വിദ്യാർഥികളിൽ മൊബൈൽ ഫോണിന്റെ ദുരുപയോഗം തടയാൻ സന്നദ്ധ സംഘടനകളിലെ പ്രവർത്തനങ്ങൾക്ക് കഴിയും : ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : വിദ്യാർഥികളിൽ മൊബൈൽ ഫോണിന്റെ ദുരുപയോഗം തടയാൻ അവരെ വിവിധ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തണമെന്നും അതിലൂടെ അവരുടെ സർഗാത്മകതയെ ഉയർത്താനും സാമൂഹ്യ പ്രതിബദ്ധത വളർത്താനും സാധിക്കുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് റോവർ ആൻഡ് റെയ്ഞ്ചർ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്കൂൾ മാനേജർ റവ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ പി. ആൻസൻ ഡൊമിനിക്, കത്തീഡ്രൽ ട്രസ്റ്റി പി.ടി. ജോർജ്ജ്, പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, രജത നിറവ് പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, മുൻ പി.ടി.എ. പ്രസിഡന്റ് തോമസ് കാളിയങ്കര, സ്റ്റാഫ് സെക്രട്ടറി എ.ടി. ഷാലി, റോവർ ലീഡർ ജിൻസൻ ജോർജ്ജ്, പാർവതി, മേരി ആന്റണി എന്നിവർ പ്രസംഗിച്ചു.

സ്കൗട്ട്സ് ഡിസ്ട്രിക്ട് കമ്മീഷണർ എൻ.സി. വാസു, ജില്ലാ സെക്രട്ടറി ഡൊമിനിക് പാറേക്കാട്ട്, ജില്ലാ ട്രെയിനിങ്ങ് കമ്മീഷണർ പി.എം. ഐഷാബി, ജില്ലാ ഓർഗനൈസിംഗ് കമ്മിഷണർ കെ.കെ. ജോയ്സി എന്നിവർ റോവർ റെയ്ഞ്ചർ യൂണിറ്റിൽ ചേർന്നിരിക്കുന്ന കുട്ടികൾക്ക് അംഗത്വം നൽകി.

വിയ്യൂർ സെൻട്രൽ ജയിലിൽ വസ്ത്രങ്ങൾ നെയ്യാൻ ഇനി സെമി ഓട്ടോമാറ്റിക് തറികളും

തൃശൂർ : ജില്ലാ പഞ്ചായത്തിൻ്റെ സാമ്പത്തിക സഹായം മുഖേന വിയ്യൂർ സെൻട്രൽ ജയിലിൽ സ്ഥാപിച്ച സെമി ഓട്ടോമാറ്റിക് തറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് നിർവഹിച്ചു.

ചടങ്ങിൽ മഞ്ജുള അരുണൻ മുഖ്യാതിഥിയായി.

മദ്ധ്യകേരളത്തിലെ 4 ജില്ലകളിലെ ജയിലുകളിലേക്കാവശ്യമായ തുണിത്തരങ്ങൾ, ജുക്കാളം, കിടക്കവിരി, തടവുകാർക്കുള്ള വസ്ത്രങ്ങൾ എന്നിവ നിർമ്മിക്കുന്നതും തയ്ക്കുന്നതും വിയ്യൂർ സെൻട്രൽ ജയിലിലാണ്.

16 പവർ ലൂം, 20 ഹാൻ്റ് ലൂം എന്നിവയ്ക്ക് പുറമേയാണ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന സെമി ഓട്ടോമാറ്റിക് തറികൾ.

45 തടവുകാർ നെയ്ത്ത് യൂണിറ്റിൽ ജോലി ചെയ്യുന്നുണ്ട്. ഖാദി യൂണിറ്റിൽ പുതുതായി വരുന്നവർക്ക് ട്രെയിനിങ്ങും നൽകുന്നുണ്ട്.

ഖാദി ഷോറൂമുകളിൽ വില്പന നടത്തുന്ന ഷർട്ടുകളും നിർമ്മിക്കാൻ പദ്ധതിയുണ്ട്.

പരിപാടിയിൽ പങ്കെടുത്ത അതിഥികൾക്ക് ഇവിടെ തന്നെ നെയ്ത ഷാളുകളാണ് അണിയിച്ചത്.

അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയർ സെക്കൻ്ററി സ്കൂളിൽ പൊളിറ്റിക്കൽ സയൻസിൽ (ഹയർ സെക്കൻ്ററി വിഭാഗം) ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപക (സീനിയർ) ഒഴിവുണ്ട്.

ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ശനിയാഴ്ച (നവംബർ 01) ഉച്ചതിരിഞ്ഞ് 2 മണിക്ക് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 04802641075

നിര്യാതനായി

കൃഷ്ണൻകുട്ടി

ഇരിങ്ങാലക്കുട : കല്പറമ്പ് കളത്തിൽ ദാനവൻ മകൻ കൃഷ്ണൻകുട്ടി (78) നിര്യാതനായി.

സംസ്കാരം തിങ്കളാഴ്ച (ഒക്ടോബർ 13) രാവിലെ 10 മണിക്ക് പൂമംഗലം ശാന്തിതീരം ക്രിമിറ്റോറിയത്തിൽ.

ഭാര്യ : സൗമിനി

മക്കൾ : ബൈജു, ബിനു, ബിജോയ്‌

മരുമക്കൾ : ധന്യ, നീതു

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശനം തടയൽ : ജനങ്ങളെ ബുദ്ധിമുട്ടിക്കലല്ല, സൗകര്യമൊരുക്കലാണ് വേണ്ടത് : മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം ഗേറ്റ് സ്ഥാപിച്ച് തടഞ്ഞ നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് മന്ത്രി ഡോ ആർ ബിന്ദു റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.

പൊതുജനങ്ങൾക്കുള്ള സൗകര്യങ്ങൾ ആവശ്യാനുസരണം ഒരുക്കുന്നതിനു പകരം ഉപദ്രവകരമായ നടപടികളെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങൾ സ്ഥാപിക്കുക, നിർത്തിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുക, ആവശ്യപ്പെട്ട പുതിയ സ്റ്റോപ്പുകൾ അനുവദിക്കുക, ഇരിങ്ങാലക്കുടയെ ജില്ലയിലെ രണ്ടാമത്തെ മുഖ്യ സ്റ്റേഷനാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയുള്ള വലിയ ജനകീയ പ്രക്ഷോഭങ്ങളാണ് റെയിൽവേയ്ക്കെതിരെ ഉയർന്നു തുടങ്ങിയിട്ടുള്ളത്. ഇവയ്ക്ക് തെല്ലും വില കൽപ്പിക്കാതെ ജനകീയ ആവശ്യങ്ങളെ അവഗണിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനമാണ് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം ഗേറ്റ് സ്ഥാപിച്ച് തടഞ്ഞ നടപടിയിൽ ഉള്ളത്. ജനവിരുദ്ധ നടപടികളല്ല ജനകീയാവശ്യങ്ങൾ അംഗീകരിക്കലാണ് ഉണ്ടാവേണ്ടത്. ജനകീയ ആവശ്യങ്ങൾ നിരന്തരമായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന ജനപ്രതിനിധിയെന്ന നിലയ്ക്ക് ഈ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ എക്കാലത്തും താനുണ്ടാകുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

പോക്സോ കേസിലെ പിടികിട്ടാപ്പുള്ളിയെ മധ്യപ്രദേശിൽ നിന്നും പിടികൂടി

ഇരിങ്ങാലക്കുട : 2018 ജൂലൈ 2ന് പ്രായപൂർത്തിയാകാത്ത മധ്യപ്രദേശ് സ്വദേശിനിയായ അതിജീവതയെ കാട്ടൂർ ബസ് സ്റ്റാൻഡിൽ നിന്ന് വശീകരിച്ച് തട്ടിക്കൊണ്ടുപോയി ഇടുക്കി ജില്ലയിലെ ഉടുമ്പുംചോല സിദ്ധൻപടി പ്രദേശത്തുള്ള കല്ലുപാലം എസ്റ്റേറ്റിലുള്ള വീട്ടിൽ താമസിപ്പിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിന് കാട്ടൂർ പൊലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ മധ്യപ്രദേശ് സ്വദേശി രാജേഷ് ധ്രുവേ (25) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മധ്യപ്രദേശിൽ നിന്നും പിടികൂടി.

പ്രതിയെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

ഈ കേസിൽ അറസ്റ്റിലായ പ്രതി കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണ നടപടികളിൽ സഹകരിക്കാതെ ഒളിവിൽ പോയത് പ്രകാരം ഇയാളെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് ഇപ്പോൾ പ്രതിയെ പിടികൂടിയത്.

പ്രതിയെ മധ്യപ്രദേശിലെ നക്സൽ സ്വാധീനമുള്ള മന്റല പ്രദേശത്തെ ആദിവാസി ഗോത്ര സമൂഹങ്ങളുടെ ഇടയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

പ്രതിയെ പിടികൂടുന്നതിനിടെ പ്രദേശവാസികളിൽ നിന്ന് എതിർപ്പുകൾ നേരിട്ടെങ്കിലും മധ്യപ്രദേശ് മന്റലയിലെ സൽവ പൊലീസ് ഔട്ട്‌പോസ്റ്റിലെ ദൗത്യസേനാംഗങ്ങളുടെ സഹകരണത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതിയെ മന്റല കോടതിയിൽ ഹാജരാക്കി നിയമ നടപടികൾ പൂർത്തീകരിച്ചതിന് ശേഷമാണ് കാട്ടൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

കാട്ടൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എം.കെ. അസീസ്, സിവിൽ പൊലീസ് ഓഫീസർ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ്. പുരസ്കാരങ്ങൾ ഏറ്റുവാങ്ങി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങാലക്കുട : ക്രൈസ്സ് കോളെജ് എൻ.എസ്.എസ്. യൂണിറ്റുകൾ സാമൂഹ്യ സേവനത്തിന് ബെസ്റ്റ് എൻ.എസ്.എസ്. യൂണിറ്റ്, ബെസ്റ്റ് പ്രോഗ്രാം ഓഫീസർ, ബെസ്റ്റ് വൊളൻ്റിയർ എന്നീ പുരസ്കാരങ്ങൾ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഏറ്റുവാങ്ങി.

ബെസ്റ്റ് പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടത് ക്രൈസ്റ്റ് കോളെജ് ഹിസ്റ്ററി വിഭാഗം പ്രൊഫ. ജിൻസിയും ബെസ്റ്റ് വൊളൻ്റിയറായി തെരഞ്ഞെടുക്കപ്പെട്ടത് കൃഷ്ണാഞ്ജലിയുമാണ്.

നിര്യാതനായി

സന്തോഷ്

ഇരിങ്ങാലക്കുട : എടക്കുളം കാരയിൽ വീട്ടിൽ പരേതനായ കുട്ടൻ മകൻ സന്തോഷ് (49) നിര്യാതനായി.

സംസ്കാരം നാളെ (ഒക്ടോബർ 4) ശനിയാഴ്ച രാവിലെ 11 മണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ.

അമ്മ : രമണി

ഭാര്യ : സരിത

മക്കൾ : മാധവ് കൃഷ്ണ, രോഹിത് കൃഷ്ണ

ആറാട്ടുപുഴ ക്ഷേത്രത്തിൽ ആദ്യാക്ഷര പുണ്യ സ്മരണയിൽ സമൂഹ അക്ഷര പൂജ

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സരസ്വതീ മണ്ഡപത്തിലെ പൂജക്ക് ശേഷം മുൻ വശത്തെ വിളക്കുമാടത്തറയിൽ സമൂഹ അക്ഷര പൂജ നടന്നു.

ക്ഷേത്രത്തിന്റെ തെക്കെ വിളക്കുമാടത്തറയിലെ മണലിൽ ആദ്യാക്ഷര പുണ്യ സ്മരണയിൽ പ്രായഭേദമന്യേ നൂറുകണക്കിന് ഭക്തർ ഒരുമിച്ചു ചേർന്ന് അക്ഷരമാല എഴുതി.

നിര്യാതയായി

ഭാരതി

ഇരിങ്ങാലക്കുട : പുല്ലൂർ പരേതനായ വെളുത്തേടത്ത് പറമ്പിൽ ഭാസ്കരൻ ഭാര്യ ഭാരതി (92) നിര്യാതയായി.

സംസ്കാരകർമ്മം ഇന്ന് (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വവസതിയിൽ കർമ്മങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.