സിനിമ വെറും കച്ചവടമാകരുത് : സംവിധായകൻ കമൽ

ഇരിങ്ങാലക്കുട : സമൂഹത്തെ തിരുത്തുന്നതിൽ ഒരു കാലഘട്ടത്തിൽ മലയാള സിനിമകൾ വഹിച്ച പങ്ക് വളരെ വലുതായിരുന്നെന്നും ഇന്ന് സമൂഹത്തിൽ നടക്കുന്ന തിന്മകൾക്ക് പ്രോത്സാഹനം നൽകും വിധത്തിലേക്ക് അത് മാറിയിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണെന്നും പ്രശസ്ത ചലച്ചിത്ര സംവിധായകൻ കമൽ അഭിപ്രായപ്പെട്ടു.

ലഹരി എന്ന വിപത്തിനെതിരെ ഇരിങ്ങാലക്കുടയിൽ നടന്ന വിദ്യാർത്ഥി യുവജന മഹിളാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ പല മലയാള സിനിമകളും
കോടി ക്ലബിൽ ഇടം പിടിച്ചെന്ന് പറയുമ്പോൾ അതെത്രമാത്രം പുതുതലമുറയെ തിരുത്തിയെന്ന് പരിശോധിക്കണമെന്നും സാമൂഹിക വിപത്തുകൾക്ക് ആക്കം കൂട്ടുന്ന സിനിമകൾ ചെയ്യില്ല എന്ന് അഭിപ്രായം പറയുവാൻ അഭിനേതാക്കൾ താറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഹരിയുൾപ്പെടെ എല്ലാവിധ മാഫിയകൾക്കുമെതിരെ ജാഗരൂകരാകണം. കരുതലോടെ ഇടപെട്ടില്ലെങ്കിൽ ഭാവി കേരളത്തെപ്പറ്റിയുള്ള നമ്മുടെ മോഹങ്ങൾ വലിയ അർത്ഥമില്ലാത്തതാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള മഹിള സംഘം മണ്ഡലം സെക്രട്ടറി അൽഫോൺസ തോമസ് അധ്യക്ഷത വഹിച്ചു.

സംവിധായകൻ പ്രേംലാൽ, സാംസ്കാരിക പ്രവർത്തക യമുന വർമ്മ, കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, സി.പി.ഐ. മണ്ഡലം സെക്രട്ടറി പി. മണി, അസിസ്റ്റന്റ് സെക്രട്ടറി എൻ.കെ. ഉദയ പ്രകാശ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, കേരള മഹിള സംഘം സംസ്ഥാന കമ്മിറ്റി അംഗം അനിത രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിൻ സ്വാഗതവും പി.വി. വിഘ്നേഷ് നന്ദിയും പറഞ്ഞു.

എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ പോട്ടക്കാരൻ, കേരള മഹിള സംഘം സുമതി തിലകൻ, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എം.പി. വിഷ്ണു ശങ്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എസ്. ശ്യാംകുമാർ, ഗിൽഡ പ്രേമൻ, എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് ജിബിൻ ജോസ് എന്നിവർ നേതൃത്വം നൽകി.

നാടിന് അപമാനമുണ്ടാക്കുന്ന നടപടിയിൽ നിന്ന് കൂടൽമാണിക്യം ദേവസ്വവും തന്ത്രിമാരും പിന്മാറണം : യുവകലാസാഹിതി

ഇരിങ്ങാലക്കുട : കഴകവൃത്തിക്ക് റിക്രൂട്ട്മെൻ്റ് ബോർഡ് മുഖാന്തിരം നിയോഗിച്ചയാളെ ജാതിയുടെ പേരിൽ കഴകവൃത്തിയിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്ത സമൂഹമന:സാക്ഷിയെ ഞെട്ടിക്കുന്നതും പ്രതിലോമകരവുമെന്ന് യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി വിലയിരുത്തി.

നാടിന് അപമാനമുണ്ടാക്കുന്ന നടപടിയിൽ നിന്ന് കൂടൽമാണിക്യം ദേവസ്വവും തന്ത്രിമാരും പിന്മാറണമെന്നും യുവകലാസാഹിതി ആവശ്യപ്പെട്ടു.

കഴകവൃത്തിക്ക് നിയോഗിക്കപ്പെട്ടയാളെ ക്ഷേത്രത്തിനകത്തെ പ്രവൃത്തിയിൽ നിന്ന് ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം ക്ഷേത്രം തന്ത്രി സ്വന്തം പ്രവൃത്തി ചെയ്യില്ലെന്നുമുള്ള നിലപാട് എടുത്തത് അങ്ങേയറ്റം അപമാനകരമാണെന്നും കുട്ടംകുളം സമരചരിത്രമുള്ള ഇരിങ്ങാലക്കുടയ്ക്ക് ഇത്തരം പ്രവണതകൾ തീർച്ചയായും ഭൂഷണമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

ജാതിയല്ല, മതമല്ല, മനുഷ്യനാണ് പ്രധാനം എന്ന യുവകലാസാഹിതിയുടെ മുദ്രാവാക്യം സമൂഹം ഏറ്റെടുക്കണമെന്ന് യുവകലാസാഹിതി ആഹ്വാനം ചെയ്തു.

പ്രസിഡന്റ് അഡ്വ. രാജേഷ് തമ്പാൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ വി.പി. അജിത്കുമാർ, വി.എസ്. വസന്തൻ, കെ.സി. ശിവരാമൻ, അഡ്വ. ഇ.ജെ. ബാബുരാജ്, ഷിഹാബ്, കെ.എസ്. ഇന്ദുലേഖ, അശ്വതി സരോജിനി, പി.കെ. ബാബു, റഷീദ് കാറളം എന്നിവർ പ്രസംഗിച്ചു.

എസ്.എൻ. ക്ലബ്ബ് വനിതാ വിംഗ് വനിതാദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ. ക്ലബ്ബ് വനിതാ വിംഗിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാദിനാഘോഷം മുൻ നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.

എസ്.എൻ. ക്ലബ്ബ് വനിതാവിഭാഗം പ്രസിഡൻ്റ് ലീന ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ബ്രോൺസ് മെഡൽ ജേതാവായ പി.വി. അനഘ മുഖ്യാതിഥിയായി.

ആഘോഷത്തോടനുബന്ധിച്ച് ആര്യവൈദ്യ ഫാർമസിയുടെയും ക്ലബ്ബ് കുടുംബാംഗമായ ഡോ. ഐശ്വര്യ ബിമലിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും “അർബുദവും ആയുർവേദ പരിരക്ഷയും” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ക്ലബ്ബ് കുടുംബത്തിലെ വനിതകളെ ചടങ്ങിൽ ആദരിച്ചു.

പ്രസിഡന്റ് ആർ.കെ. ജയരാജ് ആശംസകൾ നേർന്നു.

സെക്രട്ടറി സജു സലീഷ് സ്വാഗതവും അഞ്ജലി സൂരജ് നന്ദിയും പറഞ്ഞു.

തൃശൂർ – കൊടുങ്ങല്ലൂർ റോഡ് നിർമ്മാണം : നിയമനടപടിക്കൊരുങ്ങി പാസഞ്ചേഴ്സ് ഫോറം

ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന ഹൈവേയിൽ കേരള ട്രാൻസ്പോർട്ട് പ്രൊജക്റ്റ് നടത്തുന്ന വർക്ക് പൂർത്തിയാകാത്തതിനാൽ നിയമ നടപടികൾക്കൊരുങ്ങി പാസഞ്ചേഴ്സ് ഫോറം.

2024 ഫെബ്രുവരിയിൽ കോൺക്രീറ്റ് പണി പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിരുന്ന കൊടുങ്ങല്ലൂർ – തൃശൂർ സംസ്ഥാന ഹൈവേയിൽ 6 കിലോമീറ്റർ മാത്രമാണ് ഡിപിആർ-ൽ പറഞ്ഞതുപോലെ ഇരുവശവും നടപ്പാത പണിത് ടൈൽസ് വിരിച്ച് പണി പൂർത്തിയാക്കിയത്.

ഇതു സംബന്ധിച്ച് രണ്ടു പൊതുപ്രവർത്തകർ നൽകിയ ഹർജിയിൽ കൊടുങ്ങല്ലൂർ മുൻസിഫ് കോടതി ഒരു കമ്മീഷനെ വെച്ചിരുന്നു. ആ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലും ഇതു തന്നെയാണ് പറയുന്നത്. എന്നാൽ റോഡിന്റെ ഇരുവശവും കൃത്യമായി കാനകൾ നിർമ്മിച്ചിട്ടുമില്ല.

മൊത്തം 35 കിലോമീറ്റർ നീളത്തിൽ റോഡ് വീതി കൂട്ടി കാനയും നടപ്പാതയും നിർമ്മിക്കണമെന്നാണ് കരാർ.

റോഡ് നിർമ്മാണം നടക്കുന്ന ഭാഗത്ത് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ചെയ്യാത്ത കാരണം ഇടയ്ക്കിടെ അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്.

റോഡിൽ നിന്ന് ഇലക്ട്രിക്ക് പോസ്റ്റുകളും വാട്ടർ അതോറിറ്റി പൈപ്പുകളും മാറ്റി റോഡ് വീതി കൂട്ടുന്ന പ്രവർത്തികളിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് പാസഞ്ചേഴ്സ് ഫോറം കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാൻ ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചത്.

പ്രസിഡന്റ് പി.എ. സീതി മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി പി.കെ. ജസീൽ, പ്രൊഫ. കെ. അജിത, കുഞ്ഞുമുഹമ്മദ് കണ്ണാകുളം, കെ.ടി. സുബ്രഹ്മണ്യൻ, എം.കെ. അഹമ്മദ് ഫസലുളള എന്നിവർ പ്രസംഗിച്ചു.

ഹൈക്കോടതിയിൽ നിയമ നടപടി സ്വീകരിക്കാൻ അഭിഭാഷകരായ ഷിജീഷ് ഇബ്രാഹിം, ഷാനവാസ്‌ കാട്ടകത്ത് എന്നിവരെ യോഗം ചുമതലപ്പെടുത്തി.

വനിതാ ദിനത്തിൽ വനിതാ സംഗമം നടത്തി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബാർ അസോസിയേഷനിൽ വനിതാ സംഗമം സംഘടിപ്പിച്ചു.

സബ് കമ്മിറ്റി കൺവീനർ അഡ്വ. സുമ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ മുതിർന്ന അഭിഭാഷകരായ സരസ്വതി രാമൻ, കമലം എന്നിവർ കേക്ക് മുറിച്ചു വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു.

അഡ്വ. ഇന്ദു നീധിഷ് വനിതാദിന സന്ദേശം നൽകി.

അഭിഭാഷകരായ ഗിരിജ ഉണ്ണികൃഷ്ണൻ, ജിഷ മുകുന്ദൻ, ആനന്ദ് അശോക്, ജീന, സിജി, ദീപ്തി, റിൻസ, രേഖ പ്രമോദ്, ദീപ്തി കിഷോർ, ഇന്ദു മുരളി എന്നിവർ നേതൃത്വം നൽകി.

നഗരസഭയിൽ വനിതാ ദിനാഘോഷം

ഇരിങ്ങാലക്കുട : നഗരസഭയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു.

ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഉദ്യോഗസ്ഥർ, മറ്റ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് വനിതാ അംഗങ്ങൾ അവതരിപ്പിച്ച നൃത്തം അരങ്ങേറി.

വനിത ദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) ഇരിങ്ങാലക്കുട മേഖലയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിത ദിനാഘോഷം സംഘടിപ്പിച്ചു.

രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്ന ആഘോഷ പരിപാടികൾ ഡി.സി.സി. ജനറൽ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗവും വനിത ഫോറം നിയോജക മണ്ഡലം പ്രസിഡൻ്റുമായ കെ. കമലം അധ്യക്ഷത വഹിച്ചു.

ജില്ല ജോയിന്റ് സെക്രട്ടറി ജയ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി ഡേവിഡ് സ്റ്റീഫൻ, ജില്ല വൈസ് പ്രസിഡന്റ് ജോർജ് ഡി. മാളിയേക്കൽ, ഉദയൻ, എ.സി. സുരേഷ്, കെ.പി. മുരളീധരൻ, എ. വിജയലക്ഷ്മി, പി. സരള എന്നിവർ പ്രസംഗിച്ചു.

ജില്ലാ സമ്മേളനത്തിൽ ആർട്സ് & സ്പോർട്സിൽ വിജയിച്ച മുഫിദയെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് വനിതാ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

നിര്യാതനായി

ഉണ്ണികൃഷ്ണൻ

ഇരിങ്ങാലക്കുട : വാഴപ്പിള്ളി ഗോപുരത്തും വീട്ടിൽ വി.ജി.ഉണ്ണികൃഷ്ണൻ (83) നിര്യാതനായി.

സംസ്കാരം നാളെ(ഞായറാഴ്ച) രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.

ഭൗതീക ശരീരം രാവിലെ 9 മണിക്ക് വസതിയിൽ നിന്നും എടുക്കും.

ഭാരതീയ വിദ്യാഭവനിൽ അധ്യാപക ഒഴിവുകൾ

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, സ്പെഷ്യൽ എഡ്യൂക്കേറ്റർ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുകൾ.

ഇംഗ്ലീഷ്, ഹിസ്റ്ററി ഒഴിവുകളിലേക്ക് എംഎ, ബിഎഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

സ്പെഷ്യൽ എഡ്യൂക്കേറ്റർ തസ്തികയിലേക്ക് ബിഎഡ്, സ്പെഷ്യൽ എഡ്യൂക്കേഷനിൽ രണ്ടു വർഷത്തെ ഡിപ്ലോമ, അഥവാ പിജിഡിപി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യരായ ഉദ്യോഗാർത്ഥികൾ principalbhavansschool@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ഒരാഴ്ചയ്ക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 7022380045 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

യുവാവിനെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

കൊടുങ്ങല്ലൂർ : യുവാവിനെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശില്പി ജംഗ്ഷന് അടുത്തുള്ള ഹോട്ടലിന്റെ മുൻവശത്ത് വെച്ച് എറിയാട് കാട്ടാക്കുളം സ്വദേശിയായ ചെമ്പോഴി പറമ്പിൽ വീട്ടിൽ പൃഥിരാജിനെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച എറിയാട് ചേരമാൻ സ്വദേശിയായ കല്ലുങ്ങൽ വീട്ടിൽ ഷിനാസ് (27), അഴീക്കോട് മുനക്കൽ ബീച്ച് സ്വദേശിയായ മുനക്കൽ വീട്ടിൽ മുച്ചു എന്ന് വിളിക്കുന്ന മുഹ്സിൻ (26) എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ശില്പി ജംഗ്ഷന് അടുത്തുള്ള ബാർ ഹോട്ടലിൽ വെച്ച് പൃഥിരാജിന്റെ സുഹൃത്തായ മിഥുൻ എന്നയാളുമായി മദ്യപാനത്തെ തുടർന്നുണ്ടായ വാക്കു തർക്കത്തിന്റെ വൈരാഗ്യത്താലാണ് പൃഥിരാജിനെ ആക്രമിച്ചത്.

മുഹ്സിനെതിരെ കൊടുങ്ങല്ലൂർ സ്റ്റേഷനിൽ 2019ൽ ഒരു വധശ്രമ കേസും 2020ൽ ഒരു അടിപിടി കേസുമുണ്ട്.