മലക്കപ്പാറയിൽ 4 വയസ്സുകാരനെ പുലി പിടിച്ചു : കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇരിങ്ങാലക്കുട : പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ കിടന്നുറങ്ങുകയായിരുന്ന മലക്കപ്പാറ അതിരപ്പിള്ളി പഞ്ചായത്തിലെ വീരാൻകുടി ഉന്നതിയിൽ താമസിക്കുന്ന ബേബിയുടെ മകൻ രാഹുൽ (4) എന്ന കുട്ടിയെ പുലി തലയിൽ കടിച്ച് പിടിച്ച് കൊണ്ടുപോകാൻ ശ്രമിച്ചു.

ഇന്ന് പുലർച്ചെ 2.15 മണിയോടെയാണ് സംഭവം

വീട്ടുകാർ ശബ്ദം കേട്ട് ഒച്ചവെച്ചതിനെ തുടർന്ന് പുലി കുട്ടിയെ താഴെ വച്ച് ഓടി രക്ഷപ്പെട്ടു.

ഉടൻ തന്നെ വീട്ടുകാർ മലക്കപ്പാറ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ മലക്കപ്പാറ പൊലീസിന്റെ നേതൃത്വത്തിൽ പരിക്കേറ്റ കുട്ടിയെ മലക്കപ്പാറയിലെ ടാറ്റ ആശുപത്രിയിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം : സിപിഐ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ ദൈനം ദിന പ്രവർത്തനങ്ങൾ ക്രമീകരിക്കണമെന്ന് ആർബിഐ നിർദ്ദേശം നൽകിയിരിക്കുകയാണ്. ബാങ്കിംഗ് പ്രവർത്തനത്തിൽ നിരന്തരമായ ക്രമക്കേടുകൾ നടത്തിയത് ചൂണ്ടിക്കാണിച്ചാണ് ആർബിഐയുടെ നടപടി.

നിലവിലെ ഉത്തരവ് പ്രകാരം ആറുമാസ കാലയളവിനുള്ളിൽ നിക്ഷേപകന് ആകെ പിൻവലിക്കാൻ കഴിയുന്ന സംഖ്യ പതിനായിരം രൂപ മാത്രമാണ്. പുതിയ വായ്പകൾ അനുവദിക്കുന്നതിനും പുതുക്കുന്നതിനും വിലക്കുണ്ട്.

ബാങ്കിലെ നിക്ഷേപകർ ഉൾപ്പെടെയുള്ള ഇടപാടുകാർ കടുത്ത ആശങ്കയിലാണ്.

നിക്ഷേപകർക്ക് വായ്പാസംഖ്യ ആവശ്യാനുസരണം നൽകുന്നതിനുള്ള നടപടി ബാങ്ക് കൈക്കൊള്ളണമെന്നും ഇത്തരമൊരു സാഹചര്യത്തിലേക്ക് ടൗൺ ബാങ്കിനെ എത്തിച്ച യുഡിഎഫ് ഭരണസമിതിക്കെതിരെ കേരള സഹകരണ വകുപ്പ് സമഗ്ര അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സെക്രട്ടറി എൻ.കെ ഉദയപ്രകാശ് ആവശ്യപ്പെട്ടു.

നിര്യാതയായി

ശാന്ത

ഇരിങ്ങാലക്കുട : പുല്ലൂർ ചേർപ്പ്ക്കുന്ന് നാറാട്ടിൽ പരേതനായ കുമാരൻ ഭാര്യ ശാന്ത (73) നിര്യാതനായി.

സംസ്കാരം വ്യാഴാഴ്ച (ജൂലൈ 31) ഉച്ചതിരിഞ്ഞ് 2 മണിക്ക് മുക്തിസ്ഥാനിൽ.

മക്കൾ : ജയ (അക്കൗണ്ടന്റ് ഓഫീസർ, ബി.എസ്.എൻ.എൽ., തൃശൂർ), ഭാസി, ലവൻ

മരുമക്കൾ : രാജി, പരേതനായ ഉണ്ണിച്ചെക്കൻ

ഓൾ ഇന്ത്യ ക്ലാസിക്കൽ ഡാൻസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കാർത്തിക അനിൽ

ഇരിങ്ങാലക്കുട : ഓൾ ഇന്ത്യ ഡാൻസേഴ്സ് അസോസിയേഷൻ, ഓം സ്കൂൾ ഓഫ് ഡാൻസുമായി ചേർന്ന് സംഘടിപ്പിച്ച ഓൾ ഇന്ത്യ ക്ലാസിക്കൽ ഡാൻസ് മത്സരത്തിൽ ഭരതനാട്യം ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഔട്ട്സ്റ്റാൻഡിങ് ഗ്രേഡും നേടി കാർത്തിക അനിൽ.

കാർത്തിക അനിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

കാട്ടൂരിലെ കുടിവെള്ള മലിനീകരണ പ്രശ്നം : ശാസ്ത്രീയ പരിശോധനക്കായി മണ്ണ് ശേഖരിച്ചു

ഇരിങ്ങാലക്കുട : കാട്ടൂര്‍ മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തെ കിണറുകളില്‍ രാസമാലിന്യം കലര്‍ന്ന സംഭവത്തില്‍ ശാസ്ത്രീയ പരിശോധനക്കായി മണ്ണ് ശേഖരിച്ചു.

തൃശൂർ ഗവ. എൻജിനീയറിംഗ് കോളെജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫ. എ.ജി. ബിന്ദു, ടെക്‌നിക്കല്‍ സ്റ്റാഫ് കെ.കെ. ഉമ്മര്‍, കെമിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫ. എ.എം. മണിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണ് ശേഖരിച്ചത്.

കാട്ടൂര്‍ മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ് വളപ്പിനുള്ളില്‍ നിന്നും ഒരു സാമ്പിളും സമീപത്തെ കിണറുകളുടെ പരിസരത്തുനിന്നും മൂന്ന് സാമ്പിളുകളും ശേഖരിച്ചു.

ഒരു മീറ്റര്‍ ആഴത്തില്‍ കുഴിച്ചാണ് മണ്ണ് പരിശേധനക്കെടുത്തിരിക്കുന്നത്. കിണറുകളിലെ രാസമാലിന്യത്തിന്റെ ഉറവിടം കണ്ടെത്തുക എന്നുള്ളതാണ് മണ്ണ് പരിശോധനയുടെ ലക്ഷ്യം.

ഇതിനായി സിങ്ക്, അലുമിനിയം തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യമാണ് പരിശോധിക്കുന്നത്.

ജൂലൈ 4ന് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ മണ്ണ് പരിശോധന നടത്തണമെന്ന് തീരുമാനിച്ചിരുന്നു.

ഒരു മാസത്തിനകം പരിശോധനാഫലം ലഭിക്കുമെന്ന് അസോസിയേറ്റ് പ്രൊഫ. എ.ജി. ബിന്ദു പറഞ്ഞു.

ഭാരതീയ വിദ്യാഭവനിൽ എൻ.എസ്.എസ്. പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ഈ വർഷത്തെ എൻ.എസ്.എസ്. പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് തൃശൂർ രംഗചേതന, വിമുക്തി ക്ലബ്ബ്, സ്കൂൾ സുരക്ഷാ സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കെ.വി. ഗണേഷ് അവതരിപ്പിച്ച ഏകപാത്ര നാടകാവതരണം ഏറെ ശ്രദ്ധേയമായി.

ലഹരി എന്ന വിപത്തിനെ കുറിച്ച് വിദ്യാർഥികളിൽ അവബോധം ജനിപ്പിക്കാൻ “ജീവിതം ലഹരി” എന്ന നാടകത്തിന് കഴിഞ്ഞു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറും ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ എസ്.ആർ. ജിൻസി മുഖ്യാതിഥിയായിരുന്നു.

എക്സൈസ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥനായ ജിതിൻ, ചെയർമാൻ ടി അപ്പുക്കുട്ടൻ നായർ, സെക്രട്ടറി വി. രാജൻ മേനോൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം ശോഭ ശിവാനന്ദരാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, ചിത്രകലാ അധ്യാപകനും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറുമായ എ.ഡി. സജു, പി.ടി.എ. പ്രസിഡന്റ് റാണി പ്രദീപ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

എൻ.എസ്.എസ്. കോർഡിനേറ്റർമാരായ ജിനപാൽ, സറീന, രാജി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

നിര്യാതനായി

ജോയ്

ഇരിങ്ങാലക്കുട : ഷണ്മുഖം കനാൽ ബേസ് കുരിശുമറ്റം വീട്ടിൽ ചാക്കോ മകൻ ജോയ് (67) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : ശോഭന

മക്കൾ : ജിനോ, ജാസ്മി.

മരുമക്കൾ : സച്ചു, റിജി

അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളെജിലെ മൈക്രോബയോളജി വിഭാഗം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂലായ് 28 (തിങ്കളാഴ്ച)രാവിലെ 10 മണിക്ക് നടക്കും.

പി എച്ച് ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9495576658

നിര്യാതനായി

ചന്ദ്രൻ

ഇരിങ്ങാലക്കുട : തേലപിള്ളി ഇടക്കാട്ടിൽ ചന്ദ്രൻ (76) നിര്യാതനായി.

സംസ്ക്കാരം നാളെ (ജൂലൈ 24) വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഭാര്യ : ജാനകി

മക്കൾ : ഹരീഷ്, ശരത്ത്

മരുമകൾ : അഞ്ജലി

ആറാട്ടുപുഴ ക്ഷേത്രത്തിൽ ഇല്ലംനിറ 27ന്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറ ജൂലൈ 27 ഞായറാഴ്ച്ച നടത്തും.

രാവിലെ 8 മണിക്ക് നമസ്കാര മണ്ഡപത്തിൽ വെച്ച് ഗണപതി പൂജയോടെയാണ് ഇല്ലം നിറയുടെ ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് ഇല്ലി, നെല്ലി, അത്തി, ഇത്തി, അരയാൽ, പേരാൽ എന്നിവയുടെ ഇലകൾ മണ്ഡപത്തിൽ സമർപ്പിച്ച് ലക്ഷ്മിപൂജക്ക് തുടക്കം കുറിക്കും.

ലക്ഷ്മിപൂജയുടെ മദ്ധ്യേ അരിമാവ് കൊണ്ട് അണിഞ്ഞ് നാക്കിലയിൽ തയ്യാറാക്കി ഗോപുരത്തിൽ വച്ചിരിക്കുന്ന പൊൻകതിരുകൾ മേൽ ശാന്തി തീർത്ഥം തളിച്ച് ശുദ്ധി വരുത്തും. കുത്തുവിളക്കിന്റേയും മണിനാദത്തിന്റേയും ശംഖനാദത്തിന്റേയും ഭക്തജനങ്ങളുടേയും അകമ്പടിയോടെ മേൽശാന്തിമാർ കതിർക്കറ്റകൾ ശിരസ്സിലേറ്റി ക്ഷേത്ര മതിൽക്കകത്ത് പ്രദക്ഷിണം വെച്ച് കതിരുകളെ ചുറ്റിനകത്തേക്ക് എഴുന്നെള്ളിക്കും.

ക്ഷേത്രത്തിനുള്ളിൽ പ്രദക്ഷിണം ചെയ്തു കതിർക്കറ്റകളെ നമസ്കാര മണ്ഡപത്തിൽ ഇറക്കി എഴുന്നെള്ളിക്കും. അവിടെ വെച്ച് ലക്ഷമിപൂജ പൂർത്തിയാക്കിയ ശേഷം പൂജിച്ച കതിരുകൾ ശ്രീകോവിലിൽ ശാസ്താവിന് സമർപ്പിക്കും.

ക്ഷേത്ര പത്തായപ്പുരയിലും നെല്ലറയിലും മറ്റും കതിരുകൾ സമർപ്പിച്ചതിനു ശേഷം നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകും.

പ്രസാദമായി ലഭിക്കുന്ന കതിരുകൾ സ്വന്തം ഗൃഹങ്ങളിൽ നിലവിളക്കിന്റെ സാന്നിദ്ധ്യത്തിൽ സ്ഥാപിക്കുന്നത് ഐശ്വര്യ പ്രദമാണ് എന്നാണ് ഭക്തരുടെ വിശ്വാസം.

ക്ഷേത്രം മേൽശാന്തിമാരായ കൂറ്റമ്പിള്ളി പത്മനാഭൻ നമ്പൂതിരി, മൂർക്കനാട്മന മോഹനൻ നമ്പൂതിരി എന്നിവർ ഇല്ലംനിറക്ക് നേതൃത്വം നൽകും.