ഇരിങ്ങാലക്കുട നഗരസഭയിൽ ഡ്രോൺ സർവേ തുടങ്ങി

ഇരിങ്ങാലക്കുട : അമൃത് 2.0 പദ്ധതിയുടെ ഉപപദ്ധതിയായി നഗരങ്ങളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിൽ ഡ്രോൺ ഉപയോഗിച്ചുള്ള സർവേ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തി ലഭിക്കുന്ന ഡാറ്റ ഉപയോഗിക്കാൻ കഴിയും എന്നതാണ് ഈ സർവേയുടെ പ്രത്യേകത.

ഏകദേശം 30 ദിവസം വരെ നടക്കുന്ന സർവേ നടത്തുന്നത് ഡൽഹി ആസ്ഥാനമായുള്ള സപ്തർഷി കൺസൾട്ടൻ്റാണ്.

ദേശീയതലത്തിൽ ഇതിൻ്റെ മേൽനോട്ട ചുമതല സർവേ ഓഫ് ഇന്ത്യയ്ക്കാണ്.

ജില്ലാതലത്തിൽ ജില്ലാ ടൗൺ പ്ലാനിങ് വിഭാഗത്തിനാണ് ഇതിൻ്റെ മേൽനോട്ടം. ഏകദേശം 71 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം വരുന്ന പ്രദേശത്താണ് സർവേ നടത്തുന്നത്.

ഡ്രോൺ സർവ്വേയുടെ ഉദ്ഘാടനം മുൻസിപ്പൽ മൈതാനിയിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവ്വഹിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

ജില്ല ഡെപ്യൂട്ടി ടൗൺ പ്ലാനർ മനോജ് പദ്ധതി വിശദീകരണം നടത്തി.

നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക് സ്വാഗതവും പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ നന്ദിയും പറഞ്ഞു.

പടിയൂരിൽ പൊലീസ് പട്രോളിങ്ങും എക്സൈസ് നിരീക്ഷണവും ശക്തമാക്കണം : എ ഐ വൈ എഫ്

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സംഘം ചേർന്നും അല്ലാതെയും ലഹരി മാഫിയ സംഘങ്ങൾ ശക്തിയാർജ്ജിക്കുന്നതായി എ ഐ വൈ എഫ് മേഖലാ കമ്മിറ്റി.

അതുകൊണ്ടു തന്നെ ഈ പ്രദേശങ്ങളിൽ പൊലീസ് പട്രോളിങ്ങും എക്സൈസ് നിരീക്ഷണവും ശക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

പൊതു ഇടങ്ങളിലും ആളൊഴിഞ്ഞ പാടശേഖരങ്ങളിലും മറ്റും ഇത്തരം സംഘങ്ങൾ രാത്രികാലങ്ങളിൽ വിലസി നടക്കുന്നതിനാൽ പൊതുജനത്തിന് സ്വൈര്യമായി ജീവിക്കാൻ കഴിയാത്ത അവസ്ഥയിലേക്കാണ് പോകുന്നതെന്ന് എ ഐ വൈ എഫ് ചൂണ്ടിക്കാട്ടി.

ഇത്തരം ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം പൊലീസ്, എക്സൈസ് സംവിധാനത്തിന്റെ ജാഗ്രതക്കുറവായി കാണുന്നുവെന്നും മേഖലാ കമ്മിറ്റി ആരോപിച്ചു.

പ്രാദേശിക ഉത്സവകാലങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന് മേഖല കമ്മിറ്റി പ്രസിഡന്റ് എ ബി ഫിറോസ്, സെക്രട്ടറി മിഥുൻ പോട്ടക്കാരൻ എന്നിവർ ഒരു സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പി ജെ ആന്റണി കേരള സിറ്റിസൺ ഫോറം സംസ്ഥാന പ്രസിഡന്റ്

ഇരിങ്ങാലക്കുട : മുതിർന്ന മാധ്യമ പ്രവർത്തകനും വാഗ്മിയുമായ പി ജെ ആന്റണിയെ കേരള സിറ്റിസൺ ഫോറം സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുത്തു.

ഇരിങ്ങാലക്കുടയിൽ നടന്ന കേരള സിറ്റിസൺ ഫോറത്തിന്റെ നേതൃയോഗത്തിലാണ് പി ജെ ആന്റണിയെ പ്രസിഡൻ്റായി തെരഞ്ഞെടുത്തത്.

എ സി സുരേഷ് (വൈസ് പ്രസിഡന്റ്), മാർട്ടിൻ പി പോൾ (സെക്രട്ടറി), ഫാ ജോർജ് മാത്യു (ജനറൽ സെക്രട്ടറി), ജോഷി ജോർജ് (ട്രഷറർ) എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

യോഗത്തിൽ എ സി സുരേഷ് അധ്യക്ഷത വഹിച്ചു.

കളിക്കാനും ചിരിക്കാനും ചിന്തിക്കാനും ലിറ്റിൽ ഫ്ലവർ സ്കൂളിൽ ഏദൻ പാർക്കൊരുങ്ങി

ഇരിങ്ങാലക്കുട : കുട്ടികളുടെ മാനസിക ഉല്ലാസത്തിനൊപ്പം വിജ്ഞാനവും വർദ്ധിപ്പിക്കുന്ന രീതിയിൽ രൂപകല്പന ചെയ്ത ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിലെ നവീകരിച്ച ഏദൻ പാർക്കിന്റെ ഉദ്ഘാടനം കെഎസ്ഇ ജനറൽ മാനേജർ അനിൽ നിർവഹിച്ചു.

പിടിഎ പ്രസിഡന്റ് തോംസൺ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു.

ഉദയ എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ മരിയറ്റ് ആശംസകൾ അർപ്പിച്ചു.

മുൻ എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ടെസ്‌ലിൻ, കെ എസ് ഇ സെക്രട്ടറി ശ്രീവിദ്യ എന്നിവർ പ്രസംഗിച്ചു.

ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനറ്റ് സ്വാഗതവും ഐ കെ ആലീസ് നന്ദിയും പറഞ്ഞു.

പൊഞ്ഞനത്തമ്മ ആറാട്ടിനായി സംഗമേശൻ്റെകുലീപിനി തീർത്ഥക്കുളത്തിലെത്തി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ കുലീപിനി തീർത്ഥക്കുളത്തിൽ കാട്ടൂർ പൊഞ്ഞനം ഭഗവതിയുടെ ആറാട്ട് നടന്നു.

കുംഭമാസത്തിൽ ഉത്രം ആറാട്ടായി വരുന്ന വിധത്തിൽ കൊടികയറി നടക്കുന്ന എട്ടു ദിവസത്തെ ഉത്സവത്തിൽ നാലാം ദിവസമാണ് കൂടൽമാണിക്യം ക്ഷേത്രത്തിലെ കുലീപിനി തീർത്ഥക്കുളത്തിൽ ആറാട്ട് നടത്തുന്നത്.

മറ്റു ദിവസങ്ങളിലെല്ലാം പൊഞ്ഞനം ക്ഷേത്രക്കുളത്തിൽ തന്നെ ആറാട്ട് നടക്കും.

രാവിലെ 7 മണിയോടെ ആനപ്പുറത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവതി കൂടൽമാണിക്യം ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്നാണ് ആറാട്ട് നടന്നത്.

ആറാട്ടിനു ശേഷം കിഴക്കേ നടപ്പുരയിൽ മേളം കൊട്ടി അവസാനിച്ച് അമ്പലം ചുറ്റി ഒരു പ്രദക്ഷിണവും നടത്തിയാണ് പൊഞ്ഞനം ഭഗവതി തിരിച്ചെഴുന്നള്ളിയത്.

കൂടൽമാണിക്യം ക്ഷേത്രത്തിലെ ആറാട്ട് പോലും ഇവിടെ നടത്താത്ത സന്ദർഭത്തിലാണ് പൊന്നനത്തമ്മയുടെ ആറാട്ട് കുലീപിനി തീർത്ഥ കുളത്തിൽ നടക്കുന്നത് എന്ന സവിശേഷതയുമുണ്ട് ഈ ചടങ്ങിന്.

ആറാട്ടിന് തന്ത്രി മണക്കാട് പരമേശ്വരൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകി.

കൊച്ചിൻ ദേവസ്വം ബോർഡ് സ്പെഷ്യൽ കമ്മീഷണർ എസ് ആർ ഉദയകുമാർ, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, ദേവസ്വം ബോർഡ് സെക്രട്ടറി സി ബിന്ദു, പൊഞ്ഞനം ക്ഷേത്രം പ്രസിഡന്റ് തിലകൻ തെയ്യശ്ശേരി, സെക്രട്ടറി കെ സതീഷ്, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, ഭരണസമിതി അംഗങ്ങളായ അഡ്വ കെ ജി അജയകുമാർ, കെ ബിന്ദു തുടങ്ങിയവരും നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

പണ്ഡിറ്റ് ദീനദയാൽ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ദീനദയാൽ ഉപാധ്യായ ബലിദാന ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് ആർച്ച അനീഷ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു.

മുൻ പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, നേതാക്കളായ രമേഷ് അയ്യർ, രാജൻ കുഴുപ്പുള്ളി, ലിഷോൺ ജോസ്, മനു മഹാദേവ് എന്നിവർ പ്രസംഗിച്ചു.

മതിലകം പുതിയകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ഇരിങ്ങാലക്കുട : ദേശീയപാത 66 മതിലകം പുതിയകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

കയ്പമംഗലം സ്വദേശിയും ശ്രീനാരായണപുരത്ത് താമസക്കാരനുമായ നടക്കൽ രാമൻ്റെ മകൻ ജ്യോതി പ്രകാശനാ(63)ണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 8 മണിയോടെ പുതിയകാവ് മദ്രസയ്ക്ക് മുന്നിലായിരുന്നു അപകടം.

വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാർ എതിരെ വന്നിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഉടൻ തന്നെ ആക്ട്‌സ് പ്രവർത്തകർ ജ്യോതി പ്രകാശനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കയ്‌പമംഗലത്ത് നിർമ്മാണം നടക്കുന്ന സ്വന്തം വീട്ടിലേക്ക് പോകവെയാണ് അപകടമുണ്ടായത്.

മതിലകം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

വിദ്യാർഥികളിൽ കൗതുകമുണർത്തി ഭാരതീയ വിദ്യാഭവനിലെ ”കളമരങ്ങ്” കലാശില്പശാല

ഇരിങ്ങാലക്കുട : അന്യം നിന്നു പോകുന്ന നാടൻകലകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ, ഭാരതീയ വിദ്യാഭവന്റെയും ഇൻഫോസിസ് ഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കലാപ്രോത്സാഹന യജ്ഞത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ സംഘടിപ്പിച്ച കലാശില്പശാല ”കളമരങ്ങ്” വിദ്യാർഥികളിൽ കൗതുകമുണർത്തി.

കളമെഴുത്ത്, ഓട്ടൻതുള്ളൽ എന്നീ കലാരൂപങ്ങളെക്കുറിച്ച് പുതുതലമുറയ്ക്ക് അറിവു പകരാൻ ശില്പശാലയിലൂടെ അവസരമൊരുങ്ങി.

പ്രസിദ്ധ കളമെഴുത്ത് കലാകാരനും കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ കടന്നമണ്ണ ശ്രീനിവാസൻ, കേരള കലാമണ്ഡലം ഓട്ടൻതുള്ളൽ വിഭാഗം മേധാവിയും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ കലാമണ്ഡലം മോഹനകൃഷ്ണൻ എന്നിവരാണ് ശില്പശാല നയിച്ചത്.

കേരള കലാമണ്ഡലത്തിൽ നിന്നുള്ള ഐശ്വര്യ എസ് കുമാർ, അനിരുദ്ധ്, അദ്വൈത ആനന്ദ് എന്നീ വിദ്യാർഥികളും ശില്പശാലയിൽ പങ്കുചേർന്നു.

ഉദ്ഘാടന സമ്മേളനത്തിൽ ചെയർമാൻ അപ്പുക്കുട്ടൻ നായർ, സെക്രട്ടറി വി രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി എൻ മേനോൻ, വിവേകാനന്ദൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, മലയാള വിഭാഗം മേധാവി ബിന്ദുമതി എന്നിവർ പങ്കെടുത്തു.

സ്കൂളിലെ മലയാളം വിഭാഗമാണ് പരിപാടികൾ ഏകോപിപ്പിച്ചത്.

ടി നസിറുദ്ദീന്റെ ഓർമ്മദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുൻ സംസ്ഥാന പ്രസിഡന്റ്‌ ടി നസിറുദ്ദീന്റെ ഓർമ്മദിനം വ്യാപാരഭവനിൽ ആചരിച്ചു.

ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ്‌ ഷാജു പാറേക്കാടൻ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു

ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ, ട്രഷറർ വി കെ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

ലിഷോൺ ജോസ്, ഷൈജോ ജോസ്, കെ ആർ ബൈജു, ഡീൻ ഷഹീദ് എന്നിവർ നേതൃത്വം നൽകി.

സൗജന്യ മെഡിക്കൽ ക്യാമ്പ് 16ന്

ഇരിങ്ങാലക്കുട : സീനിയർ യൂത്ത്, മാകെയർ ഡയഗ്നോസ്റ്റിക്സ് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 16ന് രാവിലെ 9.30 മുതൽ 12.30 വരെ പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി പാരീഷ് ഹാളിൽ സംഘടിപ്പിക്കും.

പള്ളി വികാരി ഫാ സെബാസ്റ്റ്യൻ നടവരമ്പൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ക്യാമ്പിൽ കാഴ്ച പരിശോധന, ദന്ത പരിശോധന, ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, പൾസ് തുടങ്ങിയ പരിശോധനകൾ സൗജന്യമായിരിക്കും.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തിമിര ശസ്ത്രക്രിയ സൗജന്യമായി ചെയ്തു നൽകും.