കാപ്പ ഉത്തരവ് ലംഘിച്ച ഗുണ്ടയെ അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ആളൂർ വെള്ളാഞ്ചിറ സ്വദേശി തച്ചംപിളളി വീട്ടിൽ നിഖിലിനെ (36) അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 1 വർഷത്തേക്ക് തൃശൂർ ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ട നിഖിൽ ഉത്തരവ് ലംഘിച്ച് കൊരട്ടി കുന്നപ്പിള്ളി ദേവരാജഗിരി അമ്പല പരിസരത്ത് എത്തിയതായിരുന്നു. പൊലീസിനെ കണ്ട് ഓടിയ പ്രതിയെ സാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്.

വധശ്രമം, വ്യാജമദ്യ വിൽപ്പന, ചന്ദനക്കടത്ത്, കഞ്ചാവ് വിൽപ്പന തുടങ്ങിയ 14 ഓളം കേസ്സുകളിൽ നിഖിൽ പ്രതിയാണ്.

കൊരട്ടി പൊലീസ് ഇൻസ്പെക്ടർ അമൃതരംഗൻ, സബ്ബ് ഇൻസ്പെക്ടമാരായ എം ജെ സജിൻ, റെജി മോൻ, സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ വി ആർ രഞ്ജിത്ത്, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സജീഷ്‌കുമാർ, ജിതിൻ എന്നിവരാണ് അന്വേഷണ
സംഘത്തിൽ ഉണ്ടായിരുന്നത്.

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ക്രിസ്തുമസ് – പുതുവത്സര ആഘോഷം

ഇരിങ്ങാലക്കുട : സഹകരണ ആശുപത്രിയിൽ ക്രിസ്തുമസ് – പുതുവത്സര ആഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

ആറാട്ടുപുഴ ക്ഷേത്രത്തിൽ മണ്ഡല സമാപനവും കളഭവും 25ന്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തിൽ 40 ദിവസമായി തുടർന്നു വന്നിരുന്ന മണ്ഡല പൂജ 25ന് സമാപിക്കും.

വെളുപ്പിന് 5 ന് നടതുറപ്പ്, തുടർന്ന് നിർമ്മാല്യ ദർശനം. 5.15 ന് ചുറ്റുവിളക്ക്. ഉച്ചപൂജയോടു കൂടി പഞ്ചഗവ്യം, നവകം എന്നീ പൂജകൾക്കും അഭിഷേകങ്ങൾക്കും ശേഷം രാവിലെ 9 ന് ശാസ്താവിന് കളഭാഭിഷേകം.

ചന്ദനം, ഗോരോചനം, കുങ്കുമപ്പൂവ്വ്, പച്ചകർപ്പൂരം, പനിനീർ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന്  കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്.

സപരിവാരപൂജയായാണ് കളഭപൂജ നടത്തുന്നത്. ഉരുളിയിൽ തയ്യാറാക്കിവച്ചിരിക്കുന്ന കളഭം ജലദ്രോണി പൂജക്കുശേഷം താള മേളങ്ങളുടെ അകമ്പടിയോടെ ശംഖിലെടുത്ത് കലശക്കുടത്തിൽ നിറക്കും. പൂജാവിധികളാൽ ചൈതന്യപൂർണ്ണമാക്കിയ കളഭം പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നള്ളിച്ച് ശാസ്താപ്രതിഷ്ഠയിൽ അഭിഷേകം ചെയ്യും.  തുടർന്ന് ശാസ്താവിന്  കടുംമധുരപ്പായസം നിവേദിക്കും. ഈ സമയം ദർശനത്തിന് ശ്രേഷ്ഠമാണ്.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കെ പി സി വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.

മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വൃശ്ചികം 1 മുതൽ 40 ദിവസമാണ് ആറാട്ടുപുഴ ക്ഷേത്രത്തിലെ മണ്‌ഡല മാസാചരണം.

നേത്ര – തിമിര പരിശോധന ക്യാമ്പ് 28ന്

ഇരിങ്ങാലക്കുട : സേവാഭാരതി, കൊമ്പൊടിഞ്ഞാമക്കൽ ലയൺസ് ക്ലബ്ബും ഐ ഫൗണ്ടേഷൻ ഹോസ്പിറ്റലും അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ എല്ലാ മാസവും നടത്തി വരാറുള്ള നേത്ര- തിമിര പരിശോധന ക്യാമ്പും ജനറൽ മെഡിസിനും ഡിസംബർ 28 ശനിയാഴ്ച രാവിലെ 9 മുതൽ 1 മണി വരെ ഇരിങ്ങാലക്കുട സേവാഭാരതി ഓഫീസിൽ സംഘടിപ്പിക്കും.

സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു അധ്യക്ഷത വഹിക്കും.

ക്യാമ്പ് ജോൺസൺ കോലങ്കണ്ണി ഉദ്ഘാടനം ചെയ്യും.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ : 9496649657

ഭാരതീയ വിദ്യാഭവനിൽ പൂർവ്വ വിദ്യാർഥി സംഗമം നടത്തി

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ പൂർവ്വവിദ്യാർഥി സംഗമം ‘Yaadein 2k24’ നടത്തി.

ചെയർമാൻ സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി എൻ മേനോൻ, അപ്പുക്കുട്ടൻ നായർ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, മുൻകാല പ്രിൻസിപ്പൽ രമ നാരായണൻ, പൂർവ്വ വിദ്യാർഥി പ്രതിനിധികളായ അങ്കിത മേനോൻ, അനുകൃഷ്ണ, കൃഷ്ണകാന്ത് തുടങ്ങിയവർ പങ്കെടുത്തു.

പൂർവ്വ വിദ്യാർഥികളും അധ്യാപകരായ ജോസി, നിഷ, രേഖ എന്നിവരും ചേർന്ന് പരിപാടികൾ ഏകോപിപ്പിച്ചു.

ഭിന്നശേഷി കുട്ടികൾക്ക് ക്രിസ്തുമസ് കേക്കുമായി തവനിഷ്

ഇരിങ്ങാലക്കുട : ബി ആർ സി യുടെ പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന ഭിന്നശേഷി കുട്ടികൾക്ക് ക്രിസ്തുമസ് കേക്ക് നൽകി ക്രൈസ്റ്റ് കോളെജിലെ സന്നദ്ധ സംഘടനയായ തവനിഷ് ക്രിസ്തുമസ് ആഘോഷം വേറിട്ടതാക്കി.

തവനിഷിന്റെ കോർഡിനേറ്റർ മൂവീഷ് മുരളി, സ്റ്റുഡന്റ് സെക്രട്ടറി സജിൽ, അമിഷ, അഡ്വ വി പി ലൈസൻ എന്നിവർ ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ ഡോ ജോളി ആൻഡ്രൂസിന്റെ സാന്നിധ്യത്തിൽ ബി ആർ സി ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ കെ ആർ സത്യപാലന് കുട്ടികൾക്കായുള്ള മധുരം കൈമാറി.

ബി ആർ സി സ്റ്റാഫുകളായ ബിമൽ, കൃഷ്ണ, ലിൻ, സുജാത എന്നിവർ കേക്ക് ഏറ്റുവാങ്ങി.

നിര്യാതയായി

കമലമ്മ

ഇരിങ്ങാലക്കുട : പരേതനായ കവണപ്പിളളി കേശവ പണിക്കർ ഭാര്യ കമലമ്മ (94) നിര്യാതയായി.

ഐക്കരപറമ്പിൽ കുടുംബാംഗം.

സംസ്കാരം ഡിസംബർ 24(ചൊവ്വാഴ്ച) വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

മക്കൾ : പരേതനായ വേണുഗോപാൽ, നന്ദകുമാർ, ഇന്ദൂ ചൂഡൻ, ലക്ഷ്മി ദേവി, മീനാകുമാരി.

“വർണ്ണക്കുട” ആഘോഷങ്ങൾക്ക് കൊടിയേറി

ഇരിങ്ങാലക്കുട : നാടിൻ്റെ പ്രദേശികോത്സവത്തിന് തുടക്കം കുറിച്ച് “വർണ്ണക്കുട”യുടെ കൊടി കയറി.

നഗരസഭ മൈതാനിയിൽ പ്രോഗ്രാം ചെയർമാൻ കൂടിയായ മന്ത്രി ഡോ ആർ ബിന്ദു കൊടിയേറ്റി.

തുടർന്ന് ഗവ ഗേൾസ് ഹയർ സെക്കൻ്ററി, വി എച്ച് എസ് സി സ്കൂൾ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, സെൻ്റ്ജോസഫ്സ് കോളെജ് വിദ്യാർത്ഥിനികളുടെ സ്നേഹസംഗീതം, ജനങ്ങൾ അണിചേർന്ന ദീപജ്വാല, വർണ്ണമഴ എന്നിവയും അരങ്ങേറി.

ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ്, ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ്, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനറും മുരിയാട് പഞ്ചായത്ത് പ്രസിഡണ്ടുമായ ജോസ് ചിറ്റിലപ്പിള്ളി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ ആർ ജോജോ, കെ എസ് തമ്പി, ലിജി രതീഷ്, ടി വി ലത, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെയ്സൻ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, ഫെനി എബിൻ, അഡ്വ ജിഷ ജോബി, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ കെ ആർ വിജയ, മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു, ഡി വൈ എസ് പി സുരേഷ്, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, സെൻ്റ് ജോസഫ്സ് കോളെജ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി, ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ ജോയി പീനിക്കപ്പറമ്പിൽ, ക്രൈസ്റ്റ് എഞ്ചിനീയറിങ്ങ് കോളേജ് ഡയറക്ടർ ഫാ ജോൺ പാലിയേക്കര, പ്രോഗ്രാം കോർഡിനേറ്റർമാരായ ടെൽസൺ കോട്ടോളി, ഷെറിൻ അഹമ്മദ്, അഡ്വ കെ ജി അജയകുമാർ, പി ആർ സ്റ്റാൻലി, എ സി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത സേനയ്ക്ക് കൈമാറി ഹോളിക്രോസ് സ്കൂളിലെ എൻ എസ് എസ് വൊളൻ്റിയർമാർ

ഇരിങ്ങാലക്കുട : മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ മഹാത്മാ യു പി സ്കൂൾ പരിസരം, പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനം, ഹെൽത്ത് സെന്റർ, മഹാത്മാ പാർക്ക്, റോഡിന്റെ ഇരു സൈഡിലും തള്ളപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ മാപ്രാണം ഹോളിക്രോസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിലെ വൊളൻ്റിയർമാർ ഹരിതകർമ്മ സേനയ്ക്ക് കൈമാറി.

പൊറത്തിശ്ശേരി മഹാത്മാ യു പി സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്.

ചടങ്ങിൽ വാർഡ് കൗൺസിലർ സി സി ഷിബിൻ, ഹരിതകർമ്മ സേനാംഗം ബിന്ദു, മഹാത്മാ യു പി സ്കൂൾ മാനേജർ സുശീതാംബരൻ, ഹെഡ്മിസ്ട്രസ് പി ജി ബിന്ദു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഗംഗ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തുടർന്ന് മാലിന്യമുക്ത നവകേരളത്തിനായി വൊളൻ്റിയർമാർ പ്രതിജ്ഞ എടുത്തു.

വരും ദിവസങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പോസ്റ്ററുകൾ, വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനുള്ള പ്രചരണ പോസ്റ്ററുകൾ, കൊടുങ്ങല്ലൂർ – തൃശൂർ ഭാഗത്തേക്കുള്ള സൈൻ ബോർഡുകൾ സ്ഥാപിക്കൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം ഓഫീസർ ഗംഗ അറിയിച്ചു.

നിര്യാതനായി

ജോബി ഊക്കൻ

ഇരിങ്ങാലക്കുട : എ കെ പി സിവിൽ സ്റ്റേഷൻ റോഡിൽ പുന്നാംപറമ്പിൽ ഊക്കൻ ജോർജ്ജ് മകൻ ജോബി ഊക്കൻ (51) നിര്യാതനായി.

സംസ്കാരകർമ്മം ബുധനാഴ്ച്ച വൈകുന്നേരം
4 മണിക്ക് ഇരിങ്ങാലക്കട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.

സഹോദരങ്ങൾ : ജിൻസി സാഞ്ചോ, ജോജു ഊക്കൻ