നഴ്‌സിങ്ങിൽ മൂന്നാം റാങ്കുമായി പടിയൂർ സ്വദേശിനി ഡാനി ജെക്കോബി

ഇരിങ്ങാലക്കുട : ജനറല്‍ നഴ്‌സിങ്ങില്‍ (ജി എന്‍ എം) സംസ്ഥാനത്ത് മൂന്നാം റാങ്ക് പടിയൂര്‍ ചെട്ടിയങ്ങാടി സ്വദേശിനി കൊച്ചുവീട്ടില്‍ ഡാനി ജെക്കോബി കരസ്ഥമാക്കി.

ജെയിംസ് ജേക്കബ് – രഹന ദമ്പതികളുടെ മകളാണ് ഡാനി ജെക്കോബി.

നിര്യാതനായി

സുബ്രഹ്മണ്യൻ

ഇരിങ്ങാലക്കുട : എടതിരിഞ്ഞി അടിപറമ്പിൽ കുമാരൻ മകൻ സുബ്രഹ്മണ്യൻ (80) നിര്യാതനായി.

സംസ്കാരം ബുധനാഴ്ച (ഏപ്രിൽ 30) വൈകീട്ട് 4.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഭാര്യ : രാധ

മക്കൾ : വിജിത, ബിന്ദു, വിജേഷ്, സുധ (വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)

മരുമക്കൾ : ഷമ്മി, രാജേഷ്, പ്രജീഷ, ദിലീപ്

കൊയ്ത്തു കഴിഞ്ഞിട്ട് മൂന്നാഴ്ച്ച ;കണ്ണീർ പെയ്ത്തുമായി കര്‍ഷകര്‍

ഇരിങ്ങാലക്കുട : കൊയ്ത്തു കഴിഞ്ഞ് മൂന്നാഴ്ച്ച പിന്നിട്ടിട്ടും നെല്ല് സംഭരിക്കുവാന്‍ മില്ലുടമകളോ ഏജന്റുമാരോ തയ്യാറാകാത്തതോടെ പ്രതീക്ഷകള്‍ നശിച്ച അവസ്ഥയിലാണ് മുരിയാട് പാടശേഖരത്തിലെ ഒരു കൂട്ടം കര്‍ഷകർ.

പുല്ലൂര്‍ പള്ളിക്ക് സമീപമുള്ള സെന്റ് സേവിയേഴ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലും പള്ളി പറമ്പിലുമൊക്കെയായി ടണ്‍ കണക്കിന് നെല്ലാണ് സംഭരിക്കാൻ ആളില്ലാത്തതിനാല്‍ കെട്ടിക്കിടക്കുന്നത്.

മുരിയാട് പഞ്ചായത്തിലെ കൃഷിഭവന് കീഴിലെ പൊതുമ്പുചിറ പാടശേഖരത്തിലെ കര്‍ഷകരാണ് ഈ ദുര്‍ഗതി മൂലം കണ്ണീരും കൈയ്യുമായി കഴിയുന്നത്.

80 ഏക്കര്‍ പാടശേഖരത്തിലെ കര്‍ഷകരുടെ കൊയ്‌തെടുത്ത നെല്ലാണ് ആരും സംഭരിക്കാതെ കെട്ടിക്കിടക്കുന്നത്.

ഏറെ പ്രതീക്ഷയോടെ നെല്ല് കൊയ്തു കൂട്ടിയിട്ടിരിക്കുന്ന കര്‍ഷകർ ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.

പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ആശ്രമം, ബാബു കോലങ്കണ്ണി, ശേഖരന്‍ കോച്ചേരി, ബിജു ചിറയത്ത്, വിക്രമന്‍ അമ്പാടന്‍, ജോസഫ് കോക്കാട്ട്, പ്രേമന്‍ തെക്കാട്ട് തുടങ്ങി നിരവധി കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള പാടശേഖരങ്ങളിലെ 60 ടണ്‍ നെല്ലാണ് ഇങ്ങനെ സംഭരിക്കാതെ കെട്ടിക്കിടക്കുന്നത്. പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരുടെയും ഗതി ഇതു തന്നെ.

കടം വാങ്ങിയും വായ്പയെടുത്തും സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വച്ചും പണം കണ്ടെത്തി കൃഷിയിറക്കിയ കര്‍ഷകരുടെ നെല്ലാണ് വില്‍ക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്.

നെല്ല് ഇനി എന്ന് സംഭരിക്കുമെന്ന് നിശ്ചയമില്ല.

നെല്ലിന്റെ തൂക്കം നോക്കി കമ്പനിക്ക് ആയക്കുന്ന സമയത്ത് വളരെ കൂടുതൽ കിഴിവാണ് മില്ലുടമകള്‍ അവരുടെ ഏജന്റുമാര്‍ വഴി ആവശ്യപ്പെടുന്നത്.

ഉണങ്ങിക്കിടക്കുന്ന നെല്ലിന് ഈര്‍പ്പം ഉണ്ടാകില്ല. അതിനാല്‍ തന്നെ കിഴിവിന്റെ ആവശ്യമില്ല. പിന്നെ ഇത് ആര്‍ക്ക് ലാഭം ഉണ്ടാക്കാന്‍ വേണ്ടിയാണ് സപ്ലൈകോ ഉദ്യോഗസ്ഥരും മില്ലുടമകളും ആവരുടെ ഏജന്റുമാരും ഇത്തരത്തിലുള്ള പരിശ്രമം നടത്തുന്നതെന്നാണ് കര്‍ഷകരുടെ ചോദ്യം.

ഇപ്പോഴും പാടശേഖരത്തില്‍ കൊയ്ത്ത് നടന്നു കൊണ്ടിരിക്കുകയാണ്.

കാലടിയിലെ മില്ലുകാരാണ് ഈ മേഖലയില്‍നിന്നുള്ള നെല്ല് കൂടുതലായും സംഭരിച്ചിരുന്നത്. മഴ വരുമ്പോള്‍ പ്ലാസ്റ്റിക് ഷീറ്റിട്ടു മൂടിയും വെയിലെത്തുമ്പോള്‍ നെല്ലുണക്കിയും കര്‍ഷകര്‍ പാടുപെടുകയാണ്. ഒരു മഴ പെയ്താല്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ കുതിര്‍ന്നു പോകുന്ന സ്ഥിതിയാണ് ഇപ്പോൾ സംജാതമായിട്ടുള്ളത്.

മില്ലുകാര്‍ വന്ന് നെല്ല് പരിശോധിച്ചെങ്കിലും കൂടുതല്‍ കിഴിവ് ആവശ്യപ്പെടുകയാണ്.

സിവില്‍ സപ്ലൈസ് മന്ത്രിയും കൃഷി മന്ത്രിയും ജില്ലാ കളക്ടറും മുരിയാട് പഞ്ചായത്ത് പ്രസിഡന്റും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഇടപെട്ട് കര്‍ഷകരെ സഹായിച്ച് മില്ലുകാർ എത്രയും വേഗം നെല്ല് ഏറ്റെടുക്കുന്നതിനും അതിന്റെ പണം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായി സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പു നല്‍കി.

കല്ലേറ്റുംകരയിലെ റെയിൽവേ ഗുഡ്‌സ് യാർഡ് പുന:സ്ഥാപിക്കണം : ലോക തൊഴിലാളി ദിനത്തിൽ കല്ലേറ്റുംകരയിൽ സർവ്വജനസദസ്സ്

ഇരിങ്ങാലക്കുട : കല്ലേറ്റുംകര ഗ്രാമത്തിൻ്റെ സജീവതയ്ക്കും തൊഴിൽ ലഭ്യതക്കും അടിസ്ഥാനമായിരുന്ന റെയിൽവേ ഗുഡ്സ് യാർഡ് പൂട്ടിയിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞു.

നിരവധി പേർക്ക് തൊഴിൽ നൽകിയിരുന്ന കല്ലേറ്റുംകരയിലെ റെയിൽവേ ഗുഡ്‌സ് യാർഡ് പുന:സ്ഥാപിക്കണമെന്നും റെയിൽവേ പാഴ്സൽ ബുക്കിംഗ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് റെയിൽവേ സ്റ്റേഷൻ വികസന സമിതി, കല്ലേറ്റുംകര റെയിൽവേ സമര സമിതി, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ,
പൗരമുന്നേറ്റം, കർഷകമുന്നേറ്റം,
ഗ്രാമസമത എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക തൊഴിലാളി ദിനമായ മെയ് 1ന് വൈകീട്ട് 4ന് കല്ലേറ്റുംകരയിൽ സർവ്വജനസദസ്സ് സംഘടിപ്പിക്കും.

സർവ്വ ജനസദസ്സ് സഖാവ് പി.സി. ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്യും.

ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിക്കും.

പ്ലാച്ചിമട സമരനായകൻ വിളയോടി വേണുഗോപാലൻ സമരപ്രഖ്യാപനം
നടത്തും.

സോമൻ ചിറ്റേത്ത് ആമുഖപ്രഭാഷണവും പി.എ. അജയഘോഷ് സമര സന്ദേശം നൽകും.

മുഖ്യ സംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ തുടർ സമര പരിപാടികൾ പ്രഖ്യാപിക്കും.

വർഗ്ഗീസ് പന്തല്ലൂക്കാരൻ ഇതുവരെയുള്ള സമര അവലോകനം നടത്തും.

വീട്ടുപടിക്കൽ മൃഗപരിപാലന സേവനം : ഇരിങ്ങാലക്കുടക്ക് മൊബൈൽ വെറ്റിനറി യൂണിറ്റ് അനുവദിച്ചതായി മന്ത്രി

ഇരിങ്ങാലക്കുട : മണ്ഡലത്തിലെ മൃഗപരിപാലന രംഗത്തിന് കുതിപ്പേകുന്നതിനായി ഇരിങ്ങാലക്കുട വെറ്റിനറി പോളി ക്ലിനിക്കിൽ പുതിയ മൊബൈൽ വെറ്റിനറി യൂണിറ്റ് അനുവദിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

സംസ്ഥാനത്താകെ അനുവദിച്ച 47 പുതിയ മൊബൈൽ വെറ്റിനറി യൂണിറ്റുകളിൽ ഒന്നാണ് ഇരിങ്ങാലക്കുട ബ്ലോക്കിൽ ഉൾപ്പെട്ട വെറ്റിനറി പോളി ക്ലിനിക്കിന് ലഭിച്ചിരിക്കുന്നതെന്നും മന്ത്രി ഡോ. ബിന്ദു കൂട്ടിച്ചേർത്തു.

ഒരു കേന്ദ്രീകൃത കാൾ സെന്റർ വഴിയാണ് ഈ വാഹനത്തിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. മൃഗാശുപത്രികളുടെ സേവന സമയത്തിനു ശേഷം തന്റെ ഉരുവിന് ചികിത്സ വേണ്ട അടിയന്തിര സാഹചര്യം വന്നാൽ കർഷകന് 1962 എന്ന നമ്പറിൽ ബന്ധപ്പെടാം. മേൽപ്പറഞ്ഞ കേന്ദ്രം വഴി മൃഗചികിത്സയ്ക്ക് വാഹനവും ഡോക്ടറും കർഷകന്റെ വീട്ടുപടിക്കൽ ലഭ്യമാവും.

വൈകുന്നേരം 6 മണി മുതൽ രാവിലെ 5 വരെയാണ് യൂണിറ്റിന്റെ സേവനം ലഭിക്കുക. സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് സേവനത്തിന് ഉണ്ടാവുമെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

പദ്ധതിയുടെ ഗുണം കർഷകർക്ക് നൂറു ശതമാനം ഉറപ്പാക്കാൻ മൊബൈൽ യൂണിറ്റുകളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണ്ടതുണ്ടെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അതിന് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ അവരുടെ വാർഷിക പ്ലാനിൽ ഉൾപ്പെടുത്തി ഫണ്ട് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുടയുടെ സമഗ്ര കാർഷിക വികസന പദ്ധതിയായ പച്ചക്കുടയ്ക്ക് വലിയ പ്രോത്സാഹനമാകും മൊബൈൽ യൂണിറ്റ്. കർഷകർക്ക് മെച്ചപ്പെട്ട വാതിൽപ്പടി സേവനം ഉറപ്പാക്കി ഈ മേഖലയിൽ സമൂലമായ വളർച്ചയുണ്ടാക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാരിന്റെ ഇരിങ്ങാലക്കുടയിലെ കാർഷിക – മൃഗസംരക്ഷണ മേഖലയ്ക്കുള്ള സമ്മാനമാണിതെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

പെഹൽഗാം ഭീകരാക്രമണം : പുല്ലൂരിൽ ഐക്യദാർഢ്യ സദസ്സുമായി വ്യാപാരികൾ

ഇരിങ്ങാലക്കുട : പെഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും രാജ്യത്തിന്റെ ഭീകര വിരുദ്ധ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂർ, അവിട്ടത്തൂർ, തൊമ്മാന യൂണിറ്റുകൾ ഐക്യദാർഢ്യ സദസ്സ് നടത്തി.

ചടങ്ങിൽ പ്രസിഡന്റ് ബൈജു മുക്കുളം അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായ ബെന്നി അമ്പഴക്കാടൻ, ഷിബു കാച്ചപ്പിള്ളി, ഷാജി ആലപ്പാട്ട്, ടോണി ചുണ്ടേപറമ്പിൽ, വിശ്വംഭരൻ മഞ്ഞനം, സജിത്ത് ചന്ദ്രൻ, രവി നന്ദൂസ്, ജോസ് ചാക്കോള എന്നിവർ നേതൃത്വം നൽകി.

നഗരത്തിൻ്റെ പടിഞ്ഞാറൻ മേഖലയിലേക്ക് ഗതാഗത സൗകര്യം വർദ്ധിപ്പിക്കണം

ഇരിങ്ങാലക്കുട : നഗരത്തിൻ്റെ പടിഞ്ഞാറൻ മേഖലയിൽ പെട്ട കണ്ഠേശ്വരം, കൊരുമ്പിശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഗതാഗത സൗകര്യം വർദ്ധിപ്പിക്കണമെന്ന് കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഇവിടേക്ക് സർവ്വീസ് നടത്തി വന്നിരുന്ന മൂന്നു ബസ്സുകളും ഇപ്പോൾ ഇങ്ങോട്ടു വരാതെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിക്കുന്നതിനാൽ ഈ പ്രദേശത്തു താമസിക്കുന്നവർ നഗരത്തിലെത്താൻ ഏറെ ബുദ്ധിമുട്ടുന്നതായി യോഗം വിലയിരുത്തി.

യോഗത്തിൽ പ്രസിഡന്റ് വിങ് കമാണ്ടർ (റിട്ട) ടി.എം. രാംദാസ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ. ഹേമചന്ദ്രൻ റിപ്പോർട്ടും, ട്രഷറർ ബിന്ദു ജിനൻ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു.

അസോസിയേഷൻ്റെ പ്രവർത്തന പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ കൂടുതൽ സി.സി.ടി.വികൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.

ശ്രീധരൻ നടുവളപ്പിൽ, എ.സി. സുരേഷ്, രാജീവ് മുല്ലപ്പിള്ളി, ഷാജി തറയിൽ, പോളി മാന്ത്ര, കെ. ഗിരിജ, വിജയരാഘവൻ, ബാബു എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി രാജീവ് മുല്ലപ്പിള്ളി (പ്രസിഡന്റ്), കെ. ഹേമചന്ദ്രൻ (വൈസ് പ്രസിഡന്റ്), കെ. ഗിരിജ (സെക്രട്ടറി), കെ. ബാലകൃഷ്ണൻ (ജോയിൻ്റ് സെക്രട്ടറി), ബിന്ദു ജിനൻ (ട്രഷറർ), ഇ.എം. പ്രവീൺ (ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

“വീത്” സംഗീത ആൽബം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഉദിമാനം അയ്യപ്പക്കുട്ടി രചന നിർവ്വഹിച്ച “വീത്” സംഗീത ആൽബം ഖാദർ പട്ടപ്പോടം പ്രകാശനം ചെയ്തു.

വിഷ്ണു പ്രഭാകർ സംഗീത സംവിധാനം നടത്തി സുധീഷ് പാടിയ ഈ ഗാനങ്ങളിൽ അടിയാളരുടെ അനുഷ്ഠാന കോലങ്ങളുടെ പുറപ്പാടാണ് ഇതിവൃത്തം.

ഉദിമാനം കലാകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഡോ. കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

മുരിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. മനോഹരൻ, ഉദിമാനം അയ്യപ്പക്കുട്ടി, സരള വിക്രമൻ, വി.സി. പ്രഭാകരൻ, ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് വീഡിയോ ആൽബത്തിൻ്റെ പ്രദർശനവും നടത്തി.

കൂടൽമാണിക്യത്തിൽ ഇല്ലം നിറയ്ക്കുള്ള വിത്തിടൽ ചടങ്ങ് ബുധനാഴ്ച

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്ക് ആവശ്യമായ നെൽക്കതിർ ഉത്പാദിപ്പിക്കുന്നതിന്റെ വിത്തിടൽ ചടങ്ങ് ബുധനാഴ്ച രാവിലെ 9.30ന് കൊട്ടിലാക്കൽ പറമ്പിൽ നടത്തുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

വ്യാജ ലഹരിക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാഗ്ലൂരിൽ നിന്ന് പിടികൂടി

കൊടുങ്ങല്ലൂർ : ചാലക്കുടി പോട്ട സ്വദേശി ബ്യൂട്ടിപാർലർ സംരംഭകയായ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിലെ മുഖ്യപ്രതി എറണാകുളം തൃപ്പൂണിത്തുറ സ്വദേശി നാരായണീയം വീട്ടിൽ നാരായണ ദാസ് (58) പിടിയിൽ.

തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസ് രൂപീകരിച്ച കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നാരായണ ദാസിനെ ബാഗ്ലൂരിൽ നിന്നും പിടികൂടിയത്.

2023 ഫെബ്രുവരി 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ നിന്ന് എൽഎസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന വസ്തുക്കൾ ചാലക്കുടി എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഈ കേസിൽ ഷീല സണ്ണി 72 ദിവസം ജയിലിൽ കിടന്നു.

എന്നാൽ രാസപരിശോധനയിൽ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. തുടർന്ന് ഷീല സണ്ണിയെ പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷീലയെ മയക്കുമരുന്നു കേസിൽ കുടുക്കുന്നതിനായി ഗുഢാലോചന നടന്നതായി വ്യക്തമായതിനെ തുടർന്ന് കേസിൽ നാരായണദാസിനെ പ്രതി ചേർക്കുകയായിരുന്നു.

ഹൈക്കോടതി നിർദേശപ്രകാരം ഈ കേസ് കേസിന്റെ അന്വേഷണം എക്സൈസ് ഡിപാർട്ട്മെന്റിൽ നിന്നും കേരളാ പൊലീസിന് കൈമാറി.

തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ് വി.കെ. രാജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് 2025 മാർച്ച് 7ന് കേസിന്റെ അന്വേഷണം ഏറ്റെടുത്തു.

അന്വേഷണത്തിൽ നാരായണദാസും, കാലടി മറ്റൂർ വില്ലേജിൽ വരയിലാൻ വീട്ടിൽ ലിവിയ ജോസും ചേർന്നാണ് ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തുവാൻ ഗൂഡാലോചന നടത്തിയതെന്ന് കണ്ടെത്തി.

തുടർന്ന് നാരായണദാസ് ബാംഗ്ലൂരിൽ ഉണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെതുടർന്ന് സബ് ഇൻസ്പെക്ടർമാരായ ലാൽസൻ, സജി വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മിഥുൻ ആർ. കൃഷ്ണ എന്നിവർ ബാംഗ്ലൂരിലേക്ക് എത്തി നാരായണദാസ് ഒളിവിൽ താമസിച്ചിരുന്ന ഹോങ്ക സാന്ദ്ര ബൊമ്മൻഹള്ളി എന്ന സ്ഥലത്തു നിന്നും പിടികൂടുകയുമായിരുന്നു.

നടപടിക്രമങ്ങൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.

തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസ്, കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു, മതിലകം പൊലീസ് ഇൻസ്പെക്ടർ എം.കെ. ഷാജി, കൊരട്ടി പൊലീസ് ഇൻസ്പെക്ടർ അമൃത് രംഗൻ, വലപ്പാട് പൊലീസ് സബ്ബ് ഇൻസ്പെക്ടർ എബിൻ, അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സജി വർഗ്ഗീസ്, ചാലക്കുടി പൊലീസ് സ്റ്റേഷൻ എഎസ്ഐ ജിനി, കൊടുങ്ങല്ലൂർ കൺട്രോൾ റൂം സീനിയർ സിവിൽ പൊലീസ് ഓഫീസർ മിഥുൻ ആർ. കൃഷ്ണ, സബ്ബ് ഇൻസ്പെക്ടർ ലാൽസൻ, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്ഐ ജലീൽ, റൂറൽ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐമാരായ പ്രദീപ്, സതീശൻ, സിപിഒ നിഷാന്ത്, എഎസ്ഐ ബിനു, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.