മൂർക്കനാട് ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി

ഇരിങ്ങാലക്കുട : ഈ വർഷത്തെ മൂർക്കനാട് ശിവക്ഷേത്രത്തിലെ തിരുവത്സവത്തിന് ബ്രഹ്മശ്രീ വട്ടപറമ്പ് മന ജയറാം നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടികയറി.

ഏപ്രിൽ 4 മുതൽ രാവിലെയും വൈകീട്ടും രണ്ട് ആനപ്പുറത്ത് നിത്യ ശീവേലി, വിളക്ക് മേളം, പാഠകം, തായമ്പക, കലാപരിപാടികൾ, ഗാനമേള, നാടകം, 8ന് ചെമ്മണ്ടയ്ക്ക് എഴുന്നെള്ളിപ്പ്, അന്നേ ദിവസം ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ വിളക്കിന് വിശേഷാൽ മേളം, 9ന് രാവിലെ തന്ത്രി ഇല്ലത്തേക്ക് എഴുന്നെള്ളിപ്പ്, ഉച്ചതിരിഞ്ഞ് വള്ളി കാഞ്ഞിരം വലത്തിടലിനുള്ള പുറപ്പാട്, 10ന് ഉച്ചതിരിഞ്ഞ് നാല് ഗജവീരൻമാരുടെ അകമ്പടിയോടെയും മേജർ സെറ്റ് പഞ്ചവാദ്യത്തോടെയും കൂടിയുള്ള ആറാട്ടെഴുന്നെള്ളിപ്പ്,
സന്ധ്യക്ക് കരുവന്നൂർ പുഴയിൽ ആറാട്ട്, തുടർന്ന് തിരിച്ചെഴുന്നെള്ളിപ്പ്, ആറാട്ട് വിളക്ക് മേളം, കൊടിക്കൽപറ, കൊടിയിറക്കൽ എന്നിവയാണ് പരിപാടികൾ.

പുതിയൊരു ഇരിങ്ങാലക്കുടയ്ക്കായി വിരൽ തുമ്പിലൊരു വികസന വിപ്ലവുമായി ടീം യുഡിഎഫ്

ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി ടീം യുഡിഎഫ്.

വോട്ടർമാർക്ക് തങ്ങളുടെ ആശയങ്ങളും ആശങ്കകളും പങ്കുവെക്കാനും വികസന രേഖയെക്കുറിച്ച് (പ്രകടന പത്രിക) ആഴത്തിൽ മനസ്സിലാക്കാനും സഹായിക്കുന്ന ‘സ്മാർട്ട് ഇരിങ്ങാലക്കുട’ അത്യാധുനിക ആപ്പും ചാറ്റ്‌ബോട്ടും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു.

​സാങ്കേതികവിദ്യയുടെ കാര്യത്തിൽ ജനാധിപത്യ പ്രക്രിയയെ കൂടുതൽ സുതാര്യമാക്കി ഇരിങ്ങാലക്കുടയുടെ മുഖച്ഛായയെ കൂടുതൽ ആധുനികവൽക്കരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

പുല്ലൂർ അമ്പലനട ഉന്നതിയിൽ ജനസമ്പർക്കം നടത്തി സന്തോഷ് ചെറാക്കുളം

ഇരിങ്ങാലക്കുട : എൻഡിഎ സ്ഥാനാർത്ഥി സന്തോഷ് ചെറാക്കുളം പുല്ലൂർ അമ്പലനട ഉന്നതിയിൽ ജനസമ്പർക്കം നടത്തി.

ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് കവിത ബിജു, ബിജെപി ജില്ലാ സെക്രട്ടറി അജീഷ് പൈക്കാട്ട്, ആളൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. അനീഷ്, മുരിയാട് വെസ്റ്റ് ഏരിയ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഊരകം, ജനറൽ സെക്രട്ടറി ജിബിൻ, മണ്ഡലം സെക്രട്ടറി ശ്രീദേവി, ബൂത്ത്‌ പ്രസിഡന്റ്‌ നിതിൻ ശ്രീജോ, സജീഷ്, ശ്രീനാഥ്‌, ഗോപു, സുജീഷ് എന്നിവർ നേതൃത്വം നൽകി.

തന്ത്രിമാർ ക്ഷേത്രവുമായി സഹകരിക്കുന്നില്ല എന്ന ദേവസ്വത്തിൻ്റെ വാദം താന്ത്രിക ചടങ്ങുകൾ മാറ്റിമറിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗം : കൂടൽമാണിക്യം ക്ഷേത്രം തന്ത്രിമാർ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകൾക്ക് സഹകരിക്കാതെ അഞ്ച് തന്ത്രിമാർ മാറി നിൽക്കുന്നു എന്ന മട്ടിൽ ദേവസ്വം നൽകി വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധവും ചില ഗൂഢാലോചനകളുടെ ഭാഗവുമാണെന്ന് വ്യക്തമാക്കി ക്ഷേത്രം തന്ത്രിമാരായ നകരമണ്ണ് മന നാരായണൻ നമ്പൂതിരി, കിടങ്ങശ്ശേരി തരണനല്ലൂർ ദേവൻ നാരായണൻ, അണിമംഗലം നാരായണൻ നമ്പൂതിരി എന്നിവർ രംഗത്തെത്തി.

2025ലെ പ്രതിഷ്ഠാദിന ചടങ്ങുകൾ കഴിഞ്ഞ 17 വർഷങ്ങളിലെ പോലെ ഈ അഞ്ച് തന്ത്രി കുടുംബാംഗങ്ങൾ മാത്രമാണ് നിർവ്വഹിച്ചത്. 2025ലെ തിരുവുത്സവം, ചിങ്ങമാസത്തിലെ ദ്രവ്യ കലശ ചടങ്ങുകൾ, അടുത്തു നടന്ന ഈ വർഷത്തെ പ്രതിഷ്ഠാദിന ചടങ്ങുകൾ എന്നിവയിലും പതിവുപോലെ തങ്ങൾ പങ്കെടുത്തിരുന്നതായി തന്ത്രിമാർ വ്യക്തമാക്കി.

ദേവസ്വം വിളിച്ചു ചേർക്കുന്ന എല്ലാ യോഗങ്ങളിലും തന്ത്രിമാർ പങ്കെടുക്കുകയും പങ്കെടുക്കാൻ സാധ്യമല്ലാത്ത അവസരങ്ങളിൽ മതിയായ കാരണങ്ങൾ അറിയിക്കുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്ത്രിമാർ സഹകരിക്കുന്നില്ല എന്ന പ്രസ്താവനകൾ സത്യവിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി.

വാസ്തവം ഇതായിരിക്കെ, അസത്യ പ്രസ്താവനകളും വാർത്തകളും സൃഷ്ടിച്ച് തങ്ങളുടെ ആജ്ഞാനുവർത്തികളാകാൻ തയ്യാറാവാത്ത തന്ത്രി സമൂഹത്തെ കുറിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പടർത്തുകയും, അവമതിപ്പ് ഉണ്ടാക്കി മാറ്റി നിർത്താൻ ശ്രമിക്കുകയും ചെയ്യുന്നത് ഈ മഹാക്ഷേത്രത്തിലെ വിശിഷ്ടങ്ങളായ താന്ത്രിക ചടങ്ങുകളെയും ആചാരാനുഷ്ഠാനങ്ങളെയും തങ്ങൾക്ക് വഴങ്ങുന്ന തൽപരകക്ഷികളെ കൂട്ടുപിടിച്ച് മാറ്റിമറിക്കാനാണെന്ന് ഈ വർഷത്തെ തിരുവുത്സവ നോട്ടീസിൽ നിന്ന് വ്യക്തമാണെന്നും അവർ ആരോപിച്ചു.

തപോവനം പോലെ ശാന്തമായ ഈ ക്ഷേത്ര അന്തരീക്ഷം കൂടുതൽ വിവാദങ്ങളും പ്രശ്നങ്ങളും മൂലം മലിനമാവരുതെന്ന താൽപര്യം കൊണ്ടാണ് തങ്ങൾ ഇതുവരെ പൊതുവേദികളിൽ പ്രതികരിക്കാതിരുന്നത്. വിശിഷ്ടങ്ങളായ താന്ത്രിക ചടങ്ങുകളാലും ആചാര അനുഷ്ഠാനങ്ങളാലും പ്രശസ്തമായ കൂടൽമാണിക്യം ക്ഷേത്രത്തിലെ ചിട്ടയായ ആചാരങ്ങളെ വ്യവസ്ഥാപിതമായ ദേവ സമ്മതമോ നിയമ നിശ്ചയമോ കൂടാതെ, തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് അനുസരിച്ച് മാറ്റിമറിക്കുവാൻ സമാന ചിന്താഗതിക്കാരുമായി കൂട്ടുചേർന്ന് ദേവസ്വം തീരുമാനിച്ചിരിക്കുന്നത് കൂടൽമാണിക്യം സ്വാമിയോടും ജനപദത്തോടും ചെയ്യുന്ന അപരാധമാണെന്നും ക്ഷേത്രം തന്ത്രിമാർ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

നിര്യാതനായി

ദേവദാസ്

ഇരിങ്ങാലക്കുട : കാട്ടൂർ ഇല്ലിക്കാട് പാലക്കൽ ശങ്കുണ്ണി മകൻ ദേവദാസ് (79) നിര്യാതനായി.

റിട്ട. പോസ്റ്റ് മാസ്റ്ററാണ്.

സംസ്‌കാരം തിങ്കളാഴ്ച (ഏപ്രിൽ 6) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : അംബിക

മക്കൾ : ഡോ. നിധിൻ ദേവദാസ്, ജിതിൻ ദേവദാസ്

മരുമക്കൾ : ഡോ. അമൃത, വൃന്ദ

ഈസ്റ്റർ ദിനത്തിൽ സ്വന്തം ബൂത്തിൽ വോട്ട് അഭ്യർത്ഥിക്കാൻ നേരിട്ടിറങ്ങി തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : ഈസ്റ്റർ ദിനത്തിൽ ഉച്ചവരെ സ്വന്തം ബൂത്തായ 106ലും തൊട്ടടുത്ത ബൂത്തായ 105ലും വോട്ട് അഭ്യർത്ഥിച്ച് നേരിട്ടിറങ്ങി യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. തോമസ് ഉണ്ണിയാടൻ.

രാവിലെ കത്തീഡ്രലിലെ ദിവ്യബലിക്ക് ശേഷം ബൂത്ത് ചെയർമാൻ ജോൺസൺ മാമ്പിള്ളിയുടെ നേതൃത്വത്തിൽ കൗൺസിലർമാരായ ഡെലി സിജു യോഹന്നാൻ, റോണി പോൾ മാവേലി എന്നിവർ ഉൾപ്പെടെ യുഡിഎഫ് പ്രവർത്തകർക്കൊപ്പമാണ് ബൂത്തിലെ വീടുകൾ കയറിയിറങ്ങിയത്.

മുൻ കൗൺസിലർമാരായ ജെയ്‌സൺ പാറേക്കാടൻ, സിജു യോഹന്നാൻ, ജോൺ ഗ്രേഷ്യസ്, വർഗ്ഗീസ് തെക്കേക്കര, പോൾ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡ് ഇറങ്ങിയത്.

ഉണ്ണിയാടന്റെ വിജയത്തിന് പാട്ടുവണ്ടിയുമായി സംസ്കാരസാഹിതി

ഇരിങ്ങാലക്കുട : യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടന്റെ വിജയത്തിനായി പാട്ടുവണ്ടിയെന്ന ആശയവുമായി സംസ്കാരസാഹിതി നിയോജകമണ്ഡലം മുഴുവൻ കറങ്ങി.

രാവിലെ മാർക്കറ്റിൽ നിന്നാരംഭിച്ച പാട്ടുവണ്ടി രാത്രി ബസ്സ് സ്റ്റാൻഡിലാണ് യാത്ര അവസാനിപ്പിച്ചത്.

അഡ്വ. ഹോബി ജോളി ഫ്ലാഗ് ഓഫ് ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ ഗാന്ധിഗ്രാം, അഡ്വ. ജോൺ നിതിൻ തോമസ്, എം.ജെ. ടോം, പി.കെ. ജിനൻ, ജോൺസൺ മാടവന, ജോസഫ് പള്ളിപ്പാട്ട്, ഭരതൻ പൊന്തേങ്കണ്ടത്ത്, ഗായകരായ കെ. മനോജ്‌കുമാർ, ശരത് മോഹൻ, ടി.ജി. പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.

ആകർഷകമായി കൂടൽമാണിക്യം കിഴക്കേ ഗോപുരനടയിൽ അരങ്ങേറിയ ശ്രീരാമപട്ടാഭിഷേകം കഥകളി വഴിപാട്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരനടയിൽ അരങ്ങേറിയ ശ്രീരാമപട്ടാഭിഷേകം കഥകളി വഴിപാട് ഭക്തജനങ്ങൾക്ക് ഏറെ ആകർഷകമായി.

കലാനിലയം ഗോപി (ശ്രീരാമൻ), കലാനിലയം രാഘവനാശാൻ (ഭരതൻ), കലാമണ്ഡലം ഹരിദാസൻ (വിഭീഷണൻ), കലാമണ്ഡലം അരുൺ രാജു (സീത), കലാനിലയം കരുണാകരക്കുറുപ്പ് (ഭരദ്വാജൻ, വസിഷ്ഠൻ), കലാനിലയം വിനോദ് (ഹനുമാൻ) തുടങ്ങിയവരും സർവ്വതോഭദ്രത്തിലെ കലാകാരന്മാരുമാണ് വേഷമണിഞ്ഞത്.

നവതിയോടടുത്ത കലാനിലയം രാഘവനാശാൻ ആകട്ടെ, കൂടൽമാണിക്യം ക്ഷേത്രത്തിൽ ശ്രീഭരതൻ്റെ വേഷം കെട്ടുന്നതിൽ സ്വന്തം റെക്കോർഡ് പുതുക്കുകയും ചെയ്തു.

കലാനിലയം രാജേന്ദ്രനും കലാനിലയം ബാബുവും സംഗീതത്തിലും, കലാനിലയം പ്രകാശനും കലാനിലയം സന്തോഷും മദ്ദളത്തിലും, കലാനിലയം ദീപക്, കലാനിലയം വിനായകൻ എന്നിവർ ചെണ്ടയിലും പശ്ചാത്തലം ഒരുക്കി.

ഭക്തജനങ്ങൾക്ക് തിക്കും തിരക്കും കൂടാതെ ശ്രീരാമപട്ടാഭിഷേകം കഥകളി കാണാൻ സന്ദർഭം ലഭിച്ചു എന്നതും വഴിപാടിന്റെ പ്രത്യേകതയായി.

പ്രൊഫ. ലക്ഷ്മണൻ നായർക്കുവേണ്ടി ഭാര്യ സാവിത്രി ലക്ഷ്മണൻ, മക്കളായ ബാലമുരളി, അപർണ്ണ, മരുമക്കൾ ലക്ഷ്മി, രഞ്ജിത്, പേരക്കുട്ടികളായ അർജ്ജുൻ, അദ്വൈത്, അജിത്, ആർദ്രലക്ഷ്മി എന്നിവർ ചേർന്നാണ് വഴിപാട് സമർപ്പിച്ചത്.

പേരക്കുട്ടി അജിത്തിൻ്റെ അരങ്ങേറ്റവും ഇതോടൊപ്പം അരങ്ങേറി.

നിര്യാതയായി

മറിയാമ്മ

ഇരിങ്ങാലക്കുട : പരേതനായ തട്ടിൽ ചേറ്റുപുഴക്കാരൻ ജോസഫ് ഭാര്യ മറിയാമ്മ (90) നിര്യാതയായി.

സംസ്കാരകർമ്മം ഇന്ന് (ശനിയാഴ്ച) വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

മക്കൾ : കൊച്ചുമേരി, ആന്റോ, വർഗീസ്, ജെസ്സി, ജോസ്, ജെയ്സൺ

മരുമക്കൾ : പോൾ, ബീന, ഷോബി, ടോണി, നിഷ, മെനില

വി.വി. രാമൻ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : സിപിഐ നേതാവും വിവിധ ട്രേഡ് യൂണിയനുകളുടെ അമരക്കാരനുമായിരുന്ന വി.വി. രാമൻ അനുസ്മരണ യോഗവും സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.

പടിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ സിപിഐ നേതാവും മുൻ എം.പി.യുമായ സി.എൻ. ജയദേവൻ അനുസ്മരണ പ്രഭാഷണം നടത്തി.

സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ. സുധീഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, എഐടിയുസി മുതിർന്ന നേതാവ് കെ.വി. രാമകൃഷ്ണൻ, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ.കെ. ശിവൻ, കെ.എസ്. ബൈജു, വി.ആർ. രമേശ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി മുരളി മണക്കാട്ടുംപടി എന്നിവർ പ്രസംഗിച്ചു.