ഇരിങ്ങാലക്കുട : രൂപതാംഗമായ ഫാ (ഡോ) ജോൺസൺ ജി ആലപ്പാട്ട് (59) നിര്യാതനായി. തിങ്കളാഴ്ച്ച രാവിലെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
1965 മെയ് 7ന് ആലപ്പാട്ട് തെക്കേത്തല ജോർജ്ജ് – ലൂസി ദമ്പതികളുടെ മകനായി പറപ്പൂക്കരയിലാണ് ജോൺസൺ ജി ആലപ്പാട്ടിൻ്റെ ജനനം. തൃശൂർ തോപ്പ് സെൻ്റ് മേരീസ് മൈനർ സെമിനാരി, കോട്ടയം സെൻ്റ് തോമസ് അപ്പോസ്തോലിക് സെമിനാരി, പൂന പേപ്പൽ സെമിനാരി എന്നിവിടങ്ങളിൽ വൈദിക പരിശീലനം നടത്തിയ ജോൺസണച്ചൻ അഭിവന്ദ്യ മാർ ജെയിംസ് പഴയാറ്റിൽ പിതാവിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. 1990 ഡിസംബർ 27ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം അമ്പഴക്കാട് ഫൊറോന, ഇരിങ്ങാലക്കുട കത്തീഡ്രൽ എന്നിവിടങ്ങളിൽ അസ്തേന്തിയായും, ലൂർദ്ദ്പുരം, മുരിക്കുങ്ങൽ, കൊടുങ്ങ, അമ്പനോളി, കൂടപ്പുഴ, കൊറ്റനല്ലൂർ, കുതിരത്തടം, മാരാങ്കോട്, സൗത്ത് മാരാങ്കോട്, പുത്തൻവേലിക്കര (സെൻ്റ് ജോർജ്ജ്), ചായ്പ്പൻകുഴി, കല്ലൂർ, കൊടകര ഫൊറോന, കൊന്നക്കുഴി, പാറക്കടവ്, തിരുമുകുളം എന്നിവിടങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. രൂപത കെ സി വൈ എം യുവജന സംഘടനയുടെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പരേതൻ്റെ ഭൗതിക ശരീരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണി മുതൽ 5 മണി വരെ ചാലക്കുടി സെൻ്റ് ജെയിംസ് ഹോസ്പിറ്റലിനോട് ചേർന്നുള്ള സെൻ്റ് ജോസഫ് വൈദിക ഭവനിലും, തുടർന്ന് വൈകീട്ട് 5.30 മുതൽ പറപ്പൂക്കരയിലുള്ള സഹോദരൻ ഡോ പീറ്റർ ആലപ്പാട്ടിന്റെ ഭവനത്തിലും പൊതുദർശനത്തിനു വെയ്ക്കും.
മൃതസംസ്കാര ശുശ്രൂഷാകർമ്മങ്ങൾ വ്യാഴാഴ്ച്ച രാവിലെ 11.30ന് പ്രസ്തുത ഭവനത്തിൽ ആരംഭിക്കും. തുടർന്ന് 12.30 മുതൽ 2 മണി വരെ പറപ്പൂക്കര സെൻ്റ് ജോൺ നെപുംസ്യാൻ ഫൊറോന ദൈവാലയത്തിൽ അന്ത്യോപചാരമർപ്പിക്കുന്നതിനു വെയ്ക്കും. ദൈവാലയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കുള്ള വിശുദ്ധ കുർബാനയ്ക്കും മറ്റു തിരുക്കർമ്മങ്ങൾക്കും ശേഷം പറപ്പൂക്കര, സെൻ്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.
അഭിവന്ദ്യ പിതാക്കന്മാരായ മാർ പോളി കണ്ണൂക്കാടൻ, മാർ ജോയ് ആലപ്പാട്ട് , മാർ വിൻസെന്റ് നെല്ലായിപറമ്പിൽ, മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ, മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ മൃതസംസ്കാര ശുശ്രൂഷകർമ്മങ്ങൾക്ക് നേതൃത്വം നൽകും.
റവ ഫാ ആൻ്റോ ജി ആലപ്പാട്ട്, റവ സിസ്റ്റർ മെറിറ്റ എസ് ജെ എസ് എം, റോസിലി ജോണി, റാണി ആൻ്റോ, പരേതനായ ജോസഫ്, വർഗ്ഗീസ് ഡോ പീറ്റർ എന്നിവർ സഹോദരങ്ങളാണ്.