം : വയലിനിൽ ഒന്നാം സ്ഥാനം ദാനുശ്രീ വാര്യർക്ക്

ഇരിങ്ങാലക്കുട : പാലക്കാട് തപസ്യ കലാസാഹിത്യവേദിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് അന്തർദേശീയ സംഗീതോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വയലിൻ മത്സരത്തിൽ 9 മുതൽ 15 വയസ്സുവരെയുള്ള ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി ഭാനുശ്രീ വാര്യർ.

മൂർക്കനാട് ദിനേശൻ വാര്യരുടെയും നിത്യ കൃഷ്ണന്റെയും മകളായ ഭാനുശ്രീ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.

പിണ്ടിപ്പെരുന്നാൾ : റോഡ് പണിയുടെ കാര്യത്തിൽ വാക്ക് പാലിച്ച് മന്ത്രി ആർ. ബിന്ദു

ഇരിങ്ങാലക്കുട : ഠാണാ- ചന്തക്കുന്ന് വികസന പ്രവൃത്തികളുടെ ഭാഗമായി നടക്കുന്ന റോഡ് നിർമ്മാണം പിണ്ടിപ്പെരുന്നാളിന്റെ ശോഭ കുറയ്ക്കുമോ എന്ന ആശങ്കയിലായിരുന്നു ചിലരെങ്കിലും. പള്ളിക്ക് നേരെ മുൻപിലായി നടന്നുവന്നിരുന്ന കാന നിർമ്മാണവും പൂതംകുളം മുതൽ ഠാണാ ജംഗ്ഷൻ വരെ നടക്കുന്ന റോഡ് നിർമ്മാണവും ആയിരുന്നു ഈ ആശങ്കകൾക്ക് പ്രധാന കാരണം.

എന്നാൽ റോഡ് നിർമ്മാണം ആരംഭിക്കുമ്പോൾ തന്നെ കത്ത്രീഡൽ അധികൃതർക്ക് മന്ത്രി ഡോ. ആർ. ബിന്ദു ഉറപ്പുനൽകിയിരുന്നു പെരുന്നാളിന്റെ നടത്തിപ്പിന് യാതൊരുവിധ തടസവും ഉണ്ടായിരിക്കുകയില്ലെന്ന്.

പിണ്ടി പെരുന്നാളിന്റെ ഭാഗമായ അമ്പ് പ്രദക്ഷിണങ്ങൾ ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പ് ആ വാക്ക് പൂർണ്ണമായും പാലിക്കപ്പെട്ടിരിക്കുകയാണ്.

ഇന്നലെത്തന്നെ പള്ളിയുടെ മുൻപിലെ കാനയുടെ നിർമ്മാണം പൂർത്തിയാക്കി സ്ലാബുകൾ ഇട്ട് മണ്ണിട്ട് മൂടി സഞ്ചാരയോഗ്യമാക്കി.

പൂതംകുളം മുതൽ ഠാണാ ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഒരുവശം താൽക്കാലികമായി സഞ്ചാരയോഗ്യമാക്കി.

ഇതോടെ കാട്ടുങ്ങച്ചിറ ഭാഗത്തുനിന്നും വരുന്ന അമ്പ് പ്രദക്ഷിണം ഠാണാ വഴി തടസ്സങ്ങളൊന്നും ഇല്ലാതെ പള്ളിയിലേക്ക് പ്രവേശിക്കാൻ സാധിക്കും.

ചന്തക്കുന്ന് മുതൽ കോമ്പാറ വരെയുള്ള കോൺക്രീറ്റ് റോഡ് നിർമ്മാണം പൂർത്തിയായ ഭാഗം താൽക്കാലികമായി ഗതാഗതത്തിനായി തുറന്ന് കൊടുത്തതിനാൽ ഇതുവഴി വരുന്ന അമ്പ് പ്രദക്ഷിണങ്ങളും തടസ്സമില്ലാതെ പള്ളിയിലേക്ക് പ്രവേശിക്കും.

സമീപ പ്രദേശങ്ങളിൽ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ആരാധനാലയങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളുമായി ബന്ധപ്പെട്ട് ഉണ്ടായ തരത്തിലുള്ള യാതൊരുവിധ തടസ്സവും ഇല്ലാതെയാണ് ഇരിങ്ങാലക്കുട പിണ്ടി പെരുന്നാൾ നടക്കുന്നതെന്ന് ഏറെ ശ്രദ്ധേയമാവുകയാണ്.

പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്ത പിക്ക്അപ്പ് വാൻ മോഷ്ടിച്ചു : കുപ്രസിദ്ധ മോഷ്ടാവ് നസീർ പിടിയിൽ

ഇരിങ്ങാലക്കുട : പരിയാരം പൂവ്വത്തിങ്കൽ പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ബൊലേറോ പിക്ക് അപ്പ് വാൻ മോഷ്ടിച്ച സംഭവത്തിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ പരിയാരം മുനിപ്പാറ കിഴക്കുംതല വീട്ടിൽ നസീറിനെ (50) അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയിരുന്നു സംഭവം.

ചാലക്കുടി പോട്ട പയ്യപ്പിള്ളി വീട്ടിൽ റിബിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് മോഷ്ടിക്കപ്പെട്ടത്.

വാഹനം കാണാതായതിനെ തുടർന്ന് റിബിൻ ഉടൻ തന്നെ ചാലക്കുടി പൊലീസിൽ വിവരമറിയിച്ചു.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

നടപടി ക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ നസീറിനെ റിമാൻഡ് ചെയ്തു.

ചാലക്കുടി, അതിരപ്പിള്ളി, ഗുരുവായൂർ ടെമ്പിൾ, പാലക്കാട് ടൗൺ പൊലീസ് സ്റ്റേഷനുകളിലായി 4 മോഷണ കേസും ഒരു അടിപിടി കേസും അടക്കം 7 ക്രിമിനൽ കേസുകളിലെ പ്രതിയാണ് നസീർ.

ചാലക്കുടി സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. സജീവ്, സബ് ഇൻസ്പെക്ടർ അജിത്ത്, ജിഎസ്ഐ ഉണ്ണികൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർമാരായ അമൽ, റെജിൻ, സോനു, ദീപു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കൂടിയാട്ട മഹോത്സവത്തിൽ കല്യാണസൗഗന്ധികം

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൻ്റെ കൂടിയാട്ട മഹോത്സവത്തിൻ്റെ പത്താം ദിവസമായ ശനിയാഴ്ച കല്യാണസൗഗന്ധികത്തിൻ്റെ ഒന്നാം ദിവസം അരങ്ങേറും.

സൗഗന്ധികപുഷ്പം അന്വേഷിച്ച് ഭീമസേനൻ വൈശ്രവണൻ്റെ ഉദ്യാനത്തിൽ എത്തുകയും അവിടെ ഒരു സരസ്സിൽ പുഷ്പം കണ്ട് അത് പറിച്ച് എടുക്കുകയും, തടയാൻ വന്ന ക്രോധവശൻ എന്ന രക്ഷസനെ യുദ്ധം ചെയ്ത് തോൽപ്പിച്ച് ഓടിക്കുന്നതുമാണ് ഒന്നാം ദിവസത്തെ കഥാഭാഗം.

ഭീമനായി ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരും ക്രോധവശനായി ഗുരുകുലം കൃഷ്ണദേവും രംഗത്തെത്തും.

വെള്ളിയാഴ്ച നടന്ന കല്യാണസൗഗന്ധികം നിർവ്വഹണത്തിൽ അമ്മന്നൂർ മാധവ് ചാക്യാർ ഭീമനായി രംഗത്തെത്തി.

മിഴാവിൽ കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം ടി.എസ്. രാഹുൽ, കലാമണ്ഡലം അഭിഷേക്, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, മൂർക്കനാട് ദിനേശ് വാര്യർ, താളത്തിൽ സരിത കൃഷ്ണകുമാർ, ഡോ. ഭദ്ര പി.കെ.എം., ഗുരുകുലം ഗോപിക, ഗുരുകുലം അക്ഷര, ചമയത്തിൽ കലാനിലയം ഹരിദാസ് എന്നിവർ പങ്കെടുത്തു.

പുതിയ അറിവുകൾ നിർമ്മിച്ച് സമൂഹത്തെ മാറ്റിത്തീർക്കണം : ഡോ. പ്രൊഫ. ദിനേശ് കൈപ്പിള്ളി

ഇരിങ്ങാലക്കുട : പുതിയ അറിവുകൾ നിർമ്മിച്ച് സമൂഹത്തെ മാറ്റിയെടുക്കേണ്ട ഉത്തരവാദിത്വമാണ് കലാലയ വിദ്യാർഥികളുടേതെന്ന് കുഫോസ് രജിസ്ട്രാർ പ്രൊഫ. ദിനേശ് കൈപ്പിള്ളി പറഞ്ഞു.

വജ്രജൂബിലി ആഘോഷിക്കുന്ന കെ.കെ.ടി.എം. ഗവ. കോളെജിലെ ബിരുദദാന സമ്മേളനവും മെറിറ്റ് ഡേയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസിരിസ് കൺവൻഷൻ സെൻ്ററിൽ നടന്ന പരിപാടിയിൽ അക്കാദമിക രംഗത്തും അക്കാദമികേതര രംഗത്തും മികവു തെളിയിച്ച വിദ്യാർഥികളെയും അധ്യാപകരെയും ആദരിച്ചു.

കോളെജ് പ്രിൻസിപ്പൽ ഡോ. പ്രൊഫ. ടി.കെ. ബിന്ദു ശർമ്മിള അധ്യക്ഷത വഹിച്ചു.

കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. പി. സുശാന്ത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വൈസ് പ്രിൻസിപ്പൽ ഡോ. പ്രൊഫ. ജി. ഉഷാകുമാരി, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. ലൗലി ജോർജ്ജ്, കോളെജ് അലുമിനി അസോസിയേഷൻ സെക്രട്ടറി ഒ.വി. റോയ്, കോളെജ് യൂണിയൻ ചെയർമാൻ പി.പി. സ്നേഹിത്, പി.ടി.എ. വൈസ് പ്രസിഡൻ്റ് സജു ശ്രീകുമാർ, പി.ടി.എ. എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ ഡോ. പി.ഡി. ധന്യ എന്നിവർ പ്രസംഗിച്ചു.

അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷം

ഇരിങ്ങാലക്കു : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ 80-ാം വാർഷികാഘോഷം, ഹയർ സെക്കൻഡറി വിഭാഗത്തിൻ്റെ സിൽവർ ജൂബിലി, സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ മെജോ പോൾ, ഓഫീസ് സ്റ്റാഫ് ടി.കെ. ലത എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനം എന്നിവയുടെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

വിരമിക്കുന്നവരുടെ ഫോട്ടോ അനാച്ഛാദനവും മന്ത്രി നിർവ്വഹിച്ചു.

വേളൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ദേശീയ തലത്തിൽ പെൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ വിജയിച്ചവർക്കും, കോച്ച് തോമസ് കാട്ടൂക്കാരനും മുൻ സന്തോഷ് ട്രോഫി കളിക്കാരൻ എൻ.കെ. ഇട്ടിമാത്യു ഉപഹാരം നൽകി അനുമോദിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീഷ്മ സലീഷ് സമ്മാനദാനം നിർവ്വഹിച്ചു.

പഞ്ചായത്ത് മെമ്പർമാരായ സി.എസ്. ഓമനക്കുട്ടൻ, വിദ്യ നെഹ്റു, ബിന്ദു സതീശൻ, പി.ടി.എ. പ്രസിഡൻ്റ് ജോസഫ് അക്കരക്കാരൻ, മാനേജർ എ. അജിത്ത് കുമാർ, മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങളായ എ.സി. സുരേഷ്, കെ.കെ. കൃഷ്ണൻ നമ്പൂതിരി, പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ ടി.കെ. ലത, കെ.ആർ. രുദ്രൻ, എൻ.എസ്. രജനിശ്രീ, എം.ജി. ശാലിനി, ഡിന്ന പി. ചിറ്റിലപ്പിള്ളി, ദീപ സുകുമാരൻ, പി.ജി. ഉല്ലാസ്, സ്കൂൾ ചെയർപേഴ്സൺ ജിയ ജിൻസൺ എന്നിവർ പ്രസംഗിച്ചു.

തുടർച്ചയായി 59-ാം തവണയും വിദ്യാഭ്യാസ ഉപജില്ല നീന്തൽ മേളയിൽ ഓവറോൾ നേടിയതിനുള്ള സന്തോഷവും യോഗത്തിൽ അറിയിച്ചു.

തുടർന്ന് കൃഷ്ണകുമാർ ആലുവ (ജൂനിയർ കലാഭവൻ മണി)യുടെ മണിനാദം പരിപാടിയും വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

നല്ല ജീവനപ്രസ്ഥാനത്തിൻ്റെ സൈക്കിൾ യാത്രയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : കേരള നല്ലജീവന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അന്തർജില്ലാ സൈക്കിൾ യാത്രയുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ എത്തിച്ചേർന്ന സൈക്കിൾ യാത്രക്ക് കൂടൽമാണിക്യം ക്ഷേത്രപരിസരത്ത് ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

നല്ലജീവന പ്രസ്ഥാനം സെക്രട്ടറി ഡോ. ജയമോഹനാണ് യാത്രക്ക് നേതൃത്വം നൽകുന്നത്.

രണ്ട് വയസ്സുകാരി അമൃത ഉൾപ്പെടെ പ്രായഭേദമെന്യേ മുപ്പതോളം പേരാണ് പ്രകൃതിയും ആരോഗ്യവും സംരക്ഷിക്കുക എന്ന സന്ദേശം ഉൾപ്പെടുത്തിക്കൊണ്ടുള്ള സൈക്കിൾ യാത്രയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നത്.

ആരോഗ്യകരമായ ജീവിതത്തിന് സൈക്കിൾ യാത്രയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും പരിസ്ഥിതി ആരോഗ്യ കൂട്ടായ്മയിലൂടെ പ്രകൃതിയോടിണങ്ങിയ ജീവിതചര്യയായ ഓർത്തോപ്പതിയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന കൂട്ടായ്മയിൽപ്പെട്ടതാണ് സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾ.

സൈക്കിൾ യാത്രക്ക് പ്രത്യേക പാത നിർമ്മിക്കുക, സൈക്കിൾ യാത്രയെ കൂടുതൽ പ്രോത്സാഹിപ്പിച്ചു കൊണ്ട് ആരോഗ്യസംരക്ഷണത്തിന് ഊന്നൽ നൽകുക എന്നീ സന്ദേശങ്ങളാണ് ഈ യാത്രയുടെ ഉദ്ദേശലക്ഷ്യമെന്ന് ഡോ. ജയമോഹൻ വ്യക്തമാക്കി.

സ്വീകരണയോഗത്തിൽ സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു.

സെക്രട്ടറി വി. സായ്റാം സ്വാഗതവും വൈസ് പ്രസിഡൻ്റ് പ്രകാശൻ കൈമാപ്പറമ്പിൽ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുടയിൽ സ്ഥിരമായി സൈക്കിൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവരെ ചടങ്ങിൽ ആദരിച്ചു.

സേവാഭാരതി എക്സിക്യൂട്ടീവ് അംഗങ്ങളായ ജഗദീശ് പണിക്കവീട്ടിൽ, രാജിലക്ഷ്മി സുരേഷ് ബാബു, ഒ.എൻ. സുരേഷ്, ഹരികുമാർ തളിയക്കാട്ടിൽ എന്നിവർ
നേതൃത്വം നൽകി.

പിണ്ടിപ്പെരുന്നാൾ ; നഗരസഭാ പരിധിയിലെ സ്ഥാപനങ്ങളിൽ പരിശോധനയുമായി ആരോഗ്യ വിഭാഗം

ഇരിങ്ങാലക്കുട : നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗവും ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാൾ പ്രമാണിച്ച് നഗരത്തിലെ മത്സ്യമാംസ വില്പന നടത്തുന്ന മാർക്കറ്റിലും നഗരസഭാ പരിധിയിലുള്ള സ്ഥാപനങ്ങളിലും പരിശോധന നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി.

മത്സ്യങ്ങളുടെ സാമ്പിളുകളെടുത്ത് പരിശോധന നടത്തുന്നതിനുള്ള നടപടിയും സ്വീകരിച്ചു.

ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ രാജി, ടെക്നിക്കൽ അസിസ്റ്റന്റ് സുമേഷ്, നഗരസഭാ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എ. നിസാർ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ വിവ വിൻസി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

കാവുകളെ കുറിച്ച് സെമിനാറുമായി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങലക്കുട : ക്രൈസ്റ്റ് കോളെജിലെ ബോട്ടണി വിഭാഗവും സുവോളജി വിഭാഗവും സംയുക്തമായി ബയോഡൈവേഴ്സിറ്റി ക്ലബ്ബുമായി സഹകരിച്ച് “ബ്രിഡ്ജിംഗ് ബിലീഫ് & ബയോഡൈവേഴ്സിറ്റി: ദി ഫ്യൂച്ചർ ഓഫ് സേക്രഡ് ഗ്രോവ്സ്” എന്ന പേരിൽ ത്രദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു.

കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും സമൂഹാധിഷ്ഠിത വനസംരക്ഷണത്തിന്റെ ഒരു പുരാതന രൂപത്തെ പ്രതിനിധീകരിക്കുന്ന കാവുകളുടെ പാരിസ്ഥിതിക, സാംസ്കാരിക, സംരക്ഷണ പ്രാധാന്യം എടുത്തു കാണിക്കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം.

രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

ഉദ്ഘാടന സെഷനിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു.

“സേക്രഡ് ഗ്രോവ് – ജൈവ വൈവിധ്യ പൈതൃക സ്ഥലം : ഇന്ത്യയിലെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള നിയമപരമായ ഉപകരണങ്ങൾ” എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി.

സാങ്കേതിക സെഷനുകളിൽ ഡോ. ടി.വി. സജീവ്, ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, ഡോ. പി.എസ്. ഉദയൻ, ഡോ. കെ.എ. സുജന, ഡോ. എൻ.സി. ഇന്ദുചൂഡൻ തുടങ്ങിയ പ്രമുഖ പ്രഭാഷകർ പങ്കെടുത്തു.

ജൈവവൈവിധ്യ നഷ്ടം, ജന്തു വൈവിധ്യം, പാരിസ്ഥിതിക പഠനങ്ങൾ, പരമ്പരാഗത സംരക്ഷണ രീതികൾ, പുണ്യവനങ്ങളുടെ സാംസ്കാരിക പ്രസക്തി തുടങ്ങിയ വിവിധ വശങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.

ഒന്നും രണ്ടും ദിവസങ്ങളിൽ യുവ ഗവേഷകർക്ക് അവരുടെ കണ്ടെത്തലുകൾ അവതരിപ്പിക്കാൻ വേദിയും ഒരുക്കി.

ഡോ. കെ. പ്രവീൺകുമാർ നയിച്ച ശങ്കുകുളങ്ങര കാവിലേക്ക് നടത്തിയ സന്ദർശനത്തോടെ സെമിനാർ അവസാനിച്ചു.

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ്, കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.

പരമ്പരാഗത വിശ്വാസ വ്യവസ്ഥകളെ ആധുനിക സംരക്ഷണ തന്ത്രങ്ങളുമായി സംയോജിപ്പിച്ച് കാവുകൾ സംരക്ഷിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ചുള്ള അവബോധമുണ്ടാക്കാൻ സെമിനാർ സഹായിച്ചു.