യുവപ്രതിഭകൾക്കായി ഒരുക്കുന്ന “നവ്യം – യൗവനത്തിൻ കലൈയാട്ടം” നാളെ മുതൽ

ഇരിങ്ങാലക്കുട : പ്രതിഭയും പ്രതിബദ്ധതയുമുള്ള കലാമുകുളങ്ങൾക്കായി ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ “നവ്യം – യൗവനത്തിൻ കലൈയാട്ടം” എന്ന പേരിൽ സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന രംഗകലകളുടെ ത്രിദിന അരങ്ങുകൾക്ക് നാളെ തിരി തെളിയും.

യുവനിരയിലെ പ്രയോക്താക്കൾക്ക് അരങ്ങുകൾ നൽകുന്നതോടൊപ്പം പഠിതാക്കൾക്കും കലാസ്വാദകർക്കും കലയുടെ സൗന്ദര്യവശങ്ങളെ കൂടുതൽ അടുത്തറിയുവാൻ ഉതകുന്ന വിധത്തിലാണ് “നവ്യ”ത്തിൻ്റെ ഉള്ളടക്കം വിഭാവനം ചെയ്തിട്ടുള്ളത്.

രംഗാവതരണങ്ങളോടൊപ്പം വിഷയകേന്ദ്രീകൃതമായി പ്രബന്ധാവതരണങ്ങളും, ചർച്ചകളും ഉൾപ്പെടുത്തിക്കൊണ്ട് ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഹാളിലാണ് ഈ വർഷത്തെ “നവ്യം” അരങ്ങറുക.

ശ്രീഭരതം സ്കൂൾ ഓഫ് ഡാൻസിലെ യുവനർത്തകികൾ രംഗവന്ദനത്തോടെ അരങ്ങുണർത്തിയതിനുശേഷം സുപ്രസിദ്ധ സംഗീതജ്ഞൻ ശ്രീവത്സൻ ജെ. മേനോൻ ഭദ്രദീപം തെളിയിച്ച് “നവ്യ”ത്തിന് സമാരംഭം കുറിക്കും.

‘ബാലിവധം’ കഥകളിയിലെ രാവണവേഷത്തെ അധികരിച്ച് കലാമണ്ഡലം രവികുമാർ പ്രഭാഷണം നടത്തും.

തുടർന്ന് അരങ്ങേറുന്ന ബാലിവധം കഥകളിയിൽ കലാമണ്ഡലം വിശാഖ് രാവണനായും, കലാമണ്ഡലം മിഥുൻ നായർ അകമ്പനും മാരീചനുമായും, കലാമണ്ഡലം ലക്ഷ്മി ഗോപകുമാർ മണ്ഡോദരിയായും വേഷമിടും.

രണ്ടാം ദിവസം കർണ്ണാടക സംഗീത ത്രിമൂർത്തികളിലെ അമൂല്യരത്നമായ മുത്തുസ്വാമി ദീക്ഷിതരുടെ 250-ാം ജന്മവാർഷികത്തിൽ നടത്തുന്ന സംഗീതസദസ്സുകൾ അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുൻപിൽ സമർപ്പിക്കും.

രാവിലെ മുത്തുസ്വാമി ദീക്ഷിതരുടെ പഞ്ചലിംഗസ്ഥല കീർത്തനാലാപനം നടത്തും. തുടർന്ന് കമലാംബാ നവാവരണ കൃതികളുടെ പ്രത്യേകതകളെക്കുറിച്ച് ശ്രീലത നമ്പൂതിരിയുടെ പ്രഭാഷണം. ആനന്ദ് കെ. രാജ് നയിക്കുന്ന കർണ്ണാടകസംഗീത കച്ചേരിയിൽ പാലക്കാട് കൈലാസപതി വയലിനിലും വിഷ്ണു ചിന്താമണി മൃദംഗത്തിലും പക്കമേളമൊരുക്കും.

ഉച്ചതിരിഞ്ഞ് സംഗീതജ്ഞൻ കോട്ടയ്ക്കൽ രഞ്ജിത്ത് വാര്യർ
‘കർണ്ണാടക സംഗീതത്തിലെ കാലികമായ ഭാവുകത്വ പരിണാമം’ എന്ന വിഷയത്തിൽ കച്ചേരിയിൽ പങ്കെടുത്ത കലാകാരന്മാരുമായി ചർച്ച നടത്തും.

ഉച്ചതിരിഞ്ഞ് ‘ബാലിവധം കൂടിയാട്ടത്തിന്റെ ഘടനയിൽ ഏകാഹാര്യരംഗാവതരണത്തിലെ സർഗ്ഗാത്മകത’ എന്ന വിഷയത്തിൽ ഡോ. അപർണ്ണ നങ്ങ്യാർ പ്രഭാഷണം നടത്തും.

തുടർന്ന് അമ്മന്നൂർ മാധവ് ചാക്യാർ അവതരിപ്പിക്കുന്ന സുഗ്രീവൻ്റെ നിർവ്വഹണം കൂടിയാട്ടം.

വൈകീട്ട് 6ന് “തായമ്പകയുടെ ഘടനാപരമായ അവതരണങ്ങളിൽ സർഗ്ഗാത്മകതയ്‌ക്കുള്ള സാധ്യതകളും പ്രാധാന്യവും – ഇന്ന്” എന്ന വിഷയത്തിൽ ഇരിങ്ങപ്പുറം ബാബുവിൻ്റെ പ്രഭാഷണം നടക്കും. തുടർന്ന് സന്ധ്യക്ക് മാർഗ്ഗി രഹിത കൃഷ്‌ണദാസിന്റെ തായമ്പക.

മൂന്നാം ദിനത്തിൽ രാവിലെ 9 മണിക്ക് പാഴൂർ ജിതിൻ മാരാരും പെരുമ്പിള്ളി ശ്രീരാഗ് മാരാരും ചേർന്ന് അവതരിപ്പിക്കുന്ന സോപാനസംഗീതവും ഡോ. ഗീത ശിവകുമാറിൻ്റെ പ്രഭാഷണവും അരങ്ങേറും. തുടർന്ന് ഭദ്ര രാജീവ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം.

ഉച്ചതിരിഞ്ഞ് ഗുരു കലാമണ്ഡലം ചന്ദ്രിക മേനോനുമായി അവന്തിക സ്കൂൾ ഓഫ് ഡാൻസിലെ യുവകലാകാരന്മാർ ‘ദക്ഷിണേന്ത്യൻ നൃത്തകലകളുടെ അരങ്ങും കളരിയും – അന്നും ഇന്നും’ എന്ന വിഷയത്തിൽ നടത്തുന്ന അഭിമുഖം ഉണ്ടായിരിക്കും.

ഉച്ചതിരിഞ്ഞ് കാലൈമാമണി ഡോ. ശ്രീലത വിനോദിൻ്റെ പ്രഭാഷണം. തുടർന്ന് തീർത്ഥ പൊതുവാൾ അവതരിപ്പിക്കുന്ന ഭരതനാട്യം.

വൈകീട്ട് 6ന് നടക്കുന്ന ഗീത പത്മകുമാറിൻ്റെ പ്രഭാഷണത്തെ തുടർന്ന് 6.30ന് ഡോ. സ്നേഹ ശശികുമാറിൻ്റെ കുച്ചിപ്പുടിയോടെ ഈ വർഷത്തെ ‘നവ്യം’ പര്യവസാനിക്കും.

പതാക ദിനം ആചരിച്ച് മൂർക്കനാട് എൻ എസ് എസ് കരയോഗം

ഇരിങ്ങാലക്കുട : മൂർക്കനാട് എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ പതാക ദിനം ആചരിച്ചു.

എൻ എസ് എസ് പ്രതിനിധി സഭ മെമ്പർ കെ.ബി. ശ്രീധരൻ പതാക ഉയർത്തി സന്ദേശം നൽകി.

കരയോഗം സെക്രട്ടറി ചാർജ്ജ് ജയ സുരേന്ദ്രൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

തുടർന്ന് മന്നത്ത് പത്മനാഭൻ്റെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചനയും സമൂഹപ്രാർത്ഥനയും നടന്നു.

കരയോഗം വനിത സമാജം പ്രസിഡൻ്റ് രജനി പ്രഭാകരൻ, എം. ശാന്തകുമാരി, രവീന്ദ്രൻ മഠത്തിൽ, എൻ. പ്രതീഷ്, ജ്യോതിശ്രീ, സദിനി മനോഹർ എന്നിവർ നേതൃത്വം നൽകി.

എൻ എസ് എസ് പതാകദിനം ആചരിച്ചു

ഇരിങ്ങാലക്കുട : എൻ എസ് എസ് താലൂക്ക് യൂണിയൻ്റെ ആഭിമുഖ്യത്തിൽ 111-ാമത് പതാകദിനം ആചരിച്ചു.

ഇരിങ്ങാലക്കുട ശ്രീസംഗമേശ്വര ഹാൾ പരിസരത്ത് നടന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടർന്ന് ശ്രീസംഗമേശ്വര ഹാളിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ സ്ഥാപിച്ചിട്ടുള്ള മന്നത്താചാര്യന്റെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി.

വനിതാ യൂണിയൻ്റെ ആഭിമുഖ്യത്തിൽ സമ്പൂർണ നാരായണീയപാരായണ സമർപ്പണവും നടന്നു.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.

കമ്മറ്റി അംഗങ്ങളായ പി.ആർ. അജിത് കുമാർ, സി. വിജയൻ, നന്ദൻ പറമ്പത്ത്, എ.ജി മണികണ്ഠൻ, രവീന്ദ്രൻ കണ്ണൂർ, അഡീഷണൽ ഇൻസ്പെക്ടർ ബി. രതീഷ്, വനിതാ യൂണിയൻ പ്രസിഡൻ്റ് ജയശ്രീ അജയ്, വൈസ് പ്രസിഡൻ്റ് ചന്ദ്രിക സുരേഷ്, കമ്മിറ്റി അംഗങ്ങളായ സ്മിത ജയകുമാർ, രാജലക്ഷ്മി, മായ, ശ്രീദേവി മേനോൻ
എന്നിവർ പങ്കെടുത്തു.

താലൂക്ക് യൂണിയൻ്റെ കീഴിലുള്ള 145 കരയോഗങ്ങളിലും രാവിലെ പതാക ഉയർത്തി.

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : പൂമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വദിനം ആചരിച്ചു.

അരിപ്പാലം സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങ് മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ ജോസ് മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിനി മുഖ്യ പ്രഭാഷണം നടത്തി.

കാട്ടൂർ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി ആർ ഷാജു, ടി ആർ രാജേഷ്, യു ചന്ദ്രശേഖരൻ, ടി എസ് പവിത്രൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌ ഇ കെ സുബ്രഹ്മണ്യൻ, ജൂലി ജോയ് എന്നിവർ പ്രസംഗിച്ചു.

ലാലി വർഗ്ഗീസ് സ്വാഗതവും, കത്രീന ജോർജ്ജ് നന്ദിയും പറഞ്ഞു.

ഓൺലൈനിൽ പാർട്ട്ടൈം ജോലി ചെയ്യിപ്പിച്ച് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഓൺലൈനിൽ പാർട്ട് ടൈം ജോലി ചെയ്യിപ്പിച്ച് അവിട്ടത്തൂർ സ്വദേശിയിൽ നിന്ന് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ.

കണ്ണൂർ കതിരൂർ പുളിയോട് സ്വദേശി വിദ്യ വിഹാർ വീട്ടിൽ സി. വിനീഷ് (39) എന്നയാളെയാണ് തൃശൂർ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

അവിട്ടത്തൂർ സ്വദേശി കുന്നത്ത് വീട്ടിൽ ആദർശ് എന്നയാളെ വാട്സാപ്പ് വഴി ബന്ധപ്പെട്ട് ഡി.ഡി.ബി. വേൾഡ് വൈഡ് മീഡിയ ഇന്ത്യ എന്ന കമ്പനിയുടെ പേരിൽ ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കും സ്റ്റാർ റേറ്റിംഗ് കൊടുക്കുന്ന ഓൺലൈൻ ജോലി ചെയ്താൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആദർശിന്റെ മൊബൈലിലേക്ക് മെസ്സേജുകൾ അയച്ച് കൊടുക്കുകയും പെയ്‌മെന്റിനായി ടെലഗ്രാം അക്കൗണ്ട് അയച്ചു കൊടുത്തും 2024 ജനുവരി 16 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ വിവിധ പ്രീപെയ്ഡ് ടാസ്ക്കുകളും റിവ്യൂ ടാസ്ക്കുകളും ചെയ്യിപ്പിച്ച് ഓരോ കാരണങ്ങൾ പറഞ്ഞ് പല തവണകളിലായി പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,28,000 രൂപ അയപ്പിച്ച് വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിനാണ് വിനീഷ് അറസ്റ്റിലായത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

പരാതിക്കാരന് നഷ്ട്ടപ്പെട്ട തുകയിൽ ഉൾപ്പെട്ട 58000 രൂപ പ്രതിയായ വിനീഷിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാളുടെ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനായി എടുത്ത പുതിയ സിം കാർഡ്, അക്കൗണ്ടിന്റെ പാസ്ബുക്ക്, എടിഎം കാർഡ്, ചെക്ക് ബുക്ക് എന്നിവ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനായി മറ്റൊരാൾക്ക് കൈമാറിയതായും ആയതിന് 10000 രൂപ കമ്മീഷൻ കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി.

വിനീഷിന്റെ ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽ 29,20,000 രൂപ നിയമവിരുദ്ധമായി വന്നിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് കൂടുതലായി അന്വേഷിച്ചതിൽ ഈ അക്കൗണ്ടിലൂടെ തട്ടിപ്പ് നടത്തിയ പണം കൈമാറ്റം ചെയ്തതിന് വിവിധ സംസ്ഥാനങ്ങളിലായി 14 കേസുകൾ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.

ജിഎസ്ഐ കെ.വി. ജെസ്റ്റിൻ, സിപിഒ ശ്രീയേഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

പ്രമേഹ നിർണ്ണയ – നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.എൽ തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്‌റ്റ്‌, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ്‌ ക്ലബ്ബ് ഇൻ്റർനാഷ്‌ണൽ, ഐ ഫൗണ്ടേഷൻ ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പി എൻ തോമൻ മെമ്മോറിയൽ ക്ലിനിക്കിൽ പ്രമേഹ നിർണ്ണയ – നേത്ര പരിശോധന – തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു.

ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്‌റ്റ് ക്യാമ്പ് കോർഡിനേറ്റർ ജോൺസൻ കോലംങ്കണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

അഡ്വ. എം.എസ് രാജേഷ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എം സി പ്രദീപ്, ട്രഷറർ ജെയ്‌സൺ മൂഞ്ഞേലി, ശിവൻ നെന്മാറ എന്നിവർ പങ്കെടുത്തു.

നിര്യാതനായി

സെബാസ്റ്റ്യൻ

ഇരിങ്ങാലക്കുട : ജ്യോതി നഗർ കൊടിയിൽ പേങ്ങിപറമ്പിൽ ലോനപ്പൻ മകൻ സെബാസ്റ്റ്യൻ (82) നിര്യാതനായി.

സംസ്കാരകർമ്മം നാളെ (ഒക്ടോബർ 28) രാവിലെ 9.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : ബേബി സെബാസ്റ്റ്യൻ

മക്കൾ : സിബക്സ്, സ്വീറ്റി,
സിബിൻ

മരുമക്കൾ : ജിൽമി, ഷോണി, റൂബി

ക്ലസ്റ്റർ റിസോഴ്സ് സെൻ്റർ കോർഡിനേറ്റർ ഒഴിവ്

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള
വെള്ളാങ്ങല്ലൂർ ബി.ആർ.സി.യിലെ നിലവിലുള്ള ക്ലസ്റ്റർ റിസോഴ്സ് സെൻ്റർ കോർഡിനേറ്റർ (സി.ആർ.സി.സി.) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഡിഎൽഡ് / ടിടിസി/ബിഎഡ്, കെടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ വെള്ളാങ്ങല്ലൂർ ബി.ആർ.സി.യിൽ ഒക്ടോബർ 28 ചൊവാഴ്ച രാവിലെ 11.30ന് നടക്കുന്ന അഭിമുഖത്തിൽ അപേക്ഷയും അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ഹാജരാകേണ്ടതാണ്.

ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി പുരസ്കാരം കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന്

ഇരിങ്ങാലക്കുട : ഈ വർഷത്തെ ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി പുരസ്കാരം പ്രശസ്ത കഥകളി വേഷകലാകാരൻ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന്.

അഞ്ചരപതിറ്റാണ്ടിലേറെ കാലമായി കഥകളി രംഗത്ത് നിറഞ്ഞുനിൽക്കുന്ന ഉണ്ണിത്താൻ ചുവന്നതാടി, കരി തുടങ്ങിയ വേഷങ്ങളിൽ തൻ്റെ പ്രാഗത്ഭ്യം തെളിയിച്ച കലാകാരനാണ്.

കല്ലുവഴിച്ചിട്ടയിൽ അഭ്യസിച്ച് താടി വേഷത്തിനെ താരപദവിയിലേക്ക് ഉയർത്തി അതിലൂടെ
ഏറ്റവും ജനപ്രീതി നേടിയ കലാകാരനാണ് രാമചന്ദ്രൻ ഉണ്ണിത്താൻ.

2026 ജനുവരി 24, 25, 26 തിയ്യതികളിലായി നടത്തുന്ന ക്ലബ്ബിൻ്റെ 51-ാം വാർഷികാഘോഷ ചടങ്ങിൽ പുരസ്കാരം നൽകും.

10000 രൂപയും, പ്രശസ്തിപത്രവും, അംഗവസ്ത്രവുമടങ്ങുന്നതാണ് ക്ലബ്ബിൻ്റെ വാർഷിക പുരസ്കാരം.

പി. ബാലകൃഷ്ണൻ സ്മാരക കഥകളി എന്റോവ്മെൻ്റ് കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിലെ ചെണ്ട വിഭാഗത്തിൽ എട്ടാം വർഷ
വിദ്യാർഥിയായ ഗോവിന്ദ് ഗോപകുമാറിന് നൽകും.

നേരത്തേ പ്രഖ്യാപിച്ച കെ.വി. ചന്ദ്രൻ സ്മാരക പ്രഥമ ചന്ദ്രപ്രഭ പുരസ്കാരം പള്ളം ചന്ദ്രനും സമ്മാനിക്കും.

നിര്യാതനായി

കൊച്ചുദേവസ്സി

ഇരിങ്ങാലക്കുട : കല്ലേറ്റുംകര പ്ലാശ്ശേരി പനങ്കുടൻ ഔസേപ്പ് കൊച്ചുദേവസ്സി (80) നിര്യാതനായി.

സംസ്‌കാരകർമ്മം വെള്ളിയാഴ്ച്ച (ഒക്ടോബർ 24) രാവിലെ 9 മണിക്ക് കല്ലേറ്റുംകര പള്ളിക്ക് സമീപമുള്ള മകൻ ജോജോയുടെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ആളൂർ പ്രസാദവര നാഥാപള്ളി സെമിത്തേരിയിൽ.

മക്കൾ : ജിജോ, ജോജോ, പരേതനായ ബൈജു

മരുമക്കൾ : സന്ധ്യ, ജിൻസി