“വാഗ്മിത” മൂന്നാംദിനം സുഭദ്രാർജ്ജുന സംവാദം കൊണ്ട് ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : വാഗ്മിതയുടെ മൂന്നാം ദിനം സുഭദ്രാർജ്ജുന സംവാദം കൊണ്ട് ശ്രദ്ധേയമായി.

മേൽപ്പത്തൂരിൻ്റെ പ്രസിദ്ധമായ സുഭദ്രാഹരണം ചമ്പുവിൽ സന്യാസവേഷം ധരിച്ച അർജ്ജുനൻ സുഭദ്രയിങ്കൽ അനുരാഗ വിവശനായിരിക്കെ, തോഴിമാരുമായി ഉദ്യാനത്തിലെ ക്രീഡയ്ക്കിടയിൽ സുഭ്രദയ്ക്ക് തന്നോട് പ്രണയമുണ്ടെന്ന് സഖിമാരുമായുള്ള സംഭാഷണത്തിലൂടെ തിരിച്ചറിഞ്ഞ് സ്വയം സമാശ്വാസിതനാകുന്നു. തുടർന്ന് സുഭദ്ര തൻ്റെ സംശയത്തെ ദൂരികരിക്കാനായി സന്യാസി വേഷധാരിയോട് ഇന്ദ്രപ്രസ്ഥ വാർത്തകളെയും അർജ്ജുനനെയും കുറിച്ച് ചോദിക്കുന്നു. മറുപടിയായി കുന്തിയെയും ധർമ്മപുത്രാദികളെയും പറ്റി പറയുകയും, തുടർന്ന് അർജ്ജുനൻ കപട സന്യാസവേഷധാരിയായി സുഭദ്രയെ കാംക്ഷിച്ചുകൊണ്ട് ദ്വാരകയിൽ ഇതാ മുന്നിൽതന്നെ ഇരിക്കുന്നതായി ലജ്ജയോടെ പറഞ്ഞ് പരസ്പരം സന്തോഷവാന്മാരാകുന്ന ഭാഗമായിരുന്നു “വാഗ്മിത”യുടെ മൂന്നാം ദിവസത്തെ മുഖ്യാകർഷണം.

കൂടിയാട്ടാചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ അവതരിപ്പിക്കുന്ന “സുഭദ്രാഹരണം” ചാക്യാർകൂത്തിൽ മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാർ, താളത്തിൽ സരിത കൃഷ്ണകുമാർ എന്നിവർ അകമ്പടിയേകി.

നിര്യാതനായി

മണി

ഇരിങ്ങാലക്കുട : സിപിഎം കണ്ടാരംതറ മുൻ ബ്രാഞ്ച് സെക്രട്ടറിയും കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ പൊറത്തിശ്ശേരി പഞ്ചായത്ത് കമ്മിറ്റി അംഗവും യൂണിയൻ സ്ഥാപക കാല പ്രവർത്തകനുമായിരുന്ന കൂത്തുപാലക്കൽ വീട്ടിൽ വി.എം. മണി (74) നിര്യാതനായി.

സംസ്കാരം ഞായറാഴ്ച (ഫെബ്രുവരി 22) രാവിലെ 9.30ന് മുക്തിസ്ഥാനിൽ.

ഭാര്യ : വിജയ

മക്കൾ : സിന്തിൽ, ലത, സിന്ധു

മരുമക്കൾ : വിനീത, ഉദയൻ, സന്ദീപ്

ഫ്യൂഷൻ ഓഫ് അടയ്ക്കാപന്തൽ ലൈബ്രറിയുടെ ഉദ്ഘാടനം 22ന്

ഇരിങ്ങാലക്കുട : ഫ്യൂഷൻ ഓഫ് അടയ്ക്കാപന്തൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അവാർഡ് ജേതാക്കളെ ആദരിക്കലും ഫെബ്രുവരി 22ന് വൈകീട്ട് 4 മണിക്ക് നോർത്ത് കിഴുത്താണി ജംഗ്ഷൻ ക്ലബ്ബ് ഓഫീസിൽ നടക്കും.

സംസ്ഥാന ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മുഖ്യമന്ത്രിയിൽ നിന്നും അവാർഡ് ലഭിച്ച ക്ലബ്‌ മെമ്പർ സുരേഷ്, കേരളോത്സവം ജില്ലാതല മൃദംഗ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ രാഹുൽ എന്നിവരെ ചടങ്ങിൽ ആദരിക്കും.

ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ് ലഭിച്ച കെ.ആർ. കൊച്ചു നാരായണനെ ആദരിച്ചു

ഇരിങ്ങാലക്കുട : കേരള ഫോക്‌ലോർ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ച കളമെഴുത്തു കലാകാരൻ കെ.ആർ. കൊച്ചു നാരായണനെ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി സംഘടപ്പിച്ച ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു ഉപഹാരം നൽകി ആദരിച്ചു.

ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വത്സല ബാബു, വേളൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ഗ്രീഷ്മ സലീഷ്, പഞ്ചായത്തംഗം പ്രേമ നൈഷാദ്, ഡോ. കെ. രാജേന്ദ്രൻ, ഉദിമാനം അയ്യപ്പക്കുട്ടി, പി.എൻ. ലക്ഷ്മണൻ തുടങ്ങിയവർ പ്രസംഗിച്ചു.

കഴിഞ്ഞ മുപ്പതിൽപ്പരം വർഷങ്ങളായി കളമെഴുത്തു കലയിലും കളമെഴുത്ത് പാട്ടിലും നിലയുറപ്പിച്ചിട്ടുള്ള കൊച്ചുനാരായണൻ കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് ക്ഷേത്രാങ്കണങ്ങളിൽ തൻ്റെ കലാമികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

ഈ അനുഷ്ഠാന കല അന്യം നിന്നു പോകാതിരിക്കാൻ പുതുതലമുറയെ അഭ്യസിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധനാണ് കൊച്ചു നാരായണൻ. നിലവിൽ മുപ്പതോളം ശിഷ്യന്മാർ കൊച്ചു നാരായണനിൽ നിന്നും കളമെഴുത്തു കല പരിശീലിക്കുന്നുണ്ട്.

നടീല്‍ വസ്തുക്കളുടെ വിതരണം നടത്തി

ഇരിങ്ങാലക്കുട : മുകുന്ദപുരം ഫാര്‍മേഴ്സ് പ്രൊഡ്യൂസിങ് കമ്പനി, ഐ.സി.എ.ആര്‍. ഗോവ എന്നിവര്‍ സംയുക്തമായി തിരഞ്ഞെടുത്ത പട്ടികജാതി – പട്ടിക വര്‍ഗ വിഭാഗം കര്‍ഷകര്‍ക്കായി കുംഭമാസ നടീല്‍ വസ്തുക്കളുടെ സൗജന്യ വിതരണം നടത്തി.

ചടങ്ങില്‍ വെള്ളാങ്ങല്ലൂര്‍ എഡിഎ സ്മിത അധ്യക്ഷയായി.

ഗോവ ഐ.സി.എ.ആര്‍. ശാസ്ത്ര ഗവേഷകര്‍ ഡോ. ശ്രീകാന്ത്, ഡോ. ലത തുടങ്ങിയവര്‍ പദ്ധതി വിശദീകരണം നടത്തി.

ചേന, ചേമ്പ്, മഞ്ഞള്‍, ഇഞ്ചി, കാച്ചില്‍, പച്ചക്കറി വിത്തുകളാണ് വിതരണം ചെയ്തത്.

കമ്പനി ചെയര്‍മാന്‍ ഒ.എന്‍. ജയന്‍, എംഡി അജിത്‌, ഡയറക്ടര്‍ ശ്രീരാമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : ഇരിങ്ങാലക്കുടയിൽ വേണുജിക്ക് ഫെലോഷിപ്പ്; കലാനിലയം ഗോപി ആശാന് ഗുരുപൂജ പുരസ്കാരം

ഇരിങ്ങാലക്കുട : 2025ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇരിങ്ങാലക്കുടയിലും പുരസ്കാരത്തിളക്കം.

അക്കാദമിയുടെ പരിധിയിൽ വരുന്ന വിവിധ കലാമേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ പ്രതിഭകൾക്ക് നൽകുന്ന ഫെലോഷിപ്പ് കൂടിയാട്ടം ആചാര്യൻ വേണുജിക്ക് ലഭിച്ചു. 50000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് ഫെലോഷിപ്പ്.

ജീവിതം കലാപ്രവർത്തനത്തിന് സമർപ്പിക്കുകയും പല കലാതലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്ത മുതിർന്ന കലാപ്രതിഭകൾക്ക് നൽകുന്ന ഗുരുപൂജ പുരസ്കാരത്തിന് തെരഞ്ഞെടുത്ത 22 പ്രതിഭകളിൽ ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമായി കഥകളി വേഷത്തിൽ കലാനിലയം ഗോപി ആശാനെയും തെരഞ്ഞെടുത്തിട്ടുണ്ട്.

30000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരം.

പുരസ്കാര സമർപ്പണ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു.

8-ാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ശനിയാഴ്ച കൊടിയേറും; ഖിഡ്കി ഗാവ് ഉദ്ഘാടന ചിത്രം

ഇരിങ്ങാലക്കുട : 8-ാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ശനിയാഴ്ച കൊടിയേറും. രാവിലെ 9.30ന് മാസ് മൂവീസിൽ നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം.പി. ജാക്സൺ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും.

തുടർന്ന് 10ന് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫിപ്രസി പുരസ്കാരം നേടിയ സഞ്ജു സുരേന്ദ്രൻ്റെ “ഖിഡ്കി ഗാവ്” ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും.

ജോലിയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് എത്തുന്ന അഭി, സാറ എന്നീ പങ്കാളികളുടെ ജീവിതത്തിലെ നിമിഷങ്ങളാണ് 100 മിനിറ്റുള്ള ചിത്രം അവതരിപ്പിക്കുന്നത്.

തുടർന്ന് 12 മണിക്ക് സജിൻ ബാബു സംവിധാനം ചെയ്ത “തീയേറ്റർ” പ്രദർശിപ്പിക്കും.

ഒരു ദ്വീപിൽ അമ്മയോടൊപ്പം താമസിക്കുന്ന വിഷ വൈദ്യൻമാരുടെ പിൻതലമുറക്കാരിയായ മീരയുടെ അതിജീവനത്തിൻ്റെ കഥയാണ് ഒന്നര മണിക്കൂർ ഉള്ള ചിത്രം പറയുന്നത്.

വൈകീട്ട് 6 മണിക്ക് റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ കാൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ ഫ്രഞ്ച് ചിത്രമായ “നിനോ” പ്രദർശിപ്പിക്കും.

ക്യാൻസർ ബാധിതനായ നിനോ എന്ന ചെറുപ്പക്കാരൻ ചികിത്സകൾ ആരംഭിക്കുന്നതിന് മുന്നോടിയായി പാരീസ് നഗരത്തിൽ നടത്തുന്ന യാത്രകളും സൗഹ്യദങ്ങളുടെ വീണ്ടെടുപ്പാണ് ഒന്നര മണിക്കൂർ ഉള്ള ചിത്രം ആവിഷ്ക്കരിക്കുന്നത്.

സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിൽ 21ന് വിദ്യാഗോപാല മന്ത്രാർച്ചന

ഇരിങ്ങാലക്കുട : സേവാഭാരതി വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ 21ന് രാവിലെ 7 മണിക്ക് സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിൽ വച്ച് സ്കൂൾ, കോളെജ് വിദ്യാർഥികൾക്കായി വിദ്യാഗോപാല മന്ത്രാർച്ചന നടത്തും.

വിദ്യാഗോപാല മന്ത്രാർച്ചനയ്ക്ക് നേതൃത്വം കൊടുക്കുന്നത് പ്രശസ്ത ഭാഗവതാചാര്യനും പ്രഭാഷകനുമായ കാവനാട് രാമൻ നമ്പൂതിരിയാണ്.

അർച്ചനയ്ക്ക് ശേഷം പ്രശസ്ത പ്രഭാഷകൻ ഷാജി വരവൂർ “പരീക്ഷാഭയം മാറി പരീക്ഷയെ എങ്ങനെ നേരിടാം” എന്ന വിഷയത്തെ അധികരിച്ച് കുട്ടികൾക്ക് ക്ലാസ്സ് എടുക്കും.

താല്പര്യമുള്ള കുട്ടികൾ ശനിയാഴ്ച 7 മണിക്ക് മുൻപായി സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിൽ എത്തിച്ചേരേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 9539448673, 9961325645

നായികാ – നായക ഭാവവർണ്ണന കൊണ്ട് “വാഗ്മിത” രണ്ടാം ദിനം ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : മേൽപ്പത്തൂരിൻ്റെ പ്രസിദ്ധമായ സുഭദ്രാഹരണം ചമ്പുവിൽ അർജ്ജുനൻ സന്യാസം സ്വീകരിച്ചു എന്ന് തെറ്റിദ്ധരിച്ച് ദു:ഖിതയായിരിക്കുന്ന സുഭദ്രയെ സന്തോഷിപ്പിക്കാനായി തോഴിമാർ അണിയിച്ചൊരുക്കി ഉദ്യാനത്തിലേക്ക് കൊണ്ടുപോകുന്ന ഭാഗം ‘വാഗ്മിത’യുടെ രണ്ടാം ദിനത്തിൽ അരങ്ങേറി.

ചമ്പുക്കളിൽ സവിശേഷമായ ഗദ്യത്തിൻ്റെ അവതരണം ഇവിടെ ശ്രദ്ധേയമായി.

അരങ്ങിൽ വളരെ അപൂർവ്വമായി അവതരിപ്പിക്കുന്ന “അഥതദാനിം സഖിജനേന” എന്ന് തുടങ്ങുന്ന ഗദ്യം സവിസ്തരം പ്രതിപാദിച്ചു.

തുടർന്ന് ഉദ്യാനത്തിലെ വൃക്ഷത്തെ നായകനായും, സമീപത്തിൽ വളർന്ന വള്ളിച്ചെടികളെ നായികയായും ഉപമിച്ച് കവിവാക്യത്തെ വ്യാഖ്യാനിച്ചത് ഏറെ ഹൃദ്യമായി.

കൂടിയാട്ടാചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ അവതരിപ്പിച്ച “സുഭദ്രാഹരണം” ചാക്യാർകൂത്തിൽ മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാരും, താളത്തിൽ സരിത കൃഷ്ണകുമാറും അരങ്ങിൽ അകമ്പടിയേകി.