താൽക്കാലിക അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ സുവോളജിയിൽ എച്ച്.എസ്.എസ്.ടി. സീനിയർ അധ്യാപക ഒഴിവുണ്ട്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 9ന് തിങ്കളാഴ്ച രാവിലെ 11.30ന് അസ്സൽ രേഖകൾ സഹിതം സ്കൂളിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 9446023878 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ആഘോഷമാക്കി മുകുന്ദപുരം പബ്ലിക് സ്കൂളിലെ പ്രവേശനോത്സവം

ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ വിപുലമായ രീതിയിൽ പ്രവേശനോത്സവം നടത്തി.

മുകുന്ദപുരം പബ്ലിക് സ്കൂൾ പൂർവ്വ വിദ്യാർഥിയായ ഡോ. എമ്രിൻ ഫ്രാൻസിസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

തുടർന്ന് കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് നടത്തി.

പ്രിൻസിപ്പൽ ജിജി കൃഷ്ണ അധ്യക്ഷയായി.

വേളൂക്കര വാർഡ് മെമ്പർ പി.വി. മാത്യു, സ്കൂൾ അഡ്മിനിസ്ട്രേറ്റർ വി. ലളിത, പി.ടി.എ. പ്രസിഡന്റ് വിനോദ് മേനോൻ, കെ.ജി. കോഡിനേറ്റർ ആർ. രശ്മി എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ സ്കൂൾ ഫ്ലാഗും സ്കൂൾ ഗാനവും റിലീസ് ചെയ്തു.

കീർത്തന ദിനേശ് സ്വാഗതവും
വിദ്യാർഥിയായ എസ്ര ഗ്രേസ് മരിയ ആഞ്ചോ നന്ദിയും പറഞ്ഞു.

താത്കാലിക അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി ജൂനിയർ വിഭാഗം താത്കാലിക അധ്യാപക ഒഴിവ്.

താത്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 9 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഹാജരാകേണ്ടതാണെന്ന്
പ്രിൻസിപ്പൽ അറിയിച്ചു.

ടീന തോമസിന് കോമേഴ്സിൽ പി.എച്ച്.ഡി.

ഇരിങ്ങാലക്കുട : ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി ടീന തോമസ്.

ഇരിങ്ങാലക്കുട കുണ്ടുകുളം തോമസ് – ഡെയ്സി ദമ്പതികളുടെ മകളായ ടീന ക്രൈസ്റ്റ് കോളെജിലെ അസിസ്റ്റന്റ് പ്രൊഫസറാണ്.

ഭർത്താവ് ജോമോൻ ലക്ഷദ്വീപിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ പ്രിൻസിപ്പലാണ്.

വേളൂക്കര പഞ്ചായത്ത്തല പ്രവേശനോത്സവം കടുപ്പശ്ശേരി ഗവ.യു.പി. സ്കൂളിൽ അരങ്ങേറിഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്ത്തല പ്രവേശനോത്സവം കടുപ്പശ്ശേരി ഗവ. യു.പി. സ്കൂളിൽ ആഘോഷിച്ചു.

വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൻസി ബിജു ഉദ്ഘാടനം നിർവഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗാവരോഷ് അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഉണ്ണികൃഷ്ണൻ നവാഗതർക്ക് ഉപഹാരം നൽകി.

മെമ്പർമാരായ പി.ജെ. സതീഷ്, സുനിത, പി.ടി.എ. പ്രസിഡന്റ് ഭാഗ്യലക്ഷ്മി, എം.പി.ടി.എ. പ്രസിഡന്റ് വിമ്മി സജി, പി.ടി.എ. വൈസ് പ്രസിഡന്റ് ജോൺ കോക്കാട്ട്, എം.എം ജിഷ എന്നിവർ ആശംസകൾ അർപ്പിച്ചു.

കുട്ടികൾക്ക് പഠനോപകരണ കിറ്റുകൾ, മധുരപലഹാരം എന്നിവ വിതരണം ചെയ്തു.

തുടർന്ന് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

ഹെഡ്മിസ്ട്രസ് സി. ബിന്ദു സ്വാഗതവും അധ്യാപിക ശോഭാലക്ഷ്മി നന്ദിയും പറഞ്ഞു.

അവിട്ടത്തൂർ സ്കൂളിൽപ്രവേശനോത്സവം നടത്തി

ഇരിങ്ങാലക്കുട : അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് മിനി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റർ മെജോ പോൾ, മാനേജർ എ. അജിത് കുമാർ, എ.സി. സുരേഷ്, കെ.കെ. കൃഷ്ണൻ നമ്പൂതിരി, ജോസഫ് അക്കരക്കാരൻ, എൻ.എസ്. രജനി, എം.ജി. ശാലിനി എന്നിവർ പ്രസംഗിച്ചു.

വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

നെഹ്റു സ്മാരക എൽ.പി. സ്കൂളിൽ പ്രവേശനോത്സവം

ഇരിങ്ങാലക്കുട : മാള ആനപ്പാറ എൻ.എസ്.എൽ.പി. വിദ്യാലയത്തിൽ നവാഗതരെ സ്വീകരിച്ച് പ്രവേശനോത്സവം നടത്തി.

വാർഡ് മെമ്പർ എം.യു. ബിനിൽ ഉദ്ഘാടനം ചെയ്തു.

മാനേജർ വി.എസ്. രാജേഷ് അധ്യക്ഷത വഹിച്ചു.

മരണമാസ് അഷ്ടമിച്ചിറ കൂട്ടായ്മയുടെ വകയായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.

മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കെ.കെ. അജയകുമാർ, സി.കെ. തിലകൻ, വനമിത്ര ഭൂമിമിത്ര അവാർഡ് ജേതാവ് വി.കെ. ശ്രീധരൻ, അണ്ണല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ജെ. ശങ്കരൻ മാസ്റ്റർ, അങ്കണവാടി അധ്യാപിക റീജ, എസ്.എസ്.ജി.വൈ.എസ്. ചെയർമാൻ അരവിന്ദാക്ഷൻ തൊഴുത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.

കേരള പൊലീസ് തൃശൂർ റൂറൽ വിഭാഗത്തിൽ നിന്നും ഉദ്യോഗസ്ഥർ ”കരുതലായ് കാവലായ്” എന്ന പോസ്റ്റർ യോഗത്തിൽ പ്രദർശിപ്പിച്ച് മയക്കുമരുന്നിനും ലഹരിക്കുമെതിരെ ക്ലാസ്സ് നയിച്ചു.

തുടർന്ന് മധുര പലഹാരം വിതരണം ചെയ്തു.

പ്രധാനാധ്യാപിക കെ.എസ്. സുജയ സ്വാഗതവും അധ്യാപിക മീനാകുമാരി നന്ദിയും പറഞ്ഞു.

പെൺചരിത്രം വഴിമാറി : ഇരിങ്ങാലക്കുട എൽ.എഫ്. ഹൈസ്കൂളിൽ ഈ വർഷം മുതൽ ആൺകുട്ടികളും

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്കൂളിന്റെ പെൺചരിത്രം വഴിമാറി ഈ അധ്യയന വർഷം മുതൽ ഹൈസ്കൂളിൽ ആൺകുട്ടികളും പ്രവേശനം നേടി.

1944ൽ ആരംഭിച്ച സ്കൂളിൽ 81 വർഷത്തെ പെൺ പാരമ്പര്യത്തിനാണ് ഈ വർഷം മുതൽ മാറ്റമുണ്ടായത്. ഇതുവരെയും എൽ.പി. സ്കൂളിൽ 4-ാം ക്ലാസ് വരെ മാത്രമാണ് ആൺകുട്ടികൾ പഠിച്ചിരുന്നത്.

44 ആൺകുട്ടികളാണ് പ്രവേശനോത്സവ ദിനത്തിൽ സ്കൂളിൽ എത്തിയത്.

വർണ്ണശബളമായ പ്രവേശനോത്സവം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് സിവിൻ കെ. വർഗീസ് അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ അഡ്വ. കെ.ആർ. വിജയ, ഹയർ സെക്കന്ററി പ്രിൻസിപ്പൽ ലിജോ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

മുൻ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ നവീന സ്വാഗതവും ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സുധീപ നന്ദിയും പറഞ്ഞു.

നിര്യാതയായി

സുനന്ദ

ഇരിങ്ങാലക്കുട : ചെമ്മണ്ട പുളിയത്തുപറമ്പിൽ സോമൻ ഭാര്യ സുനന്ദ (60) നിര്യാതയായി.

സംസ്കാരം ജൂൺ 3 (ചൊവ്വാഴ്ച) രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : മിഥുൻ, ജിതിൻ

വിനോദസഞ്ചാര കേന്ദ്രമായ ചീപ്പുചിറ മാലിന്യചിറയായി മാറുമോ?

ഇരിങ്ങാലക്കുട : വിനോദസഞ്ചാര കേന്ദ്രമായ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ചീപ്പുചിറയിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ ആശങ്ക പരത്തുന്നു.

ചീപ്പുചിറ കായലോരത്താണ് ഭയാനകമായ രീതിയിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടിയിട്ടുള്ളത്.

കുട്ടികളും മുതിർന്നവരും ഉൾപ്പെടെ അനേകം ആളുകൾ ദിനംപ്രതി പ്രകൃതി ഭംഗി ആസ്വദിക്കുവാൻ എത്തിച്ചേരുന്ന സ്ഥലത്ത് മാലിന്യങ്ങളുടെ ഒരു തുരുത്തു തന്നെ രൂപപ്പെട്ടിരിക്കുന്നു.

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും നടക്കാറുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കാത്തതാണ് മാലിന്യങ്ങൾ കൂമ്പാരം കൂടുവാനുള്ള കാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

മഴക്കാലമായതോടെ പുഴയുടെ ദൃശ്യഭംഗി ആസ്വദിക്കുവാൻ അനേകം സഞ്ചാരികൾ എത്തുന്ന സ്ഥലം പകർച്ചവ്യാധികൾക്ക് കൂടി കാരണമാകുന്ന സ്ഥിതിവിശേഷമാണിപ്പോൾ.

വെള്ളാങ്ങല്ലൂർ പഞ്ചായത്ത്
സമ്പൂർണ്ണ മാലിന്യ വിമുക്ത പഞ്ചായത്തായി സ്ഥലം എംഎൽഎ പ്രഖ്യാപിച്ചിട്ട് മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് അധികാരികളുടെ ഈ അനാസ്ഥ എന്നും പഞ്ചായത്ത് അധികാരികളും ആരോഗ്യ പരിപാലന കേന്ദ്രവും ഇടപെട്ട് എത്രയും വേഗം പൊതുജനാരോഗ്യം വഷളാക്കുന്ന മാലിന്യക്കൂമ്പാരം നീക്കം ചെയ്യണമെന്നും
കൊടുങ്ങല്ലൂർ
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി
സാബു കണ്ടത്തിൽ ആവശ്യപ്പെട്ടു.