


ഇരിങ്ങാലക്കുട : ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി സംഘടിപ്പിക്കുന്ന ജെയിൻ സെബി മെമ്മോറിയൽ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ലീഗിന്റെ കളിക്കാരുടെ ലേലം ലയൺസ് ക്ലബ് ഹാളിൽ വെച്ച് നടന്നു.
അവനീർ ഏവിയേഷൻസ് തൃശൂർ, കൊച്ചിൻ സ്മാഷേഴ്സ് എറണാകുളം, കാസ ഇരിങ്ങാലക്കുട, ഡി.ബി.എ. തൃശൂർ, ഇരിങ്ങാലക്കുട വിന്നേഴ്സ്, ഷാൻ സ്പോർട്സ് ചാലക്കുടി, കോലോത്തുംപടി ഷട്ടിൽ ക്ലബ്, തൃശൂർ ടെന്നീസ് ട്രസ്റ്റ്
എന്നീ എട്ടു ഫ്രാഞ്ചൈസികൾ ലേലത്തിൽ പങ്കെടുത്തു.
അന്തർദേശീയ കളിക്കാർ ഉൾപ്പെടെ പത്തനംതിട്ട, കോട്ടയം, കൊല്ലം, എറണാകുളം, തൃശൂർ മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുമായി എൺപതോളം പ്രശസ്ത താരങ്ങളെ ഫ്രാഞ്ചെെസികൾ ലേലത്തിൽ പിടിച്ചു,
ലീഗ് മത്സരങ്ങൾ ഏപ്രിൽ 27ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമിയിലും കാത്തലിക് സെന്ററിലുമായി നടക്കും.
ലേലനടപടികൾക്ക് പീറ്റർ ജോസഫ്, പി.ആർ. സ്റ്റാൻലി, ടോമി മാത്യു, സ്റ്റാൻലി ലാസർ, ശ്യാം പീറ്റർ എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട : നഗരസഭ വാർഡ് 35ൽ നക്ഷത്ര റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സി. ഷിബിൻ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് കെ.ബി. മാഹിൻ അധ്യക്ഷനായി.
സമൂഹത്തെ കാർന്നു തിന്നുന്ന ഒരു വിപത്തായി ലഹരി മാറി കഴിഞ്ഞു. കുട്ടികളിൽ ചിലർ ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും ഉപാധികളായി ലഹരിയെ തെരെഞ്ഞെടുക്കുകയാണ്. നാട്ടിൽ നടക്കുന്ന അക്രമങ്ങളും, കൊലപാതകങ്ങളും, വാഹന അപകടങ്ങളും, ലഹരിയുടെ ഉപയോഗം മൂലമാണെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. അതിനാൽ ഈ മഹാവിപത്തിനെ നമ്മുടെ നാട്ടിൽ നിന്നും തുടച്ചു മാറ്റുവാൻ നമ്മൾ ഓരോത്തരും ലഹരിക്കെതിരെ അണി ചേരണമെന്നും വാർഡ് കൗൺസിലർ സി. സി. ഷിബിൻ ആഹ്വാനം ചെയ്തു.
സിവിൽ എക്സൈസ് ഓഫീസർ പി. എം. ജദീർ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സ്
നയിച്ചു.
അസോസിയേഷൻ സെക്രട്ടറി ഗിരിജാവല്ലഭൻ സ്വാഗതവും, വൈസ് പ്രസിഡന്റ് ഷീന ദാസ് നന്ദിയും പറഞ്ഞു.
ഷീജ ശശികുമാർ, വിനോദ് വട്ടപറമ്പിൽ, ഓമന ലോഹിതക്ഷൻ, പ്രസീന സുജോയ്, ഓഫീസ് സെക്രട്ടറി രാധിക എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട : ഭാരതീയ അഭിനയ കലയായ ‘നാട്യശാസ്ത്രം’ യുനെസ്കോയുടെ മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയെന്ന വാർത്ത പ്രഖ്യാപിച്ചപ്പോൾ ഇരിങ്ങാലക്കുട നടനകൈരളിയിൽ നടന്നു വരുന്ന 124-മത് ‘നവരസ സാധന’ ശില്പശാലയിൽ പങ്കെടുക്കുന്ന ഇന്ത്യയുടെ നാനാഭാഗത്തു നിന്നും എത്തിയിട്ടുള്ള പതിനാല് യുവ നർത്തകരും നടീനടന്മാരും ആവേശത്തിൻ്റെ കൊടുമുടിയേറി.
ഗുരു വേണുജിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന നവരസ സാധന ശില്പശാല നാട്യശാസ്ത്രത്തിൽ അധിഷ്‌ഠിതമായി ഇന്ത്യയിൽ ഇന്ന് നിലവിലുള്ള ഏക അഭിനയ പരിശീലന കളരിയാണ്.
പതിനെട്ടാം നൂറ്റാണ്ടു മുതൽ കൊടുങ്ങല്ലൂർ കോവിലകത്തു നിലവിൽ വരികയും ഗുരു അമ്മന്നൂർ മാധവചാക്യാർ, പട്ടിക്കാംതൊടി രാവുണ്ണി മേനോൻ എന്നീ അതുല്യ നടന്മാരെ സൃഷ്ടിക്കുകയും ചെയ്ത ‘സ്വരവായു’ എന്ന അഭിനയ പരിശീലന സമ്പ്രദായത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് 2005-ലാണ് ‘നവരസ സാധന’ വേണുജി രൂപം നൽകുന്നത്.
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും, സിങ്കപ്പൂരിലെ ഇന്റർ കൾച്ചറൽ തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ടിലും, നടനകൈരളിയിലുമായി മൂവായിരത്തോളം പേരെ ഇതിനകം നവരസ സാധന അഭ്യസിപ്പിച്ചിട്ടുണ്ട്.
“ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും ഫലപ്രദമായ അഭിനയ പരിശീലന സമ്പ്രദായങ്ങൾ നാട്യശാസ്ത്രത്തിലുള്ളതാണ്. നിർഭാഗ്യവശാൽ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും ഇതര നാടക വിദ്യാലയങ്ങളിലും നാട്യശാസ്ത്രം മുഖ്യ പാഠ്യ വിഷയമല്ല” – വേണുജി അഭിപ്രായപ്പെട്ടു.
നൃത്യ നാട്യ രംഗത്തെ പ്രശസ്തരായ കപിലാ വേണു, മീരാ ശ്രീനാരായണൻ, മലയാള നടിമാരായ കനി കസൃതി, റിമാ കല്ലിങ്കൽ, നവ്യ നായർ എന്നിവർക്കു പുറമെ ആദിൽ ഹുസൈൻ, സന്ധ്യ മൃദുൽ, ഇഷ തൽവാർ എന്നിവരും നവരസ സാധന പരിശീലിച്ചവരിൽ ഉൾപ്പെടുന്നു.

വിയ്യൂർ : സെൻട്രൽ ജയിൽ പാർക്കിൽ പച്ചക്കറികൾ വിൽക്കാൻ ഗാർഡൻ ഫ്രഷ് വെജി ഷോപ്പ് ആരംഭിച്ചു.
പച്ചക്കറി വിളവ് ആവശ്യത്തിലധികം ലഭിച്ചപ്പോഴാണ് സെൻട്രൽ ജയിൽ കവാടത്തിനരികെയുള്ള ഫ്രീഡം പാർക്കിൽ കെട്ടുവള്ളം മാതൃകയിൽ വില്പന കൗണ്ടർ ആരംഭിച്ചത്. 600 ടണ്ണിലധികം വിളവാണ് ഇപ്രാവശ്യം ലഭിച്ചത്.
21 മുതൽ 27 വരെ വില്പന ഉണ്ടാകും.
ചീര, പടവലം, കോവൽ, ചുരക്ക, വള്ളിപയർ, ചക്ക, ഇടിച്ചക്ക, മാങ്ങ, പപ്പായ, വാഴക്കൂമ്പ്, വാഴ പിണ്ടി, മുരിങ്ങയില, ചെങ്കദളി എന്നിവയ്ക്കു പുറമെ ഈർക്കിൽ ചൂൽ, വാഴയില, വാഹനങ്ങൾ ക്ലീൻ ചെയ്യാനുള്ള കോട്ടൺ വേസ്റ്റ് തുടങ്ങിയവയും മിതമായ നിരക്കിൽ ലഭിക്കും.
കൃഷി വിജ്ഞാൻ കേന്ദ്രയുടെ 12 തരം പച്ചക്കറി വിത്തുകൾ പാക്കറ്റിന് 10 രൂപ നിരക്കിൽ ലഭിക്കും.
മുൻകൂർ ഓർഡർ ലഭിച്ചാൽ ഫ്രീഡം കോമ്പോ ലഞ്ചും (Rs 100) പാർക്കിലിരുന്ന് കഴിക്കാം.

ഇരിങ്ങാലക്കുട : കരൂപ്പടന്ന ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് വാഗസ് ക്ലബ് സംഘടിപ്പിച്ച കാസ്കോ കപ്പിന് വേണ്ടിയുള്ള പടിയത്ത് പുത്തൻകാട്ടിൽ ഇബ്രാഹിംകുട്ടി സാഹിബ് മെമ്മോറിയൽ അഖിലേന്ത്യ ഫുട്ബോൾ ടൂർണമെൻ്റിൽ മലപ്പുറം സൂപ്പർ സ്റ്റുഡിയോ ജേതാക്കളായി.
ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കെ.ഡി.എസ്. കിഴിശ്ശേരിയെ പരാജയപ്പെടുത്തിയാണ് മലപ്പുറം സൂപ്പർ സ്റ്റുഡിയോ ജേതാക്കളായത്.
ഫൈനൽ മത്സരങ്ങളുടെ ഉദ്ഘാടനം മുൻ എം.എൽ.എ. ടി.എൻ. പ്രതാപൻ നിർവ്വഹിച്ചു.
സംഘാടക സമിതി ചെയർമാൻ അയൂബ് കരൂപ്പടന്ന അധ്യക്ഷനായി.
ലഹരിക്കെതിരെ സംഘടിപ്പിച്ച സ്നേഹ ലഹരി ക്യാമ്പയിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട സബ് ഇൻസ്‌പെക്ടർ ജിജേഷ് വാഗസിന്റ 1000 സൗജന്യ ഡയാലിസിസ് കിറ്റ് പദ്ധതിയിലേക്കുള്ള ഫണ്ട് നിധീഷ് കുട്ടൻ അപ്പാട്ടിൽ നിന്നും ഏറ്റുവാങ്ങി.
പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി സമ്മാനദാനം നിർവ്വഹിച്ചു.
ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, ഫസ്‌ന റിജാസ്, ഷഹീൻ കെ. മൊയ്‌തീൻ, പടിയത്ത് പുത്തൻകാട്ടിൽ അബ്ദുൽ ഗഫൂർ ഹാജി, കാസ്കോ റഹീബ്, മനോജ് അന്നിക്കര, ഫഹദ് പുളിക്കൻ എന്നിവർ പ്രസംഗിച്ചു.
ക്ലബ് സെക്രട്ടറി കെ.എം. ഷമീർ സ്വാഗതവും പ്രസിഡന്റ് വി.ഐ. അഷ്‌റഫ് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട : വല്ലപ്പാടിയിലുള്ള ആർട്ട് ഓഫ് മർമ്മ എന്ന സ്ഥാപനത്തിൽ ചികിത്സയ്ക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മർമ്മചികിത്സാ കേന്ദ്രത്തിന്റെ ഉടമസ്ഥൻ കൂടിയായ കൊടകര വട്ടേക്കാട് വിരിപ്പിൽ വീട്ടിൽ സിൻഡെക്സ് സെബാസ്റ്റ്യനെ (47) പോലീസ് അറസ്റ്റു ചെയ്തു.
ഏപ്രിൽ 15ന് ഉച്ചയ്ക്ക് 12.30 മണിയോടെ വലതു കൈയ്ക്കുണ്ടായ തരിപ്പിന് ചികിത്സയ്ക്കായി ആർട്ട് ഓഫ് മർമ്മ സ്ഥാപനത്തിൽ എത്തിയതാണ് തൃക്കൂർ സ്വദേശിയായ യുവതി. ഉഴിച്ചിലിനായി വനിതാ ജീവനക്കാർ ഉണ്ടായിരിക്കെ അവരെ ഒഴിവാക്കി പ്രതി ‘ചികിത്സ’ എന്ന വ്യാജേന യുവതിയെ നിർബന്ധിച്ച് വിവസ്ത്രയാക്കുകയും, ലൈംഗികച്ചുവയോടെ സംസാരിക്കുകയും, പിന്നീട് ലൈംഗികാതിക്രമം ചെയ്യുകയുമായിരുന്നു.
കൊടകര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. ദാസ്, സബ്ബ് ഇൻസ്പെക്ടർ ഇ.എ. സുരേഷ്, എ.എസ്.ഐ. മാരായ ജ്യോതിലക്ഷ്മി, ബേബി, ഗോകുലൻ, ആഷ്ലിൻ ജോൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീജിത്ത്, ജിലു സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ 105 വർഷങ്ങൾ പിന്നിടുമ്പോൾ, ലോക റെക്കോഡിൻ്റെ തിളക്കമാർന്ന രണ്ട് പൊൻതൂവൽ കൂടി കിരീടത്തിൽ ചാർത്തിയിരിക്കുകയാണ്.
മാതൃവിദ്യാലയത്തെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത പൂർവ്വ വിദ്യാർഥി സംഘടനയുടെ പ്രവർത്തന മികവിൻ്റെ സാക്ഷ്യപ്പെടുത്തലാണ് ഈ രണ്ട് റെക്കോഡുകൾ.
ഏപ്രിൽ 5, 6 തിയ്യതികളിലായി നടന്ന പൂർവ്വവിദ്യാർഥി മഹാസംഗമം ”ശതസംഗമം -2025” എന്ന സമാനതകളില്ലാത്ത പരിപാടി വിദ്യാലയ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്.
ഈ വിദ്യാലയത്തിൽ നിന്ന് അക്ഷരജ്വാലയേറ്റു വാങ്ങി ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ ചേക്കേറിയവർ ഒരേ മനസ്സോടെ ഒത്തുചേർന്ന ആ ദിനങ്ങൾ ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമാണ്.
വിദ്യാലയം ലോക റെക്കോഡ് കൈവരിച്ചതിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും,
സുവനീർ പ്രകാശനവും, ശതാബ്ദി മന്ദിര പദ്ധതി പ്രഖ്യാപനവും മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.
സംഘാടകസമിതി ചെയർമാനും കലാമണ്ഡലം മുൻ വൈസ് ചാൻസലറുമായ ടി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ വിശിഷ്ടാതിഥിയായി.
പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡന്റ് യു. പ്രദീപ് മേനോൻ സ്വാഗതവും സംഘാടകസമിതി ജനറൽ കൺവീനർ രാജേഷ് നന്ദിയും പറഞ്ഞു.
യോഗത്തിൽ ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർഥികൾ, അധ്യാപകർ, നാട്ടുകാർ തുടങ്ങിയവർ ഒത്തു ചേർന്നു.
തുടർന്ന് കൈക്കൊട്ടിക്കളി, പൂർവ വിദ്യാർഥികളുടെ സംഗീതവിരുന്ന്, നാടകം, ഓർക്കസ്ട്ര എന്നിവ അരങ്ങേറി.

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ “കിക്ക് ഔട്ട് ഡ്രഗ്സ്, കിക്ക് ഓഫ് ലൈഫ്” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഏപ്രിൽ 26ന് വൈകീട്ട് 6 മണിക്ക് ഫൈവ്സ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കും.
ഇംപിരിയ ആക്സിസ് വിന്നേഴ്സ് ട്രോഫിക്കും എ.എം.ആർ. ഇന്റർനാഷണൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി കാട്ടുങ്ങച്ചിറ യു.ബി.എഫ്. ടർഫിൽ നടത്തുന്ന ടൂർണമെന്റ് മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്യും.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കും.

ഇരിങ്ങാലക്കുട : മെയ് 24, 25 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സമസ്ത കേരള വാര്യർ സമാജം സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് സമാജം യൂണിറ്റ് ആസ്ഥാന മന്ദിരത്തിൽ തുറന്നു.
സംസ്ഥാന പ്രസിഡന്റ് പി.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ, സംസ്ഥാന ട്രഷറർ വി.വി. ഗിരീശൻ, സംസ്ഥാന സെക്രട്ടറി എ.സി. സുരേഷ്, കെ. ഉണ്ണികൃഷ്ണ വാര്യർ, വി.വി. സതീശൻ, ഗീത ആർ. വാര്യർ, പി.വി. ശങ്കരൻകുട്ടി എന്നിവർ പ്രസംഗിച്ചു.