ആറാട്ടുപുഴ ക്ഷേത്രത്തിൽ ആദ്യാക്ഷര പുണ്യ സ്മരണയിൽ സമൂഹ അക്ഷര പൂജ

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സരസ്വതീ മണ്ഡപത്തിലെ പൂജക്ക് ശേഷം മുൻ വശത്തെ വിളക്കുമാടത്തറയിൽ സമൂഹ അക്ഷര പൂജ നടന്നു.

ക്ഷേത്രത്തിന്റെ തെക്കെ വിളക്കുമാടത്തറയിലെ മണലിൽ ആദ്യാക്ഷര പുണ്യ സ്മരണയിൽ പ്രായഭേദമന്യേ നൂറുകണക്കിന് ഭക്തർ ഒരുമിച്ചു ചേർന്ന് അക്ഷരമാല എഴുതി.

ആറാട്ടുപുഴ ക്ഷേത്രത്തിൽ വിദ്യാരംഭം

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ക്ഷേത്രത്തിൽ രാവിലെ സരസ്വതി പൂജയ്ക്കുശേഷം എഴുത്തിനിരുത്തൽ ആരംഭിച്ചു.

വിദ്യാദേവനും സൂര്യവംശത്തിൻ്റെ കുലഗുരുവുമായ വസിഷ്ഠ സങ്കല്പമുളള ശാസ്താവിന്റെ തിരുനടയിലാണ് കുഞ്ഞോമനകൾക്ക് ഹരിശ്രീ കുറിച്ചത്.

ആചാര്യൻ കുട്ടികൾക്ക് സ്വർണ്ണ മോതിരം കൊണ്ട് നാവിൽ ആദ്യാക്ഷരം കുറിച്ചതിനു ശേഷം ഓട്ടുരുളിയിലെ ഉണക്കല്ലരിയിൽ അക്ഷരമാലയും എഴുതിച്ചു.

ഉരുളിയിലെ ഉണക്കല്ലരി കുട്ടികൾക്ക് പ്രസാദമായി നൽകി.  

ആറാട്ടുപുഴ വാരിയത്ത് രമേഷ് വാര്യർ എഴുത്തിനിരുത്തലിന് നേതൃത്വം നൽകി.

സരസ്വതി പൂജക്ക് സമർപ്പിച്ച പുസ്തകക്കെട്ടുകളും ഗ്രന്ഥങ്ങളും ക്ഷേത്രത്തിലെ ഉച്ചപൂജക്ക് ശേഷം ഭക്തർ ഏറ്റുവാങ്ങി.

ശാസ്താവിന് സമർപ്പിച്ച ഇരുന്നൂറോളം കാഴ്ചക്കുലകളും ഭക്തർക്ക് പ്രസാദമായി നൽകി.

രാവിലെ ആറാട്ടുപുഴ രാജേഷും സംഘവും അവതരിപ്പിച്ച സംഗീതാർച്ചനയും ഉണ്ടായിരുന്നു.

കൽപ്പറമ്പിൽ ഗാന്ധിജയന്തി ദിനാഘോഷം നടത്തി

ഇരിങ്ങാലക്കുട : പൂമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്പറമ്പ് സെന്ററിൽ നടന്ന ഗാന്ധി ജയന്തി ദിനാഘോഷം മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. ജോസ് മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ എൻ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ സെക്രട്ടറിമാരായ ടി.ആർ. ഷാജു, ടി.ആർ. രാജേഷ്, ടി.എസ്. പവിത്രൻ, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി രഞ്ജിനി ശ്രീകുമാർ, ശ്രീജിത്ത്‌ വൈലോപ്പിള്ളി, സേതുമാധവ മേനോൻ, ഇ.ഒ. റാഫി എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് മെമ്പർ ജൂലി ജോയ് സ്വാഗതവും ലാലി വർഗ്ഗീസ് നന്ദിയും പറഞ്ഞു.

‘മധുരസ്മൃതി’യിൽ മനം നിറഞ്ഞ് മുരിയാടിന്റെ സീനേജുകാർ

ഇരിങ്ങാലക്കുട : വയോജനങ്ങൾ ആടിത്തിമിർത്ത് ആഘോഷമാക്കി മുരിയാട് പഞ്ചായത്തിന്റെ വയോമന്ദസ്മിതം സീനേജ് (വയോജന) കലോത്സവം ‘മധുരസ്മൃതി’.

പഞ്ചായത്തിലെ 17 വാർഡുകളിലും വയോക്ലബ്ബുകൾ രൂപീകരിച്ചാണ് സീനേജ് ക്ലബ്ബ് പ്രവർത്തിക്കുന്നത്.

ആനന്ദപുരം എൻ.എസ്.എസ്. ഹാളിൽ വച്ച് നടന്ന മധുരസ്മൃതി സീനേജ് കലോത്സവം നൃത്താധ്യാപകൻ തുമ്പരത്തി സുബ്രഹ്മണ്യന്റെ നൃത്തശില്പത്തോട് കൂടി ആരംഭിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് രതി ഗോപി അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സമിതി ചെയർമാൻ സരിത സുരേഷ്, ആരോഗ്യ സമിതി ചെയർമാൻ കെ.യു. വിജയൻ, വാർഡ് തല വയോക്ലബ് ഭാരവാഹികൾ, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. സുനിൽകുമാർ, നിജി വത്സൻ, കെ. വൃന്ദകുമാരി, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, റോസ്മി ജയേഷ്, മണി സജയൻ, സി.ഡി.എസ്. ചെയർപേഴ്സൺ സുനിത രവി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

പാട്ടുപാടിയും നൃത്തം ചെയ്തും കവിത ചൊല്ലിയും പ്രച്ഛന്നവേഷം അവതരിപ്പിച്ചും വയോജനങ്ങൾ വേദി കയ്യടക്കി.

നിര്യാതയായി

ഭാരതി

ഇരിങ്ങാലക്കുട : പുല്ലൂർ പരേതനായ വെളുത്തേടത്ത് പറമ്പിൽ ഭാസ്കരൻ ഭാര്യ ഭാരതി (92) നിര്യാതയായി.

സംസ്കാരകർമ്മം ഇന്ന് (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വവസതിയിൽ കർമ്മങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

പേരാമ്പ്രയിൽ ഗതാഗതക്കുരുക്ക് : വാഹനങ്ങൾ വഴിതിരിച്ചുവിടുന്നു

തൃശൂർ : തൃശൂർ – എറണാകുളം റൂട്ടിൽ എറണാകുളം ഭാഗത്തേക്ക് പോകുമ്പോൾ പേരാമ്പ്ര പെട്രോൾ പമ്പ് കഴിഞ്ഞ് 100 മീറ്റർ കഴിയുമ്പോൾ ഒരു തടി ലോറി ഓഫ് റോഡ് ആയിട്ടുണ്ട്.

ഹൈവേയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കൊടകര പാലത്തിനടിയിലൂടെ ആളൂർ വഴി മാള ഭാഗത്തേക്ക് സഞ്ചരിച്ചാൽ ബ്ലോക്ക് ഒഴിവായി പോകാവുന്നതാണ്.

നിര്യാതനായി

ഫ്രാൻസിസ്

ഇരിങ്ങാലക്കുട : ചീനാത്ത് തോമക്കുട്ടി മകൻ ഫ്രാൻസിസ്(81) നിര്യാതനായി.

സംസ്കാരകർമ്മം നാളെ (ഒക്ടോബർ 03) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3മണിക്ക്
സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.