ഓർമ്മക്കൂട് : മഹാത്മാ യു.പി. സ്കൂളിൽ 1989-96 ബാച്ചുകാർ ഒത്തുകൂടി

ഇരിങ്ങാലക്കുട : ഓർമ്മക്കൂട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മഹാത്മാ യു.പി. സ്കൂളിൽ 1989 -96 ബാച്ചിലെ പൂർവ്വ വിദ്യാർഥികൾ ഒത്തുകൂടി.

“നടുമുറ്റം” എന്ന പേരിൽ സംഘടിപ്പിച്ച പൂർവ്വ വിദ്യാർഥി സംഗമം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഓർമ്മക്കൂട് പ്രസിഡൻ്റ് ബിനീഷ് കെ. ബഷീർ അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായി.

പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ വിദ്യാധരൻ മാസ്റ്റർ വിശിഷ്ടാതിഥിയായി.

കൗൺസിലർ സി.സി. ഷിബിൻ, സ്കൂൾ ഹെഡ്മിസ്ട്രസ് പി.ജി. ബിന്ദു എന്നിവർ ആശംസകൾ നേർന്നു.

ചടങ്ങിൽ 1989- 96 കാലഘട്ടത്തിലെ അധ്യാപകരെ ആദരിച്ചു.

ഓർമ്മക്കൂട് സെക്രട്ടറി എ. ശ്രീനിത സ്വാഗതവും വൈസ് പ്രസിഡന്റ് രാജേഷ് കുന്നുമ്മൽ നന്ദിയും പറഞ്ഞു.

തുടർന്ന് മ്യൂസിക്കൽ ഫ്യൂഷൻ അരങ്ങേറി.

കൂടൽമാണിക്യം തിരുവുത്സവം : സംഭാര വിതരണവുമായി ആർദ്രം പാലിയേറ്റീവ് കെയർ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തിരുവുത്സവത്തിൻ്റെ ഭാഗമായി ആർദ്രം പാലിയേറ്റീവ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ തെക്കേ നടയിലെ ഓഫീസിന് മുൻപിൽ സംഭാര വിതരണം ആരംഭിച്ചു.

കഥകളിയാചാര്യനും ഈ വർഷത്തെ മാണിക്യശ്രീ പുരസ്കാര ജേതാവുമായ രാഘവനാശാൻ വിതരണോദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ആർദ്രം പാലിയേറ്റീവ് കെയർ സെന്ററിന്റെ ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.

കൂടൽമാണിക്യം തിരുവുത്സവം : നഗര ഹൃദയത്തിലെ ആൽമരത്തിൽ മതസൗഹാർദത്തിന്റെ പച്ചവെളിച്ചം തെളിഞ്ഞു

ഇരിങ്ങാലക്കുട : ചരിത്ര പ്രസിദ്ധമായ കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പുണ്യപുരാതനവും ചരിത്രമുറങ്ങുന്നതുമായ പള്ളിവേട്ട ആൽമരത്തെ മനോഹരമാക്കി മതസൗഹാർദത്തെ ഊട്ടിയുറപ്പിച്ച് ഈ വർഷവും ദീപാലങ്കാരം തെളിഞ്ഞു.

കഴിഞ്ഞ 18 വർഷക്കാലമായി പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ നിസാർ അഷ്റഫിന്റെ നേതൃത്വത്തിലാണ് ആൽമരത്തിൽ അലങ്കാര ദീപം തെളിയുന്നത്.

നൂറോളം ഹലജൻ ബൾബുകളാൽ വരുന്ന 10 ദിനങ്ങളിലും ആൽമരത്തിലും ആൽത്തറയിലും പച്ചവെളിച്ചം തെളിയും.

മത സൗഹാർദ ആൽമര ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, കെ.എസ്.ഇ. എം.ഡി. എം.പി. ജാക്സൺ എന്നിവർ മുഖ്യാതിഥികളായിരുന്നു.

ലാറ്റിനമേരിക്കൻ ട്രേഡ് കൗൺസിൽ ഗുഡ് വിൽ അംബാസിഡറും ഐ.സി.എൽ. ഫിൻകോർപ്പ് മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽ കുമാർ വിശിഷ്ടാതിഥിയായിരുന്നു.

കത്തീഡ്രൽ വികാരി റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ, ഠാണാ ജുമാ മസ്ജിദ് ഇമാം കബീർ മൗലവി എന്നിവർ മത സൗഹാർദ സന്ദേശങ്ങൾ നൽകി.

നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആർ. വിജയ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഉഷാനന്ദിനി, സാമൂഹ്യ പ്രവർത്തകൻ ടെൽസൺ കോട്ടോളി, നിസാർ അഷ്റഫ് എന്നിവർ പ്രസംഗിച്ചു.

വാഹനാപകടത്തിൽ പുത്തൻചിറ മങ്കിടി സ്വദേശിയായ യുവാവ് മരിച്ചു

ഇരിങ്ങാലക്കുട : വ്യാഴാഴ്ച രാത്രി 8.15ന് വെളയനാട് പള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ പുത്തൻചിറ മങ്കിടി സ്വദേശി മംഗലത്ത് വെളിയിൽ വീട്ടിൽ മോഹനൻ മകൻ മിൻ്റു മോഹൻ (30) മരിച്ചു.

സംസ്കാരം വെള്ളിയാഴ്ച (മെയ് 09) ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

അമ്മ : സുമ

സഹോദരങ്ങൾ : മീന, നീന

ഐക്കരകുന്നിൽ സാമൂഹ്യ വിരുദ്ധര്‍ ബൈക്ക് കത്തിച്ചു

ഇരിങ്ങാലക്കുട : ഐക്കരകുന്നിൽ സാമൂഹ്യവിരുദ്ധർ വീടിന് സമീപത്തിരുന്ന ബൈക്ക് റോഡിന് കുറകെ ഇട്ട് കത്തിച്ചതായി പരാതി.

ഐക്കരകുന്ന് സ്വദേശി മുണ്ടോക്കാരന്‍ വീട്ടില്‍ ആന്റണി ഫ്രാന്‍സീസിന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രി കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്.

ഹീറോ ഹോണ്ട പാഷന്‍ പ്രോ 2012 മോഡല്‍ വാഹനമാണ് കത്തി നശിച്ചത്.

കാട്ടൂര്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

ബൈക്ക് കത്തിച്ചതിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കൂടൽമാണിക്യം സന്നിധിയിൽ സംഗമേശന്റെ 12 അടി വലിപ്പമുള്ള ശില്പം സമർപ്പിച്ച് ദീപു കളരിക്കൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് തിരുവുത്സവത്തിന് മാറ്റുകൂട്ടി 12 അടി വലിപ്പമുള്ള തെർമോകോൾ കൊണ്ടു നിർമ്മിച്ച സംഗമേശന്റെ ശില്പം സമർപ്പിച്ചിരിക്കുകയാണ് ദീപു കളരിക്കൽ.

ഫെവിക്കോളും തെർമോക്കോളും ഉപയോഗിച്ചുണ്ടാക്കിയ ശില്പത്തിന്റെ നിർമ്മാണം രണ്ടാഴ്ചയോളം സമയമെടുത്താണ് ദീപു പൂർത്തീകരിച്ചത്.

കാലങ്ങളായുള്ള ദീപുവിന്റെ ആഗ്രഹമാണ് കൂടൽമാണിക്യ സ്വാമിക്ക് തന്നാലായത് എന്തെങ്കിലും സമർപ്പിക്കണമെന്നത്. ഭക്തിയോടെ തുടങ്ങിയ ആഗ്രഹം സംഗമേശ രൂപത്തിലേക്ക് പരിണമിച്ചപ്പോൾ അത് തിരുവുത്സവ നാളിലേക്ക് സംഗമേശനുള്ള സമ്മാനമായിത്തന്നെ സമർപ്പിക്കുകയും ചെയ്തു.

അപ്രതീക്ഷിതമായി ക്ഷേത്രത്തിലെത്തിയ ഈ സമ്മാനം താൽക്കാലികമായി ക്ഷേത്രത്തിനകത്തെ സംഗമം വേദിക്കടുത്തായാണ് വെച്ചിട്ടുള്ളത്.

തിരുവുത്സവത്തിന്റെ ആവേശത്തിൽ ഇന്നലെ രാവിലെ മുതൽ ക്ഷേത്രത്തിലേക്കെത്തി തുടങ്ങിയ ഭക്തർക്കെല്ലാം ഈ കാഴ്ച കൗതുകമുണർത്തി.

പുല്ലൂർ അങ്ങാടി കപ്പേളയിൽ തിരുനാളിന് കൊടിയേറി

പുല്ലൂർ : സെൻ്റ് സേവിയേഴ്സ് ഇടവകയുടെ പുല്ലൂർ അങ്ങാടി കപ്പേളയിൽ വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ വ്യാകുല മാതാവിൻ്റെയും സംയുക്ത തിരുനാളിന് കൊടിയേറി.

വികാരി ഫാ. ഡോ. ജോയ് വട്ടോലി കൊടിയേറ്റം നിർവ്വഹിച്ചു.

തിരുനാൾ ദിനമായ 10ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് തിരുസ്വരൂപ പ്രതിഷ്ഠ. 5.30ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ലിൻസ് മേലെപ്പുറം മുഖ്യകാർമ്മികത്വം വഹിക്കും.

ദിവ്യബലിക്കുശേഷം ആശീർവദിച്ച നേർച്ച പായസം വിതരണം ചെയ്യും.

ചാലക്കുടി പോട്ട ബാങ്ക് കവർച്ചാ കേസ് : അന്വേഷണ മികവിന് സംസ്ഥാന പൊലീസ് മേധാവിയുടെ അംഗീകാരം നേടി ബി. കൃഷ്ണകുമാർ ഐപിഎസും സംഘവും

ഇരിങ്ങാലക്കുട : ദ്രുതഗതിയിൽ ചാലക്കുടിയിലെ പോട്ട ബാങ്ക് കവർച്ചാ കേസിലെ പ്രതിയെ പിടികൂടി കുറ്റപത്രം സമർപ്പിച്ച അന്വേഷണ മികവിന് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിനും സംഘത്തിനും സംസ്ഥാന പൊലീസ് മേധാവിയുടെ കമൻ്റേഷനും മെറിറ്റോറിയസ് സർവീസ് എൻട്രിയും ലഭിച്ചു.

ഫെബ്രുവരി 14ന് ചാലക്കുടി പോട്ട ബ്രാഞ്ചിലെ ബാങ്കിലെ ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബന്ദികളാക്കി 15 ലക്ഷം രൂപ കവർച്ച ചെയ്ത കേസിൽ, പ്രതിയായ ചാലക്കുടി ആശാരിപ്പാറ സ്വദേശി തെക്കൻ വീട്ടിൽ റിന്റോ എന്നറിയപ്പെടുന്ന റിജോ ആന്റണി(49)യെ സംഭവമുണ്ടായ മൂന്നാം ദിവസം ഫെബ്രുവരി 16ന് ആശാരിപ്പാറയിൽ ഉള്ള വീട്ടിൽ നിന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും ഫെബ്രുവരി 17ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.

തുടർന്ന് 58 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസിൽ കുറ്റപത്രവും സമർപ്പിച്ചു.

കുറ്റമറ്റതും സമയബന്ധിതവുമായ അന്വേഷണത്തിലൂടെ മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയും കാലതാമസമില്ലാതെ കുറ്റപത്രം സമർപ്പിച്ചതിനുമാണ് തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസിന്റെ ശുപാർശയിൽ കേരള സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐപിഎസ് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ”കമന്റേഷനും മെറിറ്റോറിയസ് സർവീസ് എൻട്രിയും” നൽകിയത്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ്, ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ്, കൊടുങ്ങല്ലൂർ സബ്ഡിവിഷൻ ഡിവൈഎസ്പി വി.കെ. രാജു, പൊലീസ് ഇൻസ്പെക്ടർമാരായ എം.കെ. സജീവ്, അമൃത് രംഗൻ, പി.കെ. ദാസ്, വി. ബിജു എന്നിവർക്കാണ് കമൻ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചത്.

സബ് ഇൻസ്പെക്ടർമാരായ എൻ. പ്രദീപ്, സി.എൻ. എബിൻ, കെ. സാലിം, പി.വി. പാട്രിക്, ജി.എസ്.ഐ.മാരായ വി.ജി. സ്റ്റീഫൻ, എം. സതീശൻ, റോയ് പൗലോസ്, എം. മൂസ, ബസന്ത്, റെജിമോൻ, ഹരിശങ്കർ, ജയകൃഷ്ണൻ, സി.ആർ. പ്രദീപ്, ടി.ആർ. ഷൈൻ, ജി.എ.എസ്.ഐ.മാരായ വി.യു. സിൽജോ, സൂരജ് വി. ദേവ്, ഐ.ആർ. ലിജു, സീനിയർ സി.പി.ഒ.മാരായ എ.യു. റെജി, ഷിജോ തോമസ്, ആൻസൺ, സുരേഷ്, എം.ജെ. ബിനു, കെ.വി. പ്രജിത്ത്, കെ.ജെ. ഷിൻ്റോ, പി.എക്സ്. സോണി, സി.കെ. ബിജു, ഇ.എസ്. ജീവൻ, നിഷാന്ത്, ശ്രീജിത്ത് എന്നിവർക്ക് മെറിറ്റോറിയസ് സർവീസ് എൻട്രിയും ലഭിച്ചു.