വാഹന പരിശോധന കർശനമാക്കിപോലീസും മോട്ടോർ വാഹന വകുപ്പും

ഇരിങ്ങാലക്കുട : സംസ്ഥാന ഗതാഗത മന്ത്രി, ട്രാൻസ്പോർട്ട് കമ്മീഷണർ, പോലീസ് ഡിജിപി എന്നിവരുടെ നിർദ്ദേശാനുസരണം പോലീസും മോട്ടോർവാഹന വകുപ്പും സംയുക്തമായുള്ള വാഹന പരിശോധന തൃശൂർ റൂറൽ ജില്ലയിൽ ബുധനാഴ്ച്ച ആരംഭിച്ചു.

നിരത്തുകളിൽ തുടർക്കഥയാകുന്ന അപകടങ്ങൾക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന പ്രത്യേക പരിശോധന.

നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി എടുക്കാനാണ് ജില്ലാ പോലീസ് മേധാവിയുടെയും ആർ ടി ഓയുടെയും നിർദ്ദേശം.

ജില്ലയിലെ മൂന്ന് ഡി വൈ എസ് പിമാർക്ക് കീഴിലുള്ള പോലീസ് സേനയും, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി ആർ ടി ഓ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുമാണ് നിരത്തുകളിൽ പരിശോധനക്കായി ഇറങ്ങിയിട്ടുള്ളത്.

അപകട മേഖലകൾ, ദേശീയ സംസ്ഥാന പാതകൾ, സ്കൂൾ, കോളേജ് പരിസരങ്ങൾ എന്നിവക്കു പുറമേ അപകട സാദ്ധ്യത കൂടിയ സ്ഥലങ്ങൾ കണ്ടെത്തി 24 മണിക്കുറും പരിശോധന നടപ്പിലാക്കും.

മദ്യപിച്ച് വാഹനം ഓടിക്കുക, അമിത വേഗത, ട്രാഫിക് നിയമ ലംഘനങ്ങൾ, അപകടകരമായ രീതിയിൽ വാഹനം ഓടിക്കുക എന്നിവക്ക് പിഴ ഈടാക്കുന്നതിനു പുറമെ ഉടനടി ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നതാണ്.

ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ യാത്ര ചെയ്യുന്നവർ, അമിതവേഗത, അപകടകരമായ ഓവർടേക്കിങ്ങ്, സ്വന്തം ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുന്നതും മോടി കൂട്ടുന്നതും ആയ കാര്യങ്ങൾ തുടങ്ങി എല്ലാ നിയമലംഘനങ്ങൾക്കും എതിരെ കർശന നടപടികൾ കൈക്കൊള്ളുന്നതാണെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ നവനീത് ശർമ്മ
ഐ പി എസ് അറിയിച്ചു.

ക്രൈസ്റ്റ് കോളെജിൽ ഹോക്കി കോച്ചിനെ ആവശ്യമുണ്ട്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ പ്രവർത്തിക്കുന്ന ഖേലോ ഇന്ത്യാ സായ് സെൻ്ററിലേക്ക് ഹോക്കി കോച്ചിനെ ആവശ്യമുണ്ട്.

സീനിയർ നാഷണൽ/ എൻ ഐ എസ് ഡിപ്ലോമ യോഗ്യതയുളള പരിശീലകർക്ക് അപേക്ഷിക്കാവുന്നതാണ്.

താല്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 10 വെളളിയാഴ്‌ച വൈകീട്ട് 3 മണിക്ക് മുമ്പായി ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും ക്രൈസ്റ്റ് കോളെജ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 9495516382 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രിൻസിപ്പൽ അറിയിച്ചു.

നെഹ്റുവിൽ നിന്ന് മോദിയിലേക്കുള്ള മാറ്റത്തിൻ്റെ ദുരന്തമാണ് ഇന്ത്യ നേരിടുന്നത് : ആർ പ്രസാദ്

ഇരിങ്ങാലക്കുട : നെഹ്റുവിൽ നിന്ന് മോദിയിലേക്കുള്ള മാറ്റത്തിൻ്റെ ദുരന്തമാണ് ഇന്ത്യ നേരിടുന്നത് എന്ന് എ ഐ ടി യു സി ദേശീയ സെക്രട്ടറി ആർ പ്രസാദ്.

എ ഐ ടി യു സി യുടെ നേതൃത്വത്തിൽ നടത്തിയ തൊഴിലാളി പ്രക്ഷോഭ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് തൊഴിലാളികൾക്കനുസൃതമായ നിയമനിർമ്മാണങ്ങൾ രൂപം കൊണ്ടതിൽ എ ഐ ടി യു സി യുടെ സമരങ്ങൾ വലിയ പങ്കുവഹിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

സി പി ഐ മണ്ഡലം സെക്രട്ടറി പി മണി അധ്യക്ഷത വഹിച്ചു.

സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് മുഖ്യാതിഥിയായി.

ജാഥാ ക്യാപ്റ്റൻ ടി ജെ ആഞ്ചലോസ് മറുപടി പ്രസംഗം നടത്തി.

വൈസ് ക്യാപ്റ്റൻ കെ കെ അഷ്റഫ്, ഡയറക്ടർ കെ ജി ശിവാനന്ദൻ,
ജാഥാ അംഗങ്ങളായ
താവം ബാലകൃഷ്ണൻ, കെ വി കൃഷ്ണൻ,
കെ സി ജയപാലൻ,
എലിസബത്ത് അസീസി,
പി സുബ്രഹ്മണ്യൻ, സി കെ ശശിധരൻ, പി കെ മൂർത്തി
ചെങ്ങറ സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

എഐടിയുസി മണ്ഡലം സെക്രട്ടറി കെ കെ ശിവൻ സ്വാഗതവും മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം നന്ദിയും പറഞ്ഞു.

എ ഐ ടി യു സി നേതാക്കളായ ടി കെ സുധീഷ്, ഇ ടി ടൈസൻ എം എൽഎ, ജെയിംസ് റാഫേൽ, വി ആർ മനോജ്, ലളിത ചന്ദ്രശേഖരൻ, ടി ആർ ബാബുരാജ്, എ എസ് സുരേഷ് ബാബു,
കെ വി വസന്തകുമാർ, കെ എസ് ജയ, ടി പി രഘുനാഥ്, എം ആർ അപ്പുകുട്ടൻ, പി കെ റഫീഖ്, കെ വി സുജിത് ലാൽ എന്നിവർ
സ്വീകരണത്തിന് നേതൃത്വം നൽകി.

നിര്യാതനായി

ജോസ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഹിന്ദി പ്രചാർ മണ്ഡൽ റോഡിൽ ചിറ്റിലപ്പിള്ളി ലോനപ്പൻ മകൻ ജോസ് (80) നിര്യാതനായി.

ഹോട്ടൽ കൊളംബോ, പ്രിയ ബേക്കറി എന്നീ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു.

സംസ്കാരം ബുധനാഴ്ച്ച (ഡിസംബർ 18) ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.

ഭാര്യ : മേരി

മക്കൾ : ഷാജു, ഷെല്ലി, ഷണ്ണി

മരുമക്കൾ : ലിജി, ലിഷ, ഡെസ്സിൻ

വർണ്ണക്കുട : വിദ്യാർഥികൾക്ക് കലാസാഹിത്യ മത്സരങ്ങൾ 22നും 23നും

ഇരിങ്ങാലക്കുട : വർണ്ണക്കുട സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ഡിസംബർ 22, 23 തിയ്യതികളിൽ സ്കൂൾ, കോളെജ് വിദ്യാർഥികൾക്കായി കലാസാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും.

എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളെജ് വിദ്യാർഥികൾക്കായി ചിത്രരചനയും, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളെജ് വിഭാഗങ്ങളിലായി കഥ, കവിത, ഉപന്യാസ രചന എന്നിവയും, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ലളിതഗാനം, കാവ്യാലാപനം, മലയാളം പ്രസംഗം എന്നിവയും സംഘടിപ്പിക്കും.

മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികളുടെ പേരു വിവരങ്ങൾ പഠിക്കുന്ന സ്കൂൾ/ കോളെജ് മുഖേനയോ, വർണ്ണക്കുടയുടെ സ്വാഗതസംഘം ഓഫീസിൽ നേരിട്ടോ ഡിസംബർ 20 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും അതോടൊപ്പം ഈ നിയോജക മണ്ഡലത്തിലെ താമസക്കാരും മറ്റു സ്ഥലങ്ങളിൽ പഠിക്കുന്നവരുമായ വിദ്യാർഥികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം.

വിശദവിവരങ്ങൾക്ക് 9447244049, 9645671556, 9495693196 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

കൂടൽമാണിക്യം ക്ഷേത്രത്തിൽ യജുർവ്വേദ ലക്ഷാർച്ചന ആരംഭിച്ചു

ഇരിങ്ങാലക്കുട : ഗ്രാമസഭായോഗത്തിന്റെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരാറുള്ള യജുർവ്വേദ ലക്ഷാർച്ചന ആരംഭിച്ചു.

രാവിലെ മണ്ഡപത്തിൽ കൂടപ്പുഴ പരമേശ്വരൻ നമ്പൂതിരി ‘ഇഷേത്വാ – ഊർജേത്വാ എന്ന ആദ്യ വാക്യം ചൊല്ലിക്കൊടുത്താണ് യജുർവ്വേദ ലക്ഷാർച്ചന ആരംഭിച്ചത്.

പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി, ആമല്ലൂർ നാരായണൻ നമ്പൂതിരി, അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരി, കീഴാനല്ലൂർ യതീന്ദ്രൻ നമ്പൂതിരി, കുറ്റമ്പിള്ളി വാസുദേവൻ നമ്പൂതിരി, കാവനാട് വിഷ്ണു നമ്പൂതിരി, കോടി തലപ്പണം ശ്രീനാരായണൻ നമ്പൂതിരി കൂടാതെ കാമ കോടി യജുർവ്വേദ പാഠശാല വിദ്യാർത്ഥികൾ തുടങ്ങിയ വേദ പണ്ഡിതന്മാരാണ് യജുർവ്വേദ ലക്ഷാർച്ചനയിൽ പങ്കെടുക്കുന്നത്.

രാവിലെ 6 മുതൽ 11 വരെയും വൈകീട്ട് 5 മുതൽ 8 വരെയും ആണ് ലക്ഷാർച്ചന നടക്കുന്നത്.

എട്ടാം ദിവസമായ ഡിസംബർ 23 തിങ്കളാഴ്ച രാവിലെ യജുർവ്വേദ ലക്ഷാർച്ചന സമാപിക്കും.

വാതിൽ മാടത്തിൽ വെച്ച് നെടുമ്പിള്ളി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട്, മഠസി വാസുദേവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ സഹസ്രനാമ അർച്ചനയും ഇതോടൊപ്പം നടക്കുന്നുണ്ട്.

കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ പുനർനിർമാണം ആരംഭിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിൻ്റെ 2024- 25 വർഷത്തെ സംസ്ഥാന ബജറ്റിൽ നിന്നും 1 കോടി രൂപ അനുവദിച്ച കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ പുനർനിർമ്മാണോദ്ഘാടനം മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ കരുവന്നൂർ പുഴയുടെ തീരത്ത് ഇരിങ്ങാലക്കുട നഗരസഭയെയും കാറളം പഞ്ചായത്തിനെയും ബന്ധിപ്പിച്ച് 53 വർഷങ്ങൾക്ക് മുമ്പ് ജലവിഭവ വകുപ്പ് നിർമ്മിച്ചതാണ് കരുവന്നൂർ സൗത്ത് ബണ്ട് റോഡ്.

3030 മീറ്റർ നീളത്തിൽ ശരാശരി 4.80 മീറ്റർ വീതിയിൽ റോഡ് റീ ടാറിംങ്ങും 345 മീറ്റർ നീളത്തിൽ 5 മീറ്റർ വീതിയിൽ കോൺക്രീറ്റ് പാവിംങ്ങ് ബ്ലോക്ക് വിരിക്കുന്ന പ്രവൃത്തിക്കുമാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്.

കരുവന്നൂർ വലിയ പാലത്തിന് സമീപം നടന്ന യോഗത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അധ്യക്ഷത വഹിച്ചു.

കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് മുഖ്യാതിഥിയായിരുന്നു.

ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയ്ഘോഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ വലിയാട്ടിൽ, ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർമാരായ നസീമ കുഞ്ഞുമോൻ, അൽഫോൺസ തോമസ്, രാജി കൃഷ്ണകുമാർ, കാറളം പഞ്ചായത്ത് മെമ്പർ ലൈജു ആൻ്റണി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

എക്സിക്യൂട്ടീവ് എഞ്ചിനീയർ എ ബി ജിഷ റിപ്പോർട്ട് അവതരിപ്പിച്ചു.

ജലവിഭവ വകുപ്പ് സൂപ്രണ്ടിങ്ങ് എഞ്ചിനീയർ സ്വാഗതവും അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി വി അജിത്ത്കുമാർ നന്ദിയും പറഞ്ഞു.