നിര്യാതനായി

ആചാര്യ അരവിന്ദാക്ഷൻ

ഇരിങ്ങാലക്കുട : പുല്ലൂർ എടക്കാട് ശിവക്ഷേത്രത്തിന് സമീപം കാട്ടില പറമ്പിൽ ശങ്കരൻ മകൻ ആചാര്യ അരവിന്ദാക്ഷൻ (61) നിര്യാതനായി.

സംസ്കാരം ജനുവരി 17 (വെള്ളിയാഴ്ച) 1 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : ലീന

മക്കൾ : കൃഷ്ണപ്രസാദ്, അപർണ, അക്ഷയ്

മരുമകൾ : അക്ഷര

കവർച്ചാ കേസിലെ പ്രതിയായ മതിലകം സ്വദേശി അഷ്കറിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും, കവര്‍ച്ചാ കേസിലെ പ്രതിയുമായ മതിലകം പൊന്നാംപടി കോളനി സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ അലി അഷ്കറിനെ (26) കാപ്പ ചുമത്തി ജയിലിലടച്ചു.

ഹണി ട്രാപ്പില്‍ പെടുത്തി പൂങ്കുന്നം സ്വദേശിയെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച നടത്തിയ കേസിലെ പ്രധാന പ്രതിയാണ് അഷ്കർ.

ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങുവാന്‍ ഇരിക്കെയാണ് കാപ്പ ചുമത്തിയത്.

കവര്‍ച്ചാ കേസിലെ പ്രതികളായ കയ്പമംഗലം തിണ്ടിക്കല്‍ ഹസീബ്, മതിലകം സ്വദേശി ഊളക്കല്‍ സിദ്ദിക്ക് എന്നിവരെ മുന്‍ ദിവസങ്ങളില്‍ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു.

2022-ല്‍ വാടാനപ്പിളളിയിലെ അടയ്ക്കാ കടയില്‍ നിന്നും 115 കിലോ അടക്ക മോഷണം നടത്തിയ കേസിലും, 2022-ല്‍ ചാലക്കുടിയില്‍ ബൈക്ക് മോഷ്ടിച്ച കേസിലും, 2023-ല്‍ തൃശൂര്‍ ശക്തന്‍ നഗറില്‍ വെച്ച് മധ്യവയസ്ക്കനെ ആക്രമിച്ച് 2 പവന്റെ സ്വർണ്ണാഭരണം കവര്‍ച്ച ചെയ്ത കേസിലും, 2019, 2020, 2021 വര്‍ഷങ്ങളില്‍ മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതക ശ്രമം നടത്തിയ കേസിലും, 2021-ല്‍ വാടാനപ്പിളളി പൊലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന പോക്സോ കേസിലും ഇയാൾ പ്രതിയാണ്.

ഇയാളുടെ പേരില്‍ പതിനൊന്നോളം കേസുകളാണ് നിലവിലുള്ളത്.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ ശുപാര്‍ശയില്‍ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യനാണ് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

മതിലകം പൊലീസ് ഇന്‍സ്പെക്ടര്‍ എം കെ ഷാജി, സബ് ഇന്‍സ്പെക്ടര്‍ രമ്യ കാര്‍ത്തികേയന്‍, എ എസ് ഐ മാരായ വിന്‍സി, തോമസ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.

മഹാത്മാ പാദമുദ്ര @ 91 : നീഡ്സിന്റെ അനുസ്മരണ പദയാത്രയും ഗാന്ധി സംഗമവും നാളെ

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ ഭാഗമായി നീഡ്‌സ് നടത്തുന്ന അനുസ്മരണ പദയാത്രയും ഗാന്ധിസംഗമവും നാളെ (വെള്ളിയാഴ്ച) നടക്കും.

പദയാത്ര ഗാന്ധിജി പ്രസംഗിച്ച ചളിയംപാടത്തു നിന്നും 3.30ന് ആരംഭിച്ച് അദ്ദേഹം വിശ്രമിച്ച ഇന്നത്തെ റസ്റ്റ് ഹൗസിൽ സ്ഥാപിച്ചിട്ടുള്ള ഗാന്ധി സ്മൃതി മണ്ഡപത്തിൽ സമാപിക്കും.

തുടർന്ന് അനുസ്മരണ സമ്മേളനം പ്രമുഖ ഗാന്ധിയൻ പി വി കൃഷ്ണൻ നായർ ഉദ്‌ഘാടനം ചെയ്യും.

നീഡ്‌സ് പ്രസിഡന്റ് അഡ്വ തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിക്കുമെന്ന് നീഡ്‌സ് അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ഗുലാം മുഹമ്മദ്, കോർഡിനേറ്റർ കെ പി ദേവദാസ് എന്നിവർ അറിയിച്ചു.

ശ്രീകൃഷ്ണ സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണ പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവത്ക്കരണ പദ്ധതിക്ക് തുടക്കമായി.

കുറ്റൂക്കാരൻ ഗ്രൂപ്പ്, എസ് സി എം എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന റോഡ് സുരക്ഷാ ബോധവൽക്കരണ പദ്ധതിയുടെ ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് അംഗം കെ വൃന്ദകുമാരി നിർവഹിച്ചു.

പിടിഎ പ്രസിഡന്റ് ടി എസ് മനോജ് കുമാർ അധ്യക്ഷത വഹിച്ചു.

എസ് സി എം എസ് ഓട്ടോമൊബൈൽ എൻജിനീയറിങ് വിഭാഗം അസി പ്രൊഫ പി വി അരവിന്ദ് പദ്ധതി വിശദീകരണം നടത്തി.

മാനേജ്മെന്റ് പ്രതിനിധി എ എൻ വാസുദേവൻ, സ്കൂൾ കോർഡിനേറ്റർ ബിന്ദു ജി കുട്ടി എന്നിവർ ആശംസകൾ നേർന്നു.

പ്രധാന അധ്യാപകൻ ടി അനിൽകുമാർ സ്വാഗതവും സ്റ്റാഫ് പ്രതിനിധി ബി ബിജു നന്ദിയും പറഞ്ഞു.

നിര്യാതനായി

വിൽസൻ

ഇരിങ്ങാലക്കുട : മാളിയേക്കൽ ഒല്ലൂക്കാരൻ അന്തോണി മകൻ വിൽസൻ (77) നിര്യാതനായി.

സംസ്കാരം വെള്ളിയാഴ്ച (ജനുവരി 17) വല്ലക്കുന്ന് സെന്റ് അൽഫോൻസ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : സിസിലി

മക്കൾ : ബോബി, ബോൺസി, ബോബൻ

മരുമക്കൾ : തോമസ്, ഡേവിസ്, സിനി

ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികാഘോഷവും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും രൂപത വികാരി ജനറലും എൽ എഫ് കോൺവെന്റ് ചാപ്ലിനുമായ ഫാ ജോളി വടക്കൻ ഉദ്ഘാടനം ചെയ്തു.

സിഎംസി ഉദയ പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ധന്യ അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, വാർഡ് കൗൺസിലർ അഡ്വ കെ ആർ വിജയ, ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ലിജോ വർഗീസ്, ഹൈസ്കൂൾ വിഭാഗം അധ്യാപിക സിസ്റ്റർ വിമൽ റോസ്, എൽ പി വിഭാഗം അധ്യാപിക മരിയ റോസ് ജോൺസൺ, ഹൈസ്കൂൾ വിഭാഗം സ്കൂൾ ലീഡർ ആയിഷ നവാർ എന്നിവർ ആശംസകൾ നേർന്നു.

ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് മദർ സുപ്പീരിയർ റവ സിസ്റ്റർ കരോളിൻ എൻഡോവ്മെൻ്റ് വിതരണവും ഹൈസ്കൂൾ വിഭാഗം പിടിഎ പ്രസിഡന്റ് സിവിൻ വർഗീസ്, എൽ പി വിഭാഗം പിടിഎ പ്രസിഡന്റ് തോംസൺ ചിരിയൻകണ്ടത്ത് എന്നിവർ മൊമെന്റോ വിതരണവും നടത്തി.

ഹൈസ്കൂൾ വിഭാഗം അധ്യാപിക കെ ജൂലി ജെയിംസ് നന്ദി പറഞ്ഞു.

19ന് ടൗൺ ഹാളിൽ കൂടാനിരുന്ന പി ജയചന്ദ്രൻ അനുസ്മരണം ക്രൈസ്റ്റ് കോളെജിലേക്ക് മാറ്റി

ഇരിങ്ങാലക്കുട : അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രന് അനുശോചനമർപ്പിച്ച് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ചേരാൻ നിശ്ചയിച്ചിരുന്ന സർവ്വകക്ഷി അനുശോചനയോഗം ക്രൈസ്റ്റ് കോളെജിലേക്ക് മാറ്റിയതായി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

ജനുവരി 19ന് വൈകീട്ട് 4 മണിക്ക് ക്രൈസ്റ്റ് കോളെജ് തെക്കനച്ചൻ ഹാളിലാണ് അനുസ്മരണ യോഗം ചേരുക.

ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, സാമൂഹ്യ – സാംസ്കാരിക പ്രവർത്തകർ, പി ജയചന്ദ്രനുമായി വ്യക്തി ബന്ധം സൂക്ഷിച്ചിരുന്നവർ തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ പങ്കെടുക്കും.

ആർച്ച അനീഷ് ബി ജെ പി മണ്ഡലം പ്രസിഡൻ്റ്

ഇരിങ്ങാലക്കുട : ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റായി ആർച്ച അനീഷ് തെരഞ്ഞെടുക്കപ്പെട്ടു.

ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ
കൂടിയാണ് ആർച്ച അനീഷ്.

യു കെയിലേക്ക് വിസ ശരിയാക്കി തരാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടി : പുത്തൻചിറ സ്വദേശിനിയായ യുവതിയും പത്തനാപുരം സ്വദേശിയായ സുഹൃത്തും പോലീസിൻ്റെ പിടിയിൽ

ആളൂർ : ആളൂർ സ്വദേശിയായ യുവാവിന്
യു കെയിലേക്ക് തൊഴിൽ വിസ ശരിയാക്കി
തരാമെന്നു പറഞ്ഞ് പണം തട്ടിയ കേസിൽ
രണ്ടു പേർ അറസ്റ്റിലായി.

പുത്തൻചിറ സ്വദേശിനി പൂതോളിപറമ്പിൽ
നിമ്മി (34), സുഹൃത്തായ പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടിൽ അഖിൽ (34) എന്നിവരെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിൻ്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി
സുരേഷും ആളൂർ സർക്കിൾ ഇൻസ്പെക്ടർ
കെ എം ബിനീഷും സംഘവും ചേർന്ന് പിടികൂടിയത്.

കുറച്ചു നാളായി ചെങ്ങമനാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവരെ പോലീസ് സംഘം രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ബുധനാഴ്ച്ച രാവിലെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും അന്വേഷണ സംഘം മഫ്തിയിൽ പിന്തുടർന്ന് മാളയിൽ എത്തിയപ്പോൾ പിടികൂടുകയായിരുന്നു.

2023 ആഗസ്റ്റ് മാസം മുതൽ കഴിഞ്ഞ വർഷം ജനുവരി വരെയുള്ള സമയങ്ങളിൽ പല തവണയായി ലക്ഷക്കണക്കിനു രൂപ ഇവർ കൈക്കലാക്കിയിട്ടുള്ളതായി പോലീസ് പറഞ്ഞു. 12,84,000 രൂപ നിമ്മിയുടെ അക്കൗണ്ടിലേക്ക് മാത്രം പരാതിക്കാരനിൽ നിന്നു വാങ്ങിയിട്ടുണ്ടെന്നാണ് പരാതി. നിമ്മിയുടെ നിർദ്ദേശ പ്രകാരം വേറെ അക്കൗണ്ടുകളിലേക്കും പണം നൽകിയിട്ടുണ്ട്.

പരാതിക്കാരനായ സജിത്തിനും രണ്ടു സുഹൃത്തുക്കൾക്കും വിസ തരാമെന്നു പറഞ്ഞ് മൊത്തം 22 ലക്ഷത്തോളം രൂപ ഇവർ കൈപ്പറ്റിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടന്നു വരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

ആളൂർ സർക്കിൾ ഇൻസ്പെക്ടർ കെ എം ബിനീഷ്, എസ് ഐ കെ എസ് സുബിന്ദ്, ബിജു ജോസഫ്, എ എസ് ഐ ടി ആർ രജീഷ്, ഇ പി മിനി, സീനിയർ സി പി ഓ മാരായ ഇ എസ് ജീവൻ, പി ടി ദിപീഷ്, സി പി ഓ മാരായ കെ എസ് ഉമേഷ്, കെ കെ ജിബിൻ, ഹോം ഗാർഡ് ഏലിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

നിര്യാതനായി

ശ്രീനിവാസൻ

തൃശൂർ : എസ് എൻ പാർക്കിൽ കളപ്പുരക്കൽ കുട്ടപ്പൻ മകൻ ശ്രീനിവാസൻ (76) നിര്യാതനായി.

എയർഫോഴ്സിൽ നിന്നും വിരമിച്ചതിനു ശേഷം കനറാ ബാങ്ക് ജീവനക്കാരനായും അദ്ദേഹം ജോലി നോക്കിയിരുന്നു.

സംസ്കാരം വ്യാഴാഴ്ച്ച (ജനുവരി 16) രാവിലെ 10 മണിക്ക് വടൂക്കര ശ്മശാനത്തിൽ.

ഭാര്യ : ചന്ദ്രവതി

മക്കൾ : ശ്രീജിത്ത്, ശ്രീദേവി

മരുമക്കൾ : പ്രെറ്റി, ജയരാജൻ