ഇരിങ്ങാലക്കുട : കൃഷിയുടെ കേദാരമായ മുരിയാട് ഇനി ഒരു ഇഞ്ച് പോലും തരിശായി കിടക്കാതിരിക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് അധികൃതർ.
തരിശുരഹിത പഞ്ചായത്തിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംഘാടകസമിതി രൂപീകരിച്ചു.
കൃഷിവകുപ്പ്, ക്ഷീരസംരക്ഷണ വകുപ്പ്, ജലസേചന വകുപ്പ്, കാർഷിക സർവകലാശാല തുടങ്ങിയ സംവിധാനങ്ങളെല്ലാം ഏകോപിപ്പിച്ച് നെല്ല്, പച്ചക്കറി, ഫലവൃക്ഷങ്ങൾ മത്സ്യകൃഷി, ഔഷധസസ്യം, മൃഗസംരക്ഷണം എന്നീ മേഖലകളിലെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി തരിശ് കിടക്കുന്ന സ്ഥലങ്ങൾക്ക് പുതുജീവൻ നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം കെ.വി. സജു വിഷയാവതരണം നടത്തി.
ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലൻ, ടി.ജി. ശങ്കരനാരായണൻ, ജസ്റ്റിൻ ജോർജ്, എ.ഡി.എ. മിനി, സിഡിഎസ് ചെയർപേഴ്സൺ സുനിത രവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.യു. വിജയൻ, എ.എസ്. സുനിൽകുമാർ, മണി സജയൻ, ഷീന രാജൻ, നിഖിത അനൂപ്, കെ.എം. ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജോസ് ജെ. ചിറ്റിലപ്പിള്ളി ചെയർമാനും അഡ്വ. മനോഹരൻ കൺവീനറും റിട്ട. കൃഷി ഓഫീസർ പി.ആർ. ബാലൻ കോർഡിനേറ്ററുമായി സംഘാടകസമിതി രൂപീകരിച്ചു.