അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : മാടായിക്കോണം പി.കെ. ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവ. യു.പി. സ്കൂളിൽ എൽ.പി. സ്കൂൾ അധ്യാപിക, ജൂനിയർ ഹിന്ദി, ജൂനിയർ സംസ്കൃതം എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവുണ്ട്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടത്തുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ്സ് അറിയിച്ചു.

യു.പി.എസ്.ടി. തസ്തികയിൽ താൽക്കാലിക ഒഴിവ്

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ യു.പി.എസ്.ടി. തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.

നിശ്ചിത യോഗ്യതയുള്ളവർ കൂടിക്കാഴ്ചയ്ക്കായി മെയ് 30 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ നേരിട്ട് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ്സ് അറിയിച്ചു.

കാറ്റിലും മഴയിലും വള്ളിവട്ടം കോഴിക്കാട് മേഖലയിൽ കനത്ത നാശനഷ്ടം

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വള്ളിവട്ടം കോഴിക്കാട് മേഖലയിൽ കനത്ത നാശനഷ്ടം.

കോഴിക്കാട് കൊല്ലംപറമ്പിൽ അശോകന്റെ വീട്ടുപറമ്പിലെ അടയ്ക്കാമരങ്ങൾ വീടിനു മുകളിലേക്ക് വീണ് വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു.

മേഖലയിൽ വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.

മഴ ശക്തമാകുന്നു : പാമ്പുകളെ കണ്ടാൽ വിളിക്കേണ്ട നമ്പറുകൾ

ഇരിങ്ങാലക്കുട : മഴ കനക്കുന്ന സാഹചര്യത്തിൽ പലയിടത്തും വീടുകളിലും വെള്ളം കയറി തുടങ്ങിയതിനാൽ തന്നെ പാമ്പുകൾ നമ്മുടെ വീടിനുള്ളിലേക്കും കയറി വരുവാനുള്ള സാധ്യത കൂടുതലാണ്.

നിങ്ങളുടെ വീട്ടിലോ പരിസരത്തോ പാമ്പുകളെ കണ്ടാൽ ഉടൻ വനംവകുപ്പിന്റെ പരിശീലനം ലഭിച്ച തൃശ്ശൂർ ജില്ലയിലെ റെസ്ക്യൂവേഴ്‌സിന്റെ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

9745547906 – ജോജു

9745484856 – മിഥുൻ

9961359762 – ശ്രീക്കുട്ടൻ

7012225764 – അജീഷ്

8301064383 – ശരത്ത്

9446230860 – നവാസ്

8921554583 – ലിജോ

പുല്ലൂറ്റ് ഗവ. കെ.കെ.ടി.എം. കോളെജിൽ സീറ്റൊഴിവ്

ഇരിങ്ങാലക്കുട : പുല്ലൂറ്റ് ഗവ. കെ.കെ.ടി.എം. കോളെജിൽ 2025-26 അധ്യയന വർഷം രണ്ടാം വർഷ ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ് (ഓണേഴ്‌സ്) ബിരുദ കോഴ്‌സിൽ മൂന്നാം സെമസ്റ്ററിൽ രണ്ട് സീറ്റുകൾ ഒഴിവുണ്ട്.

2024- 25 അധ്യയന വർഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഇതേ കോഴ്‌സിലെ രണ്ടാം സെമസ്റ്റർ വിദ്യാർഥികൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നിയമങ്ങൾക്ക് വിധേയമായി കോളെജ് ട്രാൻസ്ഫറിന് അപേക്ഷിക്കാവുന്നതാണ്.

മെയ് 31 വരെ നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക് കോളെജുമായി ബന്ധപ്പെടാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഫോൺ: 0480-2802213

ഹൃദയ പാലിയേറ്റീവിന് കട്ടിലുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ സെന്റ് പീറ്റർ കുടുംബയൂണിറ്റ് ഹൃദയ പാലിയേറ്റീവിന് കട്ടിലുകൾ വിതരണം ചെയ്തു.

മാർ ജെയിംസ് പഴയാറ്റിൽ ഹൃദയ പാലിയേറ്റീവിലെ രോഗികൾക്കായി ആധുനിക രീതിയിലുള്ള 5 കട്ടിലുകളാണ് വിതരണം ചെയ്തത്.

കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ വിതരണോദ്ഘാടനം നിർവഹിച്ചു.

പാലിയേറ്റീവ് കെയർ ഡയറക്ടർ ഫാ. ഷാജു ചിറയത്ത് അധ്യക്ഷത വഹിച്ചു.

അസി. ഡയറക്ടർ ഫാ. ജോസഫ് മാളിയേക്കൽ, കത്തീഡ്രൽ ട്രസ്റ്റിമാരായ തിമോസ് പാറേക്കാടൻ, സി.എം. പോൾ ചാമപറമ്പിൽ, ബാബു ജോസ് പുത്തനങ്ങാടി, ജോമോൻ തട്ടിൽ മണ്ടി ഡേവി, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരൻ, സോഷ്യൽ ആക്ഷൻ പ്രസിഡന്റ് ടോണി ചെറിയാടൻ, കുടുംബയൂണിറ്റ് പ്രസിഡന്റ് ബാബു ചേലക്കാട്ടുപറമ്പിൽ, സെക്രട്ടറി വർഗീസ് റപ്പായി പറമ്പി, ട്രഷറർ ടോമി പോൾ പറമ്പി, വൈസ് പ്രസിഡന്റ് രാജമ്മ ലോനപ്പൻ, ജോയിന്റ് സെക്രട്ടറി ജോയ് മുളരിക്കൽ എന്നിവർ പ്രസംഗിച്ചു.

മണ്ണിടിച്ചിൽ ഭീഷണി : മുകുന്ദപുരം താലൂക്കിൽ 66 കുടുംബങ്ങൾക്ക് മാറി താമസിക്കാനുള്ള നോട്ടീസ് നൽകി

ഇരിങ്ങാലക്കുട : കാലവർഷം ശക്തമായതോടെ മണ്ണിടിച്ചിൽ ഭീഷണിയുള്ള മുകുന്ദപുരം താലൂക്കിലെ നാലിടങ്ങളിൽ നിന്ന് 66 കുടുംബങ്ങൾക്ക് മാറി താമസിക്കാനുള്ള നോട്ടീസ് നൽകി.

വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് കരുവന്നൂർ പുഴയോരത്ത് താമസിക്കുന്ന 7 കുടുംബങ്ങളോടും മാറി താമസിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.

കാലവർഷം ആരംഭിക്കുന്നതിനു മുമ്പ് വെള്ളപ്പൊക്കം, കടൽക്ഷോഭം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

മാപ്രാണം വാതിൽമാടം ക്ഷേത്രത്തിന് സമീപമുള്ള നാലുസെന്റ് കോളനിയിലെ 7 കുടുംബങ്ങൾക്കും, വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ മുസാഫരിക്കുന്നിൽ 23 കുടുംബങ്ങൾക്കും, കാറളം കോഴിക്കുന്നിൽ 9 കുടുംബങ്ങൾക്കും, പുത്തൻചിറ കുംഭാരസമാജം റോഡിൽ 22 കുടുംബങ്ങൾക്കുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

2018- 19 വർഷത്തിലുണ്ടായ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ മണ്ണ് സംരക്ഷണ വകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി, ഗ്രൗണ്ട് വാട്ടർ, റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവർ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് അപകട ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് മാറി താമസിക്കാനുള്ള നോട്ടീസ് നൽകിയിരിക്കുന്നത്.

കണ്ഠേശ്വരം ക്ഷേത്രത്തിനു സമീപം കാറിന് മുകളിലേക്ക് മരം വീണു

ഇരിങ്ങാലക്കുട : ഇന്ന് രാവിലെയുണ്ടായ ശക്തമായ കാറ്റിൽ കണ്ഠേശ്വരം ക്ഷേത്രത്തിനു മുൻവശം നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാറ് തകർന്നു. തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയെങ്കിലും അതിനു മുമ്പു തന്നെ നാട്ടുകാർ മരം മുറിച്ചു മാറ്റിയിരുന്നു.

പ്രദേശത്ത് പലയിടങ്ങളിലും മരങ്ങൾ വീണ് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

നിര്യാതനായി

വർഗീസ്

ഇരിങ്ങാലക്കുട : പുല്ലൂർ ഐനിക്കൽ കുഞ്ഞുവറീത് മകൻ വർഗീസ് (78) നിര്യാതനായി.

സംസ്കാരകർമ്മങ്ങൾ ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് 4.30 ന് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : ആനി വർഗീസ്

മക്കൾ : നിമ്മി, സിമ്മി, ലിമ്മി, ലീന

മരുമക്കൾ : ജോസ്, ബാബു, ജോയ്, പോൾ

ലഹരിക്കെതിരെ ഇരിങ്ങാലക്കുടയിൽ ”മധുരം ജീവിതം” ജൂൺ 1 മുതൽ : സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : സമൂഹം നേരിടുന്ന ഏറ്റവും മാരക വിപത്തായ ലഹരിക്കെതിരെ ഇരിങ്ങാലക്കുടയിലെ ആബാലവൃദ്ധം ജനതയെ പ്രതിരോധ സജ്ജരാക്കുന്ന ”മധുരം ജീവിതം” ക്യാമ്പയിന് ജൂൺ 1ന് തുടക്കമാകും.

ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന വിപുലമായ ”മധുരം ജീവിതം” സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം.

മന്ത്രി ഡോ. ആർ. ബിന്ദു ചെയർപേഴ്സണും ഇരിങ്ങാലക്കുട ആർ.ഡി.ഒ. പി. ഷിബു കൺവീനറുമായി 501 അംഗ സംഘാടക സമിതിക്ക് യോഗം രൂപം നൽകി.

ഇരിങ്ങാലക്കുടയിലെ സാമൂഹ്യ- സാംസ്കാരിക – രാഷ്ട്രീയ- മത- വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖർ, വിവിധ സർക്കാർ വകുപ്പ് തല ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, അധ്യാപകർ, കലാകാരന്മാർ, വിദ്യാർഥി പ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ഓട്ടോ ടാക്സി തൊഴിലാളികൾ, റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ ക്ലബ് ഭാരവാഹികൾ തുടങ്ങിയവരെയെല്ലാം ഉൾപ്പെടുത്തിയാണ് സംഘാടകസമിതി രൂപീകരിച്ചിരിക്കുന്നത്.

മണ്ഡലത്തിലെ ഓരോ പൗരനെയും ഈ ആപത്തിനെതിരായ പ്രവർത്തനങ്ങളിൽ കണ്ണി ചേർക്കുന്ന വിധത്തിലാണ് സംസ്ഥാന വ്യാപകമായി ആരംഭിച്ചിട്ടുള്ള ലഹരിവിരുദ്ധ പ്രചാരങ്ങളുടെ ഭാഗമായി, ഇരിങ്ങാലക്കുടയിൽ ”മധുരം ജീവിതം” ക്യാമ്പയിൻ പ്രത്യേകമായി ആവിഷ്കരിച്ചു നടപ്പാക്കുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ഇതിനായുള്ള തനത് അവബോധരൂപീകരണ പ്രവർത്തനങ്ങൾക്ക് യോഗം രൂപരേഖ തയ്യാറാക്കി.

പാതയോരങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും കളിക്കളങ്ങളിലും ഗ്രന്ഥാലയങ്ങളിലും യുവജന ക്ലബ്ബുകളിലും വീട്ടകങ്ങളിലും വരെ ലഹരിക്കെതിരായ പല തലങ്ങളിലുള്ള അവബോധ പ്രവർത്തനങ്ങൾ നടത്തും.

ലഹരിവിരുദ്ധ സംവാദങ്ങൾ, ലഹരിക്കെതിരെ പ്രാദേശിക കലാകാരന്മാരുടെ കൂട്ടായ്മ, ലഹരിവിരുദ്ധ സന്ദേശ മരങ്ങൾ, ലഹരിക്കെതിരെ മൺചെരാതുകൾ തെളിയിക്കൽ, ലഹരിവിരുദ്ധ ബഹുജന റാലി, ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരിവിരുദ്ധ മാരത്തോൺ/കൂട്ടയോട്ടം, തത്സമയ മത്സരങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ലഹരിക്കെതിരെ മുദ്രാവാക്യ രചന, ഫ്‌ളാഷ് മോബ്, കലാജാഥ, തെരുവ് നാടകം, മൈം, സൈക്കിൾ റാലി, ഡിജിറ്റൽ ക്യാമ്പയിൻ, ചിത്രരചനാ മത്സരം, പ്രസംഗ മത്സരം, ഫുട്ബോൾ മത്സരം, യോഗ, ക്രിക്കറ്റ് മത്സരം, കലാ കായിക മത്സരങ്ങൾ
എന്നിങ്ങനെ സമൂഹത്തിലെ ഓരോ വിഭാഗത്തിൻ്റെയും പങ്കാളിത്തം ഉറപ്പാക്കുന്ന പ്രചാരണ പരിപാടികൾ മധുരം ജീവിതം പദ്ധതിയുടെ ഭാഗമായി യോഗം ആസൂത്രണം ചെയ്തു.

ബൃഹത്തായ കർമ്മസേനയ്ക്ക് രൂപം നൽകി, സംഘമായുള്ള ഭവന സന്ദർശനങ്ങളും ലഘുലേഖ വിതരണവുമടക്കം ഉൾപ്പെടുത്തിയാണ് മധുരം ജീവിതം ലഹരിക്കെതിരെ ഇരിങ്ങാലക്കുടയുടെ മനസ്സുണർത്തുക.

മനുഷ്യച്ചങ്ങല അടക്കമുള്ള വിപുലമായ ജനകീയൈക്യ പദ്ധതികളും പ്രചാരണത്തിൻ്റെ ഭാഗമായി ഒരുക്കാൻ യോഗം തീരുമാനിച്ചു.

ഇരിങ്ങാലക്കുട ടൗൺഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ.ആർ. ജോജോ, ലിജി രതീഷ്, കെ.എസ്. ധനീഷ്, കെ.എസ്. തമ്പി, ആർഡിഒ പി. ഷിബു, അഡീഷണൽ എസ്പി ബി.എ. ഉല്ലാസ്, എക്സൈസ് സിഐ എൻ. ശങ്കർ, ഡിഇഒ ഷൈല, എഇഒ നിഷ തുടങ്ങി വിവിധ സർക്കാർ വകുപ്പ് മേലധികാരികൾ, എൻ.എസ്.എസ്. സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. എ.എൻ. അൻസർ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, സെന്റ് ജോസഫ് കോളെജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ എലൈസ, സജു ചന്ദ്രൻ, കാട്ടിക്കുളം ഭരതൻ, പ്രദീപ് മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.