ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചരമദിനം ആചരിച്ചു

ഇരിങ്ങാലക്കുട : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചരമ വാർഷികം പുഷ്പാർച്ചന, അനുസ്മരണം എന്നിവയോടെ നടത്തി.

സ്കൂൾ മാനേജർ എ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഡോ എ വി രാജേഷ് അധ്യക്ഷത വഹിച്ചു.

മാനേജിംഗ് കമ്മറ്റി അംഗങ്ങളായ എ സി സുരേഷ്, കെ കെ കൃഷ്ണൻ നമ്പൂതിരി, ഹെഡ്മാസ്റ്റർ മെജോപോൾ, എസ് സുധീർ, പി എസ് അനുപമ, വിദ്യാർഥി പ്രതിനിധി അഞ്ജലി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം : ഒമാനിൽ കരുവന്നൂർ സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട : മസ്‌കറ്റിലെ വാദി കബീറിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് കരുവന്നൂർ കുടറത്തി വീട്ടിൽ തങ്കപ്പൻ മകൻ പ്രദീപ് (39) മരിച്ചു.

കളിസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പ്രദീപിനെ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി കൊച്ചിയിലേക്കുള്ള ഒമാൻ എയറിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മാതാവ് : തങ്ക

ഭാര്യ : നീതുമോൾ

അവുണ്ടർചാൽ പാലം യാഥാർത്ഥ്യമാക്കണം : സി പി ഐ

ഇരിങ്ങാലക്കുട : പടിയൂർ – ഇരിങ്ങാലക്കുട ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന അവുണ്ടർചാലിൽ പാലം നിർമ്മിക്കുന്നതിന് സർക്കാർ തയ്യാറാകണമെന്ന് സി പി ഐ പത്തനങ്ങാടി ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പൂമംഗലം – പടിയൂർ ഗ്രാമപഞ്ചായത്തുകൾ പാലം പണിയുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധനകൾ പൂർത്തീകരിക്കുകയും സംസ്ഥാന ബഡ്ജറ്റിൽ പാലം നിർമ്മിക്കുന്നതിനായി ടോക്കൺ മണി വകയിരുത്തുകയും ചെയ്തെങ്കിലും പിന്നീട് ഇതിൽ യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല എന്നും ബ്രാഞ്ച് സമ്മേളനം വിലയിരുത്തി.

സി പി ഐ പടിയൂർ ലോക്കൽ കമ്മിറ്റിയിലെ പത്തനങ്ങാടി ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എം ബി ലത്തീഫ് ഉദ്ഘാടനം ചെയ്തു.

സി പി ഐ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി വനജ വിജയൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ സി ബിജു, മണ്ഡലം കമ്മിറ്റി അംഗം ടി വി വിബിൻ, ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി കെ എ സുധീർ എന്നിവർ പ്രസംഗിച്ചു.

മിഥുൻ പോട്ടക്കാരൻ സ്വാഗതവും പ്രിയ അജയ്കുമാർ നന്ദിയും പറഞ്ഞു.

ബ്രാഞ്ച് സെക്രട്ടറിയായി എ ബി ഫിറോസിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി വി ആർ അഭിജിത്തിനെയും തിരഞ്ഞെടുത്തു.

തെക്കുംകര ശ്രീകുമാരേശ്വര ക്ഷേത്രത്തിൽ ചുമർ ചിത്രങ്ങളൊരുങ്ങി

ഇരിങ്ങാലക്കുട : തെക്കുംകര ശ്രീധർമ്മപരിപാലനയോഗം വക ശ്രീകുമാരേശ്വര ക്ഷേത്രത്തിൻ്റെ ശ്രീകോവിലിൽ രചിച്ച ചുമർചിത്രങ്ങളുടെ നേത്രോന്മീലനം ക്ഷേത്രാചാര്യൻ ഡോ ടി എസ് വിജയൻ തന്ത്രികൾ നിർവ്വഹിച്ചു.

കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് നേടിയ അജിത്ത് കണ്ണിക്കര, ബിജു ഷൈൻ തേർക്കയിൽ, സ്വപ്ന രാജീവ് തൈനകത്ത്, സുധ സുധീരൻ വാത്യാട്ട്, നീന ഗീതാനാഥൻ വില്വമംഗലത്ത് കളരി, രശ്മി സുരേഷ് വട്ടപറമ്പിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ബലാത്സംഗ കേസ്സിൽ കാട്ടൂർ സ്വദേശി അറസ്റ്റിൽ

ഇരിങ്ങാലക്കുട : അതിജീവിതയുടെ നഗ്നചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ കാട്ടൂർ സ്വദേശിയായ തൊപ്പിത്തറ പോക്കാക്കില്ലത്ത് വീട്ടിൽ സിദ്ദിഖ് മകൻ ആസിഖ് സുധീറി(39)നെ അറസ്റ്റ് ചെയ്തു.

കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇ ആർ ബൈജുവാണ് കേസ്സ് രജിസ്റ്റർ ചെയ്ത് പ്രതിയെ തൃശ്ശൂർ മുടിക്കോട് നിന്നും അറസ്റ്റ് ചെയ്തത്.

പ്രതി അതിജീവിതയുടെ ജീവിത സാഹചര്യം മുതലെടുത്ത് സഹായിക്കാനെന്ന വ്യാജേന അതിജീവിതയും വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുകയും അതിജീവിതയുടെ വീട്ടിൽ പോയി അവരുടെ വീഡിയോകളും ഫോട്ടോകളും എടുക്കുകയും പിന്നീട് അതു കാണിച്ച് ഭീഷണിപ്പെടുത്തി പല തവണകളായി ഒരു ലക്ഷം രൂപയോളം കൈക്കലാക്കുകയും ലൈംഗികമായി പല തവണ പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി.

ഇത് തുടർന്നപ്പോൾ അവസാനം അതിജീവിതയ്ക്ക് മാനസിക സമ്മർദ്ദം സഹിക്കാനാകാതെ ആയപ്പോഴാണ് കാട്ടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

തുടർന്ന് നാട്ടിൽ നിന്നും മാറി താമസിച്ചിരുന്ന പ്രതിയെ കാട്ടൂർ പൊലീസ് മണ്ണുത്തി മുടിക്കോട് വാടക വീട്ടിൽ നിന്നും ഇന്നലെ രാത്രിയിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ രമേഷ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മിനി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സി ജി ധനേഷ്, ഷൗക്കർ എന്നിവരും ഉണ്ടായിരുന്നു.

കൂടൽമാണിക്യത്തിൽ ഒറ്റരാശി താംബൂല പ്രശ്നം 15ന്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഉണ്ടാകാറുള്ള അഭൂതപൂർവ്വമായ തിരക്കു പരിഗണിച്ച് കിഴക്കേ നടയിലെ ആനപ്പടി വീതി കൂട്ടുന്നതിൻ്റെ ദേവഹിതം അറിയുന്നതിന് പ്രശസ്ത ജ്യോതിഷി ജയദേവ പണിക്കർ ദേവജ്ഞനായി ജനുവരി 15 ബുധനാഴ്ച രാവിലെ 9 മണിക്ക് ഒറ്റരാശി താംബൂല പ്രശ്നം നടത്തുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

ചേർപ്പുംകുന്ന് സാംസ്കാരിക നിലയം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിന്റെ മൂന്നാം നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി ചേർപ്പുംകുന്ന് സാംസ്കാരിക നിലയം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.

അയ്യങ്കാളി സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.

ചടങ്ങിൽ ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ സരിത സുരേഷ് അധ്യക്ഷത വഹിച്ചു.

വാർഡംഗം നിഖിത അനൂപ്, പഞ്ചായത്തംഗം സേവ്യർ ആളൂക്കാരൻ, ക്ഷീരസംഘം പ്രസിഡന്റ് കെ എം ദിവാകരൻ, പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ട് ബോർഡ് അംഗം പി പി പരമു, കോർഡിനേറ്റർ ബിനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സ്വാതന്ത്ര്യ സമര സേനാനി ഇ ജി മേനോന്റെയും ലീല ജി മേനോന്റെയും സ്മരണയ്ക്കായി നവീകരിച്ച ശാന്തിനഗർ റോഡ് നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമര സേനാനി ഇ ജി മേനോന്റെയും ലീല ജി മേനോന്റെയും സ്മരണയ്ക്കായി നവീകരിച്ച ഇരിങ്ങാലക്കുട ശാന്തിനഗർ റോഡിൻ്റെ ഉദ്ഘാടനം മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.

ലാറ്റിൻ അമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ ഗുഡ് വിൽ അംബാസിഡറും ഐ സി എൽ ഫിൻകോർപ് സി എം ഡി യുമായ അഡ്വ കെ ജി അനിൽകുമാറാണ് റോഡ് സമർപ്പിച്ചത്.

ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ മുഖ്യാതിഥിയായി.

കൗൺസിലർ സിജു യോഹന്നാൻ സ്വാഗതം പറഞ്ഞു.

ഐ സി എൽ ഫിൻകോർപ് സി ഇ ഒ ഉമ അനിൽകുമാർ സന്നിഹിതയായിരുന്നു.

ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ പി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ ആർദ്രം മിഷനിലൂടെ ആരോഗ്യ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മികച്ച സൗകര്യങ്ങളോടെ പണി പൂർത്തീകരിച്ച ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഒ പി ബ്ലോക്ക് കെട്ടിടത്തിൻ്റെ ഉദ്ഘാടനം മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, തൃശ്ശൂർ ഡിഎംഒ ടി എസ് ശ്രീദേവി എന്നിവർ വിശിഷ്ടാതിഥികളായി.

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി കെ സന്തോഷ് കുമാർ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് രമേഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുനിത മനോജ്, കാർത്തിക ജയൻ, മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, മുരിയാട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ യു വിജയൻ, കെ പി പ്രശാന്ത്, സരിത സുരേഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷീന രാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മോഹനൻ വലിയാട്ടിൽ, റീന ഫ്രാൻസിസ്, കവിത സുനിൽ, മിനി വരിക്കശ്ശേരി, വി എ ബഷീർ, വിപിൻ വിനോദൻ, അമിത മനോജ്, മുരിയാട് പഞ്ചായത്ത് മെമ്പർമാരായ തോമസ് തൊകലത്ത്, നിജി വത്സൻ, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി കെ സതീശൻ, എ രാജീവ്, മുരിയാട് പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ സുനിത രവി, സിപിഎം മുരിയാട് ലോക്കൽ സെക്രട്ടറി പി ആര്‍ ബാലന്‍, മുരിയാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സാജു പാറേക്കാടൻ, സിപിഐ മുരിയാട് ലോക്കൽ സെക്രട്ടറി പി ആര്‍ സുന്ദരൻ, കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ടി കെ വർഗീസ് മാസ്റ്റർ, ബിജെപി മുരിയാട് മണ്ഡലം ജനറൽ സെക്രട്ടറി സി എൻ സന്തോഷ് എന്നിവർ ആശംസകൾ നേർന്നു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി കിഷോർ സ്വാഗതവും ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ ശ്രീവത്സൻ നന്ദിയും പറഞ്ഞു.

അരിപ്പാലം വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു

ഇരിങ്ങാലക്കുട : 1974ൽ ആരംഭിച്ച അരിപ്പാലത്തെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളായ വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.

മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.

സി എസ് ടി സഭയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ ജോസ് ലിനറ്റ് അധ്യക്ഷത വഹിച്ചു.

സിസ്റ്റർ ഐവി സ്വാഗതം പറഞ്ഞു.

റോജി എം ജോൺ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.

ഫാ ജോബ് വാഴക്കൂട്ടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി.