കെ എ തോമസ് മാസ്റ്റർ പുരസ്‌കാരം വിമൺ ഇൻ സിനിമ കളക്റ്റീവിന്

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിലൊരാളും യുക്തിവാദിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന കെ എ തോമസ് മാസ്റ്ററുടെ പേരിൽ മികച്ച പൊതുപ്രവർത്തകർക്ക് നൽകി വരുന്ന പുരസ്‌കാരം വിമൺ ഇൻ സിനിമ കളക്റ്റീവിന് ലഭിച്ചു.

പി എൻ ഗോപീകൃഷ്ണ‌ൻ, ഡോ സി എസ് വെങ്കിടേശ്വരൻ, പ്രൊഫ കുസുമം ജോസഫ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്.

കലാമൂല്യം, പ്രമേയ വൈവിധ്യം, സാങ്കേതിക മികവ് തുടങ്ങിയ കാര്യങ്ങളിൽ മലയാള സിനിമ ദേശീയതലത്തിലും ആഗോളതലത്തിലും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാൽ ഒരു തൊഴിൽഭംഗം എന്ന നിലയിൽ അതിൻ്റെ പ്രവർത്തനം നീതിയുക്തവും ലിംഗനീതി പുലർത്തുന്നതുമാണോ? മലയാള സിനിമ മേഖലയിൽ ആ ചോദ്യം ആദ്യമായി ഇത്രയും ശക്തമായി ഉയർത്തിയത് വിമൺ ഇൻ സിനിമ കളക്റ്റീവ് എന്ന സ്ത്രീ സംഘടനയാണെന്ന് പുരസ്കാരനിർണയ സമിതി പറഞ്ഞു.

സിനിമാരംഗത്തെ ലിംഗസമത്വത്തിനും നീതിക്കുമായുള്ള ഡബ്ല്യു സി സിയുടെ പോരാട്ടമാണ് കേരള സർക്കാരിനെ സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്ന‌ങ്ങളെക്കുറിച്ച് പഠിക്കുവാനായി ഹേമ കമ്മിറ്റിയെ നിയമിക്കുവാൻ പ്രേരിപ്പിച്ചത്.

സിനിമ വ്യവസായത്തിൽ നിലനിൽക്കുന്ന പുരുഷ മേധാവിത്വത്തെയും അനീതികളെയും ചോദ്യം ചെയ്യുവാനായി സധൈര്യം മുന്നോട്ടുവന്ന ഡബ്ല്യു സി സി എന്ന സംഘടന ഉയർത്തിയ ചോദ്യങ്ങൾ ഇന്ത്യൻ സിനിമാ വ്യവസായത്തിനുതന്നെ മാതൃകയായി മാറി എന്ന് പുരസ്ക‌ാര നിർണ്ണയ സമിതി വിലയിരുത്തി.

20,000 രൂപയും പ്രശസ്‌തിപത്രവും സ്‌മൃതിഫലകവും ഉൾപ്പെടുന്ന പുരസ്‌കാരം കെ എ തോമസ് മാസ്റ്റർ ഫൗണ്ടേഷനാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

വി എം സുധീരൻ, വി എസ് അച്യുതാനന്ദൻ, കെ അജിത, പെമ്പിളൈ ഒരുമ, മാഗ്ളിൻ ഫിലോമിന, ഡോ തോമസ് ഐസക്, സണ്ണി എം കപിക്കാട്, ആനി രാജ, കെ വേണു എന്നിവരാണ് മുൻവർഷങ്ങളിൽ പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്.

തോമസ് മാസ്റ്ററുടെ 14-ാം ചരമവാർഷിക ദിനമായ മാർച്ച് 2ന് മാള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുസ്മ‌രണ ചടങ്ങിൽ സി പി ഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം പുരസ്‌കാരം സമർപ്പിക്കും.

വിമൺ ഇൻ സിനിമ കളക്റ്റീവ് സംഘടനയ്ക്കു വേണ്ടി ദീദി ദാമോദരൻ, ജോളി ചിറയത്ത്, ആശ ജോസഫ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങും.

വി ആർ സുനിൽകുമാർ എം എൽ എ അധ്യക്ഷത വഹിക്കും.

‘ഇന്ത്യൻ ഭരണഘടനയും സനാതനധർമ്മവും’ എന്ന വിഷയത്തിൽ ഡോ ടി എസ് ശ്യാംകുമാർ അനുസ്മരണ പ്രഭാഷണം നടത്തും.

സെന്റ് ജോസഫ്‌സിൽ കോളെജ് ദിനാഘോഷവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് (ഓട്ടോണമസ്) കോളെജിന്റെ 61-ാമത് കോളെജ് ദിനാഘോഷവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും “സല്യൂട്ടോ വിറ്റേ 2025” എന്ന പേരിൽ ആഘോഷിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ പി രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

കേരള നവോത്ഥാന പ്രസ്ഥാനങ്ങൾ സംസ്ഥാനത്തിന്റെ സാംസ്‌കാരിക- സാമൂഹിക പുരോഗതിയിൽ നിർണായക സംഭാവന നൽകിയിട്ടുണ്ടെന്നും സെന്റ് ജോസഫ്സ് കോളെജ് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.

വിരമിക്കുന്ന അധ്യാപകരായ രസതന്ത്ര വിഭാഗം മേധാവി ഡോ സി ഡീന ആന്റണി, അസോസിയേറ്റ് പ്രൊഫ ഡോ വി ബിൻസി വർഗീസ്, സെൽഫ് ഫിനാൻസിങ് ഇംഗ്ലീഷ് വിഭാഗം മേധാവി പി ശാന്തി മേനോൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഹോളി ഫാമിലി കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ റവ മദർ ഡോ സിസ്റ്റർ ആനി കുര്യാക്കോസ് വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു.

കോളെജ് പ്രിൻസിപ്പൽ റവ ഡോ സിസ്റ്റർ ബ്ലെസ്സി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ പാവനാത്മ പ്രൊവിൻസ് സുപ്പീരിയർ ജനറലും മാനേജറുമായ റവ ഡോ സിസ്റ്റർ ട്രീസ ജോസഫ്, വാർഡ് കൗൺസിലർ മിനി സണ്ണി, പി ടി എ വൈസ് പ്രസിഡന്റ് പി എൻ ഗോപകുമാർ, ജന്തുശാസ്ത്ര വിഭാഗം മേധാവി ജി വിദ്യ, രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ എ എൽ മനോജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

കോളെജ് യൂണിയൻ ചെയർപേഴ്സൺ ഗായത്രി മനോജ് നന്ദി പറഞ്ഞു.

തുടർന്ന് വിദ്യാർഥികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ അരങ്ങേറി.

ഇരിങ്ങാലക്കുടയിലേക്ക് ചോളവുമായി വന്ന ലോറി ചെരിഞ്ഞു

ഇരിങ്ങാലക്കുട: ചാലക്കുടിയില്‍ നിന്നും ചോളവുമായി വന്ന ലോറി ഇരിങ്ങാലക്കുട മെറീന ആശുപത്രിക്ക് മുന്നിലായി ചെരിഞ്ഞു.

ചൊവ്വാഴ്ച്ചയാണ് സംഭവം.
ചെരിഞ്ഞുള്ള യാത്രയും ചാക്കുകളില്‍ നിന്ന് ചോളം വീഴുന്നതും കണ്ട വഴിയാത്രക്കാർ മുന്നറിയിപ്പ് നൽകിയതിനെ തുടര്‍ന്ന് ഡ്രൈവര്‍ ഠാണാവില്‍ മെറീന ആശുപത്രിക്ക് സമീപത്തായി വണ്ടി നിർത്തുകയായിരുന്നു.

വണ്ടി നിർത്തിയെങ്കിലും ചോളം നിറച്ച ചാക്കുകൾ കെട്ടുപൊട്ടി താഴേക്ക് വീണു.

ഇതിനെ തുടർന്ന് ഗതാഗത തടസ്സം ഇല്ലാതിരിക്കാൻ സി ഐ അനീഷ് കരീമിന്‍റെ നേതൃത്വത്തില്‍ പൊലീസ് ചാലക്കുടി വഴി വരുന്ന വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു.

പിന്നീട് മറ്റൊരു ലോറിയെത്തി ചോളം ചാക്കുകൾ അതിലേക്ക് മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

പെയിൻ്റ് ഡീലേഴ്സ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്ത നജാഹിന് സ്വീകരണം നൽകി

ഇരിങ്ങാലക്കുട : ആൾ കേരള പെയിൻ്റ്
ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന
പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കെ ഐ നജാഹിന് കോണത്തുകുന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സ്വീകരണം നൽകി. പ്രസിഡന്റ് കെ കൃഷ്ണകുമാർ നജാഹിനെ പൊന്നാട അണിയിച്ചു.

കെ അരവിന്ദാക്ഷൻ, എം എസ് കാശി വിശ്വനാഥൻ, സാബു കണ്ടത്തിൽ, സലാഹുദ്ദീൻ, മനോജ്, സുബൈർ, മുരുകൻ എന്നിവർ ആശംസകൾ നേർന്നു.

വള്ളിവട്ടം സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഫെബ്രുവരി 19ന്

ഇരിങ്ങാലക്കുട : വള്ളിവട്ടം ഗവ യു പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഫെബ്രുവരി 19ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

ഡിസംബർ 29ന് നിശ്ചയിച്ചിരുന്ന പരിപാടി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വേർപാട് മൂലം മാറ്റി വെക്കുകയാണുണ്ടായത്.

ഫെബ്രുവരി 19ന് വൈകീട്ട് 4 മണിക്ക് വർണ്ണാഭമായ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കം കുറിക്കും.

സമാപന സമ്മേളനം ബെന്നി ബെഹനാൻ എം പി ഉദ്ഘാടനം ചെയ്യും.

അഡ്വ വി ആർ സുനിൽ കുമാർ എം എൽ എ അധ്യക്ഷത വഹിക്കും.

യോഗത്തിൽ ഗുരുവന്ദനം, വിശിഷ്ട വ്യക്തികളെ ആദരിക്കൽ, തുടങ്ങിയ ചടങ്ങുകൾ ഉണ്ടായിരിക്കും.

സമ്മേളനാനന്തരം ട്രാക്ക്സ് ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറുമെന്ന് സംഘാടക സമിതി ചെയർമാൻ നിഷ ഷാജി, ജനറൽ കൺവീനർ ബീന, കൺവീനർ കമാൽ കാട്ടകത്ത് എന്നിവർ അറിയിച്ചു.

രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് രക്തസാക്ഷി ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

ടൗൺ മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത് അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, നഗരസഭ കൗൺസിലർ ഒ എസ് അവിനാശ്, മുൻ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലൻ, നിയോജക മണ്ഡലം ഭാരവാഹികളായ വിനു ആന്റണി, ഡേവിസ് ഷാജു, ഗോപീകൃഷ്ണൻ, മണ്ഡലം വൈസ് പ്രസിഡന്റ് അസ്‌കർ സുലൈമാൻ, ശ്രീജിത്ത് എസ് പിള്ള, സന്തോഷ് ആലുക്ക, മനു വി രാജു തുടങ്ങിയവർ പങ്കെടുത്തു.

കുപ്രസിദ്ധ കുറ്റവാളി ഡ്യൂക്ക് പ്രവീൺ പിടിയിൽ

ഇരിങ്ങാലക്കുട : കാട്ടൂർ പൊലീസ് സ്റ്റേഷനിൽ തല്ല് കേസ്സിൽ ജാമ്യത്തിൽ ഇറങ്ങി പിന്നീട് കോടതിയിൽ ഹാജരാകാതെ ഒളിവിൽ നടന്നിരുന്ന കുപ്രസിദ്ധ കുറ്റവാളി ഡ്യൂക്ക് പ്രവീൺ എന്നറിയപ്പെടുന്ന പൊറത്തിശ്ശേരി മുതിരപറമ്പിൽ വീട്ടിൽ പ്രവീൺ (28) പിടിയിലായി.

പ്രവീണിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

പ്രവീൺ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി അടിപിടി കേസിലും 2017ൽ കൊരട്ടി സ്റ്റേഷനിൽ കമ്പിവടി കൊണ്ട് തലക്കടിച്ച് മോഷണം നടത്തിയ കേസിലും, 2018ൽ മാള സ്റ്റേഷനിൽ വടിവാൾ ഉപയോഗിച്ച് ആക്രമിച്ച കേസിലും, ഇരിങ്ങാലക്കുട സ്റ്റേഷനിൽ വീട് കയറി ആക്രമിച്ച കേസും, 2021ൽ ഇരിങ്ങാലക്കുട സ്റ്റേഷനിൽ കിഡ്നാപ്പിം​ഗ് കേസിലും, 2022ൽ വിയ്യൂർ സ്റ്റേഷനിൽ കഞ്ചാവ് കേസിലും ഉൾപ്പെടെ 15 ഓളം കേസിലെ പ്രതിയാണ്.

2021ലും 2023ലും കാപ്പ നിയമപ്രകാരം തടവ് ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.

ഇരിങ്ങാലക്കുട നഗരസഭയിൽ ഡ്രോൺ സർവേ തുടങ്ങി

ഇരിങ്ങാലക്കുട : അമൃത് 2.0 പദ്ധതിയുടെ ഉപപദ്ധതിയായി നഗരങ്ങളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിൽ ഡ്രോൺ ഉപയോഗിച്ചുള്ള സർവേ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തി ലഭിക്കുന്ന ഡാറ്റ ഉപയോഗിക്കാൻ കഴിയും എന്നതാണ് ഈ സർവേയുടെ പ്രത്യേകത.

ഏകദേശം 30 ദിവസം വരെ നടക്കുന്ന സർവേ നടത്തുന്നത് ഡൽഹി ആസ്ഥാനമായുള്ള സപ്തർഷി കൺസൾട്ടൻ്റാണ്.

ദേശീയതലത്തിൽ ഇതിൻ്റെ മേൽനോട്ട ചുമതല സർവേ ഓഫ് ഇന്ത്യയ്ക്കാണ്.

ജില്ലാതലത്തിൽ ജില്ലാ ടൗൺ പ്ലാനിങ് വിഭാഗത്തിനാണ് ഇതിൻ്റെ മേൽനോട്ടം. ഏകദേശം 71 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം വരുന്ന പ്രദേശത്താണ് സർവേ നടത്തുന്നത്.

ഡ്രോൺ സർവ്വേയുടെ ഉദ്ഘാടനം മുൻസിപ്പൽ മൈതാനിയിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവ്വഹിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

ജില്ല ഡെപ്യൂട്ടി ടൗൺ പ്ലാനർ മനോജ് പദ്ധതി വിശദീകരണം നടത്തി.

നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക് സ്വാഗതവും പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ നന്ദിയും പറഞ്ഞു.

പടിയൂരിൽ പൊലീസ് പട്രോളിങ്ങും എക്സൈസ് നിരീക്ഷണവും ശക്തമാക്കണം : എ ഐ വൈ എഫ്

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സംഘം ചേർന്നും അല്ലാതെയും ലഹരി മാഫിയ സംഘങ്ങൾ ശക്തിയാർജ്ജിക്കുന്നതായി എ ഐ വൈ എഫ് മേഖലാ കമ്മിറ്റി.

അതുകൊണ്ടു തന്നെ ഈ പ്രദേശങ്ങളിൽ പൊലീസ് പട്രോളിങ്ങും എക്സൈസ് നിരീക്ഷണവും ശക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

പൊതു ഇടങ്ങളിലും ആളൊഴിഞ്ഞ പാടശേഖരങ്ങളിലും മറ്റും ഇത്തരം സംഘങ്ങൾ രാത്രികാലങ്ങളിൽ വിലസി നടക്കുന്നതിനാൽ പൊതുജനത്തിന് സ്വൈര്യമായി ജീവിക്കാൻ കഴിയാത്ത അവസ്ഥയിലേക്കാണ് പോകുന്നതെന്ന് എ ഐ വൈ എഫ് ചൂണ്ടിക്കാട്ടി.

ഇത്തരം ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം പൊലീസ്, എക്സൈസ് സംവിധാനത്തിന്റെ ജാഗ്രതക്കുറവായി കാണുന്നുവെന്നും മേഖലാ കമ്മിറ്റി ആരോപിച്ചു.

പ്രാദേശിക ഉത്സവകാലങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന് മേഖല കമ്മിറ്റി പ്രസിഡന്റ് എ ബി ഫിറോസ്, സെക്രട്ടറി മിഥുൻ പോട്ടക്കാരൻ എന്നിവർ ഒരു സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പി ജെ ആന്റണി കേരള സിറ്റിസൺ ഫോറം സംസ്ഥാന പ്രസിഡന്റ്

ഇരിങ്ങാലക്കുട : മുതിർന്ന മാധ്യമ പ്രവർത്തകനും വാഗ്മിയുമായ പി ജെ ആന്റണിയെ കേരള സിറ്റിസൺ ഫോറം സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുത്തു.

ഇരിങ്ങാലക്കുടയിൽ നടന്ന കേരള സിറ്റിസൺ ഫോറത്തിന്റെ നേതൃയോഗത്തിലാണ് പി ജെ ആന്റണിയെ പ്രസിഡൻ്റായി തെരഞ്ഞെടുത്തത്.

എ സി സുരേഷ് (വൈസ് പ്രസിഡന്റ്), മാർട്ടിൻ പി പോൾ (സെക്രട്ടറി), ഫാ ജോർജ് മാത്യു (ജനറൽ സെക്രട്ടറി), ജോഷി ജോർജ് (ട്രഷറർ) എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

യോഗത്തിൽ എ സി സുരേഷ് അധ്യക്ഷത വഹിച്ചു.