ആളൂരിൽ രാസലഹരിയുമായി 3 യുവാക്കൾ പിടിയിൽ

ഇരിങ്ങാലക്കുട : ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ടി”ന്റെ ഭാഗമായി ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ രാസലഹരിയുമായി 3 യുവാക്കളെ പിടികൂടി.

കണ്ണിക്കര ആൽത്തറയിൽ നിന്ന് കടുപ്പശ്ശരി സ്വദേശി നെടുമ്പുരയ്ക്കൽ വീട്ടിൽ ക്രിസ്റ്റോ (21), അവിട്ടത്തൂരിൽ നിന്നും അവിട്ടത്തൂർ മനക്കലപ്പടി സ്വദേശി അലങ്കാരത്തുപറമ്പിൽ വീട്ടിൽ ജെസ്വിൻ (19), പുന്നേലിപ്പടിയിൽ നിന്ന് അവിട്ടത്തൂർ സ്വദേശി കോലങ്കണ്ണി വീട്ടിൽ ഓസ്റ്റിൻ (19) എന്നിവരെയാണ് എം.ഡി.എം.എ.യുമായി പിടികൂടിയത്.

ആളൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ട ക്രിസ്റ്റോ 2024ൽ നടന്ന ഒരു അടിപിടികേസിലും ഒരു വധശ്രമ കേസിലും പ്രതിയാണ്.

കൂടൽമാണിക്യത്തിൽ കഴക പ്രവർത്തിക്ക് പാരമ്പര്യ അവകാശികളെ ഒഴിവാക്കിയെന്ന് ആരോപണം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക പ്രവർത്തികളായ മാല കെട്ട്, വിളക്ക് പിടിക്കൽ മുതലായ ആചാരാനുഷ്ഠാനങ്ങളുടെ അവകാശികളായ വാര്യർ സമുദായംഗങ്ങളെ ഒഴിവാക്കി പുതിയ നിയമനം നടത്തിയതിനെതിരെ വാര്യർ സമാജം രംഗത്ത്.

ക്ഷേത്രത്തിലെ മാല കെട്ടുന്ന പോസ്റ്റിലേക്കാണ് നിലവിലുള്ള ആളെ ഒഴിവാക്കി പുതിയ നിയമനം നടത്തുന്നതിനുള്ള നടപടികൾ ദേവസ്വം ബോർഡ് പൂർത്തിയാക്കിയതെന്നാണ് ആരോപണം.

ഫെബ്രുവരി 24നാണ് ക്ഷേത്രത്തിലെ കഴകം തസ്തികയിലെ താൽക്കാലിക ജീവനക്കാരനായ കെ.വി. ശ്രീജിത്തിനെ പിരിച്ചുവിട്ട് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി തെരഞ്ഞെടുക്കപ്പെട്ട ബി.എ. ബാലുവിനെ തൽസ്ഥാനത്ത് നിയമിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ പാരമ്പര്യ കാരായ്മ കഴകക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ക്ഷേത്ര ചടങ്ങുകളുടെ അവസാനവാക്കായ തന്ത്രിയുടെ അഭിപ്രായങ്ങൾക്ക് കടക വിരുദ്ധമായി തിടുക്കപ്പെട്ട് കഴക പ്രവൃത്തി ചെയ്തു വന്നിരുന്ന വാര്യർ സമുദായ അംഗങ്ങളെ ഒഴിവാക്കി മറ്റൊരാളെ നിയമനം നടത്തിയതിൽ വാര്യർ സമാജം ഉത്കണ്ഠ രേഖപ്പെടുത്തി.

കാരായ്മ പ്രവർത്തി ചെയ്ത് വരുന്നവർക്ക് തുടർ നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് വാര്യർ സമാജം സംസ്ഥാന ട്രഷറർ വി.വി. ഗിരീശൻ, മധ്യമേഖല സെക്രട്ടറി എ.സി. സുരേഷ്, ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് പി.വി. രുദ്രൻ വാര്യർ, യൂണിറ്റ് സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ എ അച്യുതൻ എന്നിവർ അറിയിച്ചു.

”ഫ്യൂച്ചർ പ്ലാൻ” കഥാസമാഹാരം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : കഥാകൃത്തും ഇരിങ്ങാലക്കുട കുടുംബകോടതി ശിരസ്തദാരുമായ ഇരിങ്ങാലക്കുട ബാബുരാജിൻ്റെ 2-ാമത് കഥാസമാഹാരമായ ”ഫ്യൂച്ചർ പ്ലാൻ” വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിൽ പ്രകാശനം ചെയ്തു.

സാഹിത്യകാരൻ തുമ്പൂർ ലോഹിതാക്ഷൻ പുസ്തകം ഏറ്റുവാങ്ങി.

നിരൂപകൻ വി.യു. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

കൃഷ്ണകുമാർ മാപ്രാണം പുസ്തകപരിചയം നടത്തി.

വി.വി. ശ്രീല, യു.കെ. സുരേഷ് കുമാർ, കാട്ടൂർ രാമചന്ദ്രൻ, ഷെറിൻ അഹമ്മദ്, ജോസ് മഞ്ഞില, എ.വി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

ഗാനാലാപനത്തിൽ സിൻ്റ സേവി, എം.എസ്. സാജു, ചിന്ത സുഭാഷ്, രമ്യ, വിദ്യ, വേദിക കൃഷ്ണ എന്നിവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിന് കൊടിയേറി

ഇരിങ്ങാലക്കുട : ടൗൺ അമ്പ് ഫെസ്റ്റിൻ്റെ കൊടിയേറ്റം കത്തീഡ്രൽ വികാരി റവ.
ഡോ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു.

തുടർന്ന് നടന്ന സമ്മേളനത്തിൽ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ
അനീഷ് കരീം നിർവ്വഹിച്ചു.

ചടങ്ങിൽ അമ്പ് ഫെസ്റ്റ് ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ അധ്യക്ഷത വഹിച്ചു.

നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആർ. വിജയ, അമ്പ് ഫെസ്റ്റ് പ്രസിഡന്റ് റെജി മാളക്കാരൻ, സെക്രട്ടറി ബെന്നി വിൻസെന്റ്, ട്രഷറർ വിൻസന്റ് കോമ്പാറക്കാരൻ, പ്രോഗ്രാം കൺവീനർ ടെൽസൺ കോട്ടോളി, പബ്ലിസിറ്റി കൺവീനർ അഡ്വ. ഹോബി ജോളി, ദീപാലങ്കാര കൺവീനർ ഡയസ് ജോസഫ് എന്നിവർ ആശംസകൾ നേർന്നു.

ജോയിൻ്റ് കൺവീനർമാരായ ഡേവിസ് ചക്കാലക്കൽ, ജോബി അക്കരക്കാരൻ, ജോജോ പള്ളൻ, റപ്പായി മാടാനി, പോളി കോട്ടോളി, ബെന്നി ചക്കാലക്കൽ, ബെന്നി കോട്ടോളി, അലിഭായ്, സാബു കൂനൻ, ജോയ് ചെറയാലത്ത്, ജോജോ കൂനൻ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൻ വിപിൻ പാറമേക്കാട്ടിലിനെ ആദരിച്ചു.

ടൗൺ അമ്പ് ഫെസ്റ്റിന്റെ രണ്ടാം ദിനമായ ബുധനാഴ്ച വൈകീട്ട് 7 മണിക്ക് മതസൗഹാർദ്ദ സമ്മേളനവും തിരുവനന്തപുരം ഡിജിറ്റൽ വോയ്സിന്റെ ഓർക്കസ്ട്ര ഗാനമേള, വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് മാർക്കറ്റ് ജംഗ്ഷനിൽ ബാൻഡ് വാദ്യ പ്രദർശനം എന്നിവ ഉണ്ടായിരിക്കും.

5 മണിക്ക് അമ്പ് പ്രദക്ഷിണം ആരംഭിക്കും. ചന്തക്കുന്ന്, മൈതാനം വഴി ഠാണാവിലൂടെ 11.30ന് കത്തീഡ്രൽ പള്ളിയിൽ സമാപിക്കും. തുടർന്ന് വർണ്ണമഴ.

7 മണിക്ക് പ്രദക്ഷിണം മുനിസിപ്പൽ മൈതാനിയിൽ എത്തുമ്പോൾ സംഘടിപ്പിക്കുന്ന വിശ്വസാഹോദര്യ ദീപപ്രോജ്വലനത്തിൽ നിസാർ അഷ്റഫിന്റെ നേതൃത്വത്തിൽ പതിനായിരം മെഴുകുതിരികൾ തെളിയിക്കും.

സെൻ്റ് വിൻസെൻ്റ് ഡയബെറ്റിക്സ് സെൻ്ററിനു സമീപം പറമ്പിൽ തീപിടിച്ചു

ഇരിങ്ങാലക്കുട : സെൻ്റ് വിൻസെൻ്റ് ഡയബെറ്റിക്സ് സെൻ്ററിനു സമീപം പറമ്പിലെ പുല്ലിൽ തീ ആളിപ്പടർന്നു.

വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലിൽ പറമ്പിന് സമീപത്തെ വീടുകളിലേക്ക് തീ പടരുന്നതിന് മുന്നേ തീ അണയ്ക്കാനായി.

കെ.പി.എൽ. വെളിച്ചെണ്ണ കമ്പനിയുടെ പുറകുവശത്തായാണ് തീപിടിത്തമുണ്ടായ പറമ്പ് സ്ഥിതി ചെയ്യുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് സമീപത്തെ മൂന്ന് ഏക്കറോളം വരുന്ന മറ്റൊരു പറമ്പിലും തീ ആളിപ്പടർന്നിരുന്നു

തിരുനാൾ കമ്മറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഏപ്രിൽ 26, 27, 28 തിയ്യതികളിലായി നടക്കുന്ന മൂർക്കനാട് സെന്റ്‌ ആന്റണീസ് ദേവാലയത്തിലെ തിരുനാളിന് ഒരുക്കമായുള്ള കമ്മറ്റി ഓഫീസ് വികാരി ഫാ. സിന്റോ മാടവന ഉദ്ഘാടനം ചെയ്തു.

ജനറൽ കൺവീനർ ജിജോയ് പാടത്തിപറമ്പിൽ സ്വാഗതവും സെക്രട്ടറി വിൽസൺ കൊറോത്തുപറമ്പിൽ നന്ദിയും പറഞ്ഞു.

കൺവീനർമാരായ നെൽസൻ പള്ളിപ്പുറം, ആന്റോ ചിറ്റിലപിള്ളി, റാഫി, വിപിൻ, എബിൻ, ആന്റണി, സിൻജോ, ആന്റോ, പവൽ, വിബിൻ, ബെന്നി, ജോർജ്‌ എന്നിവർ സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുടയിൽ ഷെയർ‌ ട്രേഡിങ്ങിന്‍റെ പേരിൽ തട്ടിപ്പ്; 32 നിക്ഷേപകർ പരാതി നൽകി; 150 കോടി രൂപ തട്ടിയതായാണ് പരാതി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നിക്ഷേപ തട്ടിപ്പ്. ഷെയർ‌ ട്രേഡിങ്ങിന്‍റെ പേരിൽ 150 കോടി രൂപ തട്ടിയതായാണ് പരാതി.

ഇരിങ്ങാലക്കുട സ്വദേശികളായ ബിബിൻ സി. ബാബുവും രണ്ടു സഹോദരങ്ങളുമാണ് തട്ടിപ്പ് നടത്തിയത്.

10 ലക്ഷം മുടക്കിയാൽ പ്രതിമാസം 30,000 മുതൽ 50,000 രൂപ വരെ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്.

സംഭവത്തിന് ശേഷം രണ്ട് സഹോദരങ്ങളും മുങ്ങി. 32 നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്.

ഇതിന്‍റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പൊലീസ് നാലു കേസുകൾ രജിസ്റ്റർ ചെയ്തു.

ബില‍്യൺ ബീസ് നിക്ഷേപ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയത്. ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.

ഇരിങ്ങാലക്കുട ഗവ. എൽ. പി. സ്കൂൾ വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഗവ. എൽ. പി. സ്കൂൾ വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനവും നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

സിനിമാതാരം ഇടവേള ബാബു വിശിഷ്ടാതിഥിയായിരുന്നു.

നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ഫെനി എബിൻ വെള്ളാനിക്കാരൻ, ജെയ്സൺ പാറേക്കാടൻ, അഡ്വ. ജിഷ ജോബി, ഒ. എസ്. അവിനാഷ് , ഡോ. എം.സി. നിഷ, ബിന്ദു പി. ജോൺ, കെ. ആർ. ഹേന, കെ. എസ്. സുഷ, ലാജി വർക്കി, വി. എസ്. സുധീഷ്, പങ്കജവല്ലി, അയാൻ കൃഷ്ണ ജി. വിപിൻ, ടി. എൻ. നിത്യ, എസ്. ആർ. വിനിത തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ കെ. ജി. വിദ്യാർഥികളുടെ കോൺവൊക്കേഷൻ, പുരസ്കാര വിതരണങ്ങൾ എന്നിവയും നടന്നു.

ഹെഡ്മിസ്ട്രസ് പി. ബി. അസീന സ്വാഗതവും പി. ടി. എ. പ്രസിഡന്റ് അംഗന അർജുനൻ നന്ദിയും പറഞ്ഞു.

തുടർന്ന് കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികൾ അരങ്ങേറി.

കേന്ദ്ര അവഗണനയ്ക്കെതിരെ നടത്തിയ സി.പി.എം. കാൽനട പ്രചാരണ ജാഥ സമാപിച്ചു

ഇരിങ്ങാലക്കുട : കേന്ദ്ര അവഗണനക്കെതിരെ സി.പി.എം. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാൽനട പ്രചാരണ ജാഥ സമാപിച്ചു.

വെള്ളിയാഴ്ച കാട്ടൂരിൽ നിന്ന് തുടങ്ങിയ ജാഥ കിഴുത്താണി സെൻ്ററിലാണ് സമാപിച്ചത്.

സ്വീകരണ കേന്ദ്രങ്ങളിൽ ക്യാപ്റ്റൻ വി. എ. മനോജ് കുമാർ, വൈസ് ക്യാപ്റ്റൻ ആർ. എൽ. ശ്രീലാൽ, മാനേജർ കെ. സി. പ്രേമരാജൻ, ടി. ജി. ശങ്കരനാരായണൻ, സി. ഡി. സിജിത്ത്, ടി. വി. വിജീഷ്, ലത ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു.

കെ. കെ. സുരേഷ് ബാബു അധ്യക്ഷനായി.

അഡ്വ. കെ. ആർ. വിജയ, വി. എ. മനോജ്കുമാർ, ആർ. എൽ. ശ്രീലാൽ എന്നിവർ പ്രസംഗിച്ചു.

കെ. വി. ധനേഷ് ബാബു സ്വാഗതവും മല്ലിക ചാത്തുക്കുട്ടി നന്ദിയും പറഞ്ഞു.