അവിട്ടത്തൂർ കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രം – നടപ്പുര സമർപ്പണം.

ഇരിങ്ങാലക്കുട : അവിട്ടത്തൂർ കീഴ്തൃകോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ദുർഗ്ഗാ ഭഗവതിക്ക് പണിതീർത്ത നടപ്പുരയുടെ സമർപ്പണം മുഞ്ചിറ മഠം മൂപ്പിൽ സ്വാമിയാർ പൂജ്യ നാരായണ ബ്രഹ്മാനന്ദതീർത്ഥ നിർവ്വഹിച്ചു.

തുടർന്ന് ദീപം തെളിയിക്കൽ, ലളിതാ സഹസ്രനാമജപം, ഭജന, പ്രസാദ വിതരണം എന്നിവ നടന്നു.

ആറാട്ടുപുഴ ക്ഷേത്രത്തിൽ കളഭാഭിഷേകം 8ന്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാ നക്ഷത്രത്തിൽ നടത്തി വരുന്ന കളഭാഭിഷേകം ഡിസംബർ 8 തിങ്കളാഴ്ച രാവിലെ 9 മണിക്ക്‌.

ചന്ദനം, ഗോരോചനം, കുങ്കുമപ്പുവ്വ്, പച്ചകർപ്പൂരം, പനിനീർ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന്  കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്. സപരിവാര പൂജയായാണ് കളഭപൂജ നടത്തുന്നത്.

ഉരുളിയിൽ തയ്യാറാക്കിവച്ചിരിക്കുന്ന കളഭം ജലദ്രോണി പൂജക്കുശേഷം താളമേളങ്ങളുടെ അകമ്പടിയോടെ ശംഖിലെടുത്ത് കലശക്കുടത്തിൽ നിറക്കും. പൂജാവിധികളാൽ ചൈതന്യപൂർണ്ണമാക്കിയ കളഭം രാവിലെ 9 മണിക്ക്  പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നെള്ളിച്ച് ശാസ്താപ്രതിഷ്ഠയിൽ അഭിഷേകം ചെയ്യും. 

തുടർന്ന് ശാസ്താവിന്  കടുംമധുരപ്പായസം നിവേദിക്കും. ഈ സമയം ദർശനത്തിന് ശ്രേഷ്ഠമാണ്.

നമസ്കാരമണ്ഡപത്തിൽ വെച്ചാണ് പൂജകൾ നടത്തുക. ഇതോടനുബന്ധിച്ച് നവകം, പഞ്ചഗവ്യം എന്നീ അഭിഷേകങ്ങളും ശാസ്താവിന് നടത്തും.

തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.

തളിയക്കോണം പഞ്ചിക്കാട് ശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവം 10, 11, 12 തിയ്യതികളിൽ

ഇരിങ്ങാലക്കുട : തളിയക്കോണം പഞ്ചിക്കാട് ശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവം 10, 11, 12 തിയ്യതികളിൽ തന്ത്രി അണിമംഗലത്ത് രാമൻ തിരുമേനിയുടെ കാർമികത്വത്തിൽ അരങ്ങേറും.

10ന് വൈകീട്ട് 6.30ന് ശ്രീരാം ഭജൻസ് അവതരിപ്പിക്കുന്ന ഭജന, 8.30ന് തളിയക്കോണം ശിവദം അവതരിപ്പിക്കുന്ന കൈക്കൊട്ടിക്കളി, 11ന് വൈകീട്ട് 6.30ന് ചാക്യാരും ചങ്ങാതീം, 8.30ന് വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടാകും.

12ന് രാവിലെ ഗണപതി കലശാഭിഷേകം, പൂജ, ശ്രീഭൂതബലി, തുടർന്ന് എഴുന്നള്ളിപ്പ്, ശീവേലി, 10 മുതൽ 12 മണി വരെ അവിട്ടത്തൂർ ശ്രീജിത്തും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, തുടർന്ന് അന്നദാനം, വൈകീട്ട് 6 മണി മുതൽ കാഴ്ച ശീവേലി, പാണ്ടിമേളം എന്നിവയും ഉണ്ടായിരിക്കും.

ഭാരതീയ വിദ്യാഭവനിൽ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : രാജ്യത്തിന്റെ സാംസ്കാരികത്തനിമകളെ അടുത്തറിയുക, ‘നാനാത്വത്തിൽ ഏകത്വം’ എന്ന ശക്തമായ ആശയം തലമുറകളിലേക്ക് വ്യാപിപ്പിക്കുക, സാഹോദര്യവും സഹവർത്തിത്വവും വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ, സെക്രട്ടറി വി. രാജൻ, ട്രഷറർ സുബ്രഹ്മണ്യൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, ഹൈസ്കൂൾ വിഭാഗം മേധാവി ജോസി ജോർജ്ജ് എന്നിവർ പങ്കെടുത്തു.

കേരളത്തിന്റെയും ഛത്തീസ്ഗഢിന്റെയും സാമൂഹികവും സാംസ്കാരികവും കലാപരവുമായ വിവിധ ഘടകങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പരിപാടികളും
പ്രസന്റേഷനുകളും പ്രശ്നോത്തരിയും നടത്തി. വിജയികൾക്ക് സമ്മാനം നൽകി.

കേരളത്തിലെയും ഛത്തീസ്ഗഢിലെയും വിവിധ വസ്ത്രധാരണരീതികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അവതരണം, രണ്ട് സംസ്ഥാനങ്ങളിലെയും ഭക്ഷണവൈവിധ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഫുഡ് ഫെസ്റ്റ്, പെയിന്റിംഗ് എക്സിബിഷൻ, സംഘഗാനം തുടങ്ങിയവയും സംഘടിപ്പിച്ചു.

ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്.

അധ്യാപകരായ എസ്. സീമ, പ്രിയ സുധി, ഫ്ലോറി ഫ്രാൻസിസ്, രമ്യ സുധീഷ്, രജിത സജീവ്, ആൽബർട്ട് ആന്റണി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

എസ്.എൻ. സ്കൂളിൽ ഇന്റർ ഹൗസ് ഫുട്ബോൾ ടൂർണമെന്റ് നടത്തി

ഇരിങ്ങാലക്കുട : “കളിയാണ് ലഹരി” എന്ന ആശയം ഉൾക്കൊണ്ട് ലഹരിക്കെതിരെയുള്ള സന്ദേശം പകർന്നു നൽകുന്നതിനായി ഇരിങ്ങാലക്കുട എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്റർ ഹൗസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

പഠനത്തോടൊപ്പം തന്നെ ചേർത്തുനിർത്താവുന്ന നല്ല ശീലങ്ങളാണ് കളികൾ എന്ന ആശയം പകർന്നു നൽകിയായിരുന്നു മത്സരം സംഘടിപ്പിച്ചത്.

മാനേജർ ഡോ. സി.കെ. രവിയും പ്രിൻസിപ്പൽ സി.ജി. സിൻലയും ചേർന്ന് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

നിര്യാതനായി

ജേക്കബ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് റോഡിൽ മാളിയേക്കൽ കുഞ്ഞു വറീത് മകൻ എം.കെ ജേക്കബ് (87) നിര്യാതനായി.

തൃശൂർ പൊങ്ങണംകാട് ശക്തി മെറ്റൽ ഇൻഡസ്ടീസ് പാർട്ടണറാണ്.

സംസ്കാരം ഡിസംബർ 5 (വെള്ളിയാഴ്ച്ച) രാവിലെ 11മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

ഭാര്യാ : ജോളി ജേക്കബ്
(കോച്ചേരി കുടുംബാംഗം)

മക്കൾ : ജിബി, ജിനി, ജിസി

മരുമക്കൾ : ജോ ദേവസ്സി, ബിന്നി മാത്യൂ, ആഷ്ലി ജോൺ

ഭാരതീയ വിദ്യാഭവനിലെ കെ.ജി. വിഭാഗം ‘ട്വിനിംഗ് ഡാൻസ് പ്രോഗ്രാം’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിലെ കെ.ജി. വിഭാഗം ഭവൻസ് ബാലമന്ദിറിൽ അമ്മയും കുഞ്ഞും ചേർന്നുള്ള ‘ട്വിനിംഗ് ഡാൻസ് പ്രോഗ്രാം’ സംഘടിപ്പിച്ചു.

കുഞ്ഞുങ്ങളും അമ്മമാരും ആവേശത്തോടെ പങ്കെടുത്ത മത്സരം സ്നേഹനിമിഷങ്ങൾ കൊണ്ട് വേദിയെ മനോഹരമാക്കി.

ഭാരതീയ വിദ്യാഭവൻ ശിക്ഷൺ ഭാരതി ചെയർമാൻ പോളി മേനാച്ചേരി ഉദ്ഘാടനം നിർവഹിച്ചു.

ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, വൈസ് ചെയർമാൻ ടി.പി. വിവേകാനന്ദൻ, സെക്രട്ടറി വി. രാജൻ, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ശോഭ ശിവാനന്ദരാജൻ, അഡ്വ. ജോർഫിൻ പേട്ട, സുബ്രഹ്മണ്യൻ, അഡ്വ. ആനന്ദവല്ലി എന്നിവർ സന്നിഹിതരായിരുന്നു.

കെ.ജി. വിഭാഗം മേധാവി മാർഗരറ്റ് വർഗ്ഗീസ് സ്വാഗതവും അധ്യാപിക ശ്വേത സദൻ നന്ദിയും പറഞ്ഞു.

കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം നടത്തി

ഇരിങ്ങാലക്കുട : യുവമോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് ജില്ലാ ആസ്ഥാനത്ത് അനുസ്മരണവും പുഷ്പാർച്ചനയും ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിൽ രക്തദാന ക്യാമ്പും നടത്തി.

ബിജെപി ജില്ലാ സെക്രട്ടറി അജീഷ് പൈക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു.

യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ജിനു ഗിരിജൻ അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. ഹരിപ്രസാദ് സ്വാഗതം പറഞ്ഞു.

ബിജെപി ജില്ല സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ, മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, യുവമോർച്ച ജില്ലാ സെക്രട്ടറിമാരായ ശ്രീരാജ്, ഷെയ്ബിൻ, ഇരിങ്ങാലക്കുട മണ്ഡലം അധ്യക്ഷൻ രാകേഷ്, സാരംഗ്, വിശ്വജിത്ത്, കീർത്തി, ആദിത്യ, ഉണ്ണിമായ തുടങ്ങിയവർ പങ്കെടുത്തു.

ക്രിസ്തുമസ് നക്ഷത്ര നിർമ്മാണവും വിതരണവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എൽ.ഇ.ഡി. നക്ഷത്രങ്ങളുടെ നിർമ്മാണവും വിതരണവും നടത്തിക്കൊണ്ട് ക്രിസ്തുമസിനെ വരവേൽക്കുകയാണ് സെന്റ് ജോസഫ്സ് കോളെജിലെ ഫിസിക്സ്‌ വിഭാഗം വിദ്യാർഥികൾ.

ഫിസിക്സ്‌ വിഭാഗത്തിന്റെ സ്കിൽ ഡെവലപ്പ്മെന്റ് ട്രെയിനിംഗിന്റെ ഭാഗമായി വിദ്യാർഥികൾക്കായി എൽ.ഇ.ഡി. നക്ഷത്ര നിർമ്മാണ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചിരുന്നു. പഠനത്തോടൊപ്പം പ്രായോഗിക പരിജ്ഞാനം വളർത്തുക എന്നതായിരുന്നു ക്ലാസ്സിന്റെ ലക്ഷ്യം.

ഫിസിക്സ്‌ വിഭാഗം മേധാവി സി.എ. മധുവിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ്‌ സംഘടിപ്പിച്ചത്.

ഇതേ തുടർന്ന് വിദ്യാർഥിനികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ നക്ഷത്രങ്ങൾ നിർമ്മിക്കുകയായിരുന്നു.

തുടർന്ന് കോളെജ് പരിസരത്തിലുള്ള വീടുകളിൽ സൗജന്യമായി നക്ഷത്ര വിതരണവും നടത്തി.

അഡ്വ. കെ.ആർ. തമ്പാൻ മെമ്മോറിയൽ ഇൻ്റർ കേരള ബാർ അസോസിയേഷൻ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ സംഘടിപ്പിച്ച അഡ്വ. കെ.ആർ. തമ്പാൻ മെമ്മോറിയൽ ഇൻ്റർ കേരള ബാർ അസോസിയേഷൻ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് മാപ്രാണം കിക്ക്ഷാക്ക് സ്പോർട്സ് അരീനയിൽ സംഘടിപ്പിച്ചു.

ടൂർണമെന്റ് ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് & ജില്ലാ ജഡ്ജ് എൻ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

രണ്ട് ഗ്രൂപ്പുകളിലായി നാല് ടീമുകൾ വീതം കേരളത്തിലെ വിവിധ ബാർ അസോസിയേഷനുകളിൽ നിന്നായി 8 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ
12 ഗ്രൂപ്പ് മത്സരങ്ങളും സെമി ഫൈനൽ ലൂസേഴ്സ് ഫൈനൽ ഫൈനൽ അടക്കം ആകെ 16 മത്സരങ്ങൾക്കാണ് ഇരിങ്ങാലക്കുട സാക്ഷിയായത്.

കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഐസിഎൽ ഫിൻകോർപ്പ് സിഎംഡി അഡ്വ. കെ.ജി. അനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി.

ജുഡീഷ്യൽ ഓഫീസേഴ്സ്, അഭിഭാഷകർ, രാഷ്ട്രീയ പ്രമുഖർ, അഡ്വക്കേറ്റ് ക്ലർക്കുമാർ, പൊതുജനങ്ങൾ എന്നിവരുടെ മികച്ച പങ്കാളിത്തം കൊണ്ട് ടൂർണമെന്റ് ശ്രദ്ധേയമായി.

വാശിയേറിയ പോരാട്ടത്തിൽ തലശ്ശേരി ബാർ അസോസിയേഷൻ ടീം ഒന്നാം സമ്മാനമായ അഡ്വ. കെ.ആർ. തമ്പാൻ മെമ്മോറിയൽ ട്രോഫിയും 25000 രൂപയും കരസ്ഥമാക്കി.

രണ്ടാം സമ്മാനമായ അഡ്വ. ഇ.ബി. സുരേഷ്ബാബു മെമ്മോറിയൽ ട്രോഫിയും 20000 രൂപയും പെരിന്തൽമണ്ണ ബാർ അസോസിയേഷൻ ടീമും മൂന്നാം സമ്മാനമായ അഡ്വ. എം.സി. ചന്ദ്രഹാസൻ മെമ്മോറിയൽ ട്രോഫിയും 15,000 രൂപയും മൂവാറ്റുപുഴ ബാർ അസോസിയേഷൻ ടീമും കരസ്ഥമാക്കി.

ടൂർണമെന്റിലെ ഫെയർ പ്ലേ അവാർഡ് പെരിന്തൽമണ്ണ ബാർ അസോസിയേഷന് ലഭിച്ചു.